കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.എച്ച്‌.എം ഇസ്‌മയില്‍ സുദീര്‍ഘമായ 34 വര്‍ഷത്തെ സേവനത്തിനുശേഷം ഫെബ്രുവരി 28-ന്‌ സര്‍വീസില്‍ നിന്ന്‌ വിരമിച്ചു. 1983-ല്‍ എറണാകുളം ജില്ലയില്‍ പൊതുമരാമത്ത്‌ വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം തിരുവനന്തപുരത്തെ പൊതുമരാമത്ത്‌വകുപ്പ്‌ ചീഫ്‌എഞ്ചിനീയര്‍ ഓഫീസില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടായാണ്‌ വിരമിച്ചത്‌.
സര്‍വീസില്‍ പ്രവേശിച്ച നാള്‍മുതല്‍ കേരളാ എന്‍.ജി.ഒ യൂണിയന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1999-ല്‍ യൂണിയന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി.തുടര്‍ന്ന്‌ ജില്ലാപ്രസിഡന്റായും എഫ്‌.എസ്‌.ഇ.ടി.ഒ എറണാകുളം ജില്ലാസെക്രട്ടറിയായും ആക്‌ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ ആന്റ്‌ ടീച്ചേഴ്‌സ്‌ ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചു. 1997-ല്‍ എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാനകമ്മിറ്റി അംണ്വൊം 2003-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവുമായി. തുടര്‍ന്ന്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 2010-ല്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ എഫ്‌.എസ്‌.ഇ.ടി.ഒ ജനറല്‍സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അദ്ദേഹം സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അഖിലേന്ത്യാ സംഘടനായ ആള്‍ ഇന്ത്യാ സ്റ്റേറ്റ്‌ ഗവണ്‍മെന്റ്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ദേശീയ സെക്രട്ടറിയുമാണ്‌.
സര്‍ക്കാര്‍ സര്‍വീസില്‍ വന്ന ദിവസം മുതല്‍ അര്‍പ്പണ ബോധത്തോടെ സംഘടനാ രംഗത്ത്‌ നിലയുറപ്പിച്ച അദ്ദേഹം ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശപ്പോരാട്ടങ്ങളില്‍ നിസ്‌തുലമായ സംഭാവനയാണ്‌ നല്‍കിയിട്ടുള്ളത്‌. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത 2002 ജനുവരി 16-ന്റെ സര്‍ക്കാര്‍ ഉത്തരവിനെതിരെ നടന്ന ഐതിഹാസികവും സമാനതകളില്ലാത്തതുമായ 32 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്ക്‌ വേളയില്‍ ആക്‌ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ ആന്റ്‌ ടീച്ചേഴ്‌സ്‌ എറണാകുളം ജില്ലാ കണ്‍വീനര്‍ എന്നനിലയില്‍ ജില്ലയിലെ പണിമുടക്ക്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടിക്കെതിരെ 2013 ജനുവരിയില്‍ നടന്ന അനിശ്ചിതകാല പണിമുടക്ക്‌ വേളയില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയില്‍ നേതൃത്വപരമായ പങ്ക്‌ വഹിച്ചു. സര്‍വീസ്‌ നിയമങ്ങളിലും ചട്ടങ്ങളിലും മികച്ച പരിജ്ഞാനം നേടിയിരുന്ന അദ്ദേഹം യൂണിയന്റെ മുഖപത്രമായ കേരളാസര്‍വീസ്‌ മാസികയില്‍ സര്‍വീസ്‌ പ്രശ്‌നങ്ങള്‍ എന്ന പംക്തി കൈകാര്യം ചെയ്‌തു വരുന്നു.