ജനപക്ഷ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ അണി ചേരുക. ആധുനിക കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികളുടെ നിർവ്വഹണത്തിന് പര്യാപ്തമായ നിലയിലേക്ക് സിവിൽ സർവീസിനെ മാറ്റി നവകേരള നിർമ്മിതിയിൽ മുഖ്യ പങ്കുവഹിക്കാൻ തയ്യാറാകണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു.
കേരളം ആർജ്ജിച്ച നേട്ടങ്ങൾക്കു പിന്നിൽ സംസ്ഥാന സിവിൽ സർവീസിന് സുപ്രധാനമായ പങ്കാണുള്ളത്. പുതിയ തലമുറയുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും ഒപ്പം ചേർന്നു നിന്ന് വേഗത്തിലും കാര്യക്ഷമവും അഴിമതിരഹിതവുമായി ഉയർന്നു പ്രവർത്തിക്കാൻ സാധിക്കണം. കഴിഞ്ഞ അഞ്ചുവർഷക്കാലം സർക്കാർ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തിട്ടുണ്ട്. തദ്ദേശ പൊതു സർവീസിന്റേയും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റേയും രൂപീകരണവും പുതിയ തസ്തികകൾ സൃഷ്ടിച്ചതും മുഴുവൻ ഒഴിവുകളും നികത്തിയതും സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം കൊണ്ടുവന്നതും ഇതിൽ പ്രധാനപ്പെട്ടതാണ്. പ്രതിസന്ധി കാലത്തുപോലും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിച്ചും ആനുകൂല്യങ്ങൾ യഥാസമയം അനുവദിച്ചും എൽഡിഎഫ് സർക്കാർ മാതൃകയായി. ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനും സർക്കാർ സന്നദ്ധമായിരിക്കുകയാണ്. നവകേരളനിർമിതിക്ക് ആധുനിക സാങ്കേതികവിദ്യ കൂടി പരമാവധി ഉപയോഗപ്പെടുത്തി തൊഴിൽപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ മുഴുവൻ ജീവനക്കാരും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസിലും ജില്ലാകേന്ദ്രങ്ങളിലുമായി വെർച്വൽ ആയി ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ടി എസ് ഷാജി (തിരു. നോർത്ത്), സെയ്ദ് സബർമതി (തിരു. സൗത്ത്) , ബി സുജിത്ത് (കൊല്ലം), കെ രവിചന്ദ്രൻ (പത്തനംതിട്ട), സി സലീഷ് (ആലപ്പുഴ), സി ബി ഗീത ( കോട്ടയം), ജി ജോസ് (ഇടുക്കി), എ എൻ സിജിമോൾ( ഏറണാകുളം), കെ എം ശർമിള (തൃശൂർ), ജി ജിഷ (പാലക്കാട് ), സി വേണുഗോപാൽ (മലപ്പുറം), അനൂപ് തോമസ് (കോഴിക്കോട്), കെ എം നവാസ് (വയനാട്), എൻ സുരേന്ദ്രൻ (കണ്ണൂർ), ശോഭ വി (കാസറഗോഡ്) എന്നിവർ പങ്കെടുത്തു.
കാര്യക്ഷമവും ജനോന്മുഖവുമായ സിവിൽ സർവീസ് കെട്ടിപ്പിടിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാപരമായ തയ്യാറെടുപ്പുകൾ സംബന്ധിച്ച സംഘടനാ രേഖ കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. സംഘടനാ രേഖയിന്മേൽ നടന്ന ചർച്ചയിൽ വി ജഗദീഷ് (കാസർഗോഡ്), വി വി വനജാക്ഷി (കണ്ണൂർ), പി സന്തോഷ് കുമാർ (വയനാട്), വി വിനീജ (കോഴിക്കോട്), ഇ പി മുരളീധരൻ (മലപ്പുറം), എൻ വിശ്വംഭരൻ (പാലക്കാട്), പി സുനീഷ് (തൃശൂർ), ജോഷി പോൾ (എറണാകുളം), എം ആർ രജനി (ഇടുക്കി), സന്തോഷ് കെ കുമാർ (കോട്ടയം), ബൈജു പ്രസാദ് (ആലപ്പുഴ), എൽ അഞ്ജു (പത്തനംതിട്ട), ഖുശി ഗോപിനാഥ് (കൊല്ലം), ഷിനു റോബർട്ട് (തിരു. സൗത്ത്), അജിത് സേവ്യർ വർഗീസ് (തിരു. നോർത്ത്) എന്നിവർ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് എം കെ വസന്ത, കെ കെ സുനിൽകുമാർ, കെ പി സുനിൽകുമാർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിൽ വന്ന ഒഴിവിൽ സന്തോഷ് ബി (ആലപ്പുഴ), എസ് ശ്രീകുമാർ (തിരു. നോർത്ത് ), ജോഷി പോൾ (ഏറണാകുളം), സിന്ധു രാജൻ (കോഴിക്കോട്), എ കെ രാജേഷ് (വയനാട്), പി വേണുഗോപാലൻ (മലപ്പുറം), കെ മഹേഷ് (പാലക്കാട് ) എന്നിവരെയും തിരഞ്ഞെടുത്തു.
“ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാകുക ” , “കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക ” എന്നീ പ്രമേയങ്ങൾ കൗൺസിൽ അംഗീകരിച്ചു.
സംസ്ഥാന പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ കൗൺസിൽ യോഗം സമാപിച്ചു.