കേരളത്തിൽ ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് റവന്യൂ വകുപ്പ്. റവന്യു ഭരണത്തിന്‍റെ അടിസ്ഥാന യൂണിറ്റുകൾ എന്ന നിലയിൽ സുപ്രധാന ഉത്തരവാദിത്തങ്ങളാണ് വില്ലേജ് ഓഫീസുകളിൽ നിർവ്വഹിക്കപ്പെടുന്നത്. വില്ലേജ് ഓഫീസുകളിൽ നിന്നും കാര്യക്ഷമമായ സേവനം ലഭിക്കു ക്കുന്നതിന് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിഭാഗം ജീവനക്കാർ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിഭാഗം ജീവനക്കാരുടെ തസ്തികകൾ വില്ലേജ് അസിസ്റ്റന്‍റ് തസ്തികയായി ഉയർത്തുക, വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി കേരള എൻ ജി ഒ യൂണിയൻ നേതൃത്ത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് മുന്നിൽ പ്രകടനവും യോഗവും നടത്തി. വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിഭാഗം ജീവനക്കാരുടെ ദീർഘകാലത്തേ ആവശ്യങ്ങളാണിത്. യോഗം എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എ ഫിറോസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഡി സുഗതൻ, ജില്ലാ ഭാരവാഹികളായ ജി ബിനുകുമാർ, മാത്യു എം അലക്സ്, എസ് ബിനു എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് എസ് ലക്ഷ്മി ദേവി, വി ഷാജു, വി പി തനുജ, കെ ഹരികൃഷ്ണൻ, വി പ്രദീപ്, എം പി ഷൈബി തുടങ്ങിയവർ നേതൃത്ത്വം നല്കി