എറണാകുളം, കണ്ണൂർ സർക്കാർ മെഡിക്കൽ കോളെജുകളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി  പ്രകടനം നടത്തി.  കേരളത്തിലെ പൊതുജനാരോഗ്യമേഖല ലോകശ്രദ്ധ നേടിയതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളെജുകൾ വരെ ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങളാണ് നൽകി വരുന്നത്.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകൾ പ്രവർത്തനസജ്ജമായി. എറണാകുളം സർക്കാർ മെഡിക്കൽ കോളെജ് 2013 ഡിസംബർ 17 നും കണ്ണൂർ മെഡിക്കൽ കോളജ് 2019 മാർച്ച് 18 നും സഹകരണ മേഖലയിൽ നിന്നാണ് ഏറ്റെടുത്തത്.ജീവനക്കാരുടെ നിലവിലുള്ള സേവന വേതന വ്യവസ്ഥകൾ നില നിർത്തി കൊണ്ടുള്ള ആഗിരണ പ്രക്രിയ തുടക്കമായിട്ടുണ്ട്. എന്നാൽ പൂർത്തിയാക്കുക എന്ന ലക്ഷ്യം നേടാൻ തുടർനടപടികൾ ഉണ്ടാകേണ്ടതുണ്ട്. അതിനാൽ തന്നെ എറണാകുളം, കണ്ണൂർ മെഡിക്കൽ കോളെജിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പൂർണമായി ലഭിക്കാത്ത സാഹചര്യമുണ്ട്.

ഈ സാഹചര്യത്തിൽ എറണാകുളം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജുകളുടെ  ആഗിരണ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ജീവനക്കാരുടെ ന്യായമായ സേവന വേതന ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുവാനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ കേരള എൻ ജി ഒ യൂണിയനും കെ ജി ഒ എ യും ചേർന്ന് പ്രകടനം നടത്തി. പ്രകടനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന ട്രഷറർ സ.എൻ നിമൽരാജും കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻ്റ് എം.എ.നാസറും സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ജി.ശ്രീകുമാർ ,കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയേറ്റംഗം ജോബി ജോൺ എന്നിവർ പങ്കെടുത്തു.