രൂപീകരണ സമ്മേളനം

1962ഒക്ടോബര്‍ 28, 29 തൃശ്ശൂർ

 

കടുത്ത അവഗണനയും നാമമാത്രമായ വേതനവും ഉദോഗസ്ഥ ദുഷ്പ്രഭുത്വവും തത്ഫലമായുള്ള പീഢനവും നിമിത്തം ദുരിതപൂര്‍ണ്ണമായിരുന്നു ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തില്‍ കേരളത്തിലെ സിവില്‍ സര്‍വ്വീസ് രംഗം. ഇതിനെതിരെ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത  ഛിന്നഭിന്നമായ സംഘടനാ സംവിധാനങ്ങളായിരുന്നു നിലനിന്നിരുന്നത്. ഈ അവസ്ഥയില്‍നിന്നും മോചനം കൊതിച്ച ഉത്പതിഷ്ണുക്കളും അവകാശബോധമുള്ള സംഘടനാപ്രവര്‍ത്തകരും ജീവനക്കാരും കേരളത്തിലെ സര്‍ക്കാർ ജീവനക്കാര്‍ക്ക് ഒറ്റ സംഘടന എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി 1961ഫെബ്രുവരി 18,19 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന കണ്‍വന്‍ഷന്‍ ചേര്‍ന്നു. കെ.ചെല്ലപ്പന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനിൽ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാര്‍ക്കുമായിഏകീകൃത സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.

പ്രസ്തുത കൺ‌നെൻ‍ഷന്‍റെ തീരുമാനപ്രകാരം അഡ്ഹോക്ക് കമ്മിറ്റി സംഘടനാരൂപം സംബന്ധിച്ച നിർദ്ദേശം തയ്യാറാക്കി വിവിധ സംഘടനകൾക്ക് അയച്ചുകൊടുത്തു. ലാസ്റ്റ്ഗ്രേഡ്, അധ്യാപക വിഭാഗങ്ങൾ ഒഴികെയുള്ള എൻ.ജി.ഒ മാർക്ക്വേണ്ടി കേരളാ എൻ.ജി.ഒ യൂണിയൻ എന്ന സംഘടന രൂപീകരിക്കുന്നതിന് ഒരു കരട് നിയമാവലിയും തയ്യാറാക്കപ്പെട്ടിരുന്നു.1962 ഏപ്രിൽ 20 ന് കോഴിക്കോട് ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗം കരട് നിയമാവലി അനുസരിച്ച് കേരളാ എൻ.ജി,ഒ യൂണിയന്‍ രൂപീകരിക്കാൻ തീരുമാനിച്ചു.

 

ഇതിന്‍റെ അടിസ്ഥാനത്തില്‍ 1962 ഒക്ടോബര്‍ 27, 28 തീയതികളില്‍ തൃശ്ശൂർ സെന്‍റ്തോമസ് ഹൈസ്കൂളില്‍വച്ച് യൂണിയന്‍റെ രൂപീകരണ സമ്മേളനം ചേര്‍ന്നു. എല്ലാ ജില്ലകളിൽ നിന്നുമായി 135 കൌണ്‍സിലര്‍മാർ പങ്കെടുത്തു. അഡ്ഹോക്ക് കമ്മിറ്റി തയ്യാറാക്കിയ കരടുനിയമാവലി സമ്മേളനം അംഗീകരിച്ചു. സമ്മേളനം താഴേപ്പറയുന്നവര്‍ ഭാരവാഹികളായ 21 അംഗ സംസ്ഥാനക്കമ്മിറ്റിയെ തിരഞ്ഞെടുത്തു .

പ്രസിഡന്‍റ്           : കെ.എം. മദനമോഹനന്‍

വൈസ് പ്രസിഡന്‍റുമാർ                 : വി. രാധാകൃഷ്ണനൻ,  പി. രാമചന്ദ്രന്‍ നായര്‍

സെക്രട്ടറി                         : എ. രാധാകൃഷ്ണനൻ

ജോയിന്‍റ് സെക്രട്ടറിമാര്‍             : ഇ.ജെ. ഫ്രാന്‍സിസ്, സി.ഇ. മാധവ വാര്യര്‍

ട്രഷറര്‍      : കെ.കുമാരമേനോന്‍

 

 

അഡ്ഹോക്ക് കമ്മിറ്റി തയ്യാറാക്കി സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനയുടെ നയപ്രഖ്യാപനരേഖക്ക് ബദലായി വന്ന രണ്ടുപ്രമേയങ്ങളും കൂടി പരിശോധിച്ച് പുതിയ രേഖ തയ്യാറാക്കുവാന്‍ സമ്മേളനം എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ഇന്ത്യാ-ചൈനാ യുദ്ധം ആരംഭിച്ചിരുന്ന പശ്ചാത്തലത്തിലാണ് യൂണിയന്‍റെ രൂപീകരണ സമ്മേളനം നടന്നത്. പ്രസ്തുത സാഹചര്യത്തില്‍ ചൈനയുടെ നടപടിയെ അപലപിച്ചുകൊണ്ടും അക്രമണകാരികളെ തുരത്താന്‍ ഇന്ത്യാസര്‍ക്കാരിനു പിന്നില്‍ അണിനിരക്കാന്‍ എന്‍.ജി.ഒ മാരെ ആഹ്വാനം ചെയ്തും, പ്രധാനമന്ത്രിയുടെ രാജ്യരക്ഷാനിധിയിലേക്ക് 10000 രൂപ പിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചുകൊണ്ടുമുള്ള പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

ഒന്നാം സംസ്ഥാനസമ്മേളനം

1964മെയ് 23,24,25  ആലപ്പുഴ

 

യൂണിയന്‍റെ ഒന്നാം സംസ്ഥാനസമ്മേളനം 1964മെയ് 23,24,25 തീയതികളില്‍ ആലപ്പുഴ ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. പ്രസ്തുതസമ്മേളനത്തില്‍ താഴേപ്പറയുന്നവര്‍ ഭാരവാഹികളായ 21 അംഗ സംസ്ഥാനകമ്മറ്റിയെ തെര‍‍ഞ്ഞെടുത്തു.

പ്രസിഡന്‍റ്           :  കെ.ചെല്ലപ്പന്‍പിള്ള

വൈസ് പ്രസിഡന്‍റ്   :  എം.ശാരദ

സെക്രട്ടറി             :  ഇ.ജെ. ഫ്രാന്‍സിസ്

ജോയിന്‍റ് സെക്രട്ടറി : കെ.എം.ജി.പണിക്കര്‍

ട്രഷറര്‍                : എന്‍.ശ്രീധരന്‍പിള്ള

ഈ സമ്മേളനത്തിലാണ് യൂണിയന്‍റെ പതാക അംഗീകരിച്ചത്. പതാക അംഗീകരിക്കുന്നതു സംബന്ധിച്ച് സംഘടനയുടെ വിവിധ തലങ്ങളില്‍ വലിയ ചര്‍ച്ച നടത്തിയിരുന്നു. ചുവപ്പു നിറമുള്ള കൊടി അംഗീകരിക്കുന്നതിൽ പ്രതിഷേധിച്ച പ്രവര്‍ത്തകർ സംഘടനയിലുണ്ടായിരുന്നു.  ആര്‍.ശങ്കറിന്‍റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്സ് സര്‍ക്കാർ സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന വേളയിലാണ് ഒന്നാം സമ്മേളനം ചേര്‍ന്നത്. സംസ്ഥാന സര്‍ക്കാർ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങളോട് തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് മന്ത്രിസഭ കൈക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തിൽ സര്‍ക്കാരിന്‍റെ അവഗണനക്കെതിരെ അവകാശദിനമാചരിക്കുവാനും ട്രെയിന്‍ജാഥ നടത്തിയതിനുശേഷം സര്‍ക്കാരിന് കൂട്ടനിവേദനം നല്‍കുവാനും തീരുമാനിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാൽ നെഹ്റുവിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് 1964 ജൂണ്‍ 27 ന് നടത്താന്‍ തീരുമാനിച്ച അവകാശദിനാചരണം ജൂലായ് 7ലേക്ക് മാറ്റി. ആ ഘട്ടത്തില്‍ ആഭ്യന്തര കലഹം നിമിത്തം ആര്‍. ശങ്കര്‍ മന്ത്രിസഭ രാജി വക്കുകയും സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണമേര്‍പ്പെടുത്തുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ട്രെയിന്‍ജാഥയടക്കമുള്ള പ്രക്ഷാഭപരിപാടികള്‍ മാറ്റിവച്ചു. പിന്നീട് ആര്‍. പ്രസാദ് ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി ചുമതലയേറ്റതിനുശേഷം ട്രെയിന്‍ജാഥ നടത്തി. ആ വര്‍ഷം ഒക്ടോബര്‍ 2 ന് കൂട്ട നിവേദനം അഡ്വൈസർ ശ്രീ. ആര്‍. പ്രസാദിന് സമര്‍പ്പിച്ചു.

രണ്ടാം സംസ്ഥാനസമ്മേളനം

1965 മെയ് – 8,9,10 കോഴിക്കോട്

1965 മെയ് 08,09,10 തീയതികളില്‍ കോഴിക്കോട് ഗണപതി ഹൈസ്കൂള്‍ ഓഡിറ്റോറയത്തില്‍ നടന്ന സമ്മേളനം താഴേപ്പറയുന്നവർ ഭാരവാഹികളായ 21 അംഗ സംസ്ഥാനകമ്മറ്റിയെ തെര‍‍ഞ്ഞെടുത്തു.

പ്രസിഡന്‍റ്                       : ഇ.ജെ. ഫ്രാന്‍സിസ്

വൈസ് പ്രസിഡന്‍റ്             : എം.ശാരദ

ജനറല്‍ സെക്രട്ടറി  : ഇ. പത്മനാഭൻ

ജോയിന്‍റ് സെക്രട്ടറി           : സി.എ. രാജേന്ദ്രൻ

ട്രഷറര്‍                :  എം.കെ സുധാകരപ്പണിക്കര്‍

 

ഒന്നാം സമ്മേളനത്തില്‍ അവതരിപ്പിച്ച നയപ്രഖ്യാപനരേഖ ആവശ്യമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഈ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിനത്തിനു സമാപനം കുറിച്ചുകൊണ്ട് ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കടുത്ത ഉജ്ജ്വലപ്രകടനം നടന്നു. “കേരളാ എന്‍.ജി,ഒ യൂണിയനെ അംഗീകരിക്കുക”, “കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത നല്‍കുക”, “ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് താമസിപ്പിക്കാതെ നടപ്പാക്കുക”, “സ്വഭാവ നടപടിചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക” തുടങ്ങിയ ഡിമാന്‍റുകള്‍ സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ടു.

 

മൂന്നാം സംസ്ഥാനസമ്മേളനം

1966 സെപ്തംബര്‍ 10,11 തൃശ്ശൂർ

 

തൃശ്ശൂർ സെന്‍റ് തോമസ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം താഴേപ്പറയുന്നവർ ഭാരവാഹികളായുള്ള  സംസ്ഥാനകമ്മറ്റിയെ തെര‍‍ഞ്ഞെടുത്തു.

പ്രസിഡന്‍റ്                                   :   ഇ.ജെ. ഫ്രാന്‍സിസ്

വൈസ് പ്രസിഡന്‍റ്                        : എം.ശാരദ

ജനറല്‍ സെക്രട്ടറി                           : ഇ. പത്മനാഭൻ

ജോയിന്‍റ് സെക്രട്ടറി                       : പി.ആർ. രാജന്‍.

ട്രഷറര്‍ : എം.കെ സുധാകരപ്പണിക്കര്‍

 

എന്‍.ജി.ഒ മാരോടുള്ള ഗവണ്‍മെന്‍റിന്‍റെ അവഗണനക്കും അനീതിക്കുമെതിരായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു. സര്‍വ്വീസിലുള്ള സര്‍വ്വ വിഭാഗങ്ങളേയും ബാധിക്കുന്ന 36 അടിയന്തിരാവശ്യങ്ങള്‍ അടങ്ങിയ ഒരു അവകാശപത്രികയും ഈ സമ്മേളനം അംഗീകരിച്ചു. ഉജ്ജ്വലമായ പ്രകടനത്തോടെയാണ് സമ്മേളനം സമാപിച്ചത്

 

ചാർട്ടർ ഓഫ് ഡിമാന്‍റ്സ്:

 

 • പതിനഞ്ചാമത് ഇന്ത്യന്‍ ത്രികക്ഷി ലേബര്‍ കോണ്‍ഫറന്‍സ് അംഗീകരിച്ചിട്ടുള്ള കുറഞ്ഞകൂലിയുടെ തത്വം അടിസ്ഥാനമാക്കി ശമ്പളസ്കെയിലുകൾ പരിഷ്കരിക്കുക.
 • കേന്ദ്രഗവണ്‍മെന്‍റ് നിരക്കിലുള്ള ക്ഷാമബത്ത അനുവദിക്കുക.
 • വീട്ടുവാടക അലവന്‍സ് എല്ലാ ജീവനക്കാര്‍ക്കും നല്‍കുക.
 • ട്രേഡ് യൂണിയൻ അവകാശങ്ങള്‍ അനുവദിക്കുക.
 • കോണ്ടാക്ട് റൂളുകള്‍ പരിഷ്കരിക്കുക.
 • ജീവനക്കാരനെ സംബന്ധിക്കുന്ന രഹസ്യ ഫയല്‍ സമ്പ്രദായം നിര്‍ത്തലാക്കക.
 • പേ ഫിക്സേഷന്‍ മൂലം അഞ്ചുരൂപയില്‍ കുറഞ്ഞ പ്രയോജനം മാത്രമുള്ളവര്‍ക്ക് ഒരു ഇംക്രിമെന്‍റ് അനുവദിക്കുക.
 • യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരായുള്ള എല്ലാശിക്ഷാ നടപടികളും പിന്‍വലിക്കുക.
 • സ്പെഷ്യൽ പേ, സ്പെഷ്യൽ അലവന്‍സ്, പി.ടി.എ എന്നിവ അനുവദിക്കുക.
 • ക്ലാര്‍ക്കന്മാരുടേയും ടൈപ്പിസ്റ്റുമാരുടേയും പരസ്പര തസ്തികമാറ്റം അനുവദിക്കുക.
 • റിക്രൂട്ട്മെന്‍റ് കേഡറില്‍ പ്രൊബേഷനും ഇന്‍ക്രിമെന്‍റിനും ടെസ്റ്റ് ക്വാളിഫിക്കേഷന്‍ ഉപാധി നീക്കം ചെയ്യുക.
 • മിനിസ്റ്റീരിയല്‍, ടെക്നിക്കല്‍, എക്സിക്യൂട്ടീവ് വിഭാഗങ്ങളിലുള്ള എല്ലാ എന്‍.ജി.ഒ മാര്‍ക്കും പരമാവധി ജോലിയുടെ അളവ് നിശ്ചയിക്കുക.
 • ഓഫീസ് സ്റ്റാഫിനും ഫീല്‍ഡ് സ്റ്റാഫിനും പൂര്‍ത്തിയാകാത്ത ജോലിയുടെ അടിസ്ഥാനത്തില്‍ ശമ്പളവും പി.റ്റി.എയും വെട്ടിക്കുറക്കുന്ന രീതി നിര്‍ത്തലാക്കുക.
 • ആഫീസര്‍, പേര്‍സണല്‍ അസിസ്റ്റന്‍റ്, ഫിനാന്‍സ് ആഫീസര്‍, അക്കൗണ്ട്സ് ആഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് സെക്രട്ടറിയേറ്റില്‍നിന്നും മറ്റ് ഡിപ്പാര്‍ട്ട്മെന്‍റുകളിൽ നിന്നുമുള്ള ഡെപ്യൂ‍ട്ടേഷന്‍ അവസാനിപ്പിച്ച്, അതാത് ഡിപ്പാര്‍ട്ട്മെന്‍റിലുള്ള ഓഫീസ് സ്റ്റാഫിന് പ്രൊമോഷന്‍ നല്‍കുക.
 • മിനിസ്റ്റീരിയല്‍ സ്റ്റാഫിന് ലഭിക്കേണ്ട അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്ക് എക്സിക്യൂട്ടീവ് – ടെക്നിക്കല്‍ തസ്തികകളിലുള്ളവരെ നിയമിക്കുന്ന രീതി നിര്‍ത്തലാക്കുക.
 • എമര്‍ജന്‍സിയുടെ പേരില്‍ കാഷ്വൽ ലീവ് 15 ആക്കിക്കുറച്ചത് വീണ്ടും 20ആക്കുക. അര ദിവസം കാഷ്വല്‍ ലീവ് ഏര്‍പ്പെടുത്തുക.
 • എല്ലാ ശനിയാഴ്ചകളും അവധി ദിനങ്ങളാക്കുക.
 • ജനാധിപത്യ സ്വഭാവമുള്ള സ്റ്റാഫ് കൗണ്‍സിലുകള്‍ എല്ലാ വകുപ്പുകളിലും സംഘടിപ്പിക്കുക.
 • എന്‍.ജി.ഒ യൂണിയന്‍റെ പ്രതിനിധിയെ സ്റ്റാഫില്‍ നിന്നും നോമിനേറ്റു ചെയ്യുക.
 • മൂന്നുവര്‍ഷം സര്‍വ്വീസിലുള്ള എല്ലാ ജീവനക്കാര്‍ക്കും സ്ഥിരം സര്‍വീസിന്‍റെ പ്രയോജനം നല്‍കുക.
 • രണ്ടുവര്‍ഷത്തിലധികം തു‍‍ടരുന്ന എല്ലാ തസ്തികകളും സ്ഥിരപ്പെടുത്തുക.
 • വിദ്യാഭ്യാസ സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങൾക്കും നല്‍കുന്ന തോതില്‍ കേരളത്തിലും നടപ്പാക്കുക.
 • വിവിധ വകുപ്പുകളിലുള്ള ഒറ്റപ്പെട്ട തസ്തികകള്‍ക്ക് പൊതുകേഡര്‍ ഉണ്ടാക്കി അവരുടെ സര്‍വീസും പ്രൊമോഷന്‍ സാധ്യതകളും സുരക്ഷിതമാക്കുക.
 • മുഴുവന്‍ സര്‍വ്വീസും പെന്‍ഷന് കണക്കാക്കുകയും ഒരു വര്‍ഷത്തിന് ഒരു മാസത്തെ ശമ്പളത്തോതില്‍ ഗ്രാറ്റു‌വിറ്റി നല്‍കുകയും ചെയ്യുക.
 • പെന്‍ഷനും ഗ്രാറ്റു‌വിറ്റിയും ഒടുവിലത്തെ ശമ്പളത്തിന്‍റെ അടിസ്ഥാനത്തില്‍ കണക്കാക്കുക.
 • രൂപയുടെ ഡീവാല്യുവേഷന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരില്‍നിന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ഫണ്ടുകൾക്കും നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് തുകകള്‍ക്കും4 ശതമാനം നഷ്ടപരിഹാരം അനുവദിക്കുക.
 • യാത്രക്കൂലിയുടേയും താമസച്ചിലവുകളുടേയും വര്‍ദ്ധന കണക്കിലെടുത്ത് ടി.എ യും ഡി.എ.യും പരിഷകരിക്കുക.
 • മൂന്നുവര്‍ഷത്തിനുള്ളിലുണ്ടാവുന്ന സ്ഥലം മാറ്റങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ ഡിസ്-ലൊക്കേഷൻ അലവന്‍സ് അനുവദിക്കുക.
 • യൂണിയന്‍റെ ഔദ്യോഗിക ഭാരവാഹികള്‍ക്ക് ആണ്ടില്‍ 10 ദിവസത്തില്‍ കുറയാത്ത സ്പെഷല്‍ കാഷ്വൽ ലീവ് അനുവദിക്കുക.
 • യൂണിയന്‍റെ ഔദ്യോഗിക ഭരവാഹികളെ അവരുടെ ഔദ്യാഗിക സ്ഥാനകാലാവധിക്കുള്ളില്‍ അപേക്ഷപ്രകാരമല്ലാതെ സ്ഥലം മാറ്റാതിരിക്കുക.
 • സ്വദേശത്തുനിന്നും 150 കിലോമീറ്ററിലധികം ദൂരത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബത്തിനും ആണ്ടില്‍ ഒരു പ്രാവശ്യം സ്വദേശത്ത്പോവുന്നതിന് ടി.എ അനുവദിക്കുക.
 • അവധി ദിവസങ്ങളില്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഓവര്‍ടൈം അലവന്‍സും കോമ്പന്‍സേഷന്‍ അവധിയും അനുവദിക്കുക.
 • വിവിധതരം വീഴ്ചകള്‍ക്കും കുറ്റങ്ങള്‍ക്കും ശിക്ഷനിശ്ചയിച്ചുകൊണ്ടുള്ള ഒരു ഷെഡ്യൂള്‍ കൂട്ടിച്ചേര്‍ത്ത് കേരള സിവില്‍സര്‍വ്വീസ് റൂളുകള്‍ പരിഷ്കരിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് അവകാശപത്രികയിലൂടെ ഉന്നയിച്ചത്.

ഇതേ കാലഘട്ടത്തില്‍ 1966   നവംബര്‍‍ 2,3,4,5 തീയതികളില്‍ അഖിലേന്ത്യാ ഫെഡറേഷന്‍റെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ചേര്‍ന്നു. പ്രസ്തുത സമ്മേളനം കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിക്കുക, അവശ്യാധിഷ്ഠിത മിനിമം വേതനം അനുവദിക്കുക, സംഘടനാപ്രവർത്തകർക്കും ഭാരവാഹികള്‍ക്കും എതിരേയുള്ള പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക , പിരിച്ചുവിട്ടവരേയും സസ്പെന്‍റ് ചെയ്തവരേയും തിരിച്ചെടുക്കുക, സംസ്ഥാനജീവനക്കാര്‍ക്ക് ട്രേഡ് യൂണിയൻ അവകാശങ്ങള്‍ അംഗീകരിക്കുക, കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

യൂണിയന്‍ സംസഥാനസമ്മേളനം സര്‍ക്കാരിന് സമര്‍പ്പിച്ച 36 ഇന അവകാശ പത്രികയിലെ ആവശ്യങ്ങളും അഖിലേന്ത്യാ ഫെഡറേഷന്‍റെ സമ്മേളന തീരുമാനങ്ങളും ആധാരമാക്കി 1967 ജനുവരി 5 മുതല്‍ സംസ്ഥാന സിവില്‍സര്‍വ്വീസിലെ ആദ്യത്തെ അനിശ്ചിതകാല പണിമുടക്ക് നടന്നു.

നാലാം സംസ്ഥാനസമ്മേളനം

1967 മെയ് 20,21,22 കൊല്ലം

 

 

യൂണിയന്‍റെ നാലാം സംസ്ഥാനസമ്മേളനം  1967 മെയ്  20,21,22  തീയതികളില്‍ കൊല്ലത്ത് ചേര്‍ന്നു. 1967 ജനുവരി 5 മുതല് 12 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്കിനുശേഷമുള്ള ആവേശകരമായ അന്തരീക്ഷത്തിലാണ് നാലാം സമ്മേളനം നടന്നത്. ഗവര്‍ണ്ണര്‍ഭരണത്തിനു തിരശ്ശീലയിട്ടുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷിമുന്നണി അധികാരത്തിലെത്തുകയും ചെയ്തിരുന്നു. ഇത് കേരളത്തിലെ പൗരസമൂഹത്തിനാകെ ആവേശം പകരുന്നതായിരുന്നു. ഈ സാഹചര്യത്തിൽ‍ നടന്ന സമ്മേളനത്തില്‍ ഭാരവാഹികളായി താഴെപ്പറയുന്നവരടക്കമുള്ള സംസ്ഥാനകമ്മറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്           : ഇ.ജെ. ഫ്രാന്‍സിസ്

വൈസ് പ്രസിഡന്‍റ്: എം ശാരദ,

ജനറല്‍ സെക്രട്ടറി  : ഇ. പത്മനാഭൻ

ജോയിന്‍റ് സെക്രട്ടറി: പി ആർ. രാജൻ

ട്രഷറര‍്‍‍   ‍: എം കെ സുധാകരപ്പണിക്കർ

പണിമുടക്കിനുശേഷം സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ജനാധിപത്യഗവണ്മെന്‍റ് എന്‍.ജി.ഒ മാരുടെ അടിയന്തിരാവശ്യങ്ങള്‍ അംഗീകരിക്കുകയും മറ്റുള്ളവയില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.  ഈ സാഹചര്യത്തില്‍ അഴിമതിയ് ക്കെതിരായി സന്ധിയില്ലാസമരത്തിന് സമ്മേളനം ആഹ്വാനം നൽകി. നാലാം സംസ്ഥാനസമ്മേളനത്തിന്‍റെ ഭാഗമായി നിരവധി വൈവിധ്യമാര്‍ന്ന അനുബന്ധപരിപാടികൾ നടന്നിരുന്നു. നാലാം സമ്മേളനത്തിന്‍റെ സമാപനം കുറിച്ചുകൊണ്ട്  ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രൗഢഗംഭീരമായ പ്രകടനം നടന്നു. പ്രകടനാനന്തരം കൊല്ലം ഗൗസ്ഖാന്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനപ്രസംഗത്തില്‍ ജീവനക്കാരുടെ സംഘടനയായ കേരളാ എന്‍.ജി.ഒ യൂണിയന്‍ അംഗീകാരം നല്‍കുവാൻ സര്‍ക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സങ്കുചിതവികാരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രാഫ്റ്റ് സംഘടനകള്‍ക്ക് രൂപം കൊടുക്കാതെ ഒരൊറ്റ സംഘടനയായി എല്ലാ വിഭാഗം ജീവനക്കാരും കൂടി ഒത്തൊരുമിച്ചു നില്‍ക്കേണ്ടതാണെന്നും അല്ലാത്തപക്ഷം ജീവനക്കാരുടെ സംഘടനാശേഷിയെ തകര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് പരസ്പരം മത്സരിക്കുന്ന സംഘടനകള്‍ ആയുധമായിത്തീരുമെന്നും ഇ.എം.എസ്. ഉദ്‌ബോധിപ്പിച്ചു.

അഞ്ചാം സംസ്ഥാന സമ്മേളനം

1968   ജൂണ്‍ 8,9,10 പാലക്കാട്

 

യുണിയന്‍ അഞ്ചാം സംസ്ഥാന സമ്മേളനം 1968   ജൂണ്‍ 8,9,10 തീയതികളില്‍ പാലക്കാട് ഗവണ്‍മെന്‍റ് മോയന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. എന്‍.ജി.ഒ യൂണിയനിൽ പിളര്‍പ്പുണ്ടാക്കാന്‍ ചില തത്പര കക്ഷികൾ 1967 മുതല്‍ ശ്രമം തുടങ്ങിയിരുന്നു. 1967 ല്‍ ഇ.എം.എസ് സര്‍ക്കാർ അധികാരമേറ്റതിനെത്തുടര്‍ന്ന് ജീവനക്കാരുടെ പരമപ്രധാനമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിച്ചിരുന്നു. കേന്ദ്രനിരക്കില്‍ ക്ഷാമബത്ത സര്‍ക്കാർ അനുവദിച്ചു. മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാർ, ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികള്‍ റദ്ദാക്കി. പണിമുടക്കുകയില്ലെന്ന വ്യവസ്ഥ യൂണിയന്‍റെ ഭരണഘടനയിൽ ചേര്‍ക്കതെ തന്നെ എൻ.ജി.ഒ.യൂണിയന് അംഗീകാരം നൽകി. 1966 ലെ ശമ്പളപരിഷ്കണ അനോമലികള്‍ പരിഹരിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ കൂടുതല്‍ അപാകതകള്‍ നിറഞ്ഞ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മറ്റൊരു കമ്മീഷനെ നിയോഗിച്ചു. ക്ലാസ്സ്ഫോര്‍ ജീവനക്കാരെ ദാസ്യവേലയ്ക്ക് നിയോഗിക്കുന്നതിന് കര്‍ശനവിലക്കേര്‍പ്പെടുത്തി. അങ്ങനെ കേരള സിവില്‍ സര്‍വ്വീസില്‍ ശ്രദ്ധേയമായ നിരവധിമാറ്റങ്ങള്‍ നിലവില്‍വന്നു. ഇതിനെയെല്ലാം തമസ്കരിച്ചുകൊണ്ട് സംഘടനയിൽ രാഷ്ട്രീയം ആരോപിച്ചുകൊണ്ട് സംഘടനയെ പിളര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനപ്രസിഡന്‍റ് ഇ.ജെ. ഫ്രാന്‍സിസിന്‍റെ തന്നെ നേതൃത്വത്തില്‍ ആരംഭിച്ചു.  ഈ പശ്ചാത്തലത്തില്‍ പാലക്കാട് ചേര്‍ന്ന സമ്മേളനത്തില്‍ ഭാരവാഹിതെരഞ്ഞെടുപ്പിൽ മത്സരം നടന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇ. പത്മനാഭനെതിരെ ഇ.ജെ. ഫ്രാന്‍സിസ് മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടു. പ്രസ്തുതസമ്മേളനത്തില്‍ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                   :  ഇ.പത്മനാഭൻ

വൈസ് പ്രസിഡന്‍റ്                         :  എ.ആര്‍. പ്രകാശം

ജനറല്‍ സെക്രട്ടറി              :  സി. വിജയഗോവിന്ദൻ

ജോ.സെക്രട്ടറി                   :  എം.ശിവപാലന്‍.

ട്രഷറര്‍                            :  എം.ആര്‍. ബാലകൃഷ്ണകാരണവര്‍.

 

ഈ സാഹചര്യത്തില്‍  എന്‍.ജി.ഒ.മാരെ ഭിന്നിപ്പിക്കുക എന്ന കുപ്രസിദ്ധമായ അടവ് പയറ്റുകയായിരുന്ന സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്ന വിഭാഗീയ സംഘടനകളുടെ കുലദ്രോഹത്തിനെതിരെ അണിനിരക്കുവാനും മുഴുവന്‍ എന്‍.ജി.ഒ.മാരെയും നമ്മുടെ കുടക്കീഴില്‍ അണിനിരത്താനുള്ള നിരന്തരമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാനും സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നിരവധി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സമ്മേളന സമാപനം ജീവനക്കാരുടെ ശക്തിപ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും  നടന്നു.

ആറാം സംസ്ഥാനസമ്മേളനം

1969 മെയ് 30, 31,ജൂണ്‍ 1  എറണാകുളം

 

യുണിയന്‍ ആറാം സംസ്ഥാന സമ്മേളനം 1969 മെയ് 30,31 ജൂണ്‍ 01 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്നു. അഞ്ചാം സമ്മേളന കാലയളവില്‍ സംഘടനയെ പിളര്‍ത്താനുള്ള തന്ത്രം പിഴച്ചപ്പോള്‍ സമാന്തര സംഘടനയുണ്ടാക്കാനായിരുന്നു വിമതരുടെ പിന്നീടുള്ള ശ്രമം. 1969 ജനുവരി 1-ന് ഇതിനായി തിരുവനന്തപുരത്ത് ഒരു യോഗം ചേര്‍ന്ന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കെ.എം. മദനമോഹനന്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇ.ജെ. ഫ്രാന്‍സിസ് അടക്കമുള്ളവരുടെമേല്‍ സംഘടനാനടപടികൾ ആരംഭിച്ചു. ഇതിനിടയില്‍ രാഷ്ട്രീയ ചായ്വ് ആരോപിച്ച്, ഇ.ജെ. ഫ്രാന്‍സിസ് യൂണിയനില്‍ നിന്നും രാജിവച്ചു. 1961ല്‍ കെ.എം. മദനമോഹനന്‍റെ നേതൃത്വത്തിലുള്ള അ‍ഡ്ഹോക്ക് കമ്മിറ്റി നിരാകരിച്ച കാറ്റഗറി സംഘടനകളെ പുനരുദ്ധരിച്ച് അത്തരം സംഘടനകളുടെ ഫെഡറേഷന്‍ ഉണ്ടാക്കാനാണ്  1969 ല്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്ന് 1969 മെയ് മാസത്തിൽ ജോയിന്‍റ് കൌണ്‍സിൽ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് രൂപംകൊണ്ടു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്  യൂണിയന്‍റെ ആറാം സമ്മേളനം എറണാകുളത്ത് നടന്നത്. സമ്മേളനത്തിൽ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                       :  മാത്യു സക്കറിയ

വൈസ് പ്രസിഡന്‍റ്             : എം. ശാരദ

ജനറല്‍ സെക്രട്ടറി  :  ഇ. പത്മനാഭൻ

ജോ.സെക്രട്ടറി       :  കെ.എം.ജി. പണിക്കർ

ട്രഷറര്‍                :  എന്‍. ശ്രീധരന്‍പിള്ള

 

സമ്മേളനത്തോടനുബന്ധിച്ച് കലാ-കായിക-സാംസ്കാരിക പരിപാടികളും ട്രേഡ് യൂണിയന്‍ സമ്മേളനവും നടന്നു. സിവില്‍സര്‍വ്വിസില്‍ കേരള എന്‍.ജി.ഒ യൂണിയന്‍ രൂപം കൊണ്ടതിനുശേഷം വളർത്തിയെടുത്ത, എല്ലാവിഭാഗം ജീവനക്കാരുടേയും ഐക്യത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വകുപ്പടിസ്ഥാനത്തിലും തസ്തിക അടിസ്ഥാനത്തിലും വിഭാഗീയ സംഘടനകള്‍ പടച്ചുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ “വിഭാഗീയ പ്രവണതകൾക്കെതിരെ” എന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടു നടന്ന ആവേശോജ്ജ്വലമായ പ്രകടനത്തില്‍ എണ്ണായിരത്തിലേറെ ജീവനക്കാര്‍ പങ്കെടുത്തു തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അരവിന്ദഘോഷ്, എസ്.എസ് .കോഡര്‍, കെ.എം.ജോര്‍ജ്ജ് , കെ.ചന്ദ്രശേഖരന്‍, സുശീലാ ഗോപാലന്‍ ജോണ്‍ മാ‍ഞ്ഞൂരാന്‍  എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഇ.എം.എസ് സമ്മേളനത്തിന് വിജയംനേര്‍ന്നുകൊണ്ട് സന്ദേശം അയച്ചിരുന്നു.

ഏഴാം സംസ്ഥാന സമ്മേളനം

1970 ആഗസ്റ്റ് 8.9.10 കോട്ടയം

 

യൂണിയന്‍ ഏഴാം സംസഥാന സമ്മേളനം 1970 ആഗസ്റ്റ് 8.9.10  തീയതികളില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളിൽ ചേർന്നു. എതിരാളികളുടെ തീക്ഷ്ണമായ പ്രചരണം, അധികാരി വര്‍ഗ്ഗത്തിന്‍റെ മര്‍ദ്ദന നടപടികള്‍, ഭിന്നിപ്പിക്കാനുള്ള തത്പരകക്ഷികളുടെ നീചമായ അടവുകള്‍ എന്നിവയുടെപശ്ചാത്തലത്തിലാണ് സമ്മേളനം ചേര്‍ന്നത്. ഭാരവാഹികളായി താഴെപ്പറയുന്നകരെ സമ്മേളനം തെര‍ഞ്ഞെടുത്തു.

പ്രസിഡന്‍റ്                                   : മാത്യു സക്കറിയ

വൈസ് പ്രസിഡന്‍റ്             :  എം.ശാരദ

ജനറല്‍ സെക്രട്ടറി              : ഇ.പത്മനാഭന്‍

ജോയിന്‍റ് സെക്രട്ടറി                       : കെ.എം.ജി.പണിക്കര്‍

ട്രഷറര്‍                                        :  എന്‍.ശ്രീധരന്‍പിള്ള

 

“ഏഴാം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാ പ്രമേയം ”

 

സംഘടനാരംഗത്ത് പ്രത്യക്ഷപ്പെട്ട “പിളര്‍പ്പന്‍മാർ” മുന്‍ ശമ്പളപരിഷ്കരണത്തെത്തുടര്‍ന്ന് സര്‍ക്കാർ ജീവനക്കാരിലുണ്ടായ അസംതൃപ്തിയും കാലികമായ മറ്റ് പ്രശ്നങ്ങളും ഉപയോഗിച്ച് വകുപ്പ് തിരിച്ചും വിഭാഗീയമായും പുതിയ പുതിയ സംഘടനകള്‍ക്ക് രൂപം കൊടുത്തുകൊണ്ടിരുന്നു. ഇത്തരം താത്പര്യവൈരുദ്ധ്യങ്ങൾ സൃഷ്ടിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ഐക്യം പാടെ തകര്‍ക്കുന്ന സ്ഥിതിവിശേഷമാണുണ്ടാക്കിയെടുത്തത്. ദൈനംദിന പ്രശ്നങ്ങള്‍ക്കപ്പുറം രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനെതിരായി ഭരണാധികാരി വര്‍ഗ്ഗത്തില്‍നിന്ന് ഗുരുതരമായ ഭീഷണി ഉയര്‍ന്നുവന്നിരിക്കുന്നത് ഇവര്‍ ബോധപൂര്‍വ്വം അവഗണിച്ചു. ഈ വിപത്തിനെതിരായി ജീവനക്കാരെ ബോധവത്കരിക്കുകയും വിശാലമായ ഐക്യത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വേണം. സുശക്തമായ ഒരു സംഘടനയുടെ കീഴില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിച്ചണിനിരന്നാല്‍ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളൂ. ജീവനക്കാരുടെ പ്രശ്നങ്ങള്‍ യഥാകാലം കൈകാര്യം ചെയ്യുന്നതിന് നമ്മുടെ സംഘടനയ്ക്ക് വീഴ്ചപറ്റുമ്പോഴാണ് വിമതന്മാര്‍ക്കും വിഭാഗീയപ്രവണതകള്‍ക്കും വളരുവാനുള്ള സാഹചര്യം രൂപം കൊള്ളുന്നത്. ഇതുണ്ടാവാതിരിക്കാന്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തുക എന്നുള്ളതാണ് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്ന് പ്രമേയം വിലയിരുത്തുന്നു.              സമ്മേളനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമ്മേളന സമാപനം ജീവനക്കാരുടെ ശക്തിപ്രകടനത്തോടൊപ്പം പൊതുസമ്മേളനത്തോടെയും നടന്നു.

എട്ടാം സംസ്ഥാന സമ്മേളനം

1971 ജൂലൈ 25,26,27 തിരുവനന്തപുരം

 

യൂണിയന്‍ എട്ടാം സംസ്ഥാനസമ്മേളനം 1971 ജൂലൈ 25,26,27 തീയതികളിൽ തിരുവനന്തപുരത്ത് ചേര്‍ന്നു. സംയുക്തമായി മുഴുവന്‍ ജീവനക്കാരും നടത്തിയ സമരത്തിന്‍റെ പേരില്‍ പ്രവര്‍ത്തകരുടെ പേരിൽ നിരവധി കള്ളക്കേസുകൾ ഗവണ്‍മെന്‍റ് എടുത്തിരുന്നു. ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ പണിമുടക്കിനനുഭാവപ്രകടനം നടത്തിയതിന്‍റെ പേരിൽ രാധാകൃഷ്ണനെ സസ്പെന്‍റ് ചെയ്തിരുന്നു. “പിളര്‍പ്പന്‍മാരുടെ” നേതൃത്വത്തിൽ സംഘടിതപ്രസ്ഥാനത്തില്‍നിന്നും വകുപ്പ്-കാറ്റഗറി അടിസ്ഥാനത്തില്‍ ജീവനക്കാരെ അടര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. അങ്ങനെ വളരെ പ്രതികൂലമായ സാഹചര്യങ്ങളിലായിരുന്നു  എട്ടാം സമ്മേളനം ചേര്‍ന്നത്.

യൂണിയന്‍റെ ഭാരവാഹികളായി താഴെപ്പറയുന്നവരെ സമ്മേളനം തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                      : മാത്യു സഖറിയ

വൈസ് പ്രസിഡന്‍റ്             : എം. ശാരദ

ജനറൽ സെക്രട്ടറി             :  ഇ. പത്മനാഭന്‍

ജോഃ സെക്രട്ടറിമാര്‍ :  എം. ശങ്കരനാരായണപിള്ള ,കെ.എം.ജി. പണിക്കര്‍

ട്രഷറര്‍                            :  എൻ. ശ്രീധരന്‍പിള്ള

സമ്മേളനത്തില്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തെ സംബന്ധിച്ച രേഖ ചര്‍ച്ചചെയ്ത് അംഗീകരിച്ചു. തുടര്‍ന്ന് സംഘടനാപ്രമേയമുള്‍പ്പെടെ ഏട്ട് പ്രധാന പ്രമേയങ്ങള്‍കൂടി സമ്മേളനം അംഗീകരിച്ചു. ട്രേഡ് യൂണിയന്‍, ശമ്പളക്കമ്മീഷൻ, സംഘടനാപ്രവര്‍ത്തനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍, പശ്ചിമബംഗാളിലെ ഭീകരഭരണം, ആഗസ്റ്റ് 19-ന്‍റെ അഖിലേന്ത്യാ ദിനം, ആഭ്യന്തര സുരക്ഷിതത്വനിയമം പിന്‍വലിക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് സമ്മേളനം പ്രമേയങ്ങൾ അംഗീകരിച്ചത്. അതിനൊപ്പം സിവില്‍സര്‍വ്വീസിൽ നിലനിന്നിരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രക്ഷോഭപരിപാടികള്‍ക്കും സമ്മേളനം രൂപം കൊടുത്തു.

തിരുവനന്തപുരം നഗരത്തില്‍ പി.എം.ജി. ജംഗ്ഷനില്‍ നിര്‍മ്മിച്ച യൂണിയന്‍റെ ആസ്ഥാനമന്ദിരം ഈ സമ്മേളനത്തോടനുബന്ധിച്ച് 1971 ജൂലൈ 25-ന് കെ.ആര്‍. ഗൌരിയമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ചെല്ലപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു.

 

ഒമ്പതാം സംസ്ഥാന സമ്മേളനം

1972 മെയ് 13,14,15 ആലപ്പുഴ

 

യൂണിയന്‍  ഒമ്പതാം സമ്മേളനം 1972 മേയ് 13-15 ആലപ്പുഴ ഗവ : ഗേള്‍സ് സ്കൂളില്‍ നടന്നു. ജീവനക്കാരുടെ സംഘടിത പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനും ശിഥിലീകരിക്കാനുമുള്ള ശ്രമം ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുകയും അതിനെ ചെറുത്തുതോല്‍പ്പിക്കാനുള്ള  പ്രക്ഷോഭങ്ങള്‍ യൂണിയന്‍റെ  നേതൃത്വത്തില്‍  ജീവനക്കാര്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഒമ്പതാം സമ്മേളനം നടന്നത്. 1971-ലെ ഇടക്കാലാശ്വാസത്തിനുവേണ്ടിയുള്ള യോജിച്ച പ്രക്ഷോഭം സിവില്‍ സര്‍വ്വീസില്‍ വലിയ ആവേശമുയര്‍ത്തിയിരുന്നു. എങ്കിലും ജീവിതവിലസൂചിക കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാർ അനുവദിച്ച ഇടക്കാലാശ്വാസം ക്ഷാമബത്തക്ക് പകരമാണെന്നും, അത് സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കേണ്ടതാണെന്നുമുള്ള ആവശ്യം നിരാകരിക്കപ്പെട്ടത് ഫലത്തിൽ ഇ.എം.എസ്. സര്‍ക്കാർ അനുവദിച്ച ക്ഷാമബത്താതത്വം നിഷേധിക്കുന്നതായിരുന്നു. സംഘടനാസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നിഹനിക്കുന്ന ഉത്തരവുകൾ സര്‍ക്കാര്‍ ഇറക്കിക്കൊണ്ടിരുന്നു. ഇത്തരത്തിലുള്ള പ്രതിലോമകരവും ജനവിരുദ്ധവുമായ നടപടികളെ ശരിവയ്ക്കുന്നതിന് സംഘടനകള്‍ രൂപീകരിച്ചുകൊണ്ട് ജീവനക്കാരെ ഭിന്നിപ്പിക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളും നടന്നിരുന്നു.

 

ഈ പശ്ചാത്തലത്തില്‍ നടന്ന ഒമ്പതാം സമ്മേളനം ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്          : മാത്യു സഖറിയ

വൈസ് പ്രസിഡന്‍റ് : എം. ശാരദ

ജനറല്‍ സെക്രട്ടറി : ഇ. പത്മനാഭന്‍

ജോ: സെക്രട്ടറി :  കെ. എം. ജി. പണിക്കര്‍, എം. ശങ്കരനാരായണ പിള്ള

ട്രഷറര്‍    : എന്‍. ശ്രീധരന്‍ പിള്ള

സമ്മേളനം താഴെ പറയുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു.

ശമ്പളപരിഷ്കരണം : ഒരു തൊഴിലാളിക്ക് അവന്‍റെഅദ്ധ്വാനത്തിന്, തുടര്‍ന്നുളള അദ്ധ്വാനശക്തിയേയും കുടുംബത്തെയും നിലനിര്‍ത്തുന്നതിനും മറ്റു സാമൂഹ്യ ബാദ്ധ്യതകള്‍ നിറവേറ്റുന്നതിനും വേണ്ടത്ര കൂലി ലഭിക്കണമെന്നതാണ് ദേശീയ മിനിമം വേതനത്തിന്‍റെ അന്തസത്ത. എന്നാല്‍ സംസ്ഥാന സിവില്‍സര്‍വ്വീസിലെ ജീവനക്കാരന്‍റെ വേതനവും ദേശീയ മിനിമം വേതന സങ്കല്‍പവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. ഇതര തൊഴില്‍മേഘലയിലുളളവരുടെയെല്ലാം വേതനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ വേതനപരിഷ്കരണത്തിന് നടപടികള്‍ ഉണ്ടായില്ല. ഈ പരിതഃസ്ഥിതിയിൽ ജീവിതാവശ്യങ്ങളും വിലനിലവാരവും കണക്കിലെടുത്ത് ശാസ്ത്രീയമായി വേതനവ്യവസ്ഥ പരിഷ്കരിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.

തൊഴിലില്ലായ്മ പരിഹരിക്കുക : തൊഴിലില്ലായ്മ ഗുരുതരമായ ദേശീയ പ്രശ്നമായി വളര്‍ന്നുകഴിഞ്ഞു. 1950-51-ല്‍ തൊഴില്‍രഹിതരായി 33 ലക്ഷം പേര്‍ ഉണ്ടായിരുന്നത് 1970-ല്‍ 200 ലക്ഷമായി ഉയര്‍ന്നു. മുതലാളിത്ത സമ്പത്ഘടനയില്‍ സഹജമായിട്ടുളള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാവശ്യമായ സാമ്പത്തിക നയപരിപാടികള്‍ മുന്നോട്ടുവച്ച് ബഹുജന സമരങ്ങള്‍ സംഘടിപ്പിക്കേണ്ടത് തൊഴിലുള്ളവരുടെ ആവശ്യവും കടമയുമാണ്. ഇതിനായുള്ള നടപടികളിൽ യൂണിയന്‍റെ എല്ലാ ഘടകങ്ങളും മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.

ട്രേഡ് യൂണിയന്‍ – ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ നിലനിര്‍ത്തുക : 1961-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികള്‍ക്കുണ്ടായ മുന്നേറ്റവും 68-ലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കവും കേന്ദ്രഭരണാധികാരികളെ വിറകൊള്ളിച്ചിരുന്നു. ഇതിനെ ശിഥിലീകരിക്കുവാന്‍ ട്രേഡ്‌യൂണിയന്‍ രംഗത്തിടപെടുവാന്‍ പുതിയ കുഴലൂത്ത് സംഘടനകളെ സ്രഷ്ടിച്ചും സമരസംഘടനകളുടെ അംഗീകാരം പിന്‍വലിച്ചുകൊണ്ടുമുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്‍റെ ചുവടുപിടിച്ച് കേരളത്തിലെ സര്‍ക്കാരും പണിമുടക്കുനിരോധനവും ഡയസ്നോണും സര്‍വ്വീസ് ബ്രേക്കും പേ-കട്ടും നടപ്പിലാക്കിത്തുടങ്ങി. ഈ സാഹചര്യത്തില്‍ സംഘടിതപ്രസ്ഥാനങ്ങള്‍ക്കെതിരായുള്ള ബഹുമുഖമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ മുഴുവന്‍ തൊഴിലാളികളെയും അണിനിരത്തി വിശാലമായ ഐക്യം കെട്ടിപ്പടുക്കുവാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുണമെന്ന് യൂണിയന്‍റെ ഘടകങ്ങളെ ആഹ്വാനം ചെയ്യുകയും ട്രേഡ് യൂണിയന്‍-ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ നിലനിര്‍ത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

പത്താം സംസ്ഥാന സമ്മേളനം

1973-മെയ് 26,27,28  തൃശ്ശൂർ

 

യൂണിയന്‍റെ പത്താം സംസ്ഥാന സമ്മേളനം തൃശ്ശൂർ റീജിണല്‍ തിയേറ്ററില്‍ നടന്നു. ജീവനക്കാരുടെ സംഘടിത പ്രസ്ഥാനത്തെ ശിഥിലീകരിക്കാനുള്ള ശ്രമം ഭരണാധികാരികള്‍ തുടര്‍ന്നു വരികയായിന്നു. സംഘടനാ സ്വാതന്ത്ര്യത്തേയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും നിഷേധിക്കുന്ന ഉത്തരവുകള്‍ ഇറക്കുകയും സമരം ചെയ്തുനേടിയിട്ടുള്ള അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കപ്പെട്ടു. കിട്ടുന്ന വരുമാനം കൊണ്ട് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പറ്റാത്ത സാഹചര്യത്തില്‍ ആലപ്പുഴ സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍, 1973 ജനുവരി പത്താം തീയതി ആരംഭിച്ച 54 ദിവസത്തെ പണിമുടക്കിനുശേഷമാണ് പത്താം സംസ്ഥാനസമ്മേളനം ചേരുന്നത്.

നിശ്ചയദാര്‍ഢ്യവും   പതറാത്ത ആത്മവീര്യവുമുള്ള കരുത്തുറ്റ ഒരു സംഘടനയാണ് എന്‍.ജി.ഒ യൂണിയനെന്ന് തെളിയിക്കുന്നതായിരുന്നു, പത്താം സമ്മേളനം. ഈ സമ്മേളനത്തില്‍ ഭാരവാഹികളായി താഴെ പറയുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്‍റ് : മാത്യു സക്കറിയ

വൈസ് പ്രസിഡന്‍റ് : എം.ശാരദ

ജനറല്‍ സെക്രട്ടറി : ഇ.പത്മനാഭന്‍

ജോഃ സെക്രട്ടറിമാര്‍ : എം. ശങ്കരനാരായണപിള്ള , പി. ആര്‍. രാജന്‍

ട്രഷറര്‍    :  എന്‍. ശ്രീധരന്‍പിള്ള

ഒരു ഡിമാന്‍റുപോലും നേടിയെടുക്കാതെ  പണിമുടക്കം ഏകപക്ഷീയമായി പിന്‍വലിക്കപ്പെട്ടെങ്കിലും ജീവനക്കാരുടെ ആത്മവിശ്വാസം വളര്‍ത്താനും സമരവീര്യം വർദ്ധിപ്പിക്കാനും പണിമുടക്ക് ഡിമാന്റുകളുടെ പ്രസക്തിയും പ്രാധാന്യവും സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞ ഈ പ്രക്ഷോഭം വിവിധ രൂപങ്ങളില്‍ തുടര്‍ന്നുകൊണ്ടുപോകാൻ സമ്മേളനം തീരുമാനിച്ചു. “പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക”, “വേതനഘടന പുനര്‍നിര്‍ണ്ണയം ചെയ്യുക” തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികളും മഹാപ്രകടനവും പൊതുസമ്മേളനവും നടന്നു.

പതിനൊന്നാം സംസ്ഥാന സമ്മേളനം

1974  ആഗസ്റ്റ് 10,11,12 പെരിന്തല്‍മണ്ണ

യൂണിയന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം 1974  ആഗസ്റ്റ് 10,11,12 തീയതികളില്‍, പെരിന്തല്‍മണ്ണ യിലെ ബിനേയ് മന്നാ നഗറില്‍ നടന്നു. പ്രതിനിധി സമ്മേളനം ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് : ഇ. പത്മനാഭന്‍

വൈസ് പ്രസിഡന്‍റ്: എം. ശാരദ

ജനറല്‍ സെക്രട്ടറി :  പി.ആര്‍ . രാജന്‍,

സെക്രട്ടറിമാര്‍ :  സി. വിജയഗോവിന്ദന്‍,പി.ആനന്ദന്‍,ടി.കെ ബാലന്‍,കെ.എം.ജി. പണിക്കര്‍

ട്രഷറര്‍                :  എന്‍. ശ്രീധരന്‍പിള്ള

 

 

1974-ല്‍ നടന്ന പെരിന്തല്‍മണ്ണ സമ്മേളനം മുതലാണ് സാര്‍വ്വദേശീയ-ദേശീയ-പ്രാദേശിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സംഘടനയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു തുടങ്ങിയത്. ‌റിപ്പോർട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കും വിശദീകരണത്തിനും ശേഷം റിപ്പോര്‍ട്ട് അംഗീകരിച്ചു. തുടര്‍ന്ന് മറ്റ് പ്രമേയങ്ങളും അവതരിപ്പിച്ച് അംഗീകരിച്ചു. സമ്മേളനത്തിലുണ്ടായ ചര്‍ച്ചകളും വിശദീകരണങ്ങളും സമാഹരിച്ച് സമരൈക്യത്തിനുള്ള ആഹ്വാനം ഉള്‍ക്കൊള്ളുന്ന ഒരു പ്രമേയം കൂടി സമ്മേളനം അംഗീകരിച്ചു. സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയായിരുന്ന സ.പി. രാമമൂര്‍ത്തി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പന്ത്രണ്ടാം തീയതി വൈകുന്നേരം 5 മണിയ്ക്ക് ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്തു. സമാപന പൊതുസമ്മേളനം സി.ഐ.ടി.യു ജനറൽ സെക്രട്ടറി പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.

പന്ത്രണ്ടാം സംസ്ഥാന സമ്മേളനം

1975 മെയ് 10,11,12 കണ്ണൂർ

 

പന്ത്രണ്ടാം സംസ്ഥാന സമ്മേളനം 1975 മെയ് 10 മുതല്‍ 12 വരെ തീയതികളിൽ കണ്ണൂരിൽ ചേര്‍ന്നു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്           : ഇ. പത്മനാഭൻ

വൈസ് പ്രസിഡന്‍റുമാര്‍                    : എം. ശാരദ ,സി. വിജയഗോവിന്ദൻ, കെ.എം.ജി. പണിക്കര്‍

ജനറൽ സെക്രട്ടറി             :  പി.ആർ . രാജൻ

സെക്രട്ടറിമാർ                    : എ. കുഞ്ഞിരാമന്‍നായർ, പി.ആനന്ദൻ, കെ.വി. രാജേന്ദ്രന്‍, ടി.കെ                                               ബാലൻ,പി. വേണുഗോപാലന്‍നായർ

ഖജാന്‍ജി                         :  എൻ. ശ്രീധരൻപിള്ള

മെയ് 10-ന് വൈകിട്ട് 6-മണിക്ക്  ഇ.കെ. നായനാര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. 11 ന് രാവിലെ 9.30-ന് ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കുശേഷം സമ്മേളനം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റ് പ്രമേയങ്ങൾ ജനറല്‍സെക്രട്ടറി അവതരിപ്പിച്ചു. “മാര്‍ക്സിയന്‍ സാമ്പത്തികശാസ്ത്രം” എന്ന വിഷയത്തെക്കുറിച്ച് പി. രവീന്ദ്രനാഥും, “ലോകരാഷ്ട്രീയ ചരിത്രം” എന്ന വിഷയത്തില്‍ പി. ഗോവിന്ദപ്പിള്ളയും ക്ളാസ്സുകളെടുത്തു. മൂന്നാം ദിവസം പ്രതിനിധിസമ്മേളനത്തില്‍ അഖിലേന്ത്യാ ഫെഡറേഷൻ ചെയര്‍മാൻ പി.എന്‍. സുകുള്‍, സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്‍റ് ബി.ടി.ആര്‍, എ.കെ.ജി. എന്നിവര്‍ സംസാരിച്ചു.

പതിമൂന്നാം സംസ്ഥാന സമ്മേളനം

1976 ജൂലായ് 10, 11 തിരുവനന്തപുരം

പതിമൂന്നാം സംസ്ഥാന സമ്മേളനം 1976 ജൂലായ് 10,11 തീയതികളില്‍ തിരുവനന്തപുരം യൂണിയനോഫീസില്‍ ചേര്‍ന്നു. അടിയന്തിരാവസ്ഥക്കാലമായതിനാലാണ് സമ്മേളനം യൂണിയനോഫീസില്‍ ചേരാനിടയായത്. അവഗണിക്കപ്പെട്ടും അവഹേളനങ്ങൾ സഹിച്ചും കഴിഞ്ഞ സര്‍ക്കാര്‍ ജീവനക്കാരെ ഒരു സാമൂഹ്യ ശക്തിയാക്കി വളര്‍ത്തിക്കൊണ്ടുവരികയെന്നതായിരുന്നു യൂണിയന്‍റെ ആദ്യകാലങ്ങളിലെ ലക്ഷ്യം. ഈ ലക്ഷ്യം സാധിച്ചെടുക്കാന്‍ കഴിഞ്ഞതോടൊപ്പം തന്നെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്‍റെ ഒരു അവിഭാജ്യ ഭാഗമായി മാറാനും കേരളാ എന്‍.ജി.ഒ യൂണിയന് സാധിച്ചു.

 

1975 ജൂണ്‍ 26 ന് എല്ലാ പൗരാവകാശങ്ങളും റദ്ദുചെയ്തുകൊണ്ട് ഇന്ത്യയില്‍ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖാപിച്ചു. ഇതിന്‍റെ ഭാഗമായി 1976 ലെ സംസ്ഥാന സമ്മേളനത്തില്‍, അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതും ഇന്ത്യന്‍ പ്രതിരോധചട്ടങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന എന്‍.ജി.ഒ അസോസിയേഷന്‍ നേതാവിന്‍റെ പരാതിയെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പി.ആര്‍ . രാജനേയും റിപ്പോര്‍ട്ട് അടിച്ച കുന്നുകുഴി വിനോദ് പ്രസ് ഉടമയേയും ഡി.ഐ.ആര്‍ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും, പി.ആര്‍. രാജനെ സര്‍വ്വീസില്‍നിന്നും സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ദീപശിഖാങ്കിതമായ യൂണിയന്‍റെ പതാക കൂടുതല്‍കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കണമെന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ആഹ്വാനമാണ് അസോസിയേഷന്‍ നേതൃത്വത്തെ ചൊടിപ്പിച്ചത്.

പതിമൂന്നാം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്തെ രാഷ്ട്രീയ  സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ട് മുഴുവന്‍ തൊഴിലാളി വിഭാഗങ്ങളേയും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളാവുന്ന വിശാലവും ശക്തവുമായ ഐക്യനിരകെട്ടിപ്പടുക്കുവാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 : ഇ. പത്മനാഭന്‍

 വൈസ് പ്രസിഡന്‍റ്                       : എം. ശാരദ    സി. വിജയഗോവിന്ദന്‍,കെ.എം.ജി. പണിക്കര്‍

 ജനറല്‍ സെക്രട്ടറി                          : പി.ആര്‍. രാജന്‍

സെക്രട്ടറിമാര്‍                                : എം.ശങ്കരനാരായണ പിള്ള,എ.കുഞ്ഞിരാമന്‍ നായര്‍, പി.ആനന്ദന്‍ ,ടി.കെ ബാലൻ കെ.വി. രാജേന്ദ്രന്‍

 ട്രഷറര്‍                                       : എൻ.ശ്രീധരന്‍ പിള്ള

പതിനാലാം സംസ്ഥാനസമ്മേളനം 1977 മെയ് 21, 22, 23 കോഴിക്കോട്

 

യൂണിയന്‍റെ പതിനാലാം സംസ്ഥാനസമ്മേളനം 1977 മെയ് 21,22,23 തീയതികളില്‍ കോഴിക്കോട് ചേര്‍ന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതിനുശേഷം നടന്ന സമ്മേളനം എന്ന നിലക്ക് യൂണിയന്‍റെ സംസ്ഥാനസമ്മേളനം പലതുകൊണ്ടും പ്രാധാന്യം അര്‍ഹിച്ചിരുന്നു. 1976 നവംബര്‍ 18 ന് ലോവര്‍‍‍ ഗ്രേഡ് യൂണിയന്‍, എന്‍‍‍.ജി.ഒ യൂണിയനില്‍ ലയിച്ചതിന് ശേഷം ചേരുന്ന സമ്മേളനം കൂടിയായിരുന്നു. 1975-ല്‍ പ്രഖ്യാപിക്കപ്പെട്ട ആഭ്യന്തര അടിയന്തരാവസ്ഥയില്‍‍ നിരവധി ആക്രമണങ്ങള്‍‍‍‍ക്ക് സംസ്ഥാനജീവനക്കാര്‍ വിധേയരാവുകയുണ്ടായി. നേടിയെടുത്ത അവകാശങ്ങള്‍‍‍ നിഷേധിക്കപ്പെട്ടു. ഏകപക്ഷീയമായി ജോലിഭാരം വര്‍ദ്ധിപ്പിച്ചു. നൂറുകണക്കിന് ജീവനക്കാരെ അകാരണമായി സസ്പെന്‍ഡ് ചെയ്തു, സ്ഥലം മാറ്റി, പിരിച്ചുവിട്ടു, നിര്‍ബന്ധിത പെന്‍ഷൻ നല്‍കി, കള്ളക്കേസുകളില്‍ കുടുക്കി. മിസ, ഡി.ഐ.ആര്‍ എന്നിവ നിര്‍ബാധം എടുത്തു പ്രയോഗിച്ചു. ഈ സാഹചര്യത്തിലാണ് യൂണിയന്‍റെ  പതിനാലാം സംസ്ഥാനസമ്മേളനം ചേര്‍ന്നത്. സംസ്ഥാനജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ സമഗ്രമായി പരിഷ്ക്കരിക്കണമെന്നുള്ള ആവശ്യം ശക്തിയായി മുന്നോട്ട് വയ്ക്കുന്നതിനും അത് അംഗീകരിച്ച് കിട്ടുന്നതിനും ജീവനക്കാരുടെ ഐക്യം പടുത്തുയര്‍ത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നതിനും യൂണിയന്‍റെ പതിനാലാം സമ്മേളനം തീരുമാനിച്ചു. താഴെ പറയുന്ന അടിയന്തരാവശ്യങ്ങളാണ് യൂണിയൻ ഉന്നയിച്ചത്.

 

 • സംസ്ഥാനജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ സമഗ്രമായി പരിഷ്ക്കരിക്കുക
 • ഇടക്കാലാശ്വാസം അനുവദിക്കുക
 • പിരിച്ചുവിട്ട മുഴുവന്‍‍ ജീവനക്കാരെയും തിരിച്ചെടുക്കുക
 • നിര്‍ബന്ധിത റിട്ടയര്‍മെന്‍റ് തുടങ്ങിയ ദ്രോഹനടപടികള്‍ പിന്‍വലിക്കുക
 • ഹയര്‍ ഗ്രേഡുകളും പ്രമോഷന്‍‍ വ്യവസ്ഥകളും ഏര്‍‍പ്പെടുത്തുക
 • പാര്‍ട് ടൈം,ക്ളാസ്സ് IV ജീവനക്കാര്‍ക്ക് പ്രമോഷന്‍‍ വ്യവസ്ഥകള്‍ ഉണ്ടാക്കുക
 • ഡൈസ്നോണ്‍ പൂര്‍വ്വകാല പ്രാബല്യത്തോടെ പിന്‍വലിക്കുകയും തട‍ഞ്ഞുവച്ച ശമ്പളം നല്‍കുകയും ചെയ്യുക
 • പെന്‍ഷന്‍ വയസ്സും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുക.
 • സംഘടനാസ്വാതന്ത്ര്യത്തെ ധ്വംസിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുക.
 • സംസ്ഥാനജീവനക്കാര്‍ക്കും ബോണസ്സ് അനുവദിക്കുക
 • പ്രമോഷന്‍ തസ്തികകളിലേയ്ക്ക് നേരിട്ടുള്ള നിയമനം നിര്‍ത്തലാക്കുക.

സമ്മേളനത്തില്‍ താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                  : ഇ.പത്മനാഭൻ

 വൈസ് പ്രസിഡന്‍റ്                        : എം.ശാരദ,എം.വി.കരുണാകരന്‍

 ജനറല്‍ സെക്രട്ടറി                          :പി.ആര്‍. രാജന്‍

 സെക്രട്ടറിമാര്‍                                :എം.ശങ്കരനാരായണപിള്ള,പി.കെ.കേശവന്‍

 ട്രഷറര്‍                                       :എന്‍. ശ്രീധരന്‍ പിള്ള

 

സമ്മേളനത്തോടനുബന്ധിച്ച് സാംസ്ക്കാരികസമ്മേളനവും വനിതാസമ്മേളനവും നടത്തി. കണ്ണൂരില്‍ ചേര്‍ന്ന പന്ത്രണ്ടാം സമ്മേളനത്തിലാണ് വനിതാജീവനക്കാരുടെ പ്രശ്നങ്ങൾ സമഗ്രമായി ചര്‍ച്ചചെയ്യപ്പെട്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന, ജില്ലാ, ബ്രാഞ്ച് അടിസ്ഥാനത്തില്‍ മഹിളാസബ്കമ്മറ്റികള്‍ രൂപീകരിച്ചു. ഈ സാഹചര്യത്തിൽ പതിനാലാം സംസ്ഥാനസമ്മേളനം വനിതാ ജീവനക്കാരുടെ പ്രശ്നങ്ങള്‍‍  പ്രത്യേകപരിഗണനകൊടുത്ത് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

 

താഴെപ്പറയുന്നവയാണ് യൂണിയന്‍ ഉന്നയിച്ച അടിയന്തരാവശ്യങ്ങള്‍

 

 • മാതൃത്വവും ജോലിയുടെ ബാധ്യതകളും നിര്‍വ്വഹിക്കുവാന്‍ സൗകര്യപ്പെടുന്നതിന് ജില്ലാതാലൂക്ക് ആസ്ഥാനങ്ങളിൽ ആഫീസുകളോടനുബന്ധമായി ശിശുവിഹാരങ്ങളും ശിശുവിദ്യാലയങ്ങളും സ്ഥാപിക്കുക.
 • ജോലിഭാരം ലഘൂകരിക്കുന്നതിനും ആഫീസ് സമയത്തില്‍ അരമണിക്കൂര്‍ ഇളവ് അനുവദിക്കുകയും ചെയ്യുക.
 • നേഴ്സുമാരുടേയും രാത്രികാലങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന മറ്റ് വനിതാജീവനക്കാരുടേയും പ്രവര്‍ത്തിസമയം 4 മണിക്കൂറാക്കി കുറയ്ക്കുക.
 • നാട്ടിന്‍പുറങ്ങളില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്ന എ.എന്‍.എം, ഹെല്‍ത്ത് വിസിറ്റര്‍, എല്‍.വി.ഇ.ഒ തസ്തികയിലുള്ളവര്‍ക്ക് കുടുബസഹിതം താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സുകള്‍ നല്കുക.
 • വനിതകളായ ഫീല്‍ഡ് ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുക.
 • സ്റ്റേറ്റ്,ജില്ലാ,താലൂക്ക് ആസ്ഥാനങ്ങളില്‍ ഗവണ്‍മെന്‍റ് ആഭിമുഖ്യത്തില്‍ വനിതാഹോസ്റ്റലുകള്‍ ഏര്‍പ്പെടുത്തുക.
 • താമസസൗകര്യങ്ങള്‍ ലഭ്യമല്ലാത്തസ്ഥലങ്ങളിലേയ്ക്ക് സ്ത്രീകളെ നിയമിക്കാതിരിക്കുക.
 • പ്രസവാവധിയോടൊപ്പം ഒരു മാസത്തെ ശമ്പളം കൂടി പ്രത്യേകം അനുവദിക്കുക.
 • എന്‍.ജി.ഒ മാരായ ഭാര്യാഭര്‍ത്താക്കന്മാരെ ഒരേസ്ഥലത്ത് നിയമിക്കുക.
 • എല്ലാ ആഫീസ് കെട്ടിടങ്ങളിലും ലഞ്ച്റൂം, ബാത്ത് റൂം, കക്കൂസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.

 

സമ്മേളനസമാപനത്തില്‍ മഹാപ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ഇ.എം.എസ്. ഉദ്ഘാടനം ചെയ്തു.

പതിനഞ്ചാം സംസ്ഥാന സമ്മേളനം

1978 മെയ് 13, 14, 15 തൊടുപുഴ

യൂണിയന്‍റെ പതിന‍ഞ്ചാം സംസ്ഥാന സമ്മേളനം 1978 മെയ്13,14,15 തീയതികളില്‍ തൊടുപുഴയില്‍ നടന്നു. 1977-ല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ട ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ശ്രീ.കെ കരുണാകരന്‍ മുഖ്യമന്ത്രിയായെങ്കിലും രാജന്‍കേസുമായി ബന്ധപ്പെട്ടുവന്ന ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്ന് ശ്രീ. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി. ജീവനക്കാരോടുള്ള സമീപനത്തില്‍  നിഷേധാത്മകമായ നലപാടുകള്‍ തന്നെയാണ് ശ്രീ. എ.കെ.ആന്‍റണിയും തുടര്‍ന്നത്. യൂണിയന്‍ പതിനാലാം സമ്മേളനം മുന്നോട്ടുവച്ച ഡിമാന്‍റുകളിൽ അനുകൂലമായ നിലപാടുകള്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവാത്തതിനെത്തുടര്‍ന്ന് 1977-ല്‍ എല്ലാ സംഘടനകളും വേതന പരിഷ്കരണം എന്ന ഡിമാന്‍റ് മുന്നോട്ടുവച്ചു. ഇതംഗീകരിക്കാന്‍ സര്‍ക്കാർ തയാറവാത്ത സാഹചര്യത്തിൽ ജനുവരി 11 മുതൽ 27 വരെ അനിശ്ചിതകാലപണിമുടക്ക് നടന്നു. അ‍ഞ്ചു വർഷ ശമ്പളപരിഷ്കരണ തത്വം സംരക്ഷിക്കുന്നതിനായി നടന്ന പണിമുടക്കിന് ശേഷം തൊടുപപുഴയിൽ ചേര്‍ന്ന പതിന‍ഞ്ചാം സംസ്ഥാന സമ്മേളനം ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                              :  ഇ. പത്മനാഭന്‍

 വൈസ് പ്രസിഡന്‍റ്                                   : പി.ആര്‍. രാജന്‍, എം.വി. കരുണാകരന്‍                                              

ജനറല്‍ സെക്രട്ടറി                                       : ടി.കെ ബാലന്‍

 സെക്രട്ടറിമാര്‍                                           : എം.ശങ്കരനാരായണ പിള്ള ,കുഞ്ഞിരാമന്‍ നായര്‍

 ട്രഷറര്‍                                                   : എൻ.ശ്രീധരന്‍പിള്ള

 

ടി.കെ ബാലന്‍ അവതരിപ്പിച്ച ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഇതരപ്രമേയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന മഹിളാ സമ്മേളനം അഹല്യാ രംഗനേക്കര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് സുഹൃദ്സമ്മേളനവും സാംസ്കാരിക സമ്മേളനവും നടന്നിരുന്നു. പതിനഞ്ചാം തീയതി വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രകടനവും തുടര്‍ന്ന് സമാപന സമ്മേളനവും നടന്നു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്‍റ് ബി.ടി. രണദിവെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പതിനാറാം സംസ്ഥാന സമ്മേളനം

1979 മെയ് 26,27,28 തിരുവനന്തപുരം

പതിനാറാം സംസഥാന സമ്മേളനം 1979 മെയ് 26,27,28 തീയതികളില്‍ തിരുവനന്തപുരത്തു നടന്നു. സ്വാതിതിരുനാള്‍ സംഗീതകോളേജിൽ സജ്ജമാക്കിയ ഗോപിനാഥൻ‍ നഗറിലായിരുന്നു സമ്മേളനം. ഇന്ത്യയിലെല്ലായിടത്തും തൊഴിലാളി വിഭാഗങ്ങൾക്കിടയില്‍ മുമ്പെങ്ങും കാണാത്ത ഐക്യബോധവും സമരാവേശവും വളര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിലാണ് സമ്മേളനം നടന്നത്. പ്രതിനിധി സമ്മേളനം പ്രസിഡന്‍റ് ഇ. പത്മനാഭന്‍റെ അദ്ധ്യക്ഷതയിൽ‍‍ ആരംഭിച്ചു.  ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനം താഴേപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                  :ഇ. പത്മനാഭൻ

വൈസ് പ്രസിഡന്‍റ്                        :പി.ആര്‍. രാജന്‍‍‍‍‍,സി. വിജയഗോവിന്ദന്‍

ജനറല്‍സെക്രട്ടറി                           :ടി.കെ ബാലന്‍

സെക്രട്ടറിമാര്‍                                :പി.വേണുഗോപാലന്‍ നായർ,പി. ആനന്ദന്‍‍

ട്രഷറര്‍                                        : എന്‍. ശ്രീധരന്‍ പിള്ള

‍‍

സേവനവേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്കരിക്കുക, ജീവനക്കാരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍‍‍‍ക്കെതിരേയുള്ള എല്ലാ നടപടികളും നിയമങ്ങളും റദ്ദാക്കുക തുടങ്ങിയ പതിമൂന്നാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജൂലൈ മാസത്തിൽ ആരംഭിക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വി.ജെ.ടി ഹാളില്‍ നടന്നു.

പതിനേഴാം സംസ്ഥാന സമ്മേളനം.

1980 മെയ് 10,11,12 കൊല്ലം

പതിനേഴാം സംസ്ഥാന സമ്മേളനം 1980 മെയ് 10,11,12 തീയതികളില്‍ കൊല്ലത്ത് നടന്നു. രൂപീകരണത്തിന് ശേഷമുള്ള പതിനേഴ് വര്‍ഷക്കാലം സംഘടനക്കാര്‍ജ്ജിക്കാന്‍കഴിഞ്ഞ വിവധതലങ്ങളിലുള്ള വളര്‍ച്ച സംബന്ധിച്ച് വിലയിരുത്തിയ സമ്മേളനം 1980-കളിലെ ഇന്ത്യയിലെ സങ്കീര്‍ണ്ണമായ സ്ഥിതിഗതികൾ സംബന്ധിച്ചും പരിശോധിച്ചിരുന്നു. വിവിധപ്രദേശങ്ങൾ ഭാഷകള്‍ എന്നിവയുടെ വികസനത്തിനും അംഗീകാരത്തിനും വേണ്ടി ഇന്ത്യയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ നേതൃത്വത്തില്‍ കേരളത്തില്‍  ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി ഒരു ഗവണ്‍മെന്‍റ് ചുമതലയേറ്റ സാഹചര്യത്തിലുമായിരുന്നു സമ്മേളനം നടന്നത്.

താഴെ പറയുന്നവരെ സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.

 പ്രസിഡന്‍റ്                                 : ഇ. പത്മനാഭന്‍

വൈസ് പ്രസിഡന്‍റ്                        :  പി.ആര്‍. രാജന്‍   ,ടി,കെ. ബാലന്‍

 ജനറല്‍ സെക്രട്ടറി                         : പി. വേണുഗോപാലന്‍ നായര്‍

 സെക്രട്ടറിമാര്‍                               :  കെ.വി. രാജേന്ദ്രന്‍ പി. ആനന്ദന്‍

 ട്രഷറര്‍                                       : എന്‍. ശ്രീധരന്‍ പിള്ള

സമ്മേളനത്തില്‍ വിവിധ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ചര്‍ച്ചകള്‍ നടന്നു. ട്രേഡ് യൂണിയൻ ജനാധിപത്യസ്വാതന്ത്ര്യങ്ങൾ ഹനിച്ചതോടൊപ്പംതന്നെ തൊഴിലെടുത്ത് ജീവനം നടത്തുന്ന മുഴുവൻ ജീവനക്കാര്‍ക്കുമെതിരായി സാമ്പത്തികരംഗത്ത് നടത്തിയ മറ്റൊരു ആക്രമണമാണ് എംപ്ളോയ്മെന്‍റ് ടാക്സ്. ഇത് അടിയന്തിരമായി റദ്ദുചെയ്യണമെന്നും, മാറ്റിവയ്ക്കപ്പെട്ട വേതനമെന്നനിലക്ക് ബോണസ്സ് അനുവദിക്കണമെന്നും, ട്രേഡ് യൂണിയന്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് മുഴുവന്‍ സംസ്ഥാന ജീവനക്കാരും അണിനിരക്കണമെന്നുമുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ടുവെച്ചിട്ടുള്ള ഡിമാന്‍റുകൾ നേടിയെടുക്കുന്നതിനാവശ്യമായ പ്രക്ഷോഭങ്ങളില്‍ അണിനിരക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സമ്മേളനം അവസാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും നടന്നു.

 

പതിനെട്ടാം സംസ്ഥാന സമ്മേളനം

1981 മെയ് 11, 12,13 പാലക്കാട്

 

യൂണിയന്‍റെ പതിനെട്ടാം സംസ്ഥാന സമ്മേളനം 1981 മെയ് 11,12,13 തീയ്യതികൾ പാലക്കാട്ട്  നടന്നു.  ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാർ ആദ്യവര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് സമ്മേളനം നടന്നത്. അവശജനവിഭാഗത്തിന് ആശ്വാസം പകരുന്ന ഒട്ടേറെ ജനപക്ഷ പദ്ധതികള്‍ക്ക് ആ സര്‍ക്കാര്‍ തുടക്കമിട്ടു. കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് ആശ്വാസമായി തൊഴിലില്ലായ്മ വേതനം തുടങ്ങിയ പദ്ധതികൾ ആ സർക്കാര്‍ നടപ്പാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്ത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ അവകാശസമരങ്ങളെ അടിച്ചമര്‍ത്താന്‍ പ്രയോഗത്തില്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ പിന്‍വലിക്കപ്പെടേണ്ടതുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പതിനെട്ടാം സമ്മേളനം പാലക്കാട്ട് നടന്നത്.

പതിനൊന്നാം തീയതി രാവിലെ സമ്മേളന സ്ഥലമായ പാലക്കാട് ടൗണ്‍ഹാള്‍ അങ്കണത്തില്‍ പ്രസിഡന്‍റ്  ഇ. പത്മനാഭന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ക്ക് തുടക്കമായി. ഭാരവാഹികളായി താഴെപ്പറയുന്നവരെ സമ്മേളനം തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                 :ഇ. പത്മനാഭന്‍

 വൈസ് പ്രസിഡന്‍റ്                       :പി.ആർ. രാജന്‍, ടി.കെ ബാലന്‍                                                        

 ജനറല്‍ സെക്രട്ടറി              :പി.വേണുഗോപാലന്‍ നായര്‍

സെക്രട്ടറിമാര്‍                                :പി.ആനന്ദൻ,കെ.വി.രാജേന്ദ്രന്‍

 ട്രഷറര്‍                           : എൻ.ശ്രീധരന്‍ പിള്ള

 

ഭാരവാഹികള്‍ക്കു പുറമേ എട്ടംഗ സെക്രട്ടറിയേറ്റിനേയും സമ്മേളനം തെരഞ്ഞെടുത്തു. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി ഇ. ബാലാനന്ദന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ടടക്കമുള്ള രേഖകളും ട്രേഡ് യൂണിയൻ ബോധമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സുശക്തമായ  സംഘടനയാക്കി യൂണിയനെ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന്    പ്രവര്‍ത്തകരെ  ആഹ്വാനം ചെയ്ത    സംഘടനാ പ്രമേയവും കരിനിയമങ്ങള്‍ റദ്ദാക്കാനും മറ്റ് അടിയന്തിരാവശ്യങ്ങൾ നേടിയെടുക്കാനും അണിനിരക്കുക, ഡയസ്നോണ്‍ പിന്‍വലിപ്പിക്കുന്നതിനും ട്രഡ് യുണിയന്‍ ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വിപുലമായ ഐക്യം കെട്ടിപ്പടുക്കുക തുടങ്ങിയ പ്രമേങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കലാസാംസ്കാരിക പരിപാടികൾ നടന്നു. പതിമൂന്നാം തീയതി വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത പ്രകടനം നടന്നു. സമാപന പൊതു സമ്മേളനം സംസ്ഥാന മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു.

പത്തൊമ്പതാം സംസ്ഥാനസമ്മേളനം

1982 ഏപ്രില്‍ 24,25 തിരുവനന്തപുരം

 

പത്തൊമ്പതാം സംസ്ഥാനസമ്മേളനം 1982 ഏപ്രില്‍ 24, 25 തീയതികളില്‍ തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളില്‍ നടന്നു. 1982  ജനുവരി 19-ന് അഖിലേന്ത്യാവ്യാപകമായി ഒരു ദിവസത്തെ പൊതുപണിമുടക്കിന് മുഴുവന്‍ തൊഴിലാളികളും ജീവനക്കാരും കേന്ദ്രട്രേഡ് യൂണിയനുകളും അഖിലേന്ത്യാ ഫെഡറേഷനുകളും ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ ആദ്യമായി തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഒരു വര്‍ഗ്ഗമെന്ന നിലയില്‍ അദ്ധ്വാനിക്കുന്നവന്‍റെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ പൊതുപണിമുടക്കിന് ശേഷമായിരുന്നു പത്തൊമ്പതാം സംസ്ഥാനസമ്മേളനം നടന്നത്.

ഏപ്രില്‍ 24-ന് ടി.കെ. ബാലന്‍ പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളനം ആരംഭിച്ചു. പ്രതിനിധിസമ്മേളനം ഇ.ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജനറല്‍സെക്രട്ടറീസ് റിപ്പോര്‍ട്ടും പ്രവര്‍ത്തനറിപ്പോര്‍ട്ടും ചര്‍ച്ചചെയ്ത് അംഗീകരിച്ചു. വനിതാസബ്കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. കാൽനൂറ്റാണ്ടുകാലത്തെ സംഘടനാപ്രവര്‍ത്തനത്തിനു ശേഷം ഇ.പത്മനാഭന്‍ സര്‍വ്വീസിൽ നിന്നും സ്വമേധയാ വിരമിച്ചു. സഖാവിന്‍റെ യാത്രയയപ്പ് സമ്മേളനം കൂടിയായിരുന്നു പത്തൊമ്പതാം സംസ്ഥാനസമ്മേളനം.

സമ്മേളനത്തില്‍ താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                       :ടി.കെ.ബാലന്‍

 വൈസ് പ്രസിഡന്‍റ്           :കെ.വി.രാജേന്ദ്രന്‍,ഇ.പി.ചെല്ലപ്പന്‍

 ജനറല്‍ സെക്രട്ടറി              :പി.വേണുഗോപാലന്‍നായര്‍

 സെക്രട്ടറിമാര്‍                   :എ.കുഞ്ഞിരാമന്‍നായര്‍,പി.ആനന്ദന്‍

 ട്രഷറര്‍                             :എന്‍.ശ്രീധരന്‍ പിള്ള

ഭരണാധികാരികള്‍ തുടര്‍ന്നുവരുന്ന തെറ്റായ സാമ്പത്തികനയങ്ങളുടെ ഫലമായി വിലക്കയറ്റം, നാണയപ്പെരുപ്പം, മൂല്യശോഷണം, തൊഴിലില്ലായ്മ, ഉത്പാദനമാന്ദ്യം എന്നിവ  രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരാവശ്യങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചണിനിരക്കണമെന്ന് തീരുമാനിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു.

ഇരുപതാം സംസ്ഥാന സമ്മേളനം

1983 മെയ് 14,15,16 എറണാകുളം

 

ഇരുപതാം സംസ്ഥാന സമ്മേളനം 1983, മെയ് 14,15,16 തീയതികളില്‍, എറണാകുളം മഹാരാജാസ് കോളേജ് സെന്‍റിനറി ഹാളില്‍ നടന്നു. 1982-ല്‍ ശ്രീ കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാർ അധികാരത്തില്‍ വന്ന ശേഷം മുന്‍ ഇടതുമുന്നണി ഗവണ്‍മെന്‍റ് നടപ്പിലാക്കിയ ജനപക്ഷ പദ്ധതികളാകെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണമെന്നത് ഒരു തത്വമായി ഗവണ്‍മെന്‍റ് അംഗീകരിച്ചിട്ടില്ലെന്നും മറ്റുമുള്ള പ്രഖ്യാപനങ്ങള്‍ വന്നു. സ്വാഭാവികമായും സിവില്‍സര്‍വീസ് മേഖല വീണ്ടും പ്രക്ഷോഭ പോരാട്ടങ്ങളുടെ അന്തരീക്ഷത്തിലേക്ക് എത്തപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ പേരില്‍ 1983 ജനുവരി 31-ന് ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയ  യുണിയന്‍ ജനറൽ സെക്രട്ടറി പി. വേണുഗോപാലന്‍ നായര്‍ അടക്കമുള്ള ജീവനക്കാരെ അതിക്രൂരമായി പോലീസ് മര്‍ദ്ദിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇരുപതാം സമ്മേളനം നടന്നത്. മെയ് 14-ന് രാവിലെ ആരംഭിച്ച സമ്മേളനം പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

 പ്രസിഡന്‍റ്                     :ടി.കെ. ബാലന്‍

വൈസ് പ്രസിഡന്‍റ്            :കെ.വി.രാജേന്ദ്രന്‍,ഇ.പി. ചെല്ലപ്പന്‍

 ജനറല്‍ സെക്രട്ടറി :പി. വേണുഗോപാലന്‍ നായര്‍,

 സെക്രട്ടറിമാര്‍       :: എ.കുഞ്ഞിരാമൻ നായര്‍ പി. ആനന്ദന്‍

 ട്രഷറര്‍               : എന്‍. ശ്രീധരന്‍പിള്ള

ഭാരവാഹികള്‍ക്കു പുറമെ 8 അംഗ സെക്രട്ടറിയേറ്റിനേയും സമ്മേളനം തിരഞ്ഞെടുത്തു.

മെയ് 14ന് വൈകുന്നേരം പ്രതിനിധിസമ്മേളനം എം.കെ പാന്ഥെ ഉദ്ഘാടനം ചെയ്തു ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടത്തി. ഇതര സര്‍വ്വീസ് സംഘടനാ നേതാക്കളും അഖിലേന്ത്യാ ഫെഡറേഷന്‍ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.             ശമ്പളക്കമ്മീഷന്‍ഘടനയില്‍ മാറ്റം വരുത്തുക, പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച നടത്തുക, ഇടക്കാലാശ്വാസം, ക്ഷാമബത്ത, ബോണസ്സ്, കരിനിയമങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയ പ്രധാനകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ “അടിയന്തരാവശ്യങ്ങള്‍ നേടാന്‍ യോജിച്ചണിനിരക്കുക” എന്ന പ്രമേയം സമംഏളനം അംഗീകരിച്ചു.

മൂന്നാം ദിവസം 25 ഔദ്യോഗിക പ്രമേയങ്ങൾ അംഗീകരിച്ചു. സമ്മേളനത്തില്‍  പി. ഗോവിന്ദപിള്ള സാംസ്കാരിക പ്രഭാഷണം നടത്തി. വനിതാ സമ്മേളനം കെ.ആര്‍. ഗൗരിയമ്മ ഉദ്ഘാടനം ചെയ്തു. പി .സൗദാമിനി കണ്‍വീനര്‍ ആയ വനിതാ സബ്കമ്മിറ്റിയേയും സമ്മേളനം തിര‍ഞ്ഞെടുത്തു. പതിനാറാം തീയതി വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത പ്രകടനത്തോടെയാണ് സമ്മേളനം അവസാനിച്ചത്.

 

ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം

1984 മെയ് 13, 14, 15 കോട്ടയം

 

യൂണിയന്‍ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം 1984 മെയ് 13,14,15 തീയതികളില്‍ കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ ചേര്‍ന്നു. വിലക്കയറ്റം തടയുക, ഇടക്കാലാശ്വാസം അനുവദിക്കുക, ബോണസ്സ് അനുവദിക്കുക, പ്രതികാരനടപടികൾ പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌വേണ്ടി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിവന്ന പ്രക്ഷോഭം ഫെബ്രുവരി 16-ന് ആരംഭിച്ച് 22-ന് നിര്‍ത്തിയ സാഹചര്യത്തിലാണ് സമ്മേളനം ചേര്‍ന്നത്. ആ പണിമുടക്കില്‍ 3500-ല്‍പരം സസ്പെന്‍ഷനുകളും ഉണ്ടായി. ക്രൂരമായ പോലീസ് മര്‍ദ്ദനവും സംഘടനാ നേതാക്കള്‍ക്ക് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട് ജനാധിപത്യവിരുദ്ധമായ സമീപനം സ്വീകരിച്ച് തൊഴില്‍ സമരങ്ങളെ പരാജയപ്പെടുത്താമെന്ന് വ്യാമോഹിച്ച മുഖ്യമന്ത്രി കരുണാകരനെ വരച്ചവരയില്‍നിറുത്തി തീരുമാനമെടുക്കാന്‍ കഴിഞ്ഞത് ജീവനക്കാരുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഇടക്കാലാശ്വാസം സംബന്ധിച്ച് തികച്ചും തൃപ്തികരമല്ലെങ്കിലും ഒരു തീരുമാനം കൈക്കൊള്ളുവാന്‍ ഭരണാധികാരികളെ നിര്‍ബ്ബന്ധിതരാക്കിയത്.

 

ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം മെയ് 13-ന് രാവിലെ 10 മണിക്ക് ടി. കെ. ബാലന്‍ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും ജനറല്‍സെക്രട്ടറീസ് റിപ്പോര്‍ട്ടും ചര്‍ച്ചചെയ്ത് സമ്മേളനം അംഗീകരിച്ചു. യൂണിയന്‍ അംഗത്വ ഫീസ് 3 രൂപയില്‍നിന്ന് 5 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് ജനറല്‍സെക്രട്ടറി അവതരിപ്പിച്ച ബൈലോ ഭേദഗതി ചര്‍ച്ചക്കുശേഷം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജനറല്‍സെക്രട്ടറി കെ. എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലോകം  അഭിമുഖീകരിക്കുന്ന യുദ്ധഭീഷണിയെക്കുറിച്ചും ദേശീയ രംഗത്ത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ അടിയന്തിര കടമയെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചു. സമ്മേളനത്തെ അഖിലേന്ത്യാ ഫെഡറേഷന്‍ മേഖലാസെക്രട്ടറി ആര്‍. ജി. കാര്‍ണില്‍ അഭിവാദ്യം ചെയ്തു. ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധിയും ട്രേഡ് യൂണിയന്‍ കടമകളും എന്ന വിഷയത്തില്‍ ഡോഃ മാത്യു കുര്യന്‍ പ്രഭാഷണം നടത്തി. സമ്മേളനത്തിലെ വൈവിദധ്യമാര്‍ന്ന ഒരിനമായിരുന്നു “സമാധാന സമ്മേളനം”. സാമ്രാജ്യത്വം ഉയര്‍ത്തുന്ന ആണവ സുരക്ഷാഭീഷണിയുടെ കാലഘട്ടത്തില്‍ നടത്തിയ സമ്മേളനം ബഹുഃ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയതു. വനിതാസബ്കമ്മറ്റിയെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രകടനം എം. ടി. സെമിനാരി ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ കേന്ദ്രീകരിച്ചുകൊണ്ട് തിരുനക്കര മൈതാനിയിലെത്തിയപ്പോള്‍ അതൊരു മനുഷ്യ മഹാസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു. സമാപനസമ്മേളനം ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനം താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                  :  കെ. വി രാജേന്ദ്രൻ

 വൈസ് പ്രസിഡന്‍റ്                        : 1, ആര്‍. രഘുനാഥന്‍ നായര്‍

 

                                                : 2, ഇ. പി. ചെല്ലപ്പന്‍

 ജനറല്‍ സെക്രട്ടറി              : ടി. കെ. ബാലന്‍

 സെക്രട്ടറിമാര്‍                   : 1, എ. കുഞ്ഞിരാമന്‍ നായര്‍

 

                                     : 2, പി. ആനന്ദന്‍

 ട്രഷറര്‍                           : എന്‍. ശ്രീധരന്‍പിള്ള

 

വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ശമ്പളപരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തുകയും അര്‍ഹമായ മിനിമം ആനുകൂല്യം ഉറപ്പുവരുത്തുകയും ചെയ്യുക, ക്ഷാമബത്ത അനുവദിക്കുക, ബോണസ്സ് അനുവദിക്കുക, പ്രതികാരനടപടികള്‍ പിന്‍വലിക്കുക, കരിനിയമങ്ങള്‍ റദ്ദാക്കുക, ട്രേഡ് യൂണിയന്‍-ജനാധിപത്യ വിരുദ്ധ സമീപനം അവസാനിപ്പിക്കുക, എന്നീ ഡിമാന്‍റുകള്‍ നേടിയെടുക്കുന്നതിന് മുഴവന്‍ ജീവനക്കാരുടെയും ഐക്യം വിപുലപ്പെടുത്തി യോജിച്ചണിനിരത്താന്‍ സമ്മേളനം തീരുമാനിച്ചു.

ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം

1985 മേയ് 10,11,,12  ആലപ്പുഴ

 

ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം 1985 മേയ് 10,11,12 തിയ്യതികളില്‍ ആലപ്പുഴയില്‍ നടന്നു. സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണ കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ട കാലഘട്ടം. 1983 ജൂലായ്‌ മുതല്‍ പ്രാബല്യം നല്‍കി നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയും കേന്ദ്രം അനുവദിച്ച ക്ഷാമബത്ത അനുവദിക്കാതിരിക്കുകയും, ജീവനക്കാരുടെ വേതന പരിഷ്കരണത്തിനു വേണ്ടിയുള്ള സുദീര്‍ഘമായ പ്രക്ഷോഭം ശക്തിപ്പെടുകയും ജീവനക്കാരുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമായിത്തീരുകയും ചെയ്ത സാഹചര്യത്തിലാണ് സമ്മേളനം നടന്നത്.

 

ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം പത്താം  തിയ്യതി കാലത്ത് 9.30 നു  പ്രസിഡന്‍റ് കെ.വി.രാജേന്ദ്രൻ പതാക ഉയര്‍ത്തിയതോടുകൂടി ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാൻ കെ.ആര്‍.ഗൌരിയമ്മ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഇ.ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ഗവണ്മെന്‍റ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ നയത്തിനെതിരെ തൊഴിലാളി സംഘടനകള്‍ യോജിച്ചു ചെറുത്തുനില്‍പ്പ്‌ ആരംഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് സഖാവ് പ്രസ്താവിച്ചു. സുകൊമള്‍സെന്‍, കെ.എ. കേശവമൂര്‍ത്തി, എം.ആര്‍. അപ്പന്‍, സുശീലാ ഗോപാലന്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. കെ.ആര്‍. ഭാനുമതി കണ്‍വീനറായി വനിതാ സബ്കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം ജനറല്‍സെക്രട്ടറീസ് റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്തു അംഗീകരിച്ചു. സമ്മേളനം താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                       :കെ.വി.രാജേന്ദ്രന്‍

 വൈ.പ്രസിഡന്‍റ്               :ആര്‍. രഘുനാഥന്‍ നായര്‍,ഇ.പി.ചെല്ലപ്പന്‍

ജനറല്‍സെക്രട്ടറി                :ടി.കെ.ബാലന്‍     

 സെക്രട്ടറി                        :എം.കെ.വാസു,പി.ആനന്ദന്‍

 ട്രഷറര്‍                           :എന്‍.ശ്രീധരപിള്ള

 

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സിമ്പോസിയത്തില്‍ “കമ്പ്യൂട്ടറൈസേഷന്‍” പ്രബന്ധാവതരണം ഉണ്ടായി. അവതരണം പ്രൊ.വി.കെ. ദാമോദരനായിരുന്നു. ചര്‍ച്ചയില്‍ ശ്രീ. എസ്. വരദരാജന്‍ നായര്‍, ജെ.ചിത്തരഞ്ജന്‍, ഡോഃ പി.കെ.ഗോപാലകൃഷ്ണന്‍, കെ.പങ്കജാക്ഷന്‍ എം.എല്‍.എ,  കെ.എന്‍. രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

01.07.1983 മുതല്‍ ലഭിക്കേണ്ട ശമ്പളപരിഷ്കരണം ഇനിയും നടപ്പാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ക്ഷാമബത്ത ഗഡുക്കളും സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശ്ശികയായിരിക്കുന്നു. ക്ഷാമബത്താതത്വം സംസ്ഥാന ജീവനക്കാരുടെ കാര്യത്തില്‍  ലംഘിക്കപ്പെടുന്നു. മിനിമം ബോണസ് അനുവദിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ജീവനക്കാരുടെ ശമ്പള പരിഷ്കരണവും മറ്റാനുകൂല്യങ്ങളും നേടാന്‍ യോജിച്ച പോരാട്ടത്തിന് അണിചേരണമെന്ന പ്രമേയം അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.

ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനം

1986 മേയ് 10,11,,12  തൃശ്ശൂർ

 

ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനം 1986 മേയ് 10,11,12 തിയ്യതികളില്‍ തൃശൂരില്‍ നടന്നു.  സമ്മേളനം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വൈപുല്യം കണക്കിലെടുത്ത് വാര്‍ഷിക കൌണ്‍സില്‍ യോഗം ഒമ്പതാം തിയ്യതി തന്നെ സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്നിരുന്നു. അവകാശ നിഷേധവും വാഗ്ദാന ലംഘനവും മുഖമുദ്രയാക്കിയ യു.ഡി.എഫ് സര്‍ക്കാര്‍ യൂണിയനെയും പ്രവര്‍ത്തകരെയും ജീവനക്കാരെയും വൈരനിര്യാതനബുദ്ധിയോടെ വേട്ടയാടുന്ന സാഹചര്യം നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് സമ്മേളനം ചേര്‍ന്നത്‌. മേയ് 10നു രാവിലെ 9 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ പ്രസിഡന്‍റ് കെ.വി.രാജേന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ഔപചാരികമായി ആരംഭിച്ചു. സമ്മേളനം ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.

 പ്രസിഡന്‍റ്                      :കെ.വി. രാജേന്ദ്രൻ

 വൈഃ പ്രസിഡന്‍റ്              :ആര്‍. രഘുനാഥന്‍ നായര്‍,ഇ.പി. ചെല്ലപ്പന്‍

 ജനറല്‍സെക്രട്ടറി               :ടി.കെ. ബാലന്‍

 സെക്രട്ടറി                        :എം.കെ. വാസു,പി. ആനന്ദന്‍

 ട്രഷറര്‍                           :ഡി. രത്നാകരന്‍

 

പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2-മണിക്ക് ചേര്‍ന്ന സുഹൃദ്സമ്മേളനം അഖിലേന്ത്യാ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എ. കേശവമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. അവകാശ സമരത്തില്‍ പങ്കെടുത്ത കാരണം പറഞ്ഞു പിരിച്ചുവിടപ്പെട്ട സി.ജെ. ജോസഫിന് സമ്മേളനം സ്വീകരണം നല്‍കി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യ നായകരായ എം.ടി. വാസുദേവന്‍ നായര്‍, തിരുനെല്ലൂര്‍ കരുണാകരന്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ സംസാരിച്ചു. രാത്രിയില്‍ ജനറല്‍സെക്രട്ടറീസ് റിപ്പോര്‍ട്ട് സെക്രട്ടറി എം.കെ. വാസു അവതരിപ്പിച്ചു. പിറ്റേന്ന് റിപ്പോർട്ടിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് പ്രസിഡന്‍റ്’ കെ.വി.രാജേന്ദ്രന്‍ വിശദീകരണം നല്‍കി. അഖിലേന്ത്യാ ഫെഡറേഷന്‍ ജന.സെക്രട്ടറി സുകോമള്‍സെന്‍, ടി.എന്‍.ജി.ഇ.എ പ്രസിഡന്‍റ് കെ.ഗംഗാധരന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ വര്‍ഗീയതയ്ക്കെതിരായ നിലപാടുകള്‍ ഉയർത്തിപ്പിടിച്ചു നടത്തിയ പ്രഭാഷണം അവിസ്മരണീയമായിരുന്നു. ഭാവി പരിപാടികള്‍ സംബന്ധിച്ച “അവകാശങ്ങള്‍ നേടിയെടുക്കാന്‍ യോജിച്ചണിനിരക്കുക” എന്ന പ്രമേയം സംസ്ഥാന സെക്രട്ടറി പി.ആനന്ദന്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പ്രമേയം അംഗീകരിക്കപ്പെട്ടു.

 

“ഭരണ രംഗത്തെ അഴിമതിയും സര്‍ക്കാര്‍ ജീവനക്കാരും ബഹുജനങ്ങളുമായുള്ള ബന്ധവും” എന്ന വിഷയത്തെ ആധാരമാക്കി നടന്ന സിമ്പോസിയം സമ്മേളനത്തിലെ സുപ്രധാന പരിപാടി ആയിരുന്നു. സിമ്പോസിയം ഉദ്ഘാടനം ചെയ്ത് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ ശ്രീ.വി.എം. സുധീരന്‍ ആയിരുന്നു. രാഷ്ട്രീയ രംഗത്തെ അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ പല പരാമര്‍ശങ്ങളും ശ്രദ്ധേയമായിരുന്നു. അഴിമതിക്ക് വഴിവെക്കുന്ന സ്ഥലംമാറ്റങ്ങള്‍ക്കുള്ള സ്പെഷ്യൽ ഓര്‍ഡര്‍ സംവിധാനം അവസാനിപ്പിക്കേണ്ടതാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന യൂണിയന്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്ന സ്ഥലം മാറ്റങ്ങള്‍ക്കു പൊതുമാനദണ്ഡം എന്ന നിലപാടിനെ അംഗീകരിക്കുന്നതായിരുന്നു. സിമ്പോസിയത്തില്‍ അദ്ധ്യക്ഷത വഹിച്ചത് പ്രഗത്ഭ ന്യായാധിപന്‍ ജസ്റ്റിസ് പി. സുബ്രമണ്യന്‍ പോറ്റി ആയിരുന്നു. വിഷയം അവതരിപ്പിവച്ച് ഇ.പത്മനാഭനും കെ.വി. സുരേന്ദ്രനാഥ്‌ എം.എല്‍.എയും സിമ്പോസിയത്തില്‍ സംസാരിച്ചു.

 

കെ.ആര്‍. ഭാനുമതി കണ്‍വീനറായി വനിതാ സബ്കമ്മിറ്റിയെ സമ്മേളനം  തെരഞ്ഞെടുത്തു. മേയ് 12നു ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഇരുപത്തിനാലാം സംസ്ഥാനസമ്മേളനം, 1987 ജൂണ്‍ 4,5,6,7  തിരൂര്‍

 

ഇരുപത്തിനാലാം സംസ്ഥാനസമ്മേളനം 1987 ജൂണ്‍ 4,5,6,7 തീയതികളിൽ തിരൂർ മുനിസിപ്പല്‍ ടൗണ്‍ ഹാളിൽ നടന്നു. ഇന്ത്യയുടെ ആകെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ മതേതര ജനാധിപത്യശക്തികള്‍ വിജയം കൈവരിച്ച സാഹചര്യത്തിലാണ് യൂണിയന്‍ സമ്മേളനം ചേര്‍ന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്താഴ്ചക്കകം തന്നെ ജീവനക്കാരെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ ജീവനക്കാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്തു. പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും സര്‍വ്വീസ്സില്‍ തുടരുന്ന അനേകംപേരുടെ സര്‍വ്വീസ് അവസാനിപ്പിച്ചു, ഒരു പുതിയ പോലീസ് നയം അംഗീകരിച്ചു, തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ലെന്ന് തീരുമാനിച്ചു. ഇത്തരം സമരങ്ങളില്‍ എടുക്കുന്ന പോലീസ് കേസ് പിന്‍വലിക്കാൻ തീരുമാനിച്ചു. പിരിച്ചുവിടപ്പെട്ട ശ്രീ.സി.ജെ.ജോസഫിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചു. സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം അംഗീകരിച്ചു.  നഴ്സുമാരുടെ ജോലിസമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തി. ഈയൊരു കാലഘട്ടത്തിലാണ് സമ്മേളനം ചേരുന്നത്.

 

സമ്മേളനം ജൂണ്‍ 4-ന് രാവിലെ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.കെ.ഹംസയുടെ അദ്ധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി വി.ജെ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനറിപ്പോര്‍ട്ടും ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ചര്‍ച്ചചെയ്ത് അംഗീകരിച്ചു. യൂണിയന്‍റെ ബൈലോ അനുസരിച്ച് ഒരു റവന്യൂ ജില്ലയില്‍ ഒരു ജില്ലാ സെന്‍റർ എന്നതാണ് വ്യവസ്ഥ. അംഗങ്ങളുടെ വര്‍ദ്ധനവും പ്രവര്‍ത്തനസൗകര്യവും കണക്കിലെടുത്ത് ഒരു റവന്യൂ ജില്ലയില്‍ ഒന്നില്‍ക്കൂടുതൽ യൂണിയന്‍ ജില്ലാ സെന്‍ററുകൾ അനുവദിക്കാന്‍ സംസ്ഥാനകമ്മറ്റിക്ക് അധികാരം നല്‍കുന്ന ബൈലോഭേദഗതി അംഗീകരിച്ചു. പ്രതിനിധി സമ്മേളനം സി.ഐ.റ്റി.യു. സെക്രട്ടറി എം.എം. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.പി. നേതാവ് പ്രൊഫസര്‍ ടി.ജെ. ചന്ദ്രചൂഢന്‍, കെ.പി.സി.സി. (എസ്)  ജനറല്‍ സെക്രട്ടറി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.സമ്മേളനത്തില്‍ താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                       :കെ.വി. രാജേന്ദ്രന്‍

വൈസ് പ്രസിഡന്‍റ്            :സി. കുഞ്ഞാമദ്, ആര്‍. രഘുനാഥന്‍നായര്‍

ജനറല്‍ സെക്രട്ടറി  :ടി.കെ. ബാലന്‍

സെക്രട്ടറിമാര്‍        :എം. കെ.വാസു, പി. ആനന്ദന്‍

ട്രഷറര്‍                :ഡി. രത്നാകരൻ

 

സമ്മേളനത്തോടനുബന്ധിച്ച് വളരെ ശ്രദ്ധേയമായ സാംസ്ക്കാരികസമ്മേളനം നടന്നു. പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. പുനത്തില്‍ കുഞ്ഞബ്ദുള്ള ചെറുകഥകള്‍ വായിച്ചവതരിപ്പിച്ചു.

രജതജൂബിലി സമ്മേളനം, 1988 മെയ് 8 മുതല്‍ 12 വരെ തിരുവനന്തപുരം

 

രജതജൂബിലി സമ്മേളനം മെയ് 8 മുതല്‍ 12 വരെ തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളില്‍ നടന്നു . 1987-ല്‍ അധികാരത്തില്‍വന്ന ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, സംസ്ഥാന സിവില്‍ സര്‍വ്വീസില്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഡൈസ്നോണ്‍ അടക്കമുള്ള കരിനിയമങ്ങള്‍ പിന്‍വലിച്ചു. അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായി ക്ഷാമബത്ത കുടിശിക പണമായി അനുവദിച്ചു. ഇത്തരത്തില്‍ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വാഭാവികമായും ജനോപകാരപ്രദമായ നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍സര്‍വ്വീസ് ഘടന അനിവാര്യമായ സാഹചര്യത്തിലാണ് സമ്മേളനം നടന്നത്.

 

സമ്മേളനത്തിലുയര്‍ത്താനുള്ള പതാക വര്‍ക്കലയില്‍നിന്നും, കൊടിമരം പാറശാലയില്‍ നിന്നും ജാഥകളായി തിരുവനന്തപുരത്തെത്തിച്ചു. മെയ് 9 ന് രാവിലെ പ്രതിനിധി സമ്മേളനം ഇ.എം.എസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍വച്ച് എന്‍.ജി.ഒ പ്രസ്ഥാനത്തിന്‍റെ ആദ്യകാലനേതാക്കള്‍ക്ക് സ്വീകരണം നൽകി. യൂണിയന്‍റെ സ്ഥാപകനേതാക്കളില്‍ ഒരാളും 1962 മുതല്‍ 69 ൽ രാജിവച്ച് പുറത്തുപോകും വരെ സംസ്ഥാനനേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്ത ഇ.ജെ.ഫ്രാന്‍സിസ്, കേരളത്തിലെ എന്‍,ജി.ഒ പ്രസ്ഥാനത്തിന്‍റെ നേരവകാശികള്‍ കേരളാ എന്‍.ജി.ഒ യൂണിയന്‍ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വര്‍ഷങ്ങളായി തന്‍റെ കൈയില്‍ സൂക്ഷിച്ചിരുന്ന പഴയ മിനുട്സ് പുസ്തകവും മറ്റ് രേഖകളും യൂണിയന്‍ ഭാരവാഹികള്‍ക്ക് കൈമാറിയത് വികാരനിര്‍ഭരമായ അനുഭവമായിരുന്നു.

എന്‍.ജി.ഒ യൂണിയന്‍ ചരിത്രം വ്യക്തമാക്കുന്ന അപൂര്‍വ്വ ഫോട്ടോകളും പത്രവാര്‍ത്തകളും അടങ്ങുന്ന എക്സിബിഷന്‍ തിരുവനന്തപുരത്ത് നടന്നു. പ്രദര്‍ശനം ബഹുഃ നിയമസഭാ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായിനടന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക വകുപ്പുമന്ത്രി ടി.കെ രാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഡോഃ സുകുമാര്‍ അഴിക്കോട്, പി. ഗോവിന്ദപ്പിള്ള, പ്രൊഫഃ എം.കെ. സാനു, തുടങ്ങിയ സാംസ്കാരിക നായകര്‍ പങ്കെടുത്തു. വിവിധ ട്രേഡ് യൂണിയന്‍-വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ പങ്കെടുത്ത സുഹൃദ്സമ്മേളനം, സി.ഐ.ടി.യു സംസ്ഥാന ജനറല്‍സെക്രട്ടറി കെ . എന്‍.  രവീന്ദ്രനാഥ്  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമ്മേളനം വിദ്യുഛക്തി വകുപ്പു മന്ത്രി ടി. ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍  ഡോഃ വി. മോഹന്‍ തമ്പി, SFI അഖിലേന്ത്യാ പ്രസിഡന്‍റ്     എ. വിജയരാഘവന്‍, എസ് രാമചന്ദ്രന്‍പിള്ള, പി.കെ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തെ ആധാരമാക്കി സിംപോസിയം നടന്നു, സംസ്ഥാന ധനകാര്യമന്ത്രി വി. വിശ്വനാഥമേനോന്‍ ഉദ്ഘാടനം ചെയ്തു. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിന്‍റെ ഭാഗമായിനടന്ന വനിതാ സമ്മേളനം കെ.ആര്‍ ഗൗരിയമ്മ ഉദ്ഘാടനം ചെയ്തു. എം.സി ബിന്ദുമോള്‍, കെ.എ പാര്‍വ്വതി തുടങ്ങയവര്‍ സംസാരിച്ചു. സമ്മേളനത്തെ അഭിവാദനം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.കെ ഹംസ സംസാരിച്ചു. വ്യത്യസ്ത കലാപരിപാടികള്‍ ഓരോ ദിവസവും അരങ്ങേറി.

സമാപന ദിവസം പതിനായിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രകടനം തിരുവനന്തപുരത്ത് നടന്നു. പൊതുസമ്മേളനം സംസ്ഥാന മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്. അച്യുതാനന്ദന്‍, പി.കെ.വാസുദേവന്‍ നായര്‍, കെ ചന്ദ്രശേഖരന്‍,  ബേബിജോണ്‍,  എന്നിവര്‍ സംസാരിച്ചു.

 

ജൂബിലി സമ്മേളനത്തിന്‍റെ ഭാഗമായി ജില്ലാതലത്തിലും ബ്രാഞ്ച്തലത്തിലും 1987 ഒക്ടോബര്‍ 28 മുതല്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ 29-ന് കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ സംബന്ധിച്ച സിംപോസിയങ്ങള്‍ നടന്നു. തുടര്‍ന്ന് എല്ലാ ജില്ലകളിലും, ലോകസമാധാനം, സിവില്‍സര്‍വീസും പൊതുജനങ്ങളുമായുള്ള ബന്ധം, ദേശീയോദ്ഗ്രഥനം, സ്ത്രീകളുടെ  തൊഴില്‍പരവും സാമൂഹികവുമായ പ്രശ്നങ്ങൾ, എന്നീ വിഷയങ്ങളെ അധികരിച്ച് സിംപോസിയങ്ങള്‍ നടത്തി.

രജതിജൂബിലി സമ്മേളനം ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                  : കെ.വി.രാജേന്ദ്രൻ

വൈസ് പ്രസിഡന്‍റ്                         : ആര്‍.രഘു നാഥന്‍നായര്‍, സി.കുഞ്ഞാമദ്

ജനറല്‍ സെക്രട്ടറി                           :  ടി.കെ.ബാലന്‍

സെക്രട്ടറിമാര്‍                    : പി.ആനന്ദന്‍, എം.കെ .വാസു

ട്രഷറര്‍                            : ഡി.രത്നാകരന്‍

 

സമ്മേളനത്തില്‍ ഭാവിപരിപാടികള്‍ വിശദീകരിക്കുകയും സിവില്‍സര്‍വീസ് കാര്യക്ഷമമാക്കാനുള്ള പോരാട്ടത്തിലണിനിരക്കുകയെന്ന പ്രമേയം ഐക്യകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.

ഇരുപത്താറാം സംസ്ഥാന സമ്മേളനം, 1989, മെയ് 12,13,14,15 തിരുവല്ല

 

ഇരുപത്താറാം സംസ്ഥാന സമ്മേളനം 1989, മെയ് 12,13,14,15 തീയതികളില്‍ തിരുവല്ല, എം.ജി.എം. ഹൈസ്കൂള്‍, ഓഡിറ്റോറിയത്തില്‍ നടന്നു.  പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ്                             : കെ.വി.രാജേന്ദ്രൻ

‍വൈസ് പ്രസിഡന്‍റ്                   :  ആര്‍.രഘുനാഥന്‍ നായര്‍,  സി.കുഞ്ഞാമദ്

ജനറല്‍  സെക്രട്ടറി                    : ടി.കെ ബാലന്‍

സെക്രട്ടറിമാര്‍                          : പി. ആനന്ദന്‍, എം.കെ വാസു

ട്രഷറര്‍                                 : ഡി.രത്നാകരന്‍

പ്രതിനിധിസമ്മേളനം വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മാത്യു.ടി തോമസ് സ്വാഗതം പറഞ്ഞു. “ഇന്ത്യയുടെ ഭാവി എന്‍റെ  കാഴ്ചപ്പാടില്‍ ‘ വിഷയത്തില്‍  ശ്രീ ഗീവര്‍ഗ്ഗീസ് മാര്‍  ദെസ്താനിയോസ് മെത്രാപ്പൊലീത്ത , എസ് . രാമചന്ദ്രന്‍ പിള്ള, എം.ആര്‍. അപ്പന്‍ എന്നിവര്‍  പങ്കെടുത്തു. കെ.എം,ജി.പണിക്കര്‍ തയ്യാറാക്കിയ ‘കേരളത്തിലെ എന്‍.ജി.ഒ പ്രസ്ഥാനം ‘ എന്ന പുസ്തകം മുന്‍ വൈദ്യുതി മന്ത്രി. ടി. ശിവദാസമേനോന്‍  പ്രകാശനം ചെയ്തു.

`          സ.പി ആനന്ദന്‍  പുസ്തകത്തിന്‍റെ  ആദ്യകോപ്പി  സ്വീകരിച്ചു. മെയ് 15ന് ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം ട്രേഡ് യൂണിയന്‍ രംഗത്തെ സമകാലീന പ്രശ്നങ്ങളേയും കടമകളേയും കുറിച്ച്  കെ.എന്‍ രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. ഉച്ചയ്ക്കുശേഷം ട്രേഡ് യൂണിയന്‍ സുഹൃദ്സമ്മേളനം നടന്നു. ശ്രീ.ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സാംസ്കാരിക സമ്മേളനത്തിൽ പി.ഗോവിന്പിള്ള, ഒ.എന്‍. വി കുറുപ്പ്, കടമ്മനിട്ട രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് അഖിലേന്ത്യാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി സുകോമള്‍ സെന്‍ എം,പി. സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമ്മേളനത്തില്‍ വച്ച് 7396 എംപ്ലോയീസ് ഫോറം മാസികയുടെ വരിസംഖ്യ അദ്ദേഹത്തെ ഏല്‍പിച്ചു

സിവില്‍ സര്‍വീസില്‍ നിലനിൽക്കുന്ന കാര്യക്ഷമതാ രാഹിത്യവും അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കി സിവില്‍  സര്‍വ്വീസ് കാര്യക്ഷമമാക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ മുഴുവന്‍ ജീവനക്കാരേയും ആഹ്വാനം ചെയ്യുന്ന പരിപാടി പ്രമേയം, സമ്മേളനം അംഗീകരിച്ചു.

26 അംഗ വനിതാ സബ് കമ്മിറ്റി രൂപീകരിച്ചു. സ്ഥാപക നേതാക്കളായ സി.വിജയഗോവിന്ദന്‍, കെ.എം.ജി.പണിക്കർ എന്നിവര്‍ക്ക് സമ്മേളനത്തില്‍വച്ച് വികാരനിര്‍ഭരമായ യാത്രയയപ്പ് നൽകി. തുടര്‍ന്ന് വമ്പിച്ച പ്രകടനവും പൊതുയോഗവും നടന്നു. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്തരായ നേതാക്കള്‍ സംബന്ധിച്ചു.

 

ഇരുപത്തിയേഴാം സംസ്ഥാന സമ്മേളനം,  1990 ഏപ്രില്‍ 20,21,22  തിരുവനന്തപുരം

 

യൂണിയന്റെ  27-ാം സംസ്ഥാന സമ്മേളനം 1990 ഏപ്രിൽ 20,21,22  തിയ്യതികളില്‍ തിരുവനന്തപുരത്ത് വച്ച് നടന്നു.  തികച്ചും ആർഭാടരഹിതമായി ഈ സമ്മേളനം നടത്തണമെന്ന സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരമാണ് സമ്മേളനം നടന്നത്. ഏപ്രിൽ 20നു വൈകുന്നേരം 4മണിക്ക് രാജധാനി ആഡിറ്റോറിയത്തില്‍ കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. ഏപ്രിൽ 21നു രാവിലെ 9മണിക്ക് പ്രസിഡന്റ്‌ കെ.വി.രാജേന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ഔപചാരികമായി ആരംഭിച്ചു പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു

പ്രസിഡന്റ്‌                        : കെ.വി.രാജേന്ദ്രന്‍

വൈ.പ്രസിഡന്റ്                  : ആര്‍.രഘുനാഥന്‍ നായര്‍, സി.കുഞ്ഞാമദ്

ജനറൽ സെക്രട്ടറി             : ടി.കെ.ബാലന്‍

സെക്രട്ടറി             : പി.ആനന്ദന്‍, കെ രവീന്ദ്രന്‍

ട്രഷറർ                            : ഡി.രത്നാകരന്‍

 

രാവിലെ 9.30നു ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി വി.വിശ്വനാഥമേനോന്‍ ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് ജന.സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ യൂണിയനും പങ്ക് ചേര്‍ന്നിരുന്നു. ഇത് വിജയിപ്പിക്കേണ്ടതിന്റെ  പ്രാധാന്യം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.ജി.ശാന്തകുമാര്‍ സമ്മേളനത്തില്‍ വിശദീകരിച്ചു

 

യൂണിയന്റെ ഭാവി പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര പാരിറ്റിയെ സംബന്ധിക്കുന്ന പ്രമേയം ചര്‍ച്ചയ്ക്കായി പി.ആനന്ദന്‍ അവതരിപ്പിച്ചു ചര്‍ച്ചകള്‍ക്ക് ശേഷം പ്രമേയം സമ്മേളനം അംഗീകരിച്ചു ഔദ്യോഗികപ്രമേയങ്ങള്‍ക്ക് പുറമേ 11 അനൌദ്യോഗിക പ്രമേയങ്ങളും സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കുന്നതിനെ സംബന്ധിച്ചുള്ള പ്രമേയവും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ സെക്രട്ടറി എം.ആര്‍. അപ്പന്‍ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ്‌ സി.കണ്ണന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമാപന ദിവസം വി.എസ്.അച്യുതാനന്ദന്‍ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. രജത ജൂബിലി സമ്മേളന തീരുമാനങ്ങള്‍ എങ്ങിനെയും പ്രാവര്‍ത്തികമാക്കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യൂണിയന്‍ രജത ജൂബിലി സമ്മേളനം അംഗീകരിച്ചതും യൂണിയന്റെ പ്രഖ്യാപിത ലക്‌ഷ്യവുമായ അഴിമതി രഹിതവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുന്നത്തിനുള്ള പോരാട്ടം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി മുന്നോട്ട് കൊണ്ടുപോകുമെന്നു പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ്‌ കെ.വി.രാജേന്ദ്രന്‍ നടത്തിയ ഉപസംഹാര പ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് സമാപനമായി.

 

ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം. 1991 ഏപ്രിൽ 18,19,20 തിരുവനന്തപുരം

 

യൂണിയന്‍ ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം 1991 ഏപ്രില്‍ 18,19,20 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു. മെയ് രണ്ടാം വാരത്തില്‍ തലശ്ശേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ലോകസഭാതെരെഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ തിരുവനന്തപുരത്ത് വച്ച്  നടത്താൻ തീരുമാനിക്കുകയായിരുന്നു തികച്ചും ബിസിനസ് സമ്മേളനമായാണ് നടന്നത്.

 

ഏപ്രില്‍ 18-ന് വൈകുന്നേരം 4.30-ന് തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തില്‍ കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. സംസ്ഥാനസിവിൽ സർവീസിലെ കരുത്തുറ്റ സമരസംഘടനയായ യൂണിയനെ ദീര്‍ഘകാലം നയിച്ച, എക്കാലത്തേയും കരുത്തരായ നേതാക്കളില്‍ പ്രമുഖനായ ഇ. പത്മനാഭന്‍ 1990 സെപ്തംബര്‍ 18-ന് അന്തരിച്ചു. സഖാവിന്‍റെ സ്മരണയെ ഉണര്‍ത്തി ഇ. പത്മനാഭന്‍ നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രിയദര്‍ശിനി ഹാള്‍ അങ്കണത്തില്‍ പ്രസിഡന്‍റ് കെ. വി. രാജേന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                     :  കെ. വി രാജേന്ദ്രന്‍

വൈസ് പ്രസിഡന്‍റ്            :  ആര്‍ രഘുനാഥന്‍ നായര്‍,  ഇ. പി. ചെല്ലപ്പന്‍

ജനറല്‍ സെക്രട്ടറി              : പി. ആനന്ദന്‍

സെക്രട്ടറിമാര്‍                    : കെ. രവീന്ദ്രന്‍,  കെ. കൃഷ്ണന്‍

ട്രഷറര്‍                            : ഡി. രത്നാകരന്‍

രാവിലെ പത്തുമണിക്ക് ആരംഭിച്ച പ്രതിനിധിസമ്മേളനം വി. എസ്. അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനയോഗത്തിനുശേഷം സെക്രട്ടറി കെ. രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. TNGEA ജനറല്‍ സെക്രട്ടറി എം. ആര്‍. അപ്പന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. CITU സംസ്ഥാന ജനറല്‍സെക്രട്ടറി കെ. എന്‍. രവീന്ദ്രനാഥ് സമ്മേളനത്തില്‍ പ്രഭാഷണം നടത്തി.

ഏപ്രില്‍ 20-ന് രാവിലെ സുകോമള്‍സെന്‍ MP സമ്മേളനത്തെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് 24 ഔദ്യോഗിക പ്രമേയങ്ങളും 23 അനൌദ്യോഗിക പ്രമേയങ്ങളും അംഗീകരിച്ചു.  “സംസ്ഥാനജീവനക്കാരുടെ വേതനം കാലോചിതമായി പരിഷ്കരിക്കുക” എന്ന പരിപാടിപ്രമേയം സമ്മേളനം ചര്‍ച്ചചെയ്ത് അംഗീകരിച്ചു. പ്രസിഡന്‍റിന്‍റെ ഉപസംഹാരപ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് തിരശ്ശീല വീണു.

ഇരുപത്തി ഒന്‍പതാം സംസ്ഥാനസമ്മേളനം, 1992 മേയ് 9,10,11,12 കണ്ണൂർ

 

29-ാം സംസ്ഥാന സമ്മേളനം, 1992 മെയ് 9 മുതൽ 12 വരെ കണ്ണൂരില്‍ നടന്നു. കണ്ണൂര്‍പോലീസ് മൈതാനത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ രണ്ടായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലിലാണ് സമ്മേളനം നടന്നത്. 1991 ലെ പൊതുതിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളായിരുന്നു ഭരണത്തില്‍. കെ.കരുണാകരന്റെ നേതൃത്ത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ സമയബന്ധിത ശമ്പള പരിഷ്കരണമെന്ന അവകാശത്തെപോലും നിരാകരിക്കുവാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. താഴെ പ്പറയുന്നവരെ പുതിയവര്‍ഷത്തെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.

പ്രസിഡന്റ്                                                : കെ.വി.രാജേന്ദ്രന്‍

വൈസ് പ്രസിഡന്റുമാര്‍                                 : ആര്‍ രാമചന്ദ്രന്‍, എൻ .പരമേശ്വരന്‍  

ജനറല്‍ സെക്രട്ടറി                                      : കെ.രവീന്ദ്രന്‍

സെക്രട്ടറിമാര്‍                                            : കെ. കൃഷ്ണന്‍, വി.ജി.രവീന്ദ്രന്‍

ട്രഷറര്‍                                                    : ഡി.രത്നാകരന്‍

 

പ്രതിനിധി സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത സാംസ്കാരിക നായകന്‍മാരായ പ്രൊഫ.എം.എന്‍ വിജയന്‍, പ്രൊഫ.ഒ.എന്‍.വി.കുറുപ്പ്, പി .ഗോവിന്ദപ്പിള്ള എന്നിവര്‍ സംസാരിച്ചു.

 

ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചർച്ചചെയ്ത് അംഗീകരിച്ചു. മെയ് 10ന് രാത്രിയിലുണ്ടായ അതിശക്തമായ പേമാരിയിലും കാറ്റിലും പോലീസ് മൈതാനിയിലെ പന്തല്‍ തകര്‍ന്നു. കണ്ണൂര്‍ജില്ലയിലെ വര്‍ഗ്ഗ ബഹുജന സംഘടനാപ്രവര്‍ത്തകരുടേയും യൂണിയന്‍ പ്രവര്‍ത്തകരുടേയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സാമര്‍ത്ഥ്യത്തിന്റേയും ഫലമായി കണ്ണൂര്‍ ടൗണ്‍ഹാളില്‍ യാതൊരു കുറവുമില്ലാതെ സമ്മേളന നഗര്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമ്മേളന നടപടികള്‍ നടന്നത് അവിടെ വച്ചാണ്. രണ്ടാം ദിവസ സമ്മേളനത്തില്‍  “ഭാരത സര്‍ക്കാറിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളും പ്രത്യാഘാതങ്ങളും” എന്ന വിഷയത്തെ അധികരിച്ച് നടന്ന സിമ്പോസിയം അഖിലേന്ത്യാ ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി സുകോമള്‍ സെന്‍ എം.പി, ഉദ്ഘാടനം ചെയ്തു. ടി.ശിവദാസമേനോന്‍, പ്രൊഫ.ഹരിലാല്‍, ഡോ.ബി.ഇക്ബാല്‍എന്നിവര്‍ സംസാരിച്ചു. സര്‍വിസില്‍ നിന്നും വിരമിച്ച മുന്‍ഭാരവാഹികളായിരുന്ന, ഇ.പി. ചെല്ലപ്പന്‍, എം. ശങ്കരനാരായണന്‍പിള്ള, എ.കുഞ്ഞിരാമന്‍ നായര്‍എന്നിവർക്ക് യാത്രയയപ്പ് നൽകി. സുഹൃത്ത് സംഗമം സ. ടി.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വ്വീസിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെ ആധാരമാക്കിയുള്ള 27പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അ‍‍ഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണമെന്ന ആനുകൂല്യം സംരക്ഷിക്കാന്‍ യോജിച്ചണിനിരക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. മെയ് 12ന് വൈകുന്നേരം പതിനയ്യായിരത്തില്‍പ്പരം ജീവനക്കാര്‍ അണിനിരന്ന പ്രകടനം നടന്നു. ബി.ടി.ആര്‍ നഗറില്‍ ചേര്‍ന്ന പൊതു സമ്മേളനം ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്തു.പ്രമുഖരായ നേതാക്കള്‍ സംസാരിച്ചു.

 

മുപ്പതാം സംസ്ഥാനസമ്മേളനം : 1993 മേയ് 12,13,14,15  കൊല്ലം

 

30- ാം സംസ്ഥാന സമ്മേളനം 1993 മേയ് 12,13,14,15  തിയ്യതികളിൽ കൊല്ലത്ത്

നടന്നു. പാര്‍ട്ട് ടൈംജീവനക്കാരുടെ സംഘടനയായ കേരള പാര്‍ട്ട്‌ ടൈം കണ്ടിജെന്സി എംപ്ലോയീസ് യൂണിയന്‍ , കേരള എൻ.ജി.ഒ യൂണിയനില്‍ ലയിക്കാനെടുത്ത തീരുമാനപ്രകാരം ലയന നടപടികള്‍ പൂര്‍ത്തീകരിക്കപ്പെട്ട സമ്മേളനമായിരുന്നു മുപ്പതാം സമ്മേളനം. ആദ്യ ദിവസം നിലവിലുള്ള കൌണ്‍സില്‍ യോഗം ചേര്‍ന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും ചര്‍ച്ച ചെയ്തംഗീകരിച്ചു. രണ്ടാം ദിവസം രാവിലെ വി.ഒ. ആന്റണി നഗറില്‍ രാവിലെ ഒന്‍പതു മണിക്ക് ആക്ടിംഗ് പ്രസിഡന്റ് ആര്‍.രാമചന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് ഔപചാരികമായ തുടക്കമായി. രാവിലെ 9.30നു പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്‌                                    : ആര്‍. രാമചന്ദ്രന്‍

വൈ.പ്രസിഡന്റുമാര്‍            : എന്‍. പരമേശ്വരന്‍, കെ.വരദരാജന്‍

ജ.സെക്രട്ടറി                                  : കെ.രവീന്ദ്രന്‍

സെക്രട്ടറിമാർ                                : കെ.കൃഷ്ണന്‍, വി.ജി. രവീന്ദ്രന്‍

ട്രഷറര്‍                                       : ഡി.രത്നാകരന്‍

 

സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷന്‍ സെക്രട്ടറി  എം.ആര്‍. അപ്പന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. വൈകിട്ട് മൂന്നു മണിക്ക് ജനറല്‍ സെക്രട്ടറീസ് റിപോര്‍ട്ട്‌ കെ രവീന്ദ്രന്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. വൈകിട്ട് 5.40നു സാംസ്കാരിക സമ്മേളനം നടന്നു. പ്രൊഫ: എം.എന്‍.വിജയന്‍, പ്രൊഫ: എം.കെ.സാനു, കവി കടമ്മനിട്ട രാമകൃഷ്ണന്‍, കഥാകൃത്ത് ബി.രാജീവന്‍ എന്നിവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു. മൂന്നാം ദിവസം രാവിലെ 9.30നു ആരംഭിച്ച സമ്മേളനത്തില്‍ ജന.സെക്രട്ടറീസ് റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ടു ജെനറല്‍ സെക്രട്ടറി മറുപടി പറഞ്ഞു. പിന്നീട് മറ്റ് ഔദ്യോഗിക പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഉച്ചക്ക് ശേഷം അഖിലേന്ത്യാ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വൈകിട്ട് 4മണിക്ക് നടന്ന സുഹൃദ് സമ്മേളനം ടി.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ വിരുദ്ധസെമിനാറിൽ പ്രൊഫ:സുകുമാര്‍ അഴീക്കോട്, എം.പി.വീരേന്ദ്രകുമാര്‍, ഡോ.എന്‍.വി.പി.ഉണിത്തിരി, പ്രൊഫ: ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ സംസാരിച്ചു. മേയ് 15നു രാവിലെ അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുകോമള്‍ സെന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.ആര്‍. ഭാനുമതി കണ്‍വീനറായി സംസ്ഥാന വനിതാ സബ്കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. പേ ഇക്വലൈസേഷന്‍ കമ്മിറ്റീ റിപ്പോർട്ട് തള്ളിക്കളയണമെന്നും ആറാം ശമ്പളപരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നു ആവശ്യപ്പെടുന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. വൈകുന്നേരം ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത ആവേശ്വോജ്ജ്വലമായ പ്രകടനം നടന്നു. ചിന്നക്കടയില്‍ ചേര്‍ന്ന പൊതുയോഗം ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.വാസുദേവന്‍ നായര്‍, ബേബി ജോണ്‍, പി.വിശ്വംഭരന്‍, പി.ജെ.ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.

മുപ്പത്തി ഒന്നാം സംസ്ഥാനസമ്മേളനം 1994 മെയ് 14,15,16,17   കോഴിക്കോട്

 

31-ാം സംസ്ഥാനസമ്മേളനം 1994 മെയ് 14,15,16,17  തീയതികളില്‍ കോഴിക്കോട് നടന്നു. കോഴിക്കോട് കടപ്പുറത്തെ സ്മൃതിമണ്ഡപത്തെ സാക്ഷിയാക്കി രാജ്യത്തിന്‍റെ അഭിമാനവും സുരക്ഷയും ഐശ്യര്യവും ഉറപ്പുവരുത്താനുള്ള പോരാട്ടങ്ങളില്‍ ഉറച്ചുനിൽക്കുമെന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാണ് സമ്മേളനത്തിന് തുടക്കമായത്. എ.രാധാകൃഷ്ണന്‍ നഗറിൽ(ടാഗോര്‍ സെന്‍റിനറി ഹാള്‍) പ്രസിഡന്‍റ് ആര്‍.രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. നിലവിലെ കൗണ്‍സില്‍യോഗം മെയ് 14ന് രണ്ട് മണിക്ക് ചേര്‍ന്നു. .പ്രവര്‍ത്തനറിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് അംഗീകരിച്ചു. യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .                       : കെ.രവീന്ദ്രന്‍

വൈസ് പ്രസിഡന്‍റ്മാര്‍         : കെ.വരദരാജന്‍, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി                 : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                       : വി.ജി.രവീന്ദ്രന്‍, കെ.മുഹമ്മദ്കുട്ടി

ട്രഷറര്‍                              : ഡി.രത്നാകരന്‍

പ്രതിനിധിസമ്മേളനം സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡന്‍‍റ് ഇ.ബാലാനന്ദൻ ഉദ്ഘാടനംചെയ്തു. അഖിലേന്ത്യാഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക്ക് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്ക്ശേഷം വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മൊളോയ്റോയ്, കെ.ആര്‍.ഹെഗ്ഡേ ,കെ.ആര്‍.ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജനറല്‍സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍നടന്ന ചര്‍ച്ചകൾ ഉപസംഹരിച്ചുകൊണ്ട് പ്രസിഡന്‍റ് മറുപടി പറഞ്ഞു.  റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. മെയ് 15ന് വൈകുന്നേരം ഇ.പത്മനാഭന്‍ നഗറില്‍ സാംസ്ക്കാരികസമ്മേളനം നടന്നു.പ്രശസ്തസാഹിത്യകാരന്‍എം.ടി.വാസുദേവന്‍നായര്‍, പ്രൊഫസര്‍ എം.എന്‍.വിജയന്‍, കണിയാപുരം രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മെയ് 16 ന് കാലത്ത് സുഹൃത്ത്സമ്മേളനം നടന്നു. ഉച്ചയ്ക്ക്ശേഷം അധികാരവികേന്ദ്രീകരണത്തിന്‍റെ പ്രശ്നങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സിമ്പോസിയത്തില്‍ ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍ മുഖ്യപ്രഭാക്ഷണം നടത്തി, ടി.കെ.ബാലന്‍ സിമ്പോസിയത്തില്‍ സംസാരിച്ചു. വൈകിട്ട് സാമ്പത്തികസെമിനാറില്‍ ഡോ.റ്റി.എം.തോമസ് ഐസക്ക്, സുകുമോള്‍സെന്‍, ടി.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.4-ാം ദിവസം പ്രതിനിധിസമ്മേളനത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സമ്മേളനത്തിന്‍റെഭാഗമായി മെയ് 13-17 വരെ കോഴിക്കോട് സഫ്ദാര്‍ ഹാഷ്മി(ടൗണ്‍ ഹാള്‍) നഗറില്‍ സഹ്‍മത്ത്  ഒരുക്കിയ ഹംസബ്അയോദ്ധ്യ എന്ന പ്രദര്‍ശനം നടന്നു.  സഫ്ദര്‍ ഹാഷ്മിയുടെ മാതാവ് ഖമര്‍ ആസാദ് ഹാഷ്മിയുടെ നേതൃത്തിലുള്ള സംഘമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മേയ് 17ന് ഖമര്‍ ആസാദ് ഹാഷ്മിയും

സമ്മേളനത്തിന്അഭിവാദ്യംനേര്‍ന്നു. ആറാംശമ്പളപരിഷ്ക്കരണനടപടികള്‍ ആരംഭിക്കണമെന്ന പരിപാടിപ്രമേയം സമ്മേളനം അംഗീകരിച്ചു. വൈകുന്നേരം ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. പൊതു സമ്മേളനം ഇ.എം.എസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

മുപ്പത്തിരണ്ടാം സംസ്ഥാനസമ്മേളനം 1995 മേയ് 12-14 കാസറഗോഡ്

 

യൂണിയന്‍റെ മുപ്പത്തിരണ്ടാമത് സംസ്ഥാനസമ്മേളനം 1995 മെയ് 12,13,14 തീയതികളില്‍ കാസര്‍‍ഗോഡ് നടന്നു. ഈ കാലയളവിലാണ് WTO നിലവില് വന്നത്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം ലോകസമ്പദ് ഘടനയെ നിയന്ത്രിക്കുന്നതിനുവേണ്ടി രൂപം നൽകാന്‍ തീരുമാനിച്ചിരുന്ന സ്ഥാപനങ്ങളിൽ മൂന്നാമത്തേതാണ് ഇത്. World Bank, IMF എന്നിവയാണ് മറ്റു രണ്ടെണ്ണം. ജീവനക്കാരുടെ മേഖലയില്‍ പേ ഈക്വലൈസേഷന്‍റെ ഭാഗമായി കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍‍‍‍ നഷ്ടപ്പെട്ട കാലഘട്ടം കൂടിയാണത്.

മെയ് 12ന് രാവിലെ പ്രസിഡന്‍‍‍‍റ് കെ .വരദരാജന്‍ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. നിലവിലുള്ള കൌണ്‍സിൽ‍‍‍ ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അംഗീകരിച്ചു. പ്രതിനിധി സമ്മേളനം CITU ജനറല്‍ സെക്രട്ടറി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലോകതൊഴിലാളി വര്‍ഗ്ഗം നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കൾ‍‍‍‍‍‍ പങ്കെടുത്തു. ജനറല്‍‍‍‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പികയും ചര്‍ച്ചകള്‍‍‍ക്കുശേഷം അംഗീകരിക്കുകയും ചെയ്തു. സമകാലിക സാമ്പത്തിക പരിഷ്കാരങ്ങള്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക്മേൽ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ തോമസ് ഐസക്ക് പ്രഭാഷണം നടത്തി.   ‍പ്രതിനിധി സമ്മേളനത്തെ എം.ആര്‍.അപ്പന്‍, കെ.ആര്‍. ഹെഗ്ഡെ, റോസമ്മ ജോസഫ്, എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്നസാംസ്കാരികസമ്മേളനത്തിൽ പ്രൊഫ.എം.എന്‍‍.വിജയന്‍, പി. ഗോവിന്ദപ്പിള്ള, ഹമീദ് ചേന്നമംഗലൂര്‍ എന്നിവർ സംസാരിച്ചു. സര്‍വീസില്‍നിന്നും വിരമിക്കുന്ന മുന്‍ജനറൽ സെക്രട്ടറി പി. അനന്തനും മുന്‍ട്രഷറർ ഡി.രത്നാകരനും യാത്രയയപ്പു നൽകി. കേന്ദ്രപാരിറ്റിയുടെ പേരില്‍ ഇനിയും ജീവനക്കാരെ വഞ്ചിക്കാന്‍‍‍‍ നോക്കുന്നവര്‍ക്ക് താക്കീതുനൽകിക്കൊണ്ട്, ശമ്പളപരിഷ്കരണത്തിനുവേണ്ടി പണിമുടക്കം നടത്താനുള്ള തീരുമാനത്തെ കരഘോഷത്തോടെ സമ്മേളനം  അംഗീകരിച്ചു.താഴേപറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്                                              :കെ. വരദരാജന്‍

വൈസ് പ്രസിഡന്‍റ്                                    :കെ.മുഹമ്മദുകുട്ടി, കെ.ആര്‍. ഭാനുമതി

ജനറല്‍സെക്രട്ടറി                                       :കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                                            :വി.ജി.രവീന്ദ്രന്‍, സി.എച്ച്.അശോകന്‍

ട്രഷറര്‍                                                    :കെ.എ. റഹ്‌മാൻ

 

സമ്മേളനം വൈകുന്നേരം 4 മണിക്ക് അങ്ങേയറ്റം ആവേശം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പ്രസിഡന്‍‍‍റിന്‍റെ ഉപസംഹാര‍ പ്രസംഗത്തോടെ സമാപിച്ചു.

മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം 1996  ജൂണ്‍  09, 10,11   പാലക്കാട്

 

33ാം സംസ്ഥാന സമ്മേളനം 1996   ജൂണ്‍ 09, 10,11തീയതികളില്‍ പാലക്കാട്  നടന്നു.അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശ തന്ത്രങ്ങള്‍  വിവിധ രൂപങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കാലയളവാണിത്.

പ്രതിനിധി സമ്മേളനം വൈദ്യുതിവകുപ്പ് മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തെ അടിച്ചമര്‍ത്തി ഭരിക്കുകയല്ല ഇടതുപക്ഷസര്‍ക്കാരിന്റെ നയമെന്നും ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാരുടേയും പ്രശ്നങ്ങൾ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നതാണ് ഗവണ്‍മെന്റ് നയമെന്നും ഉദ്ഘാടകന്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ CITU ജനറല്‍ സെക്രട്ടറി പി.ഉണ്ണി സ്വാഗതം പറഞ്ഞു. ടി.കെ ബാലന്‍ , കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ , എം.കണ്ണന്‍ തുടങ്ങിയ നേതാക്കന്‍മാർ സംസാരിച്ചു.സമ്മേളനം താഴെപ്പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                     : കെ വരദരാജന്‍

വൈസ് പ്രസിഡന്റുമാര്‍                     : കെ.മുഹമ്മദ്കുട്ടി, കെ.ആർ.ഭാനുമതി

ജനറല്‍ സെക്രട്ടറി                          : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                                : വി.ജി.രവീന്ദ്രന്‍ , സി.എച്ച് അശോകന്‍

ട്രഷറര്‍                                          : കെ.എ.റഹ്‌മാന്‍

 

ജനറല്‍ സെക്രട്ടറിയുടെറിപ്പോര്‍ട്ട് ചര്‍ച്ചയുടേയും മറുപടിയുടേയും അടിസ്ഥാനത്തില്‍ അംഗീകരിച്ചു. തമിഴ്നാട് NGOA ജനറല്‍ സെക്രട്ടറി കെ,ആർ .ശങ്കരന്‍, ആന്ധ്രാ എന്‍.ജി.ഒ.എ പ്രസിഡന്റ് നിസാബാറെഡ്ഡി, അഖിലേന്ത്യാ ഫേഡറേഷന്‍ ജനറൽ സെക്രട്ടറി  സുകോമള്‍സെന്‍ എന്നിവർ സംസാരിച്ചു . 13831 എംപ്ലോയീസ് ഫോറം വരിസംഖ്യ സുകോമള്‍സെന്‍ ഏറ്റു വാങ്ങി. ട്രഡ് യൂണിയന്‍ രംഗത്തെ പ്രശ്നങ്ങളും അവയുടെ പരിഹാര നിര്‍ദ്ദേശങ്ങളും പ്രതിപാദിച്ചുകൊണ്ട്   സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി കെ.എന്‍ രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം പ്രൊഫ.എം.എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.കെ സാനു, കടമ്മനിട്ട രാമകൃഷ്ണന്‍, ഇയ്യങ്കോട് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു . വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പരിപാടിപ്രമേയം അംഗീകരിച്ചു. 22 ഔദ്യോഗിക പ്രമേയങ്ങളും  5 അനൗദ്യോഗിക പ്രമേയങ്ങളും  സമ്മേളനം അംഗീകരിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്  ആയിരുന്ന ആര്‍.രാമചന്ദ്രന്  സമ്മേളനത്തില്‍ വച്ച് യാത്രയയപ്പ് നൽകി.  സമ്മേളനം അഞ്ചുമണിക്ക് അവസാനിച്ചതിന്ശേഷം ജീവനക്കാര്‍ ചെറുപ്രകടനങ്ങളായാണ് പൊതുസമ്മേളന നഗരിയിലെത്തിച്ചേര്‍ന്നത് .പൊതുസമ്മേളനം കേരളാമുഖ്യമന്ത്രി ഇ.കെ നായനാർ ഉദ്ഘാടനം ചെയ്തു.   ധനമന്ത്രി ടി.ശിവദാസമേനോന്‍, വിദ്യാഭ്യാസ മന്ത്രി  പി.ജെ ജോസഫ്, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.കെ.നാണു എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.

മുപ്പത്തിനാലാം സംസ്ഥാനസമ്മേളനം 1997 മെയ് 13,14,15   തൃശൂര്‍

 

രാജ്യത്ത് പുത്തന്‍സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ട് ആറുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ് . രാജ്യത്തിന്‍റെ സാമ്പത്തിക പരമാധികാരത്തെയും സ്വാശ്രയത്വത്തെയും അപകടത്തിലാക്കുന്നവിധം കടക്കെണിയിലേക്ക് ചെന്നെത്തിയിരിക്കുന്നു. നാടിന്‍റെ അഭിമാനമായ പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ്. ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നുണ്ടെങ്കിലും ദേശീയതലത്തില്‍രൂപം കൊണ്ട ഐക്യമുന്നണി ഗവണ്‍മെന്‍റ് മുന്‍ഗവണ്‍മെന്‍റുകളുടെ സാമ്പത്തികനയങ്ങള്‍തന്നെയാണ് പിന്തുടരുന്നത്. ഇതിനെതിരായ ചെറുത്ത് നില്‍പ്പ് രാജ്യത്ത് ശക്തിപ്പെടുകയാണ്. ഇത്തരം പ്രതിരോധസമരങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്ന ഘട്ടത്തിലാണ് 34-ാം സംസ്ഥാനസമ്മേളനത്തിന് പതാക ഉയർന്നത്.

 

മെയ് 12ന് രാവിലെ 9.30ന് പ്രസിഡന്‍റ് കെ.വരദരാജൻ പതാക ഉയര്‍ത്തി. നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച .പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു. പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .                      : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍        : കെ.മുഹമ്മദ്കുട്ടി, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി                : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                      : വി.ജി.രവീന്ദ്രൻ, സി.എച്ച്.അശോകന്‍

ട്രഷറര്‍                               : എം.തങ്കപ്പന്‍

 

പ്രതിനിധിസമ്മേളനം പശ്ചിമബംഗാള്‍ ധനകാര്യമന്ത്രിയും പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ.അഷിംദാസ്ഗുപ്ത ഉദ്ഘാടനം ചെയ്തു. സാമ്പത്തികരംഗത്ത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേയ്ക്ക് വെളിച്ചം വീശുന്നതും ബദല്‍നയങ്ങളുടെ പ്രസക്തി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്രസംഗം. സംസ്ഥാന പട്ടികജാതിക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ടി.കെ.ബാലന്‍ എം.എല്‍.എ എന്നിവര്‍  സംസാരിച്ചു. വിവിധ സഹോദരസർവീസ് സംഘടനാനേതാക്കള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കരിവെള്ളൂര്‍ മുരളി രചിച്ച് വി.കെ.ശശിധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയാണ് സെക്ഷന്‍‍ ആരംഭിച്ചത്. കലാമണ്ഡലം നമ്പീശന്‍മാസ്റ്ററും മട്ടന്നൂര്‍ശങ്കരന്‍കുട്ടിയും അണിനിരന്ന വാദ്യമഞ്ജരി സമ്മേളനസായാഹ്നത്തെ ആകര്‍ഷകമാക്കി.

 

14-ന് രാവിലെ എ.ഐ.എസ്.ജി.ഇ.എഫ്.ഹോണററി പ്രസിഡന്‍റ് എം.ആര്‍.അപ്പനും തമിഴ്നാട് എന്‍.ജി.ഒ.എ ജനറല്‍സെക്രട്ടറി കെ.ആര്‍.ശങ്കറും സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായി രണ്ടു പ്രധാനസെമിനാറുകള്‍ നടന്നു. മാധ്യമരാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം മുഖ്യപ്രഭാക്ഷണം നടത്തി. പി.ഗോവിന്ദപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് , പ്രൊഫസര്‍ എം.എന്‍.വിജയന്‍ എന്നിവര്‍ സംസാരിച്ചു. ആനന്ദ് പട് വര്‍ധന്‍റെ രാം കെ നാം എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു.

 

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വ്വീസ് എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ എസ്.എം.വിജയാനന്ദ് ഐ.എ.എസ് ആയിരുന്നു മുഖ്യപ്രഭാഷകന്‍ പ്ളാനിംഗ് ബോര്‍ഡ് അംഗം ഇ.എം.ശ്രീധരന്‍ സംസാരിച്ചു.

 

സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തെക്കേഗോപുരനടയില്‍ ചേര്‍ന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. വി.വി.രാഘവന്‍ എം.പി., കടന്നപ്പള്ളി രാമചന്ദ്രന്‍, ബാബുദിവാകരന്‍, സുലൈമാൻ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രഭാഷണപരമ്പരയും എന്‍.ജി.ഒ മാരുടെ കലാജാഥയും സംഘടിപ്പിച്ചു.

അവകാശങ്ങള്‍ സംരക്ഷിക്കുക തൊഴില്‍പരമായ കടമകള്‍ നിര്‍വ്വഹിക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

 

മുപ്പത്തിയഞ്ചാം സംസ്ഥാനസമ്മേളനം 1998 മെയ് 16,17,18  കോട്ടയം

 

സംഘബോധത്തിന്‍റെ കൊടിക്കീഴില്‍ ജീവനക്കാരെ യോജിപ്പിച്ചണിനിരത്തിയ മൂന്നരപ്പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്തുമായി കേരള എന്‍.ജി.ഒ യൂണിയന്‍റെ 35-ാം സംസ്ഥാനസമ്മേളനത്തിന് 1998 മെയ് 16,17,18  കോട്ടയം ആതിഥ്യമരുളി. സ്വാതന്ത്ര്യസമരകാലഘട്ടം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിലാണ് അക്ഷരനഗരി സംഘടനാസമ്മേളനത്തിന് അരങ്ങൊരുക്കിയത്. മാമ്മന്‍മാപ്പിള ഹാളിൽ പ്രസിഡന്‍റ് കെ.വരദരാജന്‍ പതാക ഉയര്‍ത്തി. നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത്  അംഗീകരിച്ചു. യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .                      : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍        : കെ.മുഹമ്മദ്കുട്ടി, കെ.ആര്‍.ഭാനുമതി

ജനറല്‍ സെക്രട്ടറി                : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                      : വി.ജി.രവീന്ദ്രന്‍, സി.എച്ച്.അശോകന്‍

ട്രഷറര്‍                              : എം.തങ്കപ്പന്‍

 

പ്രതിനിധിസമ്മേളനം സി.ഐ.റ്റി.യു.ദേശീയ സെക്രട്ടറി സ.എം.കെ.പാന്ഥെ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തൊഴില്‍മേഖല തകര്‍ച്ചയെ നേരിടുന്നതിന്‍റെ ഉദാഹരണങ്ങൾ നിരത്തികൊണ്ടു തൊഴിലെടുക്കുന്നവരടക്കമുള്ള പൊതുസമൂഹം അഭിമുഖീകരിക്കുന്ന ജീവിതദുരിതങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു സഖാവിന്‍റെ ഉദ്ഘാടനപ്രസംഗം . എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്‍റ് കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്‍.എഫ്.പി.റ്റി.ഇ. സംസ്ഥാനകണ്‍വീനര്‍ എം.കൃഷ്ണന്‍ എന്നിവർ സംസാരിച്ചു.

 

16 ന് വൈകിട്ട് മതനിരപേക്ഷത നേരിടുന്നവെല്ലുവിളികള്‍ എന്ന സെമിനാർ ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ചേന്ദമംഗലൂര്‍ വിഷയം അവതരിപ്പിച്ചു. പ്രൊഫ.നൈനാന്‍ കോശി, റവ.ഫാദര്‍ കെ.വി.പൗലോസ് എന്നിവര്‍ സംസാരിച്ചു.17 ന് സമ്മേളനപ്രതിനിധികളെ അഭിവാദ്യം ചെയ്തുകൊണ്ട് അഖിലേന്ത്യാ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജി.കാര്‍ണിക്ക് സംസാരിച്ചു.

 

പ്രതികരണോന്മുഖസിവില്‍സര്‍വ്വീസ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഭക്ഷ്യസിവില്‍സപ്ളൈസ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.ജി അസിസ്റ്റന്‍റ് പ്രൊഫസറും മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ എസ്.രാമചന്ദ്രന്‍പിള്ള , ടി.കെ.ബാലന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററിചെയര്‍മാന്‍ എം.ആര്‍.അപ്പന്‍ അഭിവാദ്യപ്രസംഗം നടത്തി.

 

വൈകിട്ട് തിരുനക്കരമൈതാനിയിലെ  ഇ.പത്മനാഭന്‍ നഗറില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം സാംസ്ക്കാരിക വകുപ്പ്മന്ത്രി ടി.കെ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുകുമാര്‍ അഴീക്കോടിന്‍റെ വാഗ്ധോരണിയും പ്രൊഫ.എം.എം.നാരായണന്‍റെ ഹൃദ്യമായപ്രഭാഷണവും സമ്മേളനത്തെ സമ്പന്നമാക്കി. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കലോത്സവത്തിന്‍റെ വിജയികള്‍ക്ക് സമ്മാനദാനവും ഇളംകുളം മനയ്ക്കലെ അമ്മ എന്ന നാടകത്തിന്‍റെ അവതരണവും നടന്നു.

 

സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുവാനും ദേശീയഐക്യം കാത്തു സൂക്ഷിക്കുവാനും യോജിച്ചണിനിരക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സുഹൃദ് സമ്മേളനം വൈക്കംവിശ്വന്‍  ഉദ്ഘാടനം ചെയ്തു.വിവിധ സഹോദരസംഘടനാനേതാക്കള്‍ പങ്കെടുത്തുസംസാരിച്ചു. മുന്‍സംസ്ഥാന വൈസ്പ്രസിഡന്‍റ് എം.പരമേശ്വരന് സമ്മേളനം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മൂന്നരപ്പതിറ്റാണ്ടിനിടയില്‍ സംഘടന കൈവരിച്ച വളര്‍ച്ചയുടെ  വിളമ്പരമായി മാറിയ പ്രകടനത്തോടുകൂടെയാണ് സമ്മേളനം അവസാനിച്ചത്. തിരുനക്കരമൈതാനിയില്‍ ചേര്‍ന്ന സമാപന സമ്മേളനംസംസ്ഥാന വൈദ്യുതി-സഹകരണ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളിരാമചന്ദ്രന്‍,പന്ന്യന്‍ രവീന്ദ്രന്‍‍ ,നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ സംസാരിച്ചു.

 

ജീവനക്കാരടക്കമുള്ള തൊഴിലാളി സമൂഹത്തിന്‌റെ ജീവീതാവസ്ഥകളും ചെറുത്തുനില്പ്പുപോരാട്ടങ്ങളും അടയാളപ്പെടുത്തുന്ന ചരിത്ര പ്രദര്‍ശനം സമ്മേളനഭാഗമായി സംഘടിപ്പിച്ചു.

 

കേന്ദ്രബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാണിക്കുന്നതിനും രാജ്യത്തിന്‌റെ സാമൂഹ്യഘടനതകര്‍ക്കുന്ന സാമ്പത്തികപരിഷ്കാരങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും തൊഴിലാളിപ്രസ്ഥാനങ്ങള്‍ യോജിച്ച് അണിനിരക്കേണ്ടതിന്‌റെ ആവശ്യകത കൂടുതല്‍ക്ക‍ൂടുതൽ വ്യക്തമാക്കുന്ന ഘട്ടത്തിലാണ് 35-ാം സംസ്ഥാന സമ്മേളനം നടന്നത്. ജീവനക്കാരോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാരിന്‌റെ നയങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും ഈ ദൃശ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ ഏറ്റെടുക്കുവാനും സമ്മേളനം അംഗീകരിച്ചപരിപാടി  പ്രമേയം സംഘടനയ്ക്ക് കരുത്തുപകര്‍ന്നു.

മുപ്പത്തിയാറാം സംസ്ഥാന സമ്മേളനം 1999 മേയ് 14,15,16,17 കല്‍പ്പറ്റ

വൈദേശികാധിപത്യത്തിനെതിരെ മണ്ണിന്റെ മക്കള്‍ നടത്തിയ ചെറുത്തുനില്‍പ്പുകളുടെ ത്രസിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന വയനാടിന്റെ മണ്ണില്‍ പുതിയൊരു ചരിത്രം കുറിച്ച് കൊണ്ടാണ് യൂണിയന്റെ 36ാം സംസ്ഥാന സമ്മേളനം നടന്നത്. കല്‍പ്പറ്റ ചന്ദ്രഗിരി ആഡിറ്റോറിയത്തില്‍ നടന്ന നാല് ദിനസമ്മേളനത്തിനു തുടക്കം കുറിച്ച് കൊണ്ട് മേയ്15നു രാവിലെ സംസ്ഥാന പ്രസിഡന്റ് കെ.വരദരാജന്‍ പതാകയുയര്‍ത്തി. പുതിയ കൌണ്‍സില്‍ യോഗം സംഘടനയുടെ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ്                                    : കെവരദരാജന്‍

വൈ.പ്രസിഡന്റുമാർ             : കെ.മുഹമ്മദ്കുട്ടി, കെ.ആര്‍. ഭാനുമതി

ജന: സെക്രട്ടറി                              : കെ.കൃഷ്ണന്‍

സെക്രട്ടറിമാര്‍                                : സി.എച്ച്.അശോകന്‍, ജി.ശശിധരന്‍

ട്രഷറര്‍                                        : എം.തങ്കപ്പന്‍

 

രാവിലെ 10.30നു ആരംഭിച്ച പ്രതിനിധി സമ്മേളനം സ:പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍സര്‍വീസ് ജനോപകാരപ്രദമായി വരേണ്ടതിന്റെ അനിവാര്യതയിലൂന്നുന്നതായിരുന്നു സഖാവിന്റെ ഉദ്ഘാടന പ്രസംഗം. കേന്ദ്ര ഭരണാധികാരികളുടെ സാമ്രാജ്യത്വ സാമ്പത്തിക നയങ്ങളുടെ കെടുതികള്‍ വിശകലനം ചെയ്തു കൊണ്ട് തൊഴിലെടുക്കുന്നവര്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഉദ്ഘാടകന്‍ സൂചിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററി സെക്രട്ടറി എം.ആര്‍.അപ്പന്‍ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന പ്രസിഡന്റ് എ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

15നു വൈകിട്ട് “മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും” എന്ന വിഷയത്തെ അധികരിച്ച സെമിനാര്‍ പ്രകാശ്കാരാട്ട് ഉദ്ഘാടനം ചെയ്തു. എം.പി.വീരേന്ദ്രകുമാര്‍, പ്രൊഫ: ഹമീദ് ചേന്ദമംഗലൂര്‍, ഫാ.കെ.വി.പൗലോസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട്ടിലെ ആദിവാസിസമൂഹത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് രംഗഭാഷയൊരുക്കി കനവിലെ ബേബിയും കുട്ടികളുടെ സംഘവും അവതരിപ്പിച്ച കലാപരിപാടികള്‍ വ്യത്യസ്തതയാര്‍ന്ന അനുഭവമാണ് സമ്മാനിച്ചത്. സമ്മേളനത്തില്‍ അവതരിപ്പിച്ച ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്പ്രതിനിധികളുടെ ചര്‍ച്ചയും തുടര്‍ന്നുള്ള മറുപടിക്കും ശേഷം ഏകകണ്ഠമായി അംഗീകരിച്ചു.16നു  അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി സുകോമള്‍സെന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എന്‍.രവീന്ദ്രനാഥ് പുത്തന്‍ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രഭാഷണം നടത്തി.

ഉച്ചക്കുശേഷം നടന്ന സുഹൃദ്‌സമ്മേളനം യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ടി.കെ.ബാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ സുഹൃദ് സംഘടനാ നേതാക്കള്‍ സംസാരിച്ചു. മലയാളത്തിന്റെ പ്രിയകവി കടമ്മനിട്ട രാമകൃഷ്ണനും കെ.ഇ.എന്‍.കുഞ്ഞഹമ്മദും പങ്കെടുത്ത സാംസ്കാരിക സമ്മേളനം പ്രതിനിധികള്‍ക്ക് പുതിയൊരനുഭവമായി.

17നു രാവിലെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംഘടനയുടെ ഭാവിപരിപാടികള്‍ക്ക് ദിശാബോധവും കരുത്തും പകരുവാന്‍ പരിപാടിപ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. “അവകാശങ്ങള്‍ സംരക്ഷിക്കുവാനും കടമകളും ബാദ്ധ്യതയും നിറവേറ്റുവാനും യോജിച്ചണിനിരക്കുവാന്‍” ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം. സംസ്ഥാന ജീവനക്കാരുടെ മേഖലയില്‍ സമയബന്ധിതവും സമഗ്രവുമായ ഒരു ശമ്പളപരിഷ്കരണം എല്‍.ഡി.എഫ്. ഗവണ്മെന്റ് നടപ്പിലാക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ നിഷേധാത്മക സമീപനമാണ് ചില സംഘടനകള്‍ സ്വീകരിച്ചത്. അനാവശ്യ സമരങ്ങളുമായി രംഗത്ത് വരികയാണവര്‍ ചെയ്തത്. ജീവനക്കാര്‍ ഇത്തരം സമരങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അധികാരവികേന്ദ്രീകരണത്തിന് മാതൃകാപരമായ സമീപനം സ്വീകരിക്കുകയും സിവില്‍സര്‍വീസിനെ ജനോപകാരപ്രദമാക്കി മാറ്റുന്നതിന് കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത എല്‍.ഡി.എഫ്. ഗവണ്മെന്റിന്റെ സമീപനം തിരിച്ചറിയേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും സമഗ്രവികസനത്തിനുള്ള ബദല്‍നയങ്ങളുടെ ഭാഗമാണ്. ഈ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ ജീവനക്കാര്‍ക്ക് മുഖ്യപങ്കുണ്ട്. എന്നാല്‍ ജീവനക്കാരടക്കമുള്ള തൊഴിലെടുക്കുന്നവരെ ജാതി മത വര്‍ഗ്ഗീയ ചിന്തകള്‍ കുത്തിവച്ച് ഭിന്നിപ്പിക്കാനാണ്‌ കേന്ദ്ര ബി.ജെ.പി. ഗവണ്മെന്റും അവരുടെ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന സമാന ചിന്താഗതിക്കാരും ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനും തൊഴിലെടുക്കുന്നവരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കേണ്ടതും കാലഘട്ടത്തിന്റെ കടമയാണ് എന്ന് വിളംബരം ചെയ്യുന്നതായിരുന്നു സമ്മേളനം അംഗീകരിച്ച പരിപാടിപ്രമേയം.

 

36വര്‍ഷത്തെ സംഘശക്തിയുടെ കരുത്ത് വിളിച്ചോതുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രകടനത്തിന് സമാപനം കുറിച്ചുകൊണ്ട് കല്‍പ്പറ്റ എച്ച്.ഐ.എം. യു.പി. സ്കൂള്‍ഗ്രൌണ്ടില്‍ നടന്ന പൊതുയോഗം പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.കെ.പ്രേമചന്ദ്രന്‍ എബ്രഹാം കോലമ്പില്‍, സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനം 2000 മെയ് 13,14,15,16 കണ്ണൂര്‍

 

37 ാം സംസ്ഥാന സമ്മേളനം, 2000 മെയ് 13,14,15,16 തീയതികളില്‍ കണ്ണൂരില്‍ നടന്നു. ലോക സമ്പദ്ഘടനയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഫിനാന്‍സ് മൂലധനമാണ് ആഗോളമുതലാളിത്ത വ്യവസ്ഥയെത്തന്നെ നിയന്ത്രിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഏകധ്രുവ ലോകത്തിനെതിരെ ലോകത്തെമ്പാടും വമ്പിച്ച ബഹുജനമുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യൂണിയന്റെ 37ാമത് സമ്മേളനം ചേർന്നത്. പുതിയ കൌണ്‍സില്‍ യോഗം സംഘടനയുടെ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് .                      : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍     : ആർ.എ.ഉണ്ണിത്താൻ, കെ.ആർ.ഭാനുമതി

ജനറല്‍ സെക്രട്ടറി               : സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍                    : ജി.ശശിധരൻ, എ.രാമചന്ദ്രന്‍

ട്രഷറർ                             : എൻ.പി.ജോൺ

മെയ് 13ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചത് സീതാറാം യെച്ചൂരിയാണ്. ദേശിയതലത്തിലും സാര്‍വ്വദേശീയ തലത്തിലും ആഗോളവല്‍ക്കരണത്തിനെതിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എളമരം കരീം, എ.കെ.ചന്ദ്രന്‍, എം.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കവി സമ്മേളനം ശ്രീ ഏഴാചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഉമേഷ്ബാബു, കുരീപ്പുഴ ശ്രീകുമാര്‍ മണമ്പൂര്‍ രാജന്‍ബാബു എന്നിവർ കവിതകള്‍ അവതരിപ്പിച്ചു. സുഹൃദ് സമ്മേളനം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കള്‍ സംസാരിച്ചു. മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രൊഫ. കെ.എന്‍. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ആഗോള വല്‍ക്കരണവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും എന്ന സെമിനാര്‍ ഇ. ബാലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.  പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദേശി-സ്വദേശികുത്തകകള്‍ക്ക് വിറ്റു തുലയ്ക്കുന്നതും സേവനമേഖല വിദേശക്കുത്തകള്‍ക്ക് തുറന്നു കൊടുക്കുന്നതും പോലെയുള്ള  ഇന്ത്യന്‍ ഭരണാധികാരികളുടെ മുതലാളിത്ത പ്രീണന നയത്തെത്തുറിച്ച് അദ്ദേഹം സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ പ്രൊഫ. എം.എന്‍.വിജയന്‍, പി. ഗോവിന്ദപ്പിള്ള , ഡോ.പി.ഗീത എന്നിവര്‍ സംസാരിച്ചു. മെയ് 15ന് രാവിലെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സുകോമള്‍സെന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുധാ സുന്ദര്‍രാമന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കേന്ദ്രസർക്കറിന്റെ വര്‍ഗീയവല്‍ക്കരണ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, ബദല്‍ നയങ്ങള്‍ക്കും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുക, എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

മുപ്പത്തിയെട്ടാം സംസ്ഥാനസമ്മേളനം 2001 ജൂണ്‍ 9,10,11,12  തിരുവനന്തപുരം

 

യൂണിയന്‍റെ 38-ാം സംസ്ഥാനസമ്മേളനം 2001 ജൂൺ 9,10,11,12  തീയതികളില്‍ തിരുവനന്തപുരത്ത് നടന്നു. ഇന്ത്യാ രാജ്യത്ത് തുടര്‍ന്നുവരുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ അതിരൂക്ഷമായ പ്രക്ഷോഭണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. പൊതുവിതരണസമ്പ്രദായവും കാര്‍ഷികോൽപന്നങ്ങൾക്ക് താങ്ങുവിലനല്‍കുന്നതും ഉപേക്ഷിച്ച ഗവണ്‍മെന്‍റ് തന്ത്രപരമായ പല മേഖലകളും വിദേശികള്‍ക്ക് അടിയറ വെയ്ക്കുകയാണ് . ഇതിനെതിരായി യോജിച്ച പ്രക്ഷോഭങ്ങളും ദേശീയപണിമുടക്കങ്ങളും നടന്നുവരുന്ന കാലഘട്ടത്തിലാണ് യൂണിയന്‍റെ 38-ാം സംസ്ഥാനസമ്മേളനം നടന്നത്.

 

ജൂണ്‍ 10 രാവിലെ 9.45ന് പ്രസിഡന്‍റ് കെ.വരദരാജന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.    നിലവിലെ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച .പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് .                        : കെ.വരദരാജന്‍

വൈസ് പ്രസിഡന്‍റ്മാര്‍           : വി.എം.പവിത്രൻ, കെ.പി.മേരി

ജനറല്‍ സെക്രട്ടറി       : സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍                        : എ.രാമചന്ദ്രന്‍, യു.ചന്ദ്രശേഖരന്‍

ട്രഷറര്‍                                : കെ.രാജേന്ദ്രന്‍

പ്രതിനിധിസമ്മേളനം വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജെ.ചന്ദ്ര സ്വാഗതം പറഞ്ഞു. സുഹൃദ്സമ്മേളനം എം.സത്യനേശന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസാമ്പത്തികനയങ്ങളും പ്രത്യാഘാതങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിൽ  ‍ഡോ.വെങ്കടേശ് ആത്രേയ, ഇ.എം.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് കലാപരിപാടികള്‍ നടന്നു. “ജനവിരുദ്ധ നയങ്ങളെ ചെറുക്കുക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടുക” എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

 

സമ്മേളനത്തിന് സമാപനംകുറിച്ചുകൊണ്ട് മഹാകവി കുമാരന്‍നാശാന്‍ സ്ക്വയര്‍ പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു. ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതു സമ്മേളനം മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. പി.സി.ജോര്‍ജ് എം.എല്‍.എ , എന്‍.കെ.പ്രേമചന്ദ്രന്‍, കരകുളം കൃഷ്ണപിള്ള, ഡോ.വര്‍ഗ്ഗീസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

മുപ്പത്തിയൊന്‍പതാം സംസ്ഥാന സമ്മേളനം 2002 ജൂൺ 7,8,9,10 പെരിന്തല്‍മണ്ണ

 

39ാം സംസ്ഥാനസമ്മേളനം ജൂൺ 7 മുതൽ 10 വരെ തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്നു. 2001ല്‍ ശ്രീ.എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ആഗോളവത്കരണ നയങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് മേഖലയില്‍ വലിയ കടന്നാക്രമണമാണ് നടത്തിയത്.  സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അന്ന് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും 2002 ജനുവരി 16ന്റെ കറുത്ത ഉത്തരവിലൂടെ കവര്‍ന്നെടുത്തതിനെതിരെ സിവില്‍ സര്‍വീസിലെ മുഴുവന്‍ സംഘടനകളെയും ഐക്യത്തിന്റെ പാതയില്‍ അണിനിരത്തിക്കൊണ്ട് ഫെബ്രുവരി 6മുതല്‍ മാര്‍ച്ച് 9 വരെ 32 ദിവസക്കാലം നടത്തിയ സമാനതകളില്ലാത്ത പണിമുടക്ക് ഒത്ത്തീര്‍പ്പായതിനു ശേഷമാണ് പെരിന്തല്‍മണ്ണയില്‍ വച്ച് 39ാം സംസ്ഥാന സമ്മേളനം ചേരുന്നത്. പെരിന്തല്‍മണ്ണ വി.കെ.കമ്മ്യൂണിറ്റി ഹാളില്‍ സജ്ജമാക്കിയ ഇ.പത്മനാഭന്‍ നഗറില്‍ സംസ്ഥാന പ്രസിഡന്റ് സ:കെ.വരദരാജന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന പുതിയ കൌണ്‍സില്‍ യോഗത്തില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                    :           കെ.വരദരാജന്‍

വൈ.പ്രസിഡന്റുമാര്‍             :           വി.എം.പവിത്രന്‍, കെ.പി.മേരി

ജന: സെക്രട്ടറി                              :           സി.എച്ച്.അശോകന്‍

സെക്രട്ടറിമാര്‍                                :           യു.ചന്ദ്രശേഖരന്‍, കെ.മോഹനന്‍

ട്രഷറര്‍                                        :           കെ.രാജേന്ദ്രന്‍

 

പ്രതിനിധി സമ്മേളനം സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ അംഗം പ്രകാശ്കാരാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവികള്‍ പങ്കെടുത്ത കാവ്യസന്ധ്യ നടന്നു, സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാസാഹിത്യ മത്സരങ്ങളിൽ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം കടമ്മനിട്ട രാമകൃഷ്ണന്‍ നിര്‍വഹിച്ചു. രണ്ടാം ദിവസം രാവിലെ ജനറല്‍സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കും സാമൂഹ്യ പ്രത്യാഘാതങ്ങളും എന്ന വിഷയത്തെ  ആധാരമാക്കി നടത്തിയ സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.അസോസിയേഷൻ ഐ വിഭാഗം നേതാവ് മങ്ങാട് രാജേന്ദ്രന്‍ എ വിഭാഗം നേതാവ് അബ്ദുറഹുമാന്‍, കെ.എ.പി.റ്റി.യു. നേതാവ് കെ.എ.ജോസഫ് ജോയിന്റ് കൌണ്‍സില്‍ ജനറല്‍സെക്രട്ടറി കെ.എന്‍.കെ. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് പിന്നിലെ സാമ്പത്തിക രാഷ്ട്രീയ അജണ്ട എന്ന വിഷയത്തെ ആധാരമാക്കിയുള്ള സെമിനാര്‍ ഡോ.കെ.എൻ.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ.റവ. വത്സന്‍ തമ്പു പത്രപ്രവര്‍ത്തകൻ ഒ.അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ മുന്‍ ജനറല്‍സെക്രട്ടറി ടി.കെ.ബാലന്‍ എം.എല്‍.എ. സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

 

ആഗോളവല്ക്കരണത്തില്‍  സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തില്‍ സുഭാഷിണി അലി സംസാരിച്ചു. “ആഗോളവത്ക്കരണം സ്വതന്ത്ര പരമാധികാരം” എന്ന സെമിനാര്‍ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി ഡബ്ലിയു.ആര്‍.വരദരാജന്‍, ഡോ.തോമസ്‌ ഐസക്ക്‌ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ഹരിഗോവിന്ദന്‍ അവതരിപ്പിച്ച സോപാനസംഗീതം ആസ്വാദ്യകരമായിരുന്നു. “ചെറുത്തു നില്‍പ്പിന്റെ 32 ദിനരാത്രങ്ങള്‍” എന്ന സ്മരണിക സമ്മേളനത്തില്‍ ഇ.കെ.നായനാര്‍ പ്രകാശനം ചെയ്തു.

“പണിമുടക്കനുഭവം കൈമുതലാക്കി  കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പിന് തയ്യാറാവുക” എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഇതിനു പുറമേ 30 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച  സഖാക്കള്‍ എ.രാമചന്ദ്രന്‍. കെ.എ.റഹ്മാന്‍, ടി.പി.കാസിം, എന്‍.പി.ജോണ്‍, എന്നിവര്‍ക്ക് സമ്മേളനം യാത്ര അയപ്പ് നല്‍കി.

ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത ഉജ്ജ്വലമായ പ്രകടനം നടന്നു. തുടര്‍ന്ന് ഇ.എം.എസ്. നഗറിൽ (ചെറുകാട് കോര്‍ണര്‍) നടന്ന സമാപന സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

 

40- ാം സംസ്ഥാന സമ്മേളനം 2003 ഏപ്രില്‍ 29,30 മെയ് 1 തിരുവനന്തപുരം

40ാം സംസ്ഥാന സമ്മേളനം 2003  ഏപ്രിൽ 29, 30 മെയ് 1 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടന്നു.

ഏപ്രിൽ 29 ന് എ കെ ജി ഹാളിൽ ചേർന്ന  യോഗത്തിൽ ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും അംഗീകരിച്ചു. തുടർന്ന് വൈകിട്ട് നടന്ന പ്രതിനിധി സമ്മേളനം സ.പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു. ആന്റണി സർക്കാർ കേരളത്തിന് ശാപമായി മാറിക്കഴിഞ്ഞെന്നും എത്രയും വേഗം അധികാരത്തിൽ നിന്നും പോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സഖാവ് പറഞ്ഞു.  ഉദ്ഘാടന സമ്മേളനത്തിൽ സ. എം വിജയകുമാര് ,  FSETO സംസ്ഥാന പ്രസിഡന്റ് റഷീദ് കണിച്ചേരി,കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥന സെക്രട്ടറി എം.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആഗോളവൽക്കരണ നയങ്ങളുടെ ഫലമായി ലോകസമ്പദ് ഘടന ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ് എന്ന് സ. കെ.എൻ.രവീന്ദ്രനാഥ് ചൂണ്ടികാട്ടി. മെയ്ദിനത്തിന്റെ സാർവ്വ ദേശീയവും ദേശീയവുമായ പ്രസക്തി എന്ന വിഷയത്തെ അധികരിച്ച്  സ.പി.ഗോവിന്ദപിള്ള പ്രഭാഷണം നടത്തി.സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                          – കെ വരദരാജൻ

വൈസ് പ്രസിഡന്റ്                          – വി എം പവിത്രൻ,കെ പി മേരി

ജനറല് സെക്രട്ടറി                                       – സി.എച്ച്.അശോകൻ

സെക്രട്ടറിമാർ                                            – യു.ചന്ദ്രശേഖരൻ, കെ.മോഹനൻ

ട്രഷറർ                                                    – കെ രാജേന്ദ്രൻ

 

അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ദിശാസൂചകമായി ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക, നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ വീണ്ടെടുക്കാനും ശമ്പള പരിഷ്കരണം നേടിയെടുക്കാനും അണിനിരക്കുക എന്ന പരിപാടി പ്രമേയം സംസ്ഥാന സെക്രട്ടറി യു ചന്ദ്രശേഖരൻ  അവതരിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ ഹോണററി സെക്രട്ടറി  എം.ആർ.അപ്പൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

41- ാം സംസ്ഥാന സമ്മേളനം 2004 ജൂണ് 5,6,7 കട്ടപ്പന

41 ാംസംസ്ഥാന സമ്മേളനം 2004  ജൂണ്‍ 5,6,7 തീയതികളില്‍  ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ വച്ച് നടന്നു. സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനും വർഗീയതയ്ക്കുമെതിരെ ആഗോള പടയൊരുക്കത്തിനുള്ള ആഹ്വാനവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങള്‍ പങ്കെടുത്ത സാമ്രാജ്യത്വ വിരുദ്ധ കൂട്ടായ്മ ബോംബെയില്‍ നടന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഇന്ത്യയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഉദാരവൽക്കരണ സ്വകാര്യവൽക്കരണ സാമ്പത്തിക നയങ്ങള്‍ രാഷ്ട്രം ഒറ്റ മനസ്സോടെ നിരാകരിച്ചു. 14ാം ലോകസഭാ തെരഞ്ഞെടുപ്പിൽ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്കുമെതിരായി ജനങ്ങള്‍ വിധിയെഴുതി.ജൂൺ 5 രാവിലെ 9.45ന് സംസ്ഥാന വൈസ്പ്രസിഡന്റ്  വി എം പവിത്രൻ പതാക ഉയര്ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും സമ്മേളനം അംഗീകരിച്ചു.    സമ്മേളനത്തിൽ  അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

പ്രസിഡന്റ്            – വി എം പവിത്രൻ

വൈസ് പ്രസിഡന്റ്  – കെ പി മേരി, പി എസ്സ് തങ്കപ്പൻ, ജി വിജയകുമാർ

ജനറൽ സെക്രട്ടറി  – സി.എച്ച്.അശോകൻ

സെക്രട്ടറിമാർ – കെ മോഹനൻ, പി വി രത്നാകരൻ,ജി വിജയകുമാര്‍

ട്രഷറർ                                        – കെ രാജേന്ദ്രൻ

സ. പിണറായി വിജയൻ സമ്മേളനം ഉത്ഘാടനം ചെയ്തു.ലോകത്താകമാനം സാമ്രാജ്യത്ത്വത്തിനും ആഗോളവൽക്കരണത്തിനും എതിരായ വികാരം ശക്തിപ്പെട്ടു വരികയാണ് എന്നും സോഷ്യലിസത്തിന് പ്രസക്തി വര്ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി എം.പി.ഫ്രാൻസിസ് ജോർജ്, ടി.കെ.ബാലൻ , എം.ആർ. അപ്പൻ, എം.എം.മണി, റഷീദ് കണിച്ചേരി, എം.കൃഷ്ണൻ എന്നിവരും ഉത്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. സഖാവ് കെ.എൻ.രവീന്ദ്രനാഥ്  പ്രഭാഷണം  നടത്തി

 

സാർവദേശീയ ദേശീയ സംഭവവികാസങ്ങളെ സമഗ്രമായി പരിശോധിച്ചുകൊണ്ടുള്ള ജനറൽ സെക്രട്ടറീസ് റിപ്പോർട്ട് ചർച്ചകൾക്കും മറുപടിക്കും ശേഷം അംഗീകരിച്ചു. സുഹൃദ് സമ്മേളനം സി.ഐ.ടി.യു.ജനറൽ സെക്രട്ടറി പി.കെ.ഗുരുദാസൻ ഉത്ഘാടനം ചെയ്തു.വിവിധ വർഗ്ഗ ബഹുജന സംഘടനാ നേതാക്കള്‍ പങ്കെടുത്തു.  സർക്കാർ നവീകരണ പരിപാടികളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ തോമസ് ഐസക്ക് എം.എൽ.എ പ്രഭാഷണം നടത്തി . തമിഴ്നാട് ഗവ എംപ്ലോയീസ് നേതാക്കൾക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി.ആർ.മുത്തു സുന്ദരം ,തമിഴ്ശെൽവി, എം.ആർ. അപ്പൻ എന്നിവര്‍ അഭിവാദ്യം ചെയ്തു.

ശമ്പളപരിഷ്കരണവും ഇടക്കാലാശ്വാസവും നേടിയെടുക്കുവാനും ജനദ്രോഹ നയങ്ങളെ ചെറുത്തു തോൽപ്പിക്കാനും  വിട്ടു വീഴ്ചയില്ലാത്ത പോരാട്ടത്തിന് തയ്യാറെടുക്കുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു.

നാല്‍പ്പത്തിരണ്ടാം സംസ്ഥാന സമ്മേളനം 2005 മേയ് 14,15,16,17 ആലപ്പുഴ

 

42ാം സംസ്ഥാനസമ്മേളനം മേയ് 14 മുതൽ 17 വരെ ആലപ്പുഴ മുനിസിപ്പല്‍ മൈതാനിയില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍(ടി.കെ.ബാലന്‍ നഗര്‍) നടന്നു.മേയ് 14നു രാവിലെ സംസ്ഥാന പ്രസിഡന്റ് വി.എം.പവിത്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന കൌണ്‍സില്‍ യോഗം പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. വൈകുന്നേരം നാലുമണിക്ക് ചേര്‍ന്ന കൌണ്‍സില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്                                    :           വി.എം.പവിത്രന്‍

 വൈ.പ്രസിഡന്റുമാര്‍            :           കെ.പി.മേരി, പി.എസ്.തങ്കപ്പന്‍, ജി.വിജയകുമാര്‍

 ജന: സെക്രട്ടറി                 :           സി.എച്ച്.അശോകന്‍

 സെക്രട്ടറിമാര്‍                   :           കെ.മോഹനന്‍, പി.വി.രത്നാകരന്‍, ജി.വിജയകുമാര്‍

 ട്രഷറര്‍                           :           കെ.രാജേന്ദ്രന്‍

 

വൈകിട്ട് 5നു ആരംഭിച്ച പ്രതിനിധി സമ്മേളനം ‘ദി ഹിന്ദു’ പത്രാധിപര്‍ ശ്രീ.എന്‍.റാം  ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം രാവിലെ ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഖിലേന്ത്യാ ഫെഡറേഷന്‍ പ്രസിഡന്റ്  ആര്‍.ജി. കാര്‍ണിക്, ജനറല്‍സെക്രട്ടറി സുകോമള്‍സെന്‍ എന്നിവർ അഭിവാദ്യം ചെയ്തു. വിവിധ സംഘടനാ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സുഹൃദ്സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു “ആഗോള വല്‍ക്കരണത്തിന്റെ പ്രത്യാഖാതം – ഇന്ത്യന്‍ സമൂഹത്തില്‍” എന്ന വിഷയത്തില്‍ ഡോ.തോമസ്‌.ഐസക്ക്‌ എം.എല്‍.എയും പ്രഭാഷണം നടത്തി. മൂന്നാം ദിവസം രാവിലെ “ട്രേഡ് യൂണിയന്‍ രംഗത്തെ കടമകളെ” ക്കുറിച്ച് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. വനിതാ രംഗത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് ടി.എന്‍.ജി.ഇ.എ. സെക്രട്ടറി തമിഴ്ശെൽവി പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴിക്കോട് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്നിവര്‍ പങ്കെടുത്തു.16നു ജനറല്‍സെക്രട്ടറി സംഘടനാ രേഖ അവതരിപ്പിച്ചു. “ശമ്പളപരിഷ്കരണവും ഇടക്കാലാശ്വാസവും അടിയന്തിരമായി ലഭ്യമാക്കാനും ജനദ്രോഹ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്തുവാനും യോജിച്ചണിനിരക്കുക” എന്ന  പരിപാടിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സമ്മേളനം 39 പ്രമേയങ്ങൾ അംഗീകരിച്ചു. സമ്മേളനസമാപന പ്രകടനത്തിൽ ഇരുപതിനായിരത്തില്‍പ്പരം ജീവനക്കാര്‍ പങ്കെടുത്തു. തുടര്‍ന്ന് ഭട്ടതിരിപ്പുരയിടത്തിലെ ഇ.കെ..നായനാര്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

43-ാം സംസ്ഥാന സമ്മേളനം  2006 ജൂൺ 4,5,6,7 അടൂർ

43 സംസ്ഥാന സമ്മേളനം 2006 ജൂൺ 4 മുതൽ 7 വരെ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നടന്നു. യു.ഡി.എഫ്.സർക്കാർ നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുൾപ്പെടെ നടത്തിയ ചെറുത്തുനിൽപ്പ് പോരാട്ടങ്ങൾക്ക് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സമ്മേളനം നടന്നത്. ജൂണ് 4 രാവിലെ 9.30 ന് സംസ്ഥാന പ്രസിഡന്റ്  വി എം പവിത്രൻ പതാക ഉയര്ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. ഒരു വർഷക്കാലത്തെ പ്രവര്‍ത്തന റിപ്പോർട്ടും വരവു ചെലവു കണക്കും സമ്മേളനം അംഗീകരിച്ചു.പുതിയ ഭാരവാഹികളെ താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്                                   – വി.എം.പവിത്രൻ

 വൈസ് പ്രസിഡന്റ്             – കെ പി മേരി, പി.എസ്സ്.തങ്കപ്പൻ, ജി.വിജയകുമാർ

 ജനറൽ സെക്രട്ടറി                          – സി.എച്ച്.അശോകൻ

 സെക്രട്ടറിമാർ                               – കെ.മോഹനൻ, കെ.രാജേന്ദ്രൻ,പി.വി.രത്നാകരൻ,

 ട്രഷറർ                                       – എസ്.ശ്രീകണ്‌ഠേശൻ

 

സി.ഐ.ടി.യു ദേശീയ പ്രസിഡന്റ് എം.കെ.പാന്ഥെ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു.  കേരള സംസ്ഥാനത്തിന്‍റെ വികസനം, ആഗോളവത്കരണവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന സെമിനാറുകളിൽ ടി.എം.തോമസ് ഐസക്ക്, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. സിവിൽ സർവീസിന്റെ സാമൂഹ്യ പ്രതിപബദ്ധതയെ കുറിച്ച് അൽഫോൻസ് കണ്ണന്താനം എം.എൽ.എ യും ഡോ.എൻ.കെ.ജയകുമാറും പ്രഭാഷണങ്ങള്‍ നടത്തി.

സുഹൃദ് സമ്മേളനം തൊഴിൽ വകുപ്പ് മന്ത്രി പി.കെ.ഗുരുദാസൻ ഉത്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷൻ ചെയർ‌മാൻ ആർ.ജി.കാർണിക് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എൻ.രവീന്ദ്രനാഥ്, കെ കെ ശൈലജ ടീച്ചർ എം.എൽ.എ, കെ.ഇ.എൻ.കുഞ്ഞഹമ്മദ് എന്നിവർ സമ്മേളനത്തിന്റ വിവിധ സെഷനുകളിൽ സംസാരിച്ചു.

സാമ്പത്തിക നയത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുക സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുക എന്ന പരിപാടി പ്രമേയം സമ്മേളനം അംഗീകരിച്ചു. ഇതിനു പുറമെ 34 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സമാപനദിവസം പതിനായിരത്തിലധികം ജീവനക്കാർ അണിനിരന്ന പ്രകടനവും സമ്മേളനവും നടന്നു. പൊതുസമ്മേളനം വ്യവസായ വകുപ്പ് മന്ത്രി എളമരം കരിം ഉത്ഘാടനം ചെയ്തു.

നാല്‍പ്പത്തിനാലാം സംസ്ഥാന സമ്മേളനം. 2007 ഏപ്രിൽ 30,മെയ് 1,2,3 കോഴിക്കോട്

 

യൂണിയന്‍റെ നാല്‍പ്പത്തിനാലാം സംസ്ഥാന സമ്മേളനം 2007 ഏപ്രില്‍ 30,മെയ് 1,2,3 കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്നു. കേരള സംസ്ഥാനരൂപീകരണം നടന്ന് 50 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭം, കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ആദ്യമായി അധികാരത്തില്‍വന്ന സര്‍ക്കാരിന്‍റെ 50-ാം വാര്‍ഷികം ഇങ്ങനെ ഒട്ടേറെ പ്രത്യേകത നിറഞ്ഞ വര്‍ഷമാണ് 2007.

സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് കടപ്പുറത്തെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ സമ്മേളനപ്രതിനിധികള്‍ സ്മരണ പുതുക്കി. പ്രസിഡന്‍റ് വി.എം. പവിത്രന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. നിലവിലുള്ള കൌണ്‍സില്‍യോഗത്തില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. വൈകുന്നേരം 4 മണിക്ക് കെ. മോഹനന്‍റെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന കൌണ്‍സില്‍ യോഗം താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                                                          :  കെ. പി. മേരി

 വൈസ് പ്രസിഡന്‍റ്                                               : കെ. ശശീന്ദ്രന്‍, പി.എച്ച്.എം. ഇസ്മയില്‍, ടി.പി. മാധവന്‍

 ജനറല്‍ സെക്രട്ടറി                                                  : കെ. രാജേന്ദ്രന്‍

 സെക്രട്ടറിമാര്‍                                                       :കെ. മോഹനന്‍, പി.വി. രത്നാകരന്‍, ബി. ആനന്ദക്കുട്ടന്‍‍

 ട്രഷറര്‍                                                               : എസ്. ശ്രീകണ്ഠേശൻ

 

പ്രതിനിധിസമ്മേളനം തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി പാലൊളി മുഹമ്മദ്കുട്ടി നിര്‍വ്വഹിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ CITU സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം. ലോറന്‍സ്, CITU സംസ്ഥാന സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, FSETO പ്രസിഡന്‍റ് എ.കെ. ചന്ദ്രന്‍, കോണ്‍ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി എം.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മിഠായിത്തെരുവ് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് എന്‍.ജി.ഒ. യൂണിയന്‍ സമാഹരിച്ച 2,60,000 രൂപ പാലൊളി മുഹമ്മദ്കുട്ടിയെ ഏല്‍പ്പിച്ചു. ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കും മറുപടിക്കും ശേഷം അംഗീകരിച്ചു. സുഹൃദ്സമ്മേളനം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വിവധസഹോദര സംഘടനാനേതാക്കള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ഇതര സംസ്ഥാനങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു. ബി. സച്ചിതാനന്ദമൂര്‍ത്തി (കര്‍ണ്ണാടക), മഹാദേവ മഠപതി (കര്‍ണ്ണാടക) എസ്.എസ്.ഹാഡ്‌ലി (കര്‍ണ്ണാടക), ആശിഷ് കെ. ദസ്റോയി (ത്രിപുര), മഞ്ജുള്‍കുമാര്‍ ദാസ് (ബിഹാര്‍), ജ്യോതിപ്രസാദ് ബസു (വെസ്റ്റ് ബംഗാള്‍), ആനന്ദകുമാര്‍ ബന്ദോപാദ്ധ്യായ (വെസ്റ്റ് ബംഗാള്‍), സുനില്‍ ജോഷി  (മുംബൈ). സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സെമിനാറില്‍ “ധനകാര്യ മാനേജ്മെന്‍റും കേരള വികസനവും” എന്ന വിഷയത്തില്‍ സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോഃ ടി.എം തോമസ് ഐസക് പ്രഭാഷണം നടത്തി. “പദ്ധതി നിര്‍വ്വഹണവും ജീവനക്കാരും” എന്ന വിഷയത്തില്‍ പ്രൊഃ ടി.പി. കുഞ്ഞിക്കണ്ണൻ സംസാരിച്ചു. “മാദ്ധ്യമ ഇടപെടല്‍ ജനാധിപത്യ സമൂഹത്തില്‍” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാറില്‍ പിണറായിവിജയന്‍ സംസാരിച്ചു. കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. “കേരളത്തിലെ എന്‍.ജി.ഒ. പ്രസ്ഥാനം” എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച പതിപ്പ് സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. മോഹനന്‍ അവതരിപ്പിച്ച “നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാ ക്കാനുള്ള നടപടികള്‍ ആരംഭിക്കുക” എന്ന  പരിപാടിപ്രമേയം ഐകകണ്‍ഠ്യേന അംഗീകരിച്ചു. 26 മറ്റു പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

യൂണിയന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന വി.എം.പവിത്രന്‍, ജനറല്‍സെക്രട്ടറിയായിരുന്ന സി.എച്ച്. അശോകന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന ജി. വിജയകുമാര്‍, പി.എസ്.തങ്കപ്പന്‍, സംസ്ഥാന സെക്രട്ടറിയായിരുന്ന യു. ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ്സമ്മേളനം മന്ത്രി പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ചരിത്രപ്രദര്‍ശനം ഏപ്രിൽ 29 മുതല്‍ മെയ് 3 വരെ നടന്നു. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് വടകര കോട്ടപ്പറമ്പില്‍ വിദ്യാഭ്യാസ സാംസ്കാരിക സെമിനാര്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടൌണ്‍ഹാളില്‍ “ജുഡീഷ്യറിയും സാമൂഹ്യ നീതിയും” എന്നസെമിനാര്‍ നിയമവകുപ്പുമന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് വൈകിട്ട് 4.45-ന് കോഴിക്കോട് കടപ്പുറത്തുനിന്നും ആരംഭിച്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം വിവധകലാപരിപാടികളുടെ അകമ്പടിയോടെ 6.30-ന് മുതലക്കുളം മൈതാനിയിൽ (ചിത്തബ്രത മജുംദാര്‍ നഗര്‍) സമാപിച്ചു. സമാപനസമ്മേളനം പി.കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി എൻ.കെ.പ്രേമചന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രന്‍  MLA , മുന്‍ വനംവകുപ്പുമന്ത്രി സി.കെ. നാണു, വി.സി. ചാണ്ടിമാസ്റ്റര്‍, ആര്‍.ജി. കാര്‍ണിക്, സുകോമള്‍സെന്‍ എന്നിവര്‍ സംസാരിച്ചു.

നാല്‍പ്പത്തഞ്ചാം സംസ്ഥാന സമ്മേളനം  2008 ഏപ്രിൽ 27,28,29 തിരുവനന്തപുരം

 

നാല്‍പ്പത്തഞ്ചാം സംസ്ഥാന സമ്മേളനം 2008 ഏപ്രിൽ 27,28,29 തീയതികളില്‍ തിരുവനന്തപുരത്ത് എ.കെ.ജി. ഹാളില്‍ നടന്നു. ഏപ്രിൽ 27-ന് രാവിലെ 9.30-ന് പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികൾക്ക് തുടക്കമായി. പഴയ കൌണ്‍സില്‍ യോഗം ചേർന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കുകളും ചര്‍ച്ചചെയ്ത് അംഗീകരിച്ചു.  പുതിയ കൌണ്‍സില്‍ ചേർന്ന് താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ്                      :  കെ. പി. മേരി

 വൈസ് പ്രസിഡന്‍റ്            :  കെ.ശശീന്ദ്രന്‍,  പി.എച്ച്.എം. ഇസ്മയില്‍,   ടി.പി. മാധവന്‍

 ജനറല്‍ സെക്രട്ടറി              : കെ. രാജേന്ദ്രന്‍

 സെക്രട്ടറിമാര്‍                   : പി.വി.രത്നാകരന്‍,  എ.ശ്രീകുമാര്‍,  ടി.സി. മാത്തുക്കുട്ടി

 

ട്രഷറര്‍                            : എസ്.ശ്രീകണ്‌ഠേശൻ

 

വൈകുന്നേരം 4മണിക്ക് ചേര്‍ന്ന പ്രതിനിധിസമ്മേളനം സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോഃ ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.

പിറ്റേദിവസം രാവിലെ 9-ന് ആരംഭിച്ച പ്രതിനിധിസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. 11മണിക്ക് ആരംഭിച്ച സുഹൃദ്സമ്മേളനം CITU സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം  “കേന്ദ്ര-സംസ്ഥാന സമ്പത്തിക ബന്ധങ്ങളും കേരളത്തിന്‍റെ വികസനവും” എന്ന വിഷയത്തെ ആധാരമാക്കി നടന്ന സെമിനാര്‍ സംസ്ഥാന നിയമ-പാര്‍ലമെന്‍ററി മന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫഃ എം.എ. ഉമ്മര്‍ പ്രഭാഷണം നടത്തി.

ഏപ്രില്‍ 29 രാവിലെ 9 മണിക്ക് ആരംഭിച്ച പ്രതിനിധിസമ്മേളനത്തില്‍ AISGEF  ജനറല്‍സെക്രട്ടറി സുകോമള്‍സെന്‍ പ്രഭാഷണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.ശൈലജ ടീച്ചര്‍ MLA പ്രഭാഷണം നടത്തി. “ജനവിരുദ്ധ നയങ്ങളെ ചെറുത്തുതോല്‍പിക്കുക, സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുക” എന്ന പരിപാടിപ്രമേയം സമ്മേളനം ചര്‍ച്ചചെയ്ത് അംഗീകരിച്ചു.

സര്‍വ്വീസില്‍നിന്നു വിരമിച്ച മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കെ.മോഹനനും ബി. ആനന്ദക്കുട്ടനും യാത്രയയപ്പ് നല്‍കി. പ്രസിഡന്‍റ് കെ. പി. മേരിയുടെ ഉപസംഹാരപ്രസംഗത്തോടെ സമ്മേളന നടപടികള്‍ക്ക് തിരശ്ശീല വീണു.

നാൽപ്പത്തിയാറാം സംസ്ഥാന സമ്മേളനം 2009 ജൂൺ 13,14,15, ആലുവ

 

46ാം സംസ്ഥാനസമ്മേളനം ജൂൺ 13 മുതൽ 15 വരെ തിയ്യതികളില്‍ എറണാകുളം ജില്ലയിലെ ആലുവയില്‍ വച്ച് നടന്നു. ജൂൺ 13നു രാവിലെ 9.30നു സംസ്ഥാന പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. 2009 മേയ് മാസത്തില്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കോണ്ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ സഹാചര്യതിലാണ് സമ്മേളനം നടന്നത്.

നിലവിലുണ്ടായിരുന്ന കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു. പുതിയ കൌണ്‍സില്‍ യോഗം ചേര്‍ന്ന് താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 പ്രസിഡന്റ്                                   :           കെ.പി.മേരി

 വൈ.പ്രസിഡന്റുമാര്‍            :           കെ.ശശീന്ദ്രന്‍, പി.എച്ച്.എം.ഇസ്മയില്‍, ഇ.പ്രേംകുമാര്‍

 ജന: സെക്രട്ടറി                 :           കെ.രാജേന്ദ്രന്‍

 സെക്രട്ടറിമാര്‍                   :           പി.വി.രത്നാകരന്‍, എ.ശ്രീകുമാര്‍, ടി.സി.മാത്തുക്കുട്ടി

 ട്രഷറര്‍                           :           എസ്.ശ്രീകണ്ഠേശന്‍

 

തുടര്‍ന്ന്  ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു. റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കും ജനറല്‍ സെക്രട്ടറി നല്‍കിയ വിശദീകരനങ്ങള്‍ക്കും ശേഷം സമ്മേളനം അംഗീകരിച്ചു.

സുഹൃദ്സമ്മേളനം സംസ്ഥാന ഫിഷറീസ് മന്ത്രി എസ്.ശര്‍മ്മ ഉദ്ഘാടനം ചെയ്തു. “തൊഴിലാളി സംഘടനകളും ജാതിമത ഇടപെടലുകളും”  എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന ജനറല്‍സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജനറല്‍സെക്രട്ടറി  കാനം രാജേന്ദ്രന്‍, ഐ.എന്‍.ടി.യു.സി. വൈസ് പ്രസിഡന്‍റ് അഡ്വ:കെ.പി.ഹരിദാസ് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

അഖിലേന്ത്യാ ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി ര്‍.മുത്തുസുന്ദരം വൈസ് ചെയര്‍മാന്‍ തമിഴ് ശെല്‍വി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി സ:ടി.എം.തോമസ്‌ ഐസക്ക് പ്രഭാഷണം നടത്തി.

“കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുക ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക” എന്ന പരിപാടി പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്തംഗീകരിച്ചു. ഇതിനു പുറമേ സര്‍വീസിന്റെ കാര്യക്ഷമതാ പ്രശ്നം സംബന്ധിച്ച രേഖയും സമ്മേളനം ചര്‍ച്ച ചെയ്തംഗീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍, ഏറണാകുളത്ത് “ആഗോളവല്‍കരണവും തൊഴിലെടുക്കുന്ന വനിതകളും” എന്ന വിഷയത്തില്‍ ജൂണ്‍ 5നും “കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍” എന്ന വിഷയത്തില്‍ മൂവാറ്റുപുഴയിലും സെമിനാറുകള്‍ നടന്നിരുന്നു. ജൂണ്‍ 10നു ആലുവയില്‍ സാംസ്കാരിക സമ്മേളനവും നടന്നിരുന്നു.

സമാപനദിവസം ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

47-ാം സംസ്ഥാന സമ്മേളനം  2010 മാര്‍ച്ച്   11,12,13 കാസറഗോഡ്

 

47-ാം സംസ്ഥാന സമ്മേളനം കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്നു. മാര്‍ച്ച് 11ന് രാവിലെ 9.30 പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. പുതിയകൗണ്‍സില്‍യോഗം താഴെപ്പറയുന്നവരെ ഭാരവാഹികളായ തിരഞ്ഞെടുത്തു.

പ്രസിഡന്റ്                                                :പി.എച്ച്.എം. ഇസ്മയിൽ

 വൈസ് പ്രസിഡെന്റ്മാര്‍                               :കെ.ശശീന്ദ്രന്‍, ഇ.പ്രേംകുമാര്‍,  ആര്‍.ഗീതാഗോപാല്‍

 ജനറല്‍ സെക്രട്ടറി                                      :എ.ശ്രീകുമാര്‍

 സെക്രട്ടറിമാര്‍                                           :ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍, അജയന്‍.കെ.മേനോന്‍

 ട്രഷറര്‍                                                   :എസ് ശ്രീകണ്ഠേശന്‍

പ്രതിനിധി സമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

രാത്രി ഏഴുമണിക്ക് ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയോടെയാണ് രണ്ടാം ദിവസ സമ്മേളന നടപടികളാരംഭിച്ചത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള  സംഘടനാ നേതാക്കള്‍  പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സുഹൃദ് സമ്മേളനം കെ.കുഞ്ഞിരാമന്‍ എം​.എല്‍.എ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍  തമിഴ് ശെല്‍വി പി.കരുണാകരൻ എം.പി.എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

‘ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കുക, ഇടതുപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തുപകരുക’ എന്ന പരിപാടി പ്രമേയം ടി.സി.മാത്തുക്കുട്ടി അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പരിപാടി പ്രമേയം അംഗീകരിച്ചു. മറ്റ് 24 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സര്‍വീസില്‍നിന്നും നിന്നും വിരമിക്കുന്ന മുന്‍ പ്രസിഡന്റ് കെ.പി.മേരി, മുൻ ജനറല്‍ സെക്രട്ടറി കെ.രാജേന്ദ്രന്‍  എന്നിവര്‍ക്ക് സമ്മേളനം യാത്രയയപ്പ് നൽകി.  പ്രസിഡന്റ് പി.എച്ച്.എം ഇസ്മയിലിന്റെ ഉപസംഹാര പ്രസംഗത്തോടെ സമ്മളനം സമാപിച്ചു.

48-ാം സംസ്ഥാനസമ്മേളനം 2011 ജൂണ്‍ 26,27,28 തിരുവനന്തപുരം

48-ാം സംസ്ഥാനസമ്മേളനം 2011 ജൂൺ 26,27,28 തീയ്യതികളിൽ തിരുവനന്തപുരത്ത് നടന്നു. രാജ്യത്ത് ജനാധിപത്യപൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആഭ്യന്തരഅടിയന്തരാവസ്ഥയുടെ വാര്‍ഷികത്തിന്‍റേയും നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കുന്ന രണ്ടാം യി.പി.എ സര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ രാജ്യത്തൊട്ടാകെ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്ന കാലഘട്ടം. ജാതിമതശക്തികളുടെ പിന്തുണയോടെ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കിതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് യൂണിയന്‍റെ 48-ാം സംസ്ഥാനസമ്മേളനം ചേരുന്നത്.

ജൂണ്‍ 6 രാവിലെ 9.30 ന് പ്രസിഡന്‍റ് പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.

പുതിയ കൗണ്‍സില്‍ സംഘടനാചരിത്രത്തില്‍ അവിസ്മരണീയമായ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്തു. സംസ്ഥാനജീവനക്കാര്‍ക്കാകെ ഏക സംഘടനയെന്ന യൂണിയന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്ക് വലിയൊരു ചുവട് വെയ്പ്പായി കൗണ്‍സില്‍ മാറി. കേരളപഞ്ചായത്ത് എംപ്ളോയീസ് അസോസിയേഷനും കേരള ഗവണ്മെന്‍റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയനും കേരള എന്‍‍.ജി.ഒ യൂണിയനില്‍ ലയിച്ചു. ജനറല്‍സെക്രട്ടറി അവതരിപ്പിച്ച ലയനപ്രമേയം സംസ്ഥാനകൗൺ‌സിൽ അംഗീകരിച്ചു. തുടര്‍ന്ന്  ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .                                   : പി.എ​ച്ച്.എം.ഇസ്മയില്‍ 

 വൈസ് പ്രസിഡന്‍റ്മാര്‍                   : കെ.ശശീന്ദ്രന്‍, ആര്‍.ഗീതാഗോപാല്‍, ഇ.പ്രേംകുമാര്‍,   ടി.സി.രാമകൃഷ്ണൻ           

 ജനറല്‍ സെക്രട്ടറി                           : എ.ശ്രീകുമാര്‍

 സെക്രട്ടറിമാര്‍                                 :ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍, അജയന്‍.കെ.മേനോന്‍, കെ.ആര്‍.രാജന്‍     

ട്രഷറര്‍                 :എസ്.ശ്രീകണ്ഠേശന്‍

 

പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. ദേശീയവൈസ്പ്രസിഡന്‍റ് ഡോ.എം.കെ.പാന്ഥെ ഉദ്ഘാടനം ചെയ്തു. ആര്‍.മുത്തുസുന്ദരം, എ.ശ്രീകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംമ്മേളനത്തെ അഭിവാദ്യം ചെയ്തു.

സുഹൃദ്സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനംചെയ്തു. കേരളത്തിന്‍റെ ഭാവി എന്ന വിഷയത്തില്‍ ഡോ.ടി.എം.തോമസ് ഐസക്ക് പ്രഭാക്ഷണം നടത്തി. ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കുക സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുക എന്ന പരിപാടിപ്രമേയം ചര്‍ച്ചയ്ക്ക് ശേഷം അംഗീകരിച്ചു. സ്ത്രീകളുടെ സാമൂഹികപദവിയും സുരക്ഷയും എന്ന വിഷയത്തില്‍ സ.പി.കെ.ശ്രീമതി പ്രഭാക്ഷണം നടത്തി. എ.ലത കണ്‍വീനറായി വനിതാസബ്കമ്മറ്റി രൂപീകരിച്ചു.

വൈകുന്നേരം ആയിരങ്ങള്‍ അണിനിരന്ന പ്രകടനം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. പുത്തരിക്കണ്ടം ഇ.കെ.നായനാര്‍ പാര്‍ക്കില്‍ പൊതുസമ്മേളനം പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്താനും വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും യോജിച്ചണിനിരക്കണമെന്ന് സഖാവ് ആഹ്വാനം ചെയ്തു. സി.എന്‍.ചന്ദ്രൻ, എം.എല്‍.എ മാരായ മാത്യു.ടി.തോമസ്, എ.എ.അസീസ്, എ.കെ.ശശീന്ദ്രന്‍ എ.ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

49-ാം സംസ്ഥാനസമ്മേളനം 2012 മെയ് 5,6,7  കൊല്ലം

 

49-ാം സംസ്ഥാനസമ്മേളനം 2012 മെയ് 5,6,7  തീയതികളില്‍  കൊല്ലത്ത് നടന്നു. സി.കേശവന്‍ മെമ്മോറിയല്‍ ഹാളില്‍(എം.കെ.പാന്ഥെ നഗര്‍) മെയ്5 ന് രാവിലെ 9 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 പ്രസിഡന്‍റ് .                    : പി.എ​ച്ച്.എം.ഇസ്മയില്‍ 

 വൈസ് പ്രസിഡന്‍റ്മാര്‍        : കെ.ശശീന്ദ്രന്‍, ആര്‍.ഗീതാഗോപാല്‍, ഇ.പ്രേംകുമാര്‍,ടി.സി.രാമകൃഷ്ണന്‍           

 ജനറല്‍ സെക്രട്ടറി              : എ.ശ്രീകുമാര്‍

 സെക്രട്ടറിമാര്‍                     :ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍,അജയന്‍.കെ.മേനോന്‍, കെ.ആര്‍.രാജന്‍     

 ട്രഷറര്‍                            :എസ്.ശ്രീകണ്ഠേശന്‍

പ്രതിനിധിസമ്മേളനം കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.രാജഗോപാൽ, ആര്‍.മുത്തുസുന്ദരം, എം.ഷാജഹാന്‍, പി.രഘുനാഥന്‍പിള്ള എന്നിവര്‍ സംമ്മേളനത്തെ അഭിവാദ്യം ചെയ്തു.

കെ.എന്‍.രവീന്ദ്രനാഥ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്കുശേഷം നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു.സംസ്ഥാനജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. മതനിരപേക്ഷത സമകാലികകേരളത്തില്‍ എന്ന സെമിനാര്‍ ഡോ.കെ.എന്‍.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.നൈനാന്‍ കോശി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ പ്രഭാക്ഷണങ്ങള്‍ സെമിനാറിനെ ശ്രദ്ധേയമാക്കി. സംഘടനയുടെ വരും കാല പ്രക്ഷോഭങ്ങളുടെ ദിശാസൂചികയായ പരിപാടിപ്രമേയം 7-ാം തീയതി രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ജനവിരുദ്ധനയങ്ങള്‍ തിരുത്തുവാനും പെന്‍ഷനും വേതനഘടനയും സംരക്ഷിക്കുവാനുമുള്ള പ്രക്ഷോഭങ്ങളില്‍ യോജിച്ചണിനിരക്കുക എന്ന പ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അരക്ഷിതമാകുന്ന സ്ത്രീസമൂഹവും പ്രതിരോധവും എന്ന വിഷയത്തില്‍ എ.ഐ.ഡി.ഡബ്ളിയു.എ ജോയിന്‍റ് സെക്രട്ടറി യു.വാസുകി പ്രഭാക്ഷണം നടത്തി. ജനപക്ഷനയങ്ങള്‍ പൊളിച്ചെഴുതുമ്പോള്‍ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഡോ.ടി.എം.തോമസ് ഐസക്ക് എം.എല്‍.എ പ്രഭാഷണം നടത്തി. കൊല്ലം ജില്ല കേന്ദ്രീകരിച്ചുനടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാരായ സി.ദിവാകരന്‍, എ.എ.അസീസ്എന്നിവര്‍ സംസാരിച്ചു.

സുവര്‍ണ്ണ ജൂബിലി സമ്മേളനം.

 

2012ഒക്ടോബര്‍ 27 ന് തിരുവനന്തപുരത്ത് തുടങ്ങിവച്ച സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് 2013 മെയ്  10, മുതല്‍14വരെ തൃശൂരില്‍ ചേര്‍ന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തോടെ പരിസമാപ്തിയായി. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തെക്കെ ഗോപുര നടയില്‍ ആര്‍.സുരേന്ദ്രന്‍ നഗറിൽ ബി.ആനന്ദകുട്ടനും ആര്‍.ശെല്‍വനും ചേര്‍ന്ന്  ക്രമീകരിച്ച ചരിത്ര പ്രദര്‍ശനം കലാമണ്ഡലം ഹൈമവതി ഉദ്ഘാടനം ചെയ്തു. മെയ് 5 ന് പ്രധാന കേന്ദ്രങ്ങളിൽ വര്‍ണ്ണ ശബളമായ ഘോഷയാത്ര നടത്തി.ഏപ്രില്‍ 29 ന് പതാക ദിനത്തിൽ ആയിരം കേന്ദ്രങ്ങളിൽ പതാക ഉയര്‍ത്തി. കലാ-കായികമത്സരങ്ങള്‍, വിവിധവിഷയങ്ങളില്‍ പ്രഗത്‍ഭരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാറുകള്‍, വനിതാകൂട്ടായ്മകൾ, കലാജാഥകള്‍, സാന്ത്വനപ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ രക്തദാനസംഘങ്ങളുടെ രൂപീകരണം തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി. പ്രചരണാര്‍ത്ഥം 5 ഗാനങ്ങൾ അടങ്ങിയ സി.ഡി പ്രകാശനം ചെയ്തു. എടപ്പാളില്‍ ഇ.പത്മനാഭന്‍ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് തൃശൂരില്‍ ആർ.രാമചന്ദ്രന്‍ നഗറില്‍ സമ്മേളന നടപടിക്കു തുടക്കമിട്ടത്. മെയ് 10ന് രാവിലെ 11മണിക്ക് ചേര്‍ന്ന കൗണ്‍സില്‍യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവ് കണക്കുകളും അവതരിപ്പിച്ച് അംഗീകരിച്ചു. സംഘടനാഘടകങ്ങളുടെ പുനര്‍നാമകരണം, സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ബൈലാഭേദഗതി എന്നിവ അംഗീകരിക്കപ്പെട്ടു.സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനത്തിന്റെ  വിശദാംശങ്ങളടങ്ങിയ ആല്‍ബം പ്രശസ്ത ചിത്രകാരന്‍ പ്രൊഫ.ഇ.രാജന്‍ പ്രകാശനംചെയ്തു.വൈകിട്ട് 5.15 ന് പുതിയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

 

പ്രസിഡന്റ്                                                :പി.എച്ച്.എം. ഇസ്മയിൽ

 വൈസ് പ്രസിഡന്റുമാര്‍                                :കെ. ശശീന്ദ്രന്‍, ഇ.പ്രേംകുമാര്‍, ആര്‍.ഗീതാഗോപാല്‍, ടി.സി.രാമകൃഷണന്‍

 ജനറല്‍ സെക്രട്ടറി                                      :എ.ശ്രീകുമാര്‍

 സെക്രട്ടറിമാര്‍                                            :ടി.സി മാത്തുക്കുട്ടി, പി.എം. രാമന്‍,അജയന്‍.കെ.മേനോന്‍, കെ.സുന്ദരരാജന്‍

ട്രഷറര്‍                                                       എസ് ശ്രീകണ്ഠേശന്‍

കാസര്‍ഗോഡ് , നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നും മെയ്8ന് ആരംഭിച്ച കൊടിമര, പതാക ജഥകള്‍ മെയ് 10ന് പൊതുസമ്മേളന നഗറില്‍ സംഗമിച്ചു. പൊതുസമ്മേളനവേദിയായ സി.ഒ പൗലോസ് മാസ്റ്റര്‍ നഗറിൽ (വിദ്യാര്‍ത്ഥി കോര്‍ണ്ണര്‍) സ്വാഗത സംഘം ചെയര്‍മാന്‍ എ.സി.മൊയ്തീന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കലാജാഥകളില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കലാമത്സരവിജയികള്‍ക്കുള്ള പുരസ്കാരദാനവും കോഴിക്കോട് ‘റിമബ്രന്‍സ്’ തിയേറ്ററിന്റെ  ‘കിഴവനും കടലും”എന്ന നാടകം അരങ്ങേറി.മെയ് 11ന് രാവിലെ 9 മണിക്ക് ആര്‍.രാമചന്ദ്രന്‍ നഗറിൽ (ജില്ലാബാങ്ക് ഓഡിറ്റോറിയത്തില്‍)  രക്തസാക്ഷി അഭിവാദനത്തിനും ഗാനാലാപനത്തിനും തായമ്പകമേളത്തിനും ശേഷം പ്രസിഡന്റ്  പി.എച്ച്.എം. ഇസമയില്‍ പതാകഉയർത്തി. പത്തുമണിക്ക് പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമപ്രവ്ര‍ത്തകന്‍ ശ്രീ പി.സായിനാഥ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക് 12.15ന് ആരംഭിച്ച സുഹൃത്ത് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. 5.30ന് പി.ഗോവിന്ദപ്പള്ള നഗറിൽ നടന്ന മാധ്യമ സെമിനാര്‍ ശ്രീ.വെങ്കിടേഷ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.പെരുവനം കുട്ടന്‍മാരാരും സ​ഘവും അവതരിപ്പിച്ച പാണ്ടിമേളം അരങ്ങേറി.

മെയ് 12 രാവിലെ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കുശേഷം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സാര്‍വ്വദേശീയ ട്രേഡ്‌യൂണിയൻ നേതാവും ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫോര്‍ പബ്ലിക് എംപ്ലോയീസ് പ്രസിഡന്റ് ലുലാ മിലാ സുതാക്ക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഉച്ചക്കശേഷം 2.15ന് ചേര്‍ന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ഹെല്‍ത്ത് എജ്യൂക്കേഷന്‍ ആന്റ് അലൈഡ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് സ്വാണ്ട് ലേ മിഖായേല്‍ മക്വയ്ബ നിര്‍വ്വഹിച്ചു. ഗോവിന്ദപ്പിള്ള നഗറില്‍ നടന്ന സാംസ്കാരിക സന്ധ്യയില്‍ ഡോ.സിര്‍പ്പി ബാലസുബ്രഹ്മണ്യം, കെ.പി.രാമനുണ്ണി, വൈശാഖന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീ ജയരാജ് വാര്യര്‍അവതരിപ്പിച്ച് കല്ലറ ഗോപന്‍ നേതൃത്വം നൽകിയ പാട്ടുമഴ അങ്ങേറി

മെയ് 13ന് രാവിലെ 9മണിക്ക് സംഘടനാരേഖ  അവതരിപ്പിച്ചു. ചര്‍ച്ചകൾക്ക് ശേഷം രേഖ അംഗീകരിച്ചു.11മണിക്ക് പൂര്‍വ്വകാല നേതാക്കളുടെ സംഗമം നടന്നു ഉച്ചയ്കുശേഷം 2.30ന് AISGEF ഘടകസംഘടനാ നേതാക്കളുടെ കൂട്ടായ്മ നടന്നു.ആഗോളീകരണ കാലത്തെ സിവില്‍സര്‍വ്വീസ് എന്ന വിഷയത്തെ ആധാരമാക്കി ആറു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നേതാക്കള്‍ സംസാരിച്ചു. വൈകിട്ട് പി.ഗോവിന്ദപ്പിള്ള നഗറില്‍ കേരള വികസനത്തിന്റെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള കലാമണ്ഡലം വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി.

മെയ് 14ന് രാവിലെ പ്രതിനിധിസമ്മേളനത്തില്‍ ജനവിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെെടുത്തുക , പെന്‍ഷന്‍ സംരക്ഷണത്തിനും ജനപക്ഷ സിവിൽ സര്‍വ്വീസിനും വേണ്ടി അണിനിരക്കുക എന്ന പരിപാടി പ്രമേയം സംസ്ഥാന സെക്രട്ടറി ടി.സി.മാത്തുക്കുട്ടി അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം പരിപാടിപ്രമേയം അംഗീകരിച്ചു. പ്രശസ്ത സോപാന സംഗീത കലാകാരന്‍ ശ്രീ കൃഷ്ണകുമാര്‍ സോപാന സംഗീതം അവതരിപ്പിച്ചു.സ്ത്രീ സുരക്ഷയും സാമൂഹ്യ പദവിയും എന്ന വി‍ഷയത്തെ അധികരിച്ച് നടന്ന വനിതാ സമ്മേളനം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. കെ.എ.ബീന, സജിതാ മഠത്തില്‍. പി.ഡി.ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധികളുടെ വിശദാംശങ്ങള്‍ അടങ്ങിയ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചു പരിപാടി പ്രമേയത്തിനു പുറമെ 23 പ്രമേയങ്ങള്‍ കൂടി സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകരിച്ചു                                   സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള മഹാപ്രകടനം വൈകിട്ട് 4.30ന് ശക്തന്‍തമ്പുരാന്‍ സ്റ്റാന്റില്‍ നിന്നും ആരംഭിച്ചു. ജില്ലാതല ബാനറിന്‍ കീഴില്‍ നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുമായി ആയിരങ്ങള്‍ അണിനിരന്ന പ്രകടനം സി.ഒ. പൗലോസ് മാസ്റ്റര്‍ നഗറില്‍ എത്തിയപ്പോള്‍ സമാപന സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ മാത്യു.ടി.തോമസ്, എ.എ അസീസ്, എ.കെ.ശശീന്ദ്രന്‍, മാത്യു.ടി.തോമസ്, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.അഞ്ചു പതിറ്റാണ്ട് കാലത്തെ പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന സംഘടനയുടെ കരുത്ത് തെളിയിച്ച പ്രൗഢ ഗംഭീരമായ സുവര്‍ണ്ണജൂബിലി സമ്മേളനം ചരിത്രസംഭവമായി സമാപിച്ചു.

51-ാം സംസ്ഥാന സമ്മേളനം  2014 മേയ് 24,25,26 കോട്ടയം

51-ാം സംസ്ഥാനസമ്മേളനം 2014 മെയ് 24,25,26  തീയതികളിൽ  കോട്ടയത്ത് നടന്നു. പി.ആർ.രാജൻ നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) മെയ് 24 ന് രാവിലെ 9 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് .           : പി.എ​ച്ച്.എം.ഇസ്മയില്‍ 

            വൈസ് പ്രസിഡന്‍റ്മാര്‍        :     ഇ.പ്രേംകുമാര്‍,   ടി.സി.രാമകൃഷ്ണന്‍ ,സുജാത കൂടത്തിങ്കൽ, കെ.എം.അബ്രഹാം          

                        ജനറല്‍ സെക്രട്ടറി          : എ.ശ്രീകുമാര്‍

 സെക്രട്ടറിമാര്‍                     :ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍,അജയന്‍.കെ.മേനോന്‍, കെ.സുന്ദരരാജൻ     

                        ട്രഷറര്‍                  :എസ്.രാധാകൃഷ്ണന്‍

പ്രതിനിധിസമ്മേളനം എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.എൻ.രവീന്ദ്രനാഥ്, കെ.ശിവകുമാർ, വി ശ്രീകുമാർ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുഹൃദ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. സി.എച്ച്. അശോകൻ നഗറിൽ (തിരുനക്കര) സാമ്പത്തിക സെമിനാർ ദോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം പ്രഭാവർ‌മ ഉദ്ഘാടനം ചെയ്തു. ശമ്പള കമ്മീഷൻ പുനഃസംഘടിപ്പിക്കുക; ശമ്പള പരിഷ്ക്കരണം ഉടൻ അനുഭവവേദ്യമാക്കുക; ഇടക്കാലാശ്വാസം അനുവദിക്കുക എന്ന പരിപാതിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സ്ത്രീസുരക്ഷ-സാമൂഹ്യൈടപെടലിന്റെ അനിവാര്യത  എന്ന വിഷയത്തില്‍ നടന്ന സെമിനാർ  എ.ഐ.ഡി.ഡബ്ളിയു.എ ജനറൽ സെക്രട്ടറി ജഗ്‌മതി സഗ്‌വൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല കേന്ദ്രീകരിച്ചുനടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എൻ.ചന്ദ്രൻ, മാത്യു.ടി.തോമസ്, എ.കെ.ശശീന്ദ്രൻ, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.

52-ാം സംസ്ഥാന സമ്മേളനം 2014 മേയ് 24,25,26 പാലക്കാട്

52-ാം സംസ്ഥാനസമ്മേളനം 2015 മെയ് 24,25,26 തീയതികളിൽ പാലക്കാട് നടന്നു. മെയ് 24 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് സ.പി.എച്ച്.എം.ഇസ്മയില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്‍യോഗത്തില്‍ സംസ്ഥാനക്രട്ടറി അജയന്‍.കെ.മേനോന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്െസ്.രാധാകൃഷ്ണന്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് . : പി.എച്ച്.എം.ഇസ്മയില്‍
വൈസ് പ്രസിഡന്‍റ്മാര്‍ : ടി.സി.രാമകൃഷ്ണന്‍, സുജാത കൂടത്തിങ്കൽ, കെ.എം.അബ്രഹാം
ജനറല്‍ സെക്രട്ടറി : ടി.സി.മാത്തുക്കുട്ടി
സെക്രട്ടറിമാര്‍ : കെ.സുന്ദരരാജൻ, ഇ.പ്രേംകുമാര്‍, വി.പി.ജയപ്രകകാശ്‌മേനോന്‍
ട്രഷറര്‍ :എസ്.രാധാകൃഷ്ണന്‍
പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. ദേശീയ പ്രസിഡന്‍റ് എ.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.എ.കെ.ബാലന്‍, കെ.എന്‍.സുകുമാരന്‍, വി. ശ്രീകുമാർ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എം.ബി.രാജേഷ് എം.പി.സ്വാഗതം ആശംസിച്ചു.
സുഹൃദ് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. മൂലധന താത്പര്യങ്ങളും വര്‍ഗ്ഗീയതയും എന്ന വിഷയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം എം.എ.ബേബി.ഉദ്ഘാടനം ചെയ്തു. വൈശാഖന്‍ സംസാരിച്ചു. സമയബന്ധിത ശംബള പരിഷ്ക്കരണം നേതിയെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തില്‍ അണിചേരുക; ജനവിരുദ്ധനയങ്ങളെ ചെറുത്തു തോല്‍പ്പിക്കുക എന്ന പരിപാടിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സ്ത്രീസുരക്ഷയും വര്‍ത്തമാനകാല സാഹചര്യങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാർ എ.ഐ.ഡി.ഡബ്ളിയു.എ വൈസ് പ്രസിഡന്റ്‍റ്സുധാ സുന്ദരരാമന്‍ ഉദ്ഘാടനം ചെയ്തു. സൂസങ്കോടി സംസാരിചു. കോട്ടയം ജില്ല കേന്ദ്രീകരിച്ചുനടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എൻ.ചന്ദ്രൻ, മാത്യു.ടി.തോമസ്, എ.കെ.ശശീന്ദ്രൻ, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.