കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ , തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 2022 മാർച്ച് 28, 29 തിയ്യതികളിൽ ദ്വിദിന ദേശീയ പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതര മേഖലയിലെ അഖിലേന്ത്യാ ഫെഡറേഷനുകളും തിരുമാനിച്ചിരിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ദ്വിദിന പണിമുടക്കം നടത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ – സേവന മേഖലകൾ അഭിമുഖീകരിക്കുന്ന സുപ്രധാനമായ പ്രശ്നങ്ങൾ ഉയർത്തി ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ സംസ്ഥാന ജീവനക്കാരുടേയും, കേന്ദ്ര ജീവനക്കാരുടേയും അഖിലേന്ത്യാ ഫെഡറേഷനുകളും തീരുമാനിച്ചിട്ടുണ്ട്.
ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ – പുറം കരാർ – കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ആസ്തി കൈമാറ്റ പദ്ധതി (എൻ.എം.പി ) ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ സംസ്ഥാന ജീവനക്കാരുടേയും, അധ്യാപകരുടേയും സംഘടനാ കൂട്ടായ്മയായ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈ സേഷനും  അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയും തീരുമാനിച്ചു. പണിമുടക്ക് വിജയിപ്പിക്കുന്നതിനു വേണ്ടി നടന്ന ജില്ലാ കൺവൻഷൻ സി.ഐ.ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട്  പി ജെ അജയകുമാർ  ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ലാ കൺവീനർ കെ പ്രദീപ് കുമാർ  അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  എസ് സുശീല  , ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി  പി.എസ്. സന്തോഷ്  കുമാർ എഫ്എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി സുഗതൻ   എന്നിവർ സംസാരിച്ചു.