പ്രിൻസിപ്പൽ കൃഷി ഓഫീസ് ജീവനക്കാരിയെ പന്തളത്തേക്ക് സ്ഥലം മാറ്റിയ നടപടി എൻ.ജി.ഒ യൂണിയൻ സമരത്തെ തുടർന്ന് റദ്ദാക്കി. മാനദണ്ഡ വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്.ഭിന്നശേഷി വിഭാഗക്കാരിയായ വനിതാ ജീവനക്കാരിയെ അപേക്ഷ കൂടാതെ പന്തളം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിലേക്ക് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്നും, മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലം മാറ്റം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ 2 ദിവസമായി എൻ.ജി.ഒ യൂണിയൻ സമരം നടത്തി വരികയായിരുന്നു.സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡം നിലനിൽക്കെ ഉദ്യോഗസ്ഥ മേധാവികൾ ബാഹ്യസമ്മർദ്ദത്തിന് വിധേയമായി സ്ഥലം മാറ്റുന്നത് അംഗീകരിക്കില്ലെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.ജീവനക്കാർ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുൻപിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബി.മധു,ജില്ലാ വൈസ് പ്രസിഡൻ്റ് എൽ.അഞ്ജു, എം.വി.സുമ , എസ്.ശ്രീകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.