Kerala NGO Union

സാലറി ചലഞ്ച് – സർക്കാർ ഉത്തരവിനെതിരെ തെറ്റിദ്ധാരണ പരത്താനുള്ള നീക്കം അവഗണിക്കുക
– ആക്ഷൻ കൗൺസിൽ, സമരസമിതി

               പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസ ശമ്പളം സംഭാവന അഭ്യർത്ഥിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ ചിലർ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചരണത്തെ അവഗണിക്കണമെന്നും ഒരുമാസ ശമ്പളം നൽകാൻ തയ്യാറാകണമെന്നും ആക്ഷൻ കൗൺസിലും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയും ജീവനക്കാരോട് അഭ്യർത്ഥിച്ചു.
വിവരണാതീതമായ ദുരന്തം നേരിട്ട കേരളത്തെ കൈപിടിച്ചുയർത്താൻ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. കേരളത്തെ സഹായിക്കാനും ആശ്വാസം പകരാനും ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികൾ മുന്നോട്ടുവരുന്ന കാഴ്ചയാണ് കാണുന്നത്. തൊഴിലും വരുമാനവുമുള്ള മുഴുവനാളുകളും തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നൽകുകയാണ്. ഇതര സംസ്ഥാന ഗവൺമെന്റുകളും ജീവനക്കാരും സഹായഹസ്തവുമായി വന്നിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ ജീവനക്കാർ അവരുടെ ശമ്പളത്തിൽനിന്ന് ഇരുന്നൂറ് കോടിയാണ് നൽകുന്നത്. തെലങ്കാന, ജാർഖണ്ഡ്, ബംഗാൾ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജീവനക്കാരും അദ്ധ്യാപകരും അവരുടെ ശമ്പളത്തിന്റെ ഒരു വിഹിതം കേരളജനതയെ സഹായിക്കാൻ സ്വരൂപിച്ചുകഴിഞ്ഞു. ജമ്മുകാശ്മീർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കേരളത്തിലെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ഈടാക്കാൻ സംസ്ഥാന ഗവൺമെന്റ് ഉത്തരവിറക്കി. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ള വിവിധ വിഭാഗം ജനങ്ങൾ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിക്കൊണ്ടിരിക്കയാണ്. ഉറവ വറ്റാത്ത മനുഷ്യസ്‌നേഹമാണ് എങ്ങും കണ്ടുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും ഒരുമാസ ശമ്പളം സംഭാവനയായി നൽകി കേരളത്തെ പുനഃസൃഷ്ടിക്കാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിച്ചതും അതിനുവേണ്ടി ഉത്തരവിറക്കിയതും. ഏതൊരു ജീവനക്കാരനും പ്രയാസം കൂടാതെ ഒരുമാസത്തെ ശമ്പളം നൽകാൻ കഴിയുംവിധം ക്രമീകരണങ്ങൾ ഉത്തരവിലുണ്ട്. ഒരുമാസത്തെ ശമ്പളം പരമാവധി പത്തു ഗഡുക്കളായി നൽകിയാൽ മതി. പ്രൊവിഡന്റ് ഫണ്ടിൽനിന്നും കടമെടുത്തോ, ഏൺഡ് ലീവ് സറണ്ടർ ചെയ്‌തോ തുക നൽകാവുന്നതാണ്. ഗഡുക്കളായി നൽകുമ്പോൾ കുറവ് പരിഹരിക്കാൻ ജി.പി.എഫിന്റെ തിരിച്ചടവ് പത്തുമാസക്കാലത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ഇനിയും ലഭിക്കാനുള്ള ശമ്പളപരിഷ്‌കരണ കുടിശ്ശിക ദുരിതാശ്വാസനിധിയിലേക്ക് നൽകാനും അവസരമൊരുക്കിയിട്ടുണ്ട്.
സംസ്ഥാന ജനത അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ സഹായിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധത ജീവനക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിന് നികുതി നൽകി സഹകരിക്കുന്ന സാധാരണ ജനങ്ങളാകമാനം ദുരിതം പേറുമ്പോൾ അനാവശ്യവിവാദമുയർത്തി ഈ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും മാറിനിൽക്കുന്നത് ഉചിതമാണോ എന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്.
അനാവശ്യ വിവാദങ്ങളുയർത്തി സാമൂഹ്യ ഉത്തരവാദിത്വത്തിൽ നിന്നും മാറിനിൽക്കാതെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് ഒരുമാസ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ എല്ലാവരും തയ്യാതയ്യാറാകണമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ റ്റി.സി. മാത്തുക്കുട്ടിയും സമരസമിതി ജനറൽ കൺവീനർ എസ്. വിജയകുമാരൻ നായരും അഭ്യർത്ഥിച്ചു.

കൺവീനർ
‘ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ്

ജനറൽ കൺവീനർ
അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി

Leave a Reply

Your email address will not be published. Required fields are marked *