Kerala NGO Union

കേരളത്തിലെ എന്‍.ജി.ഒ സംഘടനാ ചരിത്രം

ഇന്ത്യയില്‍ ആധുനിക സിവില്‍സര്‍വീസ് ആരംഭിക്കുന്നത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടു കൂടിയാണ്. 1757 ലെ പ്ലാസി യുദ്ധത്തില്‍ കമ്പനി വിജയിച്ചതോടെ നേരിട്ട് കരം പിരിക്കുന്നതിനുള്ള അവകാശം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചു. ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹോസ്റ്റിംഗ്‌സിന്റെ (1772-1785)കാലം മുതല്‍ ഉദ്യോഗസ്ഥര്‍ മുഖേന നേരിട്ട് കരം പിരിക്കുന്ന രീതി ആരംഭിച്ചു. വാറന്‍ ഹോസ്റ്റിങ്‌സിന്റെ പിന്‍ഗാമിയായ കോണ്‍വാലീസ് 1793 ല്‍ എക്‌സിക്യൂട്ടീവിനേയും ജുഡീഷ്യറിയേയും വേര്‍തിരിച്ചു. പൊലിസ് സര്‍വ്വീസ് സ്ഥാപിച്ചതും അക്കാലത്തായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം 1858 മുതല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നേരിട്ട് ഏറ്റെടുത്തു. 1857 ല്‍ പുറപ്പെടുവിച്ച വിളംബരത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഉദ്യോഗസ്ഥരും ജീവനക്കാരും മഹാറാണിക്ക് തൃപ്തിയുള്ളിടത്തോളം കാലമേ തുടരുകയുള്ളൂ എന്ന് വ്യവസ്ഥ ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണഘടനയില്‍ ഇന്നും നില നില്കുന്ന 310,311(2)b,c വകുപ്പുകള്‍ ഇതിന്റെ തുടര്‍ച്ചയാണ്. 1861 ലെ ഇന്ത്യാകൗണ്‍സില്‍ ആക്ട് പ്രസിഡന്‍സികളില്‍ നിയമസഭക്ക് രൂപം നല്കി. ഇന്ത്യന്‍ പീനല്‍ കോഡും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും ഇന്ത്യാ ഹൈകോര്‍ട്ട് ആക്ടും ഈ കാലയളവിലാണ് ആരംഭിച്ചത്. ഇതോടെ ഇന്ത്യയില്‍ ആധുനിക സിവില്‍സര്‍വീസിന് അടിത്തറ പാകി. ഇതിന്റെ രണ്ട് ധര്‍മ്മങ്ങള്‍ കരം പിരിവും ക്രമസമാധാനപാലനവുമായിരുന്നു.

വേണാട് ഭരണാധികാരിയായ മാര്‍ത്താണ്ഡവര്‍മ്മ (1729-1758) സമീപത്തുള്ള മറ്റ് തായ് വഴികളെ കീഴടക്കി തിരുവിതാംകൂര്‍ രാജ്യം സ്ഥാപിച്ചു. ഭരണ രംഗത്ത് പാരമ്പര്യത്തിന് പകരം കഴിവും രാജാവിനോടുള്ള കൂറും ഭക്തിയും യോഗ്യതയായി നിശ്ചയിച്ച് നിയമനം നടത്തി. പ്രഗത്ഭരായ ഉദ്യോഗസ്ഥര്‍ക്ക് ചെമ്പകരാമന്‍ പദവി നല്കി ആദരിച്ചു. ഭരണ സൗകര്യാര്‍ത്ഥം രാജ്യത്തെ പതിനഞ്ച് മണ്ഡപത്തിന്‍വാതുക്കലുകളായി(താലൂക്കുകള്‍)വിഭജിച്ചു. ഓരോ താലൂക്കിനേയും അധികാരങ്ങളായി (വില്ലേജ്) പുനര്‍വിഭജനം നടത്തി. മണ്ഡപത്തിന്‍വാതുക്കലിന്റെ ഭരണാധികാരി കാര്യക്കാരും, അധികാരങ്ങളുടേത് പ്രവൃത്തിക്കാര്‍ അഥവാ അധികാരിയും ആയിരുന്നു.

തിരുവിതാംകൂറില്‍ നടത്തിയ പരിഷ്കാരങ്ങളുടെ പാഠം ഉള്‍ക്കൊണ്ട് കൊച്ചിയില്‍ ശക്തന്‍ തമ്പുരാന്‍ (1790-1805) പുതിയ ഭരണ സംവിധാനം ആവിഷ്കരിച്ചു. 1792 ല്‍ ബ്രിട്ടീഷുകാര്‍ മൈസൂരിലെ ടിപ്പു സുല്‍ത്താനെ യുദ്ധത്തില്‍തോല്‍പിച്ചു. ബ്രിട്ടീഷുകാരുമായി ടിപ്പു ഉണ്ടാക്കിയ ഉടമ്പടിയിലൂടെ മൈസൂര്‍ രാജ്യത്തിന്റെ മേല്‍കോയ്മയിലായിരുന്നമലബാര്‍ ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. മലബാറില്‍ അന്ന് നിലവിലുണ്ടായിരുന്ന സ്ഥിതി വിലയിരുത്തി ഭാവിഭരണസംവിധാനം ഉണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ കമ്പനി ബോംബെ ഗവര്‍ണ്ണറായിരുന്ന അംബര്‍ ക്രോമ്പിയെ ചുമതലപ്പെടുത്തി. 1793 മാര്‍ച്ച് 18 ന് മലബാര്‍ പ്രത്യേക പ്രവിശ്യയായി പ്രഖ്യാപിക്കുകയും കോഴിക്കോട് കേന്ദ്രമാക്കി ഒരു താത്കാലിക ഗവണ്‍മെന്റ് സ്ഥാപിക്കുകയും ചെയ്തു.

1800 മെയ് 21 ന് മലബാറിന്റെ സിവില്‍ ഭരണം മദ്രാസ് പ്രവിശ്യയുടെ കീഴിലായി. 1792 മുതല്‍ അഞ്ച് പതിറ്റാണ്ടുകാലം മലബാറില്‍ കലാപങ്ങളുടെ കാലമായിരുന്നു. ഈ കാലഘട്ടത്തിലാണ് കോല്‍ക്കാര്‍പൊലിസ് ഉള്‍പ്പെട്ട സായുധസേനയും അധികാരി(വില്ലേജ് ആഫീസര്‍), മേനോന്‍(അക്കൌണ്ടന്റ്), കോല്‍ക്കാരന്‍ (ശിപായി) എന്നീ ഉദ്യോഗസ്ഥന്മാര്‍ അടങ്ങിയ അംശം (വില്ലേജ്) ഭരണ സംവിധാനവും നിലവില്‍ വന്നത്. 1792 നും 1822 നും ഇടയിലുള്ള മൂന്ന് പതിറ്റാണ്ട് കാലത്തിനിടയില്‍ ഘട്ടം ഘട്ടമായി നടത്തിയ പരിശ്രമങ്ങളിലൂടെ മലബാര്‍ വ്യവസ്ഥാപിത ആധുനിക ഭരണ സംവിധാനത്തിന് കീഴിലായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയില്‍ ആധുനിക വ്യവസായങ്ങള്‍ വളര്‍ന്നുവരാന്‍ തുടങ്ങിയത്. 1853ല്‍ റെയില്‍വേ ആരംഭിച്ചതോടെയാണ് ഇന്ത്യയില്‍ വ്യവസായയുഗം പിറന്നതെന്ന് കണക്കാക്കപ്പെടുന്നു.
1862 ല്‍ ഏപ്രില്‍ -മെയ് മാസങ്ങളില്‍ ഹൗറ റെയില്‍വേ സ്റ്റേഷനിലെ തൊഴിലാളികള്‍ ജോലി സമയം എട്ട് മണിക്കൂര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കാണ് ഇന്ത്യയിലെ ആദ്യ പണിമുടക്ക്. തുടര്‍ന്നുള്ള പത്ത് വര്‍ഷക്കാലം ഒട്ടേറെ പണിമുടക്കുകള്‍ രാജ്യത്ത് നടന്നിട്ടുണ്ട്.

1905 ല്‍ ബംഗാള്‍ വിഭജനവും തുടര്‍ന്നുണ്ടായ വന്‍ ദേശീയ പ്രക്ഷോഭവും തൊഴിലാളികളുടെ ആത്മവീര്യം വര്‍ദ്ധിപ്പിച്ചു. ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം നടന്ന മഹത്തായ സമരപ്രക്രിയയിലൂടെ ആധുനിക ട്രേഡ് യൂണിയനുകളുടെ ഉറച്ച അസ്ഥിവാരമിടുന്നതില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗം വിജയിച്ചു.1906 ല്‍ ഉടലെടുത്ത ഇന്ത്യന്‍ ടെലിഗ്രാഫ് അസ്സോസ്സിയേഷനാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ സംഘടനയായി അറിയപ്പെടുന്നത്. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ അഖിലേന്ത്യാ സംഘടന എ.ഐ.ടി.യു.സി 1920 ല്‍ ജന്മം കൊണ്ടു. ഇതേകാലയളവിലാണ് വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഉടലെടുത്തത്

രൂപീകരണം

രാജ്യം സ്വതന്ത്രമാകുമ്പോള്‍ ഭാഷാ സംസ്ഥാനം എന്ന നിലയില്‍ കേരളം രൂപപ്പെട്ടിരുന്നില്ല. തിരുവിതാംകൂര്‍ കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മലബാറും ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ കേരളം. കടുത്ത അവഗണന, വേതനത്തിലെ പിന്നോക്കാവസ്ഥ, ഉദ്യോഗസ്ഥ മേധാവികളുടെ പീഡനം ഇവക്കെതിരെ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഛിന്നഭിന്നമായ സംഘടനാരൂപങ്ങള്‍ ഇതായിരുന്നു 1950കളുടെ അവസാന കാലത്തെ കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
കേരള സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് മലബാര്‍ ജില്ല കേരളത്തിന്റെ ഭാഗമായി. മദ്രാസ് എന്‍.ജി.ഒ അസോസിയേഷന്റെ മലബാര്‍ ജില്ലാ സമ്മേളനം 1957 ഫെബ്രുവരിയില്‍ കോഴിക്കോട് ചേര്‍ന്ന് സംഘടനയുടെ പേര് ഉത്തര കേരള എന്‍.ജി.ഒ അസോസിയേഷന്‍ എന്നാക്കിമാറ്റി.

തിരുവിതാംകൂറില്‍ 1947 സെപ്റ്റംബറില്‍ മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു സംഘടന രൂപീകരിക്കപ്പെടുന്നത്. സെപ്റ്റംബര്‍ 10 ന് ചെങ്കല്‍ ചൂളയില്‍ നടന്ന സമ്മേളനത്തില്‍ വെച്ചാണ് അഖില തിരുവിതാംകൂര്‍ എന്‍.ജി.ഒ അസോസിയേഷന്‍ എന്ന സംഘടന രൂപീകൃതമായത്.

1947 ഒക്ടോബറില്‍ അടിയന്തിര ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിവേദനം സര്‍ക്കാറിന് സമര്‍പ്പിച്ചു. ക്ഷാമബത്ത 50 ശതമാനം (ആറ് രൂപ) വര്‍ദ്ധിപ്പിച്ചുകൊണ്ട് തീരുമാനമെടുത്ത സര്‍ക്കാര്‍ സംഘടനകളുടെ അംഗീകാരം നല്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. വകുപ്പ് കാറ്റഗറി സംഘടനയെ മാത്രമേ അംഗീകരിക്കൂ എന്നും അംഗീകാരമില്ലാത്ത സംഘടനയില്‍ അംഗമായാല്‍ സര്‍വീസില്‍ നിന്നും പിരിച്ച് വിടുമെന്നും ഉത്തരവായി. മാത്രമല്ല നിലവിലുള്ള സംഘടന തന്നെ പിരിച്ച് വിടണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. അംഗീകാരം റദ്ദ് ചെയ്യപ്പെട്ടത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കുകയും സംഘടനയുടെ പ്രവര്‍ത്തനം തുടര്‍ന്ന്നടത്തുകയും ചെയ്തതിന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീധരകൈമള്‍, എന്‍.രാജഗോപാലന്‍ നായര്‍ , വി.സി.ചാക്കോ എന്നീ നേതാക്കളെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. വി.രാജഗോപാലന്‍ നായരെ തരംതാഴ്തി. കെ.ചെല്ലപ്പന്‍ പിള്ളയെ കര്‍ശനമായി താക്കീത് ചെയ്തു.

തിരുവിതാംകൂറിന് പ്രത്യേക തപാല്‍ വകുപ്പ് (അഞ്ചല്‍ വകുപ്പ്) ഉണ്ടായിരുന്നു. ഏറ്റവും കൂടിയ ജോലി സമയവും ഏറ്റവും കുറഞ്ഞ വേതനവും ഉള്ളവരായിരുന്നു ഇവര്‍. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 1947 ഡിസംബര്‍ 31 മുതല്‍ ഇവര്‍ പണിമുടക്കി. ശിക്ഷാ നടപടികള്‍ എടുക്കില്ലെന്ന ദിവാന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 1948 ജനുവരി 5 ന് പണിമുടക്ക് പിന്‍‌വലിച്ചു. 1948 ഫെബ്രുവരി മാസത്തില്‍ പട്ടം താണുപിള്ള പ്രധാന മന്ത്രിയായി പ്രഥമ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നു. എന്നാല്‍ അഞ്ചല്‍ പണിമുടക്കിന് നേതൃത്വം കൊടുത്ത ഏഴ് പ്രവര്‍ത്തകരെ ദിവാന്‍ ഭരണം നല്കിയ ഉറപ്പിന് വിരുദ്ധമായി ഈ സര്‍ക്കാര്‍ പിരിച്ച് വിട്ടു.

തിരുവിതാംകൂര്‍ എന്‍.ജി.ഒ അസോസിയേഷന്റെ ഏറ്റവും ശക്തമായ പ്രാദേശിക ഘടകമായ തിരുവനന്തപുരം ഘടകം 1949 ഏപ്രിലില്‍ യോഗം ചേര്‍ന്ന് പണിമുടക്കടക്കമുള്ള സമരപരിപാടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം അംഗീകരിച്ചു. ഈ നടപടിയെ ഭരണം സ്തംഭിപ്പിക്കല്‍ പ്രവര്‍ത്തനം നടത്തി എന്ന് വ്യാഖ്യാനിച്ച് കൊണ്ട് എം.കെ.എന്‍.ചെട്ടിയാര്‍, ആര്‍.കൃഷ്ണവാരിയര്‍, വി.സോമനാഥന്‍, പി.നാണു, വി.ഒ.ചാക്കോ, ആര്‍.രാഘവന്‍ നായര്‍ എന്നിവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍‌ഗ്രസ് സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളേയും പുരോഗമന പ്രസ്ഥാനങ്ങളേയും അടിച്ചമര്‍ത്തിയതിന്റെ ഭാഗമാണ് ഈ പിരിച്ചുവിടല്‍ . പിരിച്ച് വിടപ്പെട്ടവരില്‍ വി.സോമനാഥന്‍, എം.കെ.എന്‍.ചെട്ടിയാര്‍ , ആര്‍ .കൃഷ്ണവാരിയര്‍ എന്നിവരൊഴികെയുള്ളവര്‍ മാപ്പെഴുതിനല്കി സര്‍വീസില്‍ പ്രവേശിച്ചു. വി.സോമനാഥന്‍, എം.കെ.എന്‍.ചെട്ടിയാര്‍ , ആര്‍ .കൃഷ്ണവാരിയര്‍, എന്നിവരെ 1957 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സ‍‍ര്‍ക്കാരാണ് തിരിച്ചെടുത്തത്.
തിരുവിതാംകൂറില്‍ അധികാരത്തില്‍ വന്ന സ്റ്റേറ്റ് കോണ്‍‌ഗ്രസ് നേതാവായിരുന്ന പട്ടം താണുപിളളയുടെയും, പറവൂര്‍ ടി.കെ.നാരായണ പിള്ളയുടെയും സര്‍ക്കാരുകള്‍ ജീവനക്കാരുടെ സംഘടനയെ തകര്‍ക്കുവാനുള്ള നിരന്തര പരിശ്രമം നടത്തി. ഇതും സംഘടനാ നേതൃത്ത്വത്തിന്റെ പാദസേവാ മനോഭാവവും സംഘടനയെ നിര്‍ജീവമാക്കുകയായിരുന്നു.

1949 ജൂലായ് 1 ന് നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചുകൊണ്ട് തിരു-കൊച്ചി സംസ്ഥാനം രൂപവല്കരിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ സര്‍വീസ് സംയോജനം രണ്ട് നാട്ടു രാജ്യങ്ങള്‍ക്കിടയിലേയും ജീവനക്കാര്‍ തമ്മില്‍ തര്‍ക്കത്തിനിടയാക്കി. തിരുവിതാംകൂര്‍ എന്‍.ജി.ഒ. അസോസിയേഷന്റെ തിരുവനന്തപുരം ഘടകം പുനരുദ്ധാരണ സമിതിക്ക് രൂപം നല്കി‍ക്കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു. 1950 മാര്‍ച്ച് അവസാനത്തില്‍ പുനരുദ്ധാരണ സമിതി യോഗം ചേര്‍ന്ന് തിരു-കൊച്ചി ഗവണ്‍‍മെന്റ് എംപ്ളോയീസ് യൂണിയന്‍ രൂപീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ ഈ സംഘടനക്ക് അല്പായുസ്സെ ഉണ്ടായിരുന്നുള്ളൂ.
1951 ല്‍ തിരുവിതാംകൂര്‍ എന്‍.ജി.ഒ അസോസിയേഷന്‍ പിരിച്ച് വിട്ട് വകുപ്പ്-തസ്തിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുകൊച്ചി എന്‍.ജി.ഒ ഫെഡറേഷന്‍ രൂപീകരിച്ചു.

കേരള സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ കുടിയൊഴിപ്പിക്കലും കുടിയിറക്കും ഓര്‍ഡിനന്‍സിലൂടെ തടഞ്ഞു. കേരളത്തില്‍ വന്‍ സാമൂഹിക മാറ്റത്തിനു വഴിതെളിച്ച കാര്‍ഷിക പരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം ഇവ പാസാക്കി. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തിലും പൊലിസ് നയത്തിലും കാതലായ മാറ്റം വരുത്തി. തൊഴില്‍ സമരങ്ങളില്‍ പൊലിസ് ഇടപെടുന്നത് വിലക്കി. ഭരണ പരിഷ്കാരത്തിനും അധികാരവികേന്ദ്രീകരണത്തിനും നടപടികള്‍ ആരംഭിച്ചു. ഉത്തര കേരള എന്‍.ജി.ഒ അസോസിയേഷന്റെ പാലക്കാട് സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട്; “എന്‍.ജി.ഒ മാര്‍ക്ക് ശമ്പള വര്‍ദ്ധനവും അലവന്‍സും പ്രധാനമാണ് , എന്നാല്‍ അതിലേറെ പ്രധാനമായി എനിക്ക് തോന്നുന്നത് അതു ചോദിക്കാനുള്ള അവകാശമാണ്”എന്ന മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ ആഹ്വാനവും അന്നത്തെ രാഷ്ട്രീയ സാഹചര്യവും ജീവനക്കാരില്‍ ഐക്യ സംഘടനാ രൂപീകരണത്തിനുള്ള ആവേശമുണര്‍ത്തി.

കേരള മിനിസ്റ്റീരില്‍ സ്റ്റാഫ് യൂണിയന്റെ സമ്മേളനത്തോട് അനുബന്ധിച്ച് സര്‍വീസ് സംഘടനകളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തു . ഈ യോഗതീരുമാന പ്രകാരം 1958 ഒക്ടോബര്‍ 12 ന് 14 സംഘടനകള്‍ ഉള്‍പ്പെട്ട സര്‍വീസ് സംഘടനാ ഫെഡറേഷന്‍ രൂപീകരിച്ചു.

1. കേരള മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍
2. ഉത്തര കേരള എന്‍ ജി ഒ അസോസിയേഷന്‍
3. എഞ്ചിനീയറിംഗ് ജൂനിയര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍
4. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍.ജി .ഒ അസോസിയേഷന്‍
5. ഗവണ്മെ്ന്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍
6. കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍
7. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്റ്റാഫ് അസോസിയേഷന്‍
8. ടി.ഡി. സെക്രട്ടറിയറ്റ് അസോസിയേഷന്‍
9. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് അസോസിയേഷന്‍
10. കേരള ഗ്രാജുവേറ്റ് അസോസിയേഷന്‍
11.ആള്‍ കേരള ടൈപ്പിസ്റ്റ് ആന്റ് സ്റ്റെനോഗ്രാഫേഴ്സ് അസോസിയേഷന്‍
12.കേരള ഹൈക്കോടതി സ്റ്റാഫ് അസോസിയേഷന്‍
13.കേരള ലാസ്റ്റ് ഗ്രേഡ് അസോസിയേഷന്‍
14.കേരള സെക്രട്ടേറിയറ്റ് ലോവര്‍ ഗ്രേഡ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നിവയായിരുന്നു ഈ സംഘടനകള്‍.

ഏകീകൃത സംഘടനാരൂപീകരണ നടപടികള്‍ക്ക് ശക്തി പകരുവാനായി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. ഫെഡറേഷന്റെ മുഖപത്രമായി “കേരള സര്‍വീസ്”മാസിക തുടങ്ങാനും ഐക്യത്തെ ശക്തിപ്പെടുത്താനുള്ള വാര്ത്തേകളും ലേഖനങ്ങളും അതില്‍ പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു.1959 സെപ്റ്റംബറില്‍ കേരള സര്വീ സ് മാസിക പ്രസിദ്ധീകരണമാരംഭിച്ചു.

സര്‍വീസ് സംഘടനാ ഫെഡറേഷന്റെ 1961 ഫെബ്രുവരി 18,19 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടന്ന കണ്‍‌വെന്‍ഷനില്‍ കേന്ദ്ര സംഘടനാ രൂപീകരണത്തിനായി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം 1962 ല്‍ അധ്യാപകരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമല്ലാത്ത എന്‍.ജി.ഒ മാര്‍ക്കായി കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകരിക്കപ്പെട്ടു. കരട് നിയമാവലി അംഗീകരിച്ചു. കരട് നിയമാവലിയുടെ അടിസ്ഥാനത്തില്‍ താലൂക്ക്-ജില്ലാ തലത്തില്‍ എന്‍.ജി.ഒ മാരുടെ യോഗം ചേര്‍ന്ന് താലൂക്ക് ജില്ലാ ഘടകങ്ങള്‍ രൂപീകരിച്ചു. ജില്ലാ യോഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 135 കൗണ്‍സിലര്‍‌മാര്‍ പങ്കെടുത്ത് 1962 ഒക്ടോബര്‍ 27, 28 തിയ്യതികളില്‍ തൃശ്ശൂരില്‍ സംഘടനാ രൂപീകരണ സമ്മേളനം ചേര്‍ന്നു . സമ്മേളനം സംഘടനയുടെ നിയമാവലി അംഗീകരിച്ചു. കെ.എം.മദനമോഹനന്‍ പ്രസിഡന്റും എ.രാധാകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള 21 അംഗ സംസ്ഥാന കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കേരള എന്‍.ജി.ഒ യൂണിയന്റെ ഒന്നാം വാര്‍ഷിക സമ്മേളനം 1964 മെയ് 23,24,25 തിയ്യതികളില്‍ ആലപ്പുഴയില്‍ ചേര്‍ന്നു .ഈ സമ്മേളനത്തിലാണ് യൂണിയന്റെ പതാക അംഗീകരിച്ചത്. പതാകയുടെ നിറം ചുവപ്പായതില്‍ പ്രതിഷേധിച്ച് ചുരുക്കം ചില പ്രതിനിധികള്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

ആസ്ഥാന മന്ദിരം

1965-ല്‍ യുണിയന്റെ ആസ്ഥാനം കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനില്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം 1968 ജനുവരി 17 ന് മുഖ്യമന്ത്രി ഇ.എം.എസ് നിര്‍‌വഹിച്ചു. 1971 ജൂലായ് 25 ന് കെട്ടിടം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നിങ്ങോട്ട് സംസ്ഥാന ജീവനക്കാരുടെ സേവന-വേതന ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെയും നടന്ന ചെറുതും വലുതുമായ ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി ബഹുഭൂരിപക്ഷം ജീവനക്കാരുടേയും വിശ്വാസം നേടിയെടുക്കാന്‍ സംഘടനക്ക് കഴിഞ്ഞു. ഓരോ വര്‍ഷവും സംഘടനയുടെ അംഗത്വത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. എല്ലാ ജില്ലാ കമ്മറ്റികള്‍ക്കും സ്വന്തമായി ആസ്ഥാന മന്ദിരങ്ങള്‍ ഉണ്ടായി.

അഖിലേന്ത്യാ തലത്തിലേക്ക്

ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ ഇതര തൊഴിലാളികളുടെ പ്രക്ഷോഭസമരങ്ങളെ സഹായിക്കുന്നതിനും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നതിനും യൂണിയന് കഴിഞ്ഞു. ഇത് യൂണിയനെ ഒരു സാമുഹ്യശക്തിയാക്കി മാറ്റി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗം നടത്തിയ ദേശീയ പണിമുടക്കുകളിലും മറ്റ് പ്രക്ഷോഭങ്ങളിലും നിര്‍ണായകസ്ഥാനം കേരളത്തിലെ ജീവനക്കാരുടെ പ്രസ്ഥാനത്തിനുണ്ട്. കേരളത്തില്‍ എഫ്.എസ്.ഇ.ടി.ഒ. പ്രസ്ഥാനത്തെ നയിക്കുന്ന യുണിയന്‍ സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷന്റെ പ്രബലമായ അംഗസംഘടനയാണ്.

1961 ല്‍ ഹൈദ്രാബാദില്‍ വെച്ച് സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷന്‍ രൂപീകരിച്ചു. പലകാരണങ്ങളാല്‍ സജീവമാകാതിരുന്ന ഫെഡറേഷനെ ശക്തിപ്പെടുത്താനും സജീവമാക്കാനുമായി 1966 ല്‍ തിരുവനന്തപുരത്ത് ഫെഡറേഷന്റെ ഒന്നാം ദേശീയ സമ്മേളനം ചേര്‍ന്നു.സമ്മേളനം ക്ഷാമബത്തയ്ക്ക് ദേശീയ ഫോര്‍‌മുല, കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി. 1967 ജനുവരി 5 ന് ക്വിറ്റ് വര്‍ക്ക് നടത്തുവാന്‍ ആഹ്വാനം നല്കി.

കരുത്ത് പകര്‍ന്ന പോരാട്ടങ്ങള്‍

1966 സെപ്റ്റംബറില്‍ തൃശ്ശൂരില്‍ ചേര്‍ന്ന യൂണിയന്റെ മൂന്നാം സംസ്ഥാന സമ്മേളനം 36 ഇന അവകാശ പത്രിക അംഗീകരിച്ചു. 17.10.1966 ന് അവകാശ പത്രിക ഗവര്‍ണറുടെ അഡ്വൈസര്‍ക്ക് സമര്‍പ്പിച്ചു. അവകാശപത്രികയിലെ ആവശ്യങ്ങളും അഖിലേന്ത്യാ ഫെഡറേഷന്റെ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടുന്നതിനായി നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെ ഒടുവില്‍ 1967 ജനുവരി 5 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തി. കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ ആദ്യ അനിശ്ചിതകാല പണിമുടക്കായിരുന്നു ഇത്. അന്നത്തെ സംസ്ഥാന ഭരണാധികാരിയായിരുന്ന ഗവര്‍ണറുടെ നേതൃത്വത്തില്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് നേരെ കടുത്ത ആക്രമണങ്ങളും പ്രതികാരനടപടികളും കള്ളപ്രചാരവേലകളും നടത്തി. പണിമുടക്ക് ഒത്തു തീര്‍പ്പാക്കാന്‍ ഇ.എം.എസ് അടക്കമുള്ള ജനനേതാക്കള്‍ ഇടപെട്ടു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജീവനക്കാര്‍ക്ക് കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത നല്കുമെന്ന് ഇ.എം.എസ് പരസ്യമായി പ്രഖ്യാപിച്ചു. പണിമുടക്കില്‍ ജീവനക്കാര്‍ പ്രകടിപ്പിച്ച ഐക്യവും ത്യാഗസന്നദ്ധതയും വര്‍ദ്ധിതപങ്കാളിത്തവും ഗവര്‍ണറെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിക്കുവാനും പണിമുടക്ക് ഒത്തുതീര്‍പ്പാക്കുവാനും നിര്‍ബന്ധിതമാക്കി. ഇതേ തുടര്‍ന്ന് പന്ത്രണ്ടു ദിവസം നീണ്ടുനിന്ന പണിമുടക്ക് പര്യവസാനിച്ചു.

ഈ പണിമുടക്കിലൂടെ കേരളീയ സമൂഹത്തില്‍ എന്‍.ജി.ഒ മാര്‍ നിര്‍‌ണായക ശക്തിയുള്ള വിഭാഗമാണെന്ന് തെളിഞ്ഞു. അവരുടെ പ്രബലമായ സംഘടിത ശക്തിയെ മര്‍ദ്ദനങ്ങള്‍ കൊണ്ട് തകര്‍ക്കുക സാധ്യമല്ലെന്ന് ഭാവി ഭരണാധികാരികള്‍ക്ക് കൂടി ബോദ്ധ്യമാക്കുന്നതായിരുന്നു പണിമുടക്ക് വിജയം. ജീവനക്കാര്‍ അവകാശങ്ങള്‍ക്കായി പ്രക്ഷോഭം നടത്തുന്നതും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തെ ചോദ്യം ചെയ്യുന്നതും രുചിക്കാത്ത ഉദ്യോഗസ്ഥമേധാവികളില്‍ പ്രമുഖനായിരുന്നു 1965-66 ലെ കോട്ടയം കളക്ടര്‍ . നിസ്സാരകാരണങ്ങള്‍ക്ക് ഇന്‍‌ക്രിമെന്റ് തടയല്‍, സസ്പെന്‍ഷന്‍, ഡിസ്‌മിസല്‍ തുടങ്ങിയ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിച്ച കോട്ടയം കളക്ടര്‍ക്കെതിരേയും ജീവനക്കാരെ സ്ഥലം മാറ്റിയും, സസ്പെന്റ് ചെയ്തും പീഡിപ്പിച്ച ആലപ്പുഴ കളക്ടര്‍ക്കെതിരെയും യൂണിയന്‍ അതിശക്തമായ പ്രക്ഷോഭമാണ് നടത്തിയത്.
ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനെതിരെ സിവില്‍ സര്‍വീസില്‍ യൂണിയന്റെ നേതൃത്വത്തില്‍ ചെറുതും വലുതുമായ എണ്ണമറ്റ പ്രക്ഷോഭങ്ങളാണ് നടന്നത്. ജീവനക്കാരുടെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തിയ ഈ പോരാട്ടങ്ങളോടെ സംഘടനയെ ജീവനക്കാര്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അവസ്ഥയായി.

അതിരൂക്ഷമായ നാണയപെരുപ്പവും വിലക്കയറ്റവും മൂലം ഇതര വിഭാഗങ്ങള്‍ക്കെന്ന പോലെ തുച്ഛവരുമാനക്കാരായ ജീവനക്കാര്‍ക്കും ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് എഴുപതുകളുടെ ആദ്യം കേരളത്തിലുണ്ടായത്. ഈ സാഹചര്യത്തിലാണ് അഞ്ചു വര്ഷടത്തിലൊരിക്കല്‍ വേതനം പരിഷ്കരിക്കണമെന്നും അതിന് മുന്നോടിയായി ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 1973 ജനുവരി 10 മുതല്‍ മാര്‍ച്ച് 4 വരെ നീണ്ടു നിന്ന അനിശ്ചിതകാല പണിമുടക്ക് നടത്തിയത്. കേരളത്തിലെ സമര ചരിത്രത്തില്‍ ഐതിഹാസികമെന്ന് വിലയിരുത്തപ്പെട്ടതായിരുന്നു ഈ പണിമുടക്ക്.
പണിമുടക്കിനെ നേരിടാന്‍ അവശ്യസര്‍‌വീസ് സംരക്ഷണ നിയമം ഡയസ്‌നോണ്‍ തുടങ്ങിയ കരിനിയമങ്ങള്‍ ഉപയോഗിച്ചു. സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സസ്പെന്‍ഷന്‍, പിരിച്ചുവിടല്‍, കള്ളക്കേസെടുക്കല്‍ തുടങ്ങിയ എല്ലാ പ്രതികാര നടപടികളും സ്വീകരിച്ചു. പതിനായിരത്തോളം ജീവനക്കാരുടെ പേരില്‍ പിക്കറ്റിംഗിനും, നിരോധിച്ച പണിമുടക്കില്‍ പങ്കെടുത്തതിനും, അക്രമത്തിനും കേസെടുത്തിരുന്നു. പതിനായിരത്തില്‍പരംപേര്‍ സ്ഥലം മാറ്റപ്പെട്ടു.

1973 മാര്‍ച്ച് 2 ന് സമരസമിതി യോഗം ചേര്‍ന്ന് സന്ധിയും സമാധാനവുമില്ലാതെ പണിമുടക്ക് പിന്‍‌വലിച്ചുകൊണ്ട് തീരുമാനമെടുത്തു. പണിമുടക്ക് പിന്‍‌വലിച്ച് കൊണ്ട് സമരസമിതി കണ്‍‌വീനര്‍ ഇ.പത്മനാഭന്‍ പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ “ആളി കത്തുന്ന തീയും അമര്‍ന്നു കത്തുന്ന തീയും തീയാണെന്നും, അമര്‍ന്ന് കത്തുന്ന തീയ്ക്ക് ആളിക്കത്തുന്ന തീയേക്കാള്‍ ചൂടുണ്ടെന്നും” അധികാരികളെ ഓര്‍‌മിപ്പിച്ചു. പണിമുടക്ക് പിന്‍‌വലിച്ചിട്ടും ജോലിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട 723 ജീവനക്കാരുണ്ടായിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് പിരിച്ച് വിടപ്പെട്ടും ശിക്ഷാനടപടിക്ക് വിധേയമായും സര്‍വീസില്‍ നിന്ന് പുറത്തായവരുടെ സംരക്ഷണമേറ്റെടുത്ത സമരസമിതി ജീവനക്കാരില്‍ നിന്നും ധനസമാഹരണം നടത്തി പിരിച്ച് വിടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണമേകി. 1980 ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍‌മെന്റാണ് പിരിച്ച് വിടപ്പെട്ട മുഴുവനാളുകളേയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്. കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ സമര ചരിത്രത്തില്‍ ഇത്രയും ദീര്‍ഘമായൊരു പണിമുടക്ക് ഇതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ജനങ്ങളെ ആകെ അണിനിരത്തി കൊണ്ട് ഭരണാധികാരികളെ ഇത്രയും ഒറ്റപ്പെടുത്തിയ ഒരു സമരം വേറെ ഉണ്ടോ എന്ന് സംശയമാണ്.

1967 ലെ ആദ്യ അനിശ്ചിതകാല പണിമുടക്കു മുതല്‍ക്കിങ്ങോട്ട് 1973 (54ദിവസം), 1978(17ദിവസം), 1985(11ദിവസം), 2002(32ദിവസം), 2013(6ദിവസം) തുടങ്ങിയ വര്‍ഷങ്ങളില്‍ അവകാശസംരക്ഷണാര്‍ത്ഥം നടന്ന അനിശ്ചിതകാല പണിമുടക്കുകള്‍ സംഘടനാചരിത്രത്തിലെ നാഴികകല്ലുകളാണ്. ക്ഷാമബത്ത, ബോണസ് തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കുന്നതിനും, സറണ്ടര്‍ ലീവാനുകൂല്യം മരവിപ്പിക്കുന്നതിനെതിരെയും (1983, 2002, 2014) നടന്ന പ്രക്ഷോഭങ്ങളില്‍ വന്‍‌തോതില്‍ ജീവനക്കാര്‍ അണിനിരന്നു. ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത 2002 ലെ കറുത്ത ഉത്തരവിനെതിരെ ചെറുത്തുനില്പിന്റെ കരുത്ത് പ്രകടമാക്കിയ 32 ദിന പണിമുടക്കം സംഘടനയുടെ വളര്‍ച്ചയുടെയും കരുത്തിന്റെയും വിളംബരമായിരുന്നു. 533 സംഘടനാ പ്രവര്‍ത്തകരാണ് ഈ പണിമുടക്കിനെ തുടര്ന്ന് ജയിലില്‍ അടക്കപ്പെട്ടത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ചതിനെതിരെ രാജ്യത്തെ സംസ്ഥാന ജീവനക്കാരുടെ പ്രക്ഷോഭം അനിശ്ചിത കാല പണിമുടക്കായി വളര്‍ന്നതും കേരളത്തില്‍ മാത്രമായിരുന്നു. (2013 ജനുവരിയിലെ 6 ദിന പണിമുടക്ക് ). ഈ പണിമുടക്കിലും നിരവധി ജീവനക്കാര്‍ അറസ്റ്റിനും, കള്ളക്കേസിനും, സസ്പെന്‍ഷനും, സ്ഥലംമാറ്റത്തിനും വിധേയരായി.

ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട്

1973 ലെ ഐതിഹാസികമായ പണിമുടക്കിന്റെ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഭാവി പ്രക്ഷോഭ സമരങ്ങള്‍ക്ക് വഴികാട്ടിയാകുന്ന തരത്തില്‍ സാര്‍വദേശീയ-ദേശീയ പ്രശ്നങ്ങളിലും സാമൂഹിക രാഷ്ട്രീയ കാര്യങ്ങളിലും സംഘടനയുടെ നിലപാട് വ്യക്തമാക്കുന്ന ഒരു രേഖ അംഗീകരിക്കണമെന്ന് യൂണിയന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കിന് ശേഷം 1974 ല്‍ നടന്ന പെരിന്തല്‍‌മണ്ണ സംസ്ഥാന സമ്മേളനം മുതല്‍ “ജനറല്‍ ക്രട്ടറീസ് റിപ്പോര്‍ട്ട് ”സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്തുവരുന്നത്.

എഫ്.എസ്.ഇ.ടി.ഒ രൂപം കൊള്ളുന്നു

സര്‍ക്കര്‍ സര്‍വീസിലെ എല്ലാ വിഭാഗം ജീവനക്കാരേയും അധ്യാപകരേയും പ്രക്ഷോഭപാതയില്‍ അണിനിരത്തുന്നതിനും ഇതര വര്‍ഗപ്രസ്ഥാനങ്ങളുമായും ജനവിഭാഗങ്ങളുമായും ഐക്യവും ബന്ധവും സുദൃഡമാക്കുന്നതിനും ഒരു ഐക്യസംഘടന അനിവാര്യമാണെന്ന് 1973 ലെ അനിശ്ചിതകാല പണിമുടക്കിന്റെ അനുഭവം ബോദ്ധ്യപ്പെടുത്തി. ഈ തിരിച്ചറിവാണ് 1973 ഒക്ടോബര്‍ 12 ന് എറണാകുളത്ത് ചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (എഫ്.എസ്.ഇ.ടി.ഒ) രൂപീകരണത്തിന് ഇടയാക്കിയത്. രൂപീകരണ സമയത്ത് ഇതില്‍ 19 സംഘടനകള്‍ ഉള്‍പ്പെട്ടിരുന്നു. എഫ് എസ് ഇ ടി ഒ രൂപീകരണ ശേഷം നടന്ന പണിമുടക്ക് ഉള്‍പ്പെടെ സര്‍വീസ് സംഘടനാ രംഗത്ത് നടത്തിയ എല്ലാ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം കൊടുത്തത് ഈ ഫെഡറേഷനാണ്. മാത്രമല്ല രാജ്യത്തും സംസ്ഥാനത്തും നടക്കുന്ന എല്ലാ ബഹുജന പ്രക്ഷോഭങ്ങളിലും എഫ് എസ് ഇ ടി ഒ പങ്കാളിയാണ്. രൂപീകരണ സമയത്തുണ്ടായിരുന്ന സംഘടനകള്‍ക്ക് പുറമേ പാര്‍ട്‌ടൈം കണ്ടിജന്‍സി, പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍, പഞ്ചായത്ത്, നഴ്സിംഗ് സര്‍വീസ്, ഗസറ്റഡ് മേഖലകളിലെ സംഘടനകളും ഫെഡറേഷന്റെ ഘടക സംഘടനകളായി.

സര്‍വീസ് സംഘടനാ ലയനം

എഫ്.എസ്.ഇ.ടി.ഒ. രൂപീകരണത്തിന്റെയും യോജിച്ച പ്രവര്‍ത്തനത്തിന്റെയും ഫലമായി അതില്‍ അംഗങ്ങളായ പല സംഘടനകളും പിന്നീട് കേരള എന്‍.ജി.ഒ യൂണിയനില്‍ ലയിച്ചു. സംസ്ഥാന ജീവനക്കാര്‍ക്കകെ ഏക സംഘടന എന്ന ലക്ഷ്യത്തിലേക്കുള്ള യൂണിയന്റെ ചുവട് വെയ്പ്പിന് ഊര്‍ജ്ജം പകരാന്‍ സംഘടനകളുടെ ലയനം വഴിയൊരുക്കി. കേരള ഐ.ടി.ഐ സ്റ്റാഫ് അസോസിയേഷന്‍ 1975 ലും കേരള എഞ്ചിനിയ‌റിംഗ് എംപ്ലോയീസ് അസോസിയേഷനും, കേരള ലോവര്‍ ഗ്രേഡ് യൂണിയനും 1976 ലും കേരള പാര്‍ട് ടൈം കണ്ടിജന്‍സി എംപ്ലോയീസ് യൂണിയന്‍ 1993 ലും, കേരള പഞ്ചായത്ത് എംപ്ലോയീസ് അസ്സോസ്സിയേഷനും, കേരള ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയനും 2011 ലും കേരള എന്‍.ജി.ഒ യൂണിയനില്‍ ലയിച്ചു.

1967-ലെ ഇ.എം.എസ്. ഗവണ്മെിന്റിന്റെ സമീപനം

1967-ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്. ഗവണ്‍‌മെന്റ് കേരളത്തിലെ ജന്മിത്വം അവസാനിപ്പിച്ചുകൊണ്ടുള്ള കാര്‍ഷികബന്ധ നിയമം പാസാക്കി. കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിച്ചു. ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് സ്പെഷ്യല്‍ റൂളുകള്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും, സര്‍വീസ് സംഘടനകളുമായി ചര്‍ച്ചചെയ്ത് വേണം സ്പെഷ്യല്‍ റൂള്‍ രൂപീകരിച്ച് നടപ്പിലാക്കേണ്ടതെന്ന് ഉത്തരാവുകയും ചെയ്തു. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം നടപ്പിലാക്കിയതും ഈ കാലഘട്ടത്തിലാണ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ച് വിട്ട വി.സി.ചാക്കോയെ തിരിച്ചെടുത്തു. എം.കെ.എന്‍ ചെട്ടിയാര്‍ , വി.സോമനാഥന്‍, ആര്‍ . കൃഷ്ണവാരിയര്‍ , വി.സി.ചാക്കോ തുടങ്ങിയ ആദ്യകാല നേതാക്കള്‍ക്ക് മേല്‍ ചുമത്തിയിരുന്ന ശിക്ഷാനടപടികള്‍ റദ്ദാക്കി. മുന്‍‌കാല സര്‍വീസ് കണക്കിലെടുത്ത് ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നല്‍കി. 1967- ലെ പണിമുടക്കിന്റെ പേരില്‍ സ്വീകരിച്ച എല്ലാ ശിക്ഷാനടപടികളും റദ്ദാക്കി. പകപോക്കലിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്നി്ന്നും പുറത്തേക്ക് സ്ഥിരമായി മാറ്റിയ സി.ജെ.ജോസഫ്, കെ.അപ്പുകുട്ടന്‍ നായര്‍ എന്നിവരുടെ പേരിലുള്ള ശിക്ഷാനടപടികള്‍ റദ്ദാക്കി സെക്രട്ടേറിയറ്റിലേക്ക് തിരികെ നിയമിച്ചു. പൊലിസ് വെരിഫിക്കേഷന്റെ മറവില്‍ കമ്യൂണിസ്റ്റ് മുദ്രകുത്തി നിയമനം നിഷേധിച്ചവര്‍ക്ക് പുനര്‍നിയമനം നല്കി‍. പണിമുടക്കുകയില്ല എന്ന വ്യവസ്ഥ നിയമാവലിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അംഗീകാരം നിഷേധിക്കപ്പെട്ടിരുന്ന കേരള എന്‍.ജി.ഒ.യൂണിയന് പ്രസ്തുത വ്യവസ്ഥ ബാധകമാക്കാതെ അംഗീകാരം നല്‍കി. പബ്ലിക് സര്‍വീസ് ആക്ട് പ്രകാരമുള്ള സര്‍വീസ് ചട്ടങ്ങളുണ്ടാക്കി. സ്വകാര്യ ഫയല്‍ സമ്പ്രദായം അവസാനിപ്പിച്ചു. ഡി.പി.സി. വേണ്ടെന്ന് വച്ചു. സെക്രട്ടേറിയറ്റ് ഇറക്കുമതി പരിമിതപ്പെടുത്തി. ക്ലാസ്‌ഫോര്‍ ജീവനക്കാരെ ദാസ്യവേലയ്ക്ക് നിയോഗിക്കുന്നത് അവസാനിപ്പിച്ചു. റൂള്‍സ് റിവിഷന്‍ കമ്മറ്റിയെ നിയമിച്ചു. കരിങ്കാലി ഇങ്ക്രിമെന്റ് റദ്ദാക്കി. നീതിന്യായ വകുപ്പിലെ ജീവനക്കാര്‍ക്ക് ശിക്ഷാനടപടികളില്‍ ഗവണ്‍‌മെന്റിന് അപ്പീല്‍ നല്‍കുവാനുള്ള അവകാശം അനുവദിച്ചു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മുന്‍ഗവണ്‍‌മെന്റുകള്‍ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച അടിമത്ത വ്യവസ്ഥകളും കരിനിയമങ്ങളും പൂര്‍ണമായി റദ്ദ് ചെയ്തു. സംഘടനയുടെ മുന്നോട്ടുള്ള കാല്‍വെപ്പിന് ഈ നടപടികള്‍ ഉറച്ച ആത്മവിശ്വാസം പ്രദാനം ചെയ്തു.

വനിതാ സബ്കമ്മിറ്റി

സംസ്ഥാന ജീവനക്കാരില്‍ പകുതിയോളം വരുന്ന വനിതകള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംഘടന മികച്ച പരിഗണന നല്‍കുന്നു. ഈ ലക്ഷ്യത്തോടെ 1975 ല്‍ കണ്ണൂര്‍ സമ്മേളനത്തില്‍ വച്ച് വനിതാ സബ്കമ്മറ്റിക്ക് രൂപം നല്‍കി.

കലാ- കായിക- സാംസ്കാരിക ഇടപെടലുകള്‍

സിവില്‍ സര്‍വീസിന്റെ പരിമിതികള്‍ മറികടന്ന് സംസ്ഥാന ജീവനക്കാരുടെ കലാ കായിക അഭിരുചികള്‍ വികസിപ്പിക്കുന്നതിന് സാഹചര്യമൊരുക്കിക്കൊണ്ട് യുണിയന്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന കലാ കായിക സബ് കമ്മറ്റികള്‍ക്ക് രുപം കൊടുത്തിട്ടുണ്ട്. ഇവയുടെ ആഭിമുഖ്യത്തില്‍ 2013 മുതല്‍ സംസ്ഥാന തലത്തില്‍ ഏകാങ്ക നാടക മത്സരം, കലോത്സവം, കായിക മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു.

പ്രതിസന്ധികള്‍ വിഭാഗീയതയും ഭിന്നിപ്പും

കേരള എന്‍.ജി.ഒ യൂണിയന്റെ രൂപീകരണശേഷം 1967 ജനുവരി 5 മുതല്‍ നടന്ന ആദ്യത്തെ അനിശ്ചിതകാല പണിമുടക്ക് ഘട്ടത്തില്‍ തന്നെ അതിന് നേതൃത്വം നല്കിയ യൂണിയനേയും വിശിഷ്യാ അതിന്റെ നേതൃത്വത്തെയും കള്ളപ്രചാരവേലയിലൂടെ തകര്‍ക്കുവാന്‍ വലതു പക്ഷ മാധ്യമ-രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കുകയുണ്ടായി. 1967 ലെ രണ്ടാം ഇ.എം.എസ് ഗവണ്‍‌മെന്റ് ജീവനക്കാര്‍ക്ക് അനുകൂലമായി സ്വീകരിച്ച നടപടികളെ വക്രീകരിച്ച് യൂണിയനെതിരായ കടന്നാക്രമണം ശക്തിപ്പെടുത്തി. യൂണിയനില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമുള്ള പ്രചാരണം മലയാളമനോരമ, മാതൃഭൂമി, കേരള കൗമുദി തുടങ്ങിയ പത്രങ്ങള്‍ നിരന്തരം നടത്തി.

ഈ പ്രചാരവേലയുടെ ചുവട്പിടിച്ച് സംഘടനയ്ക്കുള്ളില്‍ വിഭാഗീയതയും ചേരിതിരിവും സൃഷ്ടിക്കുവാന്‍ ഒരു ന്യൂനപക്ഷം ബോധപൂര്‍വ്വം ശ്രമിച്ചു. സംഘടനാ സമ്മേളനങ്ങളിലെ കമ്മിറ്റി-ഭാരവാഹി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട ഇവര്‍ പ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. വിഭാഗീയ സംഘടനകള്‍ കാറ്റഗറി വകുപ്പ് അടിസ്ഥാനത്തില്‍ രൂപീകരിക്കുക, മൃതപ്രായമായ ഇത്തരം സംഘടനകളെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ നടപടികള്‍ക്ക് ഈ ചെറുവിഭാഗം ശ്രമിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തന്നെ ഇത്തരം നടപടികള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്കുക മാത്രമല്ല നേതൃത്വം നല്കുന്ന സ്ഥിതി പോലുമുണ്ടായി. എന്നാല്‍ ഇത്തരം നടപടികള്‍ കൊണ്ടൊന്നും യൂണിയനെ പിളര്‍ത്തുവാന്‍ കഴിയില്ലെന്ന് വന്നതോടെ സമാന്തര സംഘടന രൂപീകരിക്കുവാനായി ശ്രമം. യൂണിയനില്‍ രാഷ്ട്രീയം ആരോപിച്ച് പ്രസിഡന്റ് രാജി വെച്ച് ജോയിന്റ് കൗണ്‍‌സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് രൂപീകരിക്കുവാന്‍ നേതൃത്വം നല്കി. ഡിപ്പാര്‍ട്ട്‌മെന്റല്‍ കാറ്റഗറി വികാരം ആളിക്കത്തിച്ച് യൂണിയനില്‍ നിന്ന് ജീവനക്കാരെ അടര്‍ത്തി മാറ്റുവാനുള്ള ശ്രമം വിഫലമായി.

യൂണിയനില്‍ രാഷ്ട്രീയ പക്ഷപാതിത്വം ആരോപിച്ച് ജോയിന്റ് കൗണ്‍‌സില്‍ രൂപീകരിച്ചവര്‍ തുടര്‍ന്ന് കേരളത്തില്‍ അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാരുകളുടെ ജനവിരുദ്ധ രാഷ്ട്രീയ-ഭരണ നിലപാടുകള്‍ക്കും സര്‍വീസ് വിരുദ്ധ നടപടികള്‍ക്കും പിന്തുണ നല്കി. അവരോടൊപ്പം നിന്ന പല കാറ്റഗറി ഡിപ്പാര്‍ട്ട്‌മെന്റല്‍ സംഘടനകളും അവരുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ (1974) ജോയിന്റ് കൗണ്‍‌സിലിലെ ബഹുഭൂരിപക്ഷം അംഗങ്ങളും സംഘടന വിട്ട് പോവുകയും കേരള എന്‍.ജി.ഒ.അസോസിയേഷന്‍ എന്ന കോണ്‍‌ഗ്രസ് അനുകൂല സംഘടന രൂപീകരിക്കുകയുമുണ്ടായി. എഴുപതുകളുടെ അവസാനം കോണ്‍‌ഗ്രസ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പുകള്‍ക്കനുസരിച്ച് അസോസിയേഷനും നെടുകേയും കുറുകേയും പിളര്‍ന്ന് കൊണ്ടിരുന്നു.

അടിയന്തരാവസ്ഥ

കേരള എന്‍.ജി.ഒ യൂണിയനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥയുടെ കാലഘട്ടം. സംസ്ഥാന ജീവനക്കാരുടെ അവകാശത്തിനുമേല്‍ കടന്നാക്രമണം നടത്താനും എല്ലാ പൗരാവകാശങ്ങളും ട്രേഡ് യൂണിയന്‍ അവകാശങ്ങളും നിഷേധിച്ച് “നാവടക്കൂ പണിയെടുക്കൂ” എന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുംമേല്‍ ഭരണകൂടഭീകരത അഴിച്ചുവിടാനും അവരെ അടിമകളെപോലെ പണിയെടുപ്പിക്കാനും അന്നത്തെ വലതുപക്ഷസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. യൂണിയനാഫീസുകള്‍ പൊലിസ് നിരീക്ഷണത്തിലായി. യൂണിയന്‍ പ്രസിഡന്റായിരുന്ന ഇ.പത്മനാഭനെ മിസ പ്രകാരവും ജനറല്‍ സെക്രട്ടറി പി.ആര്‍. രാജനെ ഡി.ഐ.ആര്‍ പ്രകാരവും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഒട്ടേറെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി നിഷ്ഠൂരമായി മര്‍ദ്ദിക്കുകയും ജയിലിലടക്കുകയും ചെയ്തു. എല്ലാ പ്രതിസന്ധികളേയും നേരിട്ട് ജീവനക്കാരോടൊപ്പം നിന്ന് പ്രവര്ത്തി ച്ച സംഘടനയുടെ മെമ്പര്‍ഷിപ്പില്‍ വന്‍ കുതിച്ചുചാട്ടമാണ് അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായത്. 1974 ല്‍ 36,000 ആയിരുന്ന യൂണിയന്‍ മെമ്പര്‍ഷിപ്പ് അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്‍ 55,000 ആയി വര്‍ദ്ധിച്ചു.

നിലപാടുകള്‍

അതാത് കാലഘട്ടങ്ങളിലെ സാമൂഹ്യ-രാഷ്ട്രീയസാഹചര്യങ്ങളെ വസ്തുനിഷ്ഠമായി പരിശോധിച്ചുകൊണ്ടാണ് യൂണിയന്‍ ശരിയായ നിലപാടുകള്‍ സ്വീകരിക്കാറുളളത്.
യൂണിയന്റെരൂപീകരണ സമ്മേളനത്തിന് തൊട്ട്മുമ്പാണ് ഒക്ടോബര്‍ 20 ന് ഇന്ത്യാ-ചൈനയുദ്ധം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ഉള്‍ക്കൊളളുന്നവയടക്കമുളള പ്രമേയങ്ങളെല്ലാം സമ്മേളനം മാറ്റിവെച്ചു. “നമ്മുടെ മാതൃരാജ്യത്തുനിന്നും ചൈനീസ് ആക്രമണകാരികളെ തുരത്തിയോടിക്കുന്നതു വരെ യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് യാതൊരുവിധ നടപടികളും കൈക്കൊളളുന്നതല്ല” എന്ന ഔദ്യോഗിക പ്രമേയം സമ്മേളനം അംഗീകരിച്ചു. ചൈനയുടെ നടപടിയെ അപലപിച്ചു കൊണ്ടും ആക്രമണകാരികളെ തുരത്താന്‍ ഇന്ത്യാ ഗവണ്മെെന്റിനു പിന്നില്‍ അണിനിരക്കാന്‍ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടും പ്രധാനമന്ത്രിയുടെ രാജ്യരക്ഷാനിധിയിലേക്ക് 10000രൂപ പിരിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചുകൊണ്ടുമുളള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

നയപ്രഖ്യാപന രേഖ

1965 മെയ് 8,9,10 തിയ്യതികളില്‍ കോഴിക്കോട് വെച്ച് ചേര്‍ന്ന കേരള എന്‍ ജി ഒ യൂണിയന്‍ രണ്ടാം സംസ്ഥാന സമ്മേളനം സംഘടനയുടെ നയപ്രഖ്യാപനരേഖ അംഗീകരിച്ചു. രാഷ്ട്രത്തിന്റെ അംഗീകൃത നയങ്ങള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ജീവനക്കാരെ ആര്‍ക്കും അവഗണിക്കാനാവാത്ത ഒരു സാമൂഹികശക്തിയായി വളര്‍ത്താനും അഴിമതിയില്ലാത്ത സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കാനും ജീവിക്കാനാവശ്യമായ വേതനം ലഭ്യമാക്കാനും സ്വഭാവ നടപടിചട്ടങ്ങള്‍ സര്‍വീസ് റൂളുകളില്‍ നിന്നും പാടെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുമെന്നും നയപ്രഖ്യാപനരേഖ വ്യക്തമാക്കി.

രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സമൂഹികമാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിത ലക്ഷ്യത്തിലെത്തിചേരാനും കടമകള്‍ നിര്‍വഹിക്കാനും അടവുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അനുഭവങ്ങളില്‍ നിന്നും ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ 1968 ല്‍ പാലക്കാട് ചേര്‍ന്ന സംസ്ഥാന സമ്മേളനം പുതുക്കിയ നയപ്രഖ്യാപന രേഖ അംഗീകരിച്ചു. ചുറ്റുപാടും നടക്കുന്ന രാഷ്ട്രീയ സാമൂഹ്യസാമ്പത്തിക ചലനങ്ങളും പരിവര്‍ത്തനങ്ങളും മനസ്സിലാക്കിക്കൊണ്ട് വേണം സംഘടനാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഈ കാര്യങ്ങള്‍ അംഗങ്ങളെ പഠിപ്പിക്കേണ്ടതുണ്ടെന്നും നയപ്രഖ്യാപനപ്രമേയം ചൂണ്ടിക്കാട്ടി. സഹോദരപ്രസ്ഥാനങ്ങളുടേയും ബഹുജനങ്ങളുടേയും പിന്തുണയില്ലാത്ത പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയില്ലെന്നും രേഖ സൂചിപ്പിച്ചു. സിവില്‍ സര്‍വീസിലെ അഴിമതിക്കെതിരെ ശക്തമായ നിലപാടുകള്‍ എടുക്കണമെന്നും അഴിമതിക്കാരെ തുറന്ന് കാട്ടണമെന്നും രേഖ ആഹ്വാനം ചെയ്തു.

യൂണിയനേയും ജീവനക്കാരുടെ ഐക്യത്തെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വകുപ്പ് -കാറ്റഗറി വികാരം ഇളക്കിവിട്ട് കാറ്റഗറി സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ അതിനെതിരെ യൂണിയന്‍ ശക്തമായ നിലപാടെടുത്തു. കാറ്റഗറി സംഘടനകള്‍ വര്‍ഗശത്രുക്കളുടെ ഒളിത്താവളങ്ങളാണെന്ന് നയപ്രഖ്യാപനരേഖ ചൂണ്ടിക്കാട്ടി. 1970 ലെ കോട്ടയം സമ്മേളനം കാറ്റഗറി സംഘടനകളോടുള്ള നയസമീപനം സംബന്ധിച്ച് പാലക്കാട്ട് സമ്മേളത്തിന്റെ തീരുമാനം ലക്ഷ്യം നേടാന്‍ സഹായകരമല്ലെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രമേയം അംഗീകരിച്ചു. കാറ്റഗറി സംഘടനകളെക്കുറിച്ചുള്ള മുന്‍ വിലയിരുത്തലുകള്‍ അതേപടി നിലനിര്ത്തിുക്കൊണ്ടുതന്നെ പ്രക്ഷോഭങ്ങളിലും പണിമുടക്കുകളിലും അവയുമായി ഐക്യം ആകാമെന്നും തീരുമാനിച്ചു.

ജീവനക്കാരുടെ സേവന-വേതന ആനുകൂല്യങ്ങള്‍ സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം സിവില്‍ സര്‍വീസിന്റെ സാമൂഹ്യപ്രതിബദ്ധതയും കാര്യക്ഷമതയും ഉയര്‍ത്തിപ്പിടിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളും യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. 1988 ല്‍ ചേര്‍ന്ന രജതജൂബിലി സമ്മേളനം ഇക്കാര്യം ഗൌരവപൂര്‍വം  ചര്‍ച്ച ചെയ്യുകയും പ്രമേയം അംഗീകരിക്കുകയും ചെയ്തു. അഴിമതി രഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പെടുക്കുന്നതിനു വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത നയം.

വര്‍ത്തമാനകാല സിവില്‍‌സര്‍‌വീസ്

രാജ്യത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് പിന്നിലുള്ള സിവില്‍ സര്‍വീസിന്റെ പങ്ക് ഏറെ നിര്‍ണ്ണായകമാണ്. ജനകീയ സര്‍ക്കാരുകളുടെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് സിവില്‍ സര്‍വീസ് വഹിക്കുന്നത്.

വിദ്യാഭ്യാസ,ആരോഗ്യ,സാംസ്കാരിക രംഗങ്ങളില്‍ കേരളത്തെ ലോകനിലവാരത്തിലെത്തിക്കുന്നതില്‍ സംസ്ഥാന സിവില്‍സര്‍‌വീസും ജീവനക്കാരും ഏറെ പങ്ക്‌വഹിച്ചിട്ടുണ്ട്.

സോവിയറ്റ്‍ യൂണിയന്റെ തകര്‍ച്ചയോടെ ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മുതലാളിത്ത മൂലധനശക്തികളുടെ കടന്നുകയറ്റം സിവില്‍ സര്‍വീസിനെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.

എല്ലാ സേവന രംഗത്തുനിന്നും സര്‍ക്കാരുകള്‍ പിന്‍‍മാറുക എന്ന ധനമൂലധന ശക്തികളുടെ കാഴ്ച്ചപ്പാട് അതേപടി ഇന്ത്യയിലും സ്വീകരിക്കപ്പെട്ടതോടെ സമസ്ത മേഖലകളിലും പുതിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്കുരിക്കുന്നു. ധനകാര്യ, കാര്‍ഷിക, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, ചെറുകിട വ്യാപാരമേഖലകളിലെല്ലാം വിദേശ മൂലധന പങ്കാളിത്തം കടന്നുവരുന്നു. ഈ മേഖലകളില്‍ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധികളുടെ സ്വാഭാവിക പരിണാമത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസിന്റെ വ്യാപ്തിയും നിലനില്‍പ്പുംതന്നെ ചോദ്യംചെയ്യപ്പെടുകയാണ്. പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നു. സര്‍ക്കാരുകളുടെ പിന്മാറ്റം വഴി വകുപ്പുകളും ഓഫീസുകളും പദ്ധതികളും ഇല്ലാതാവുകയും തസ്തികള്‍ വെട്ടികുറക്കപ്പെടുകയും ചെയ്യുന്നു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാവുന്നു. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാകുന്നു.

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാമൂഹിക ഉത്തരവാദിത്ത നിയമം (CSR) കൂടി നിലവില്‍ വന്നതോടെ അടിസ്ഥാനവികസനമുള്‍പ്പെടെ സാമുഹിക സേവന മേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്മാറ്റം യാഥാര്‍ത്ഥ്യമാവുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക വിഹിതം ഇല്ലാതാവുകയും കോര്‍പ്പറേറ്റ് കമ്പനികള്‍ ലാഭവിഹിതത്തിന്റെ ചെറിയൊരംശം മാറ്റി വച്ച് സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടുകയും നിര്‍വഹണ ചുമതല സര്‍ക്കാരിതര സംഘടനകള്‍ക്ക് കൈമാറുകയും (NGO’s) ചെയ്യുന്നതോടെ സിവില്‍ സര്‍വീസിന്റെ തകര്‍ച്ചക്ക് വേഗത കൂടും.

സിവില്‍ സര്‍വീസിനെ അനാകര്‍ഷകമാക്കുക എന്ന നയമാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. സേവന വേതന വ്യവസ്ഥകളേക്കാള്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സാമൂഹ്യ സുരക്ഷിതത്വമാണ് സിവില്‍ സര്‍വീസിനെ ആകര്‍ഷകമാക്കിയിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതും തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയില്‍ നിയമനിര്‍‌മ്മാണങ്ങളും കോടതിവിധികളും കൊണ്ട് സമ്പുഷ്ടമാക്കിയതുമായ നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതിയാണ് ഓഹരികമ്പോളത്തിന്റെ സംരക്ഷണത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിച്ചത്.

സ്വകാര്യ മേഖലയുടെ വളര്‍ച്ചയും സര്‍ക്കാര്‍ മേഖലയുടെ തളര്‍ച്ചയുമാണ് ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ഭരണാധികാരികള്‍ ലക്ഷ്യംവെക്കുന്നത്.

നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയതോടെ ജീവനക്കാരുടെ ഏറ്റവും ആകര്‍ഷകമായ സുരക്ഷാ പദ്ധതിയാണ് ഇല്ലാതായത്. മാത്രമല്ല ജീവനക്കാര്‍ രണ്ട് തട്ടുകളിലായി വിഭജിക്കപ്പെട്ടു.

ആഗോളവല്ക്കപരണകാലഘട്ടത്തെ മൂല്യച്ച്യുതികള്‍ സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയേയും സാമൂഹ്യ പ്രതിബദ്ധതയേയും ബാധിക്കുന്നുണ്ട്.  ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികള്‍ ഇന്ത്യയിലേയും കേരളത്തിലേയും സിവില്‍സര്‍വീസ് നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം ഭരണവര്‍ഗ്ഗ നയങ്ങളുടെ സൃഷ്ടിയാണ്. ഈ വെല്ലുവിളികളെ നേരിടുന്നതിനും അതിജീവിക്കുന്നതിനും സംഘടിതമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് സിവില്‍ സര്‍വീസിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലാണ് കേരള എന്‍ ജി ഒ യൂണിയന്‍.