ഓണ്‍ലൈന്‍ വിദ്യാഭ്യസത്തിനായി കേരള എന്‍.ജി.ഒ. യൂണിയന്‍ രണ്ടരക്കോടി രൂപ ചെലവഴിച്ച് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഈ അധ്യയന വര്‍ഷം തന്നെ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തിന്റെ തിരിച്ചടി ഏറ്റവും ഗുരുതരമായി ബാധിച്ച മേഖലയാണ് വിദ്യാഭ്യാസ രംഗം. സ്‌കൂളില്‍പ്പോയി വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ അന്തംവിട്ട് നിന്നപ്പോള്‍ കേരളം കഴിഞ്ഞ വര്‍ഷം 45 ലക്ഷം കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കി. പുതിയ അദ്ധ്യയന വര്‍ഷം ഈ രംഗത്ത് കൂടുതല്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതിയ്ക്ക് പ്രാമുഖ്യം നല്‍കിയത്. കുട്ടികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം കൂടി ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. ഇതിനായി അധ്യയനവര്‍ഷം ആരംഭിക്കും മുമ്പ് തന്നെ സര്‍ക്കാര്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഉപകരണങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല അത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അത് ഉറപ്പാക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ ഊന്നിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് എന്‍.ജി.ഒ യൂണിയനെപ്പോലുള്ള സംഘടനകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടന വാങ്ങി നല്‍കുന്ന ടാബുകള്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. എ. അജിത് കുമാര്‍ മന്ത്രിക്ക് കൈമാറി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. കെ IAS ആശംസയര്‍പ്പിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ആര്‍. സാജന്‍ കൃതജ്ഞത രേഖപ്പെടുത്തി.