കേരളത്തിന്റെ ഭരണ നിര്‍വ്വഹണമേഖലയില്‍ ചിരകാലമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1957 ല്‍ അധികാരത്തില്‍ വന്ന ആദ്യ ഇ.എം.എസ്‌ സര്‍ക്കാരിന്റെ കാലം മുതല്‍ സ്റ്റേറ്റ്‌ സിവില്‍സര്‍വ്വീസ്‌ എന്ന ആശയം ഉയര്‍ന്നുവന്നതാണ്‌. ഐക്യകേരളപ്പിറവിയുടെ അറുപത്‌ വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുന്ന വേളയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഈ ആശയത്തെ പ്രായോഗികതലത്തില്‍ സാക്ഷാത്‌കരിച്ചിരിക്കുന്നു.
സര്‍ക്കാരിന്റെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ജനങ്ങളിലെത്തിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും ഭരണസംവിധാനത്തെ ക്രിയാത്മകമായി ചിട്ടപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌, 1958 ല്‍ മുഖ്യമന്ത്രി ഇ.എം.എസ്‌ അദ്ധ്യക്ഷനായ ഭരണപരിഷ്‌ക്കാരകമ്മീഷന്‍ രൂപീകരിച്ചത്‌. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിനു പര്യാപ്‌തമായ വിധത്തില്‍ അധികാരവികേന്ദ്രീകരണ ലക്ഷ്യത്തോടെ സംസ്ഥാന ഭരണസേവനമേഖല ഉണ്ടാകണമെന്ന്‌ കമ്മീഷന്‍ വിവക്ഷിച്ചിരുന്നു. പിന്നീട്‌ 1965 ല്‍ പ്രസിദ്ധ ഐ.സി.എസ്‌ ഉദ്യോഗസ്ഥനായ എം.കെ. വെള്ളോടി അദ്ധ്യക്ഷനായി രൂപീകരിക്കപ്പെട്ട രണ്ടാം ഭരണപരിഷ്‌ക്കാര കമ്മീഷന്‍, കേരളത്തില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക്‌ ഐ.എ.എസ്‌ പോലെ പ്രത്യേക സിവില്‍സര്‍വ്വീസ്‌ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. 1997 ല്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അദ്ധ്യക്ഷനായി രൂപീകരിക്കപ്പെട്ട മൂന്നാം ഭരണപരിഷ്‌ക്കാരകമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും കേരള സിവില്‍സര്‍വ്വീസ്‌ സംബന്ധിച്ച്‌ വിശദമായ പരിശോധനകളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ജനങ്ങള്‍ക്ക്‌ സേവനം ഉറപ്പുവരുത്തുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സിവില്‍സര്‍വ്വീസ്‌ ഗുണകരമായി മാറ്റുന്നതിനും ഉതകുന്ന വിധത്തില്‍ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ നടപ്പില്‍ വരുത്തുന്നതിനെ യൂണിയന്‍ എക്കാലവും സ്വാഗതം ചെയ്‌തിട്ടുണ്ട്‌.
എന്നാല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടങ്ങളിലെല്ലാം ഭരണപരിഷ്‌ക്കാര കമ്മീഷനുകളുടെ ക്രിയാത്മക ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുപകരം സിവില്‍സര്‍വ്വീസിനെ ദുര്‍ബ്ബലപ്പെടുത്താനും പരിമിതപ്പെടുത്താനുമാണ്‌ ശ്രമിച്ചിട്ടുള്ളത്‌. 2001-06 കാലയളവില്‍ എം.ജി.പി. പോലുള്ള പദ്ധതികള്‍ നടപ്പിലാക്കി സിവില്‍സര്‍വ്വീസിലെ തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുവാനും ജീവനക്കാരുടെ സേവന-വേതനാനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുമാണ്‌ പരിശ്രമിച്ചത്‌. 11658 തസ്‌തികകളാണ്‌ അന്ന്‌ ഒറ്റ ഉത്തരവിലൂടെ വെട്ടിക്കുറച്ചത്‌. മുപ്പത്തിരണ്ട്‌ ദിവസത്തെ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള അതിശക്തമായ ചെറുത്തുനില്‍പ്പ്‌ പോരാട്ടങ്ങളിലൂടെയാണ്‌ ഈ നീക്കങ്ങളെ അതിജീവിച്ചത്‌. ഇക്കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലയളവിലും നവലിബറല്‍ നയങ്ങളിലൂന്നി സിവില്‍സര്‍വ്വീസിനെ തകര്‍ക്കുന്ന സമീപനങ്ങളാണുണ്ടായത്‌. ഇതിനെതിരായി ജീവനക്കാര്‍ക്ക്‌ നിരന്തരമായ പ്രക്ഷോഭസമരങ്ങള്‍ നടത്തേണ്ടിയും വന്നു. സര്‍വ്വീസ്‌ ക്വാട്ടയില്‍ ഐ.എ.എസ്സുകാരെ റിക്രൂട്ടുചെയ്യുന്നതിനുള്ള സംവിധാനമായി കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസിനെ പരിമിതപ്പെടുത്തുന്നതിനുള്ള സമീപനമാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ഏകപക്ഷീയമായി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ ഉത്തരവാക്കുകയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായി ശക്തമായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന്‌ സര്‍ക്കാരിന്‌ നല്‍കിയ നിവേദനത്തില്‍ സിവില്‍സര്‍വ്വീസിന്റെ കാര്യക്ഷമതയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തില്‍, ഭരണപരിഷ്‌ക്കാരകമ്മീഷന്‍ ശുപാര്‍ശകളെയും ജീവനക്കാരുടെ താല്‍പര്യങ്ങളെയും കണക്കിലെടുത്തായിരിക്കണം കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ രൂപീകരിക്കേണ്ടതെന്ന്‌ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിയേറ്റ്‌ സര്‍വ്വീസിനെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും മറ്റു വകുപ്പുകളിലെ രണ്ടാം ഗസറ്റഡ്‌ തസ്‌തികയുടെ പത്തുശതമാനവും ഉള്‍ക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
യുഡിഎഫ്‌ സര്‍ക്കാര്‍ ആദ്യം ഇറക്കിയ 16.08.2014 ലെ (ജി.ഒ.(എം.എസ്‌) നം.228/2014/ജി.എ.ഡി) ഉത്തരവ്‌ പ്രകാരം സംസ്ഥാന സിവില്‍സര്‍വ്വീസിലെ 18 വകുപ്പുകളിലെ മാത്രം രണ്ടാം ഗസറ്റഡ്‌ തസ്‌തികകളെയാണ്‌ കെ.എ.എസില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്‌. സെക്രട്ടറിയേറ്റ്‌ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസിലേക്കുള്ള നിയമനത്തില്‍ തസ്‌തികമാറ്റം വഴിയും നേരിട്ടുമുള്ള നിയമനങ്ങള്‍ക്ക്‌ ഓരോ വിഭാഗത്തിനും പ്രത്യേക അനുപാതം നിശ്ചയിക്കാതെ ഫലത്തില്‍ 50% നേരിട്ടുള്ള നിയമനത്തിന്‌ അവസരമൊരുക്കുന്നതായിരുന്നു ഉത്തരവ്‌. പ്രതിഷേധത്തെ തുടര്‍ന്ന്‌ ഇറക്കിയ ഭേദഗതി ഉത്തരവില്‍ (ജി.ഒ.(എം.എസ്‌) നം.1/2015/ജി.എ.ഡി തീയതി 05.01.2015) കെ.എ.എസിലെ തസ്‌തികകളുടെ എണ്ണം രണ്ടാം ഗസറ്റഡ്‌ തസ്‌തികകളുടെ 10% (ഉള്‍പ്പെടുത്തിയ 18 വകുപ്പുകളിലെ) ആയിരിക്കുമെന്നും കെ.എ.എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വകുപ്പുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ നിന്നും കാറ്റഗറി വ്യത്യാസമില്ലാതെ നേരിട്ടുള്ള നിയമനത്തിന്‌ അര്‍ഹതയുണ്ടെന്നുമുള്ള ചില മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ കാതലായ പ്രശ്‌നങ്ങളോടു നീതി പുലര്‍ത്തിയിരുന്നില്ല.
എന്നാല്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, പ്രകടനപത്രികയിലെ വാഗ്‌ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ഗവണ്‍മെന്റ്‌ സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കുകയും പ്രസ്‌തുത കമ്മിറ്റി സംഘടനകളുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ജനുവരി 4 ന്‌ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ രൂപീകരിച്ചുത്തരവിറക്കുകയും ചെയ്‌തു. യുഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നു വ്യത്യസ്‌തമായി, സെക്രട്ടറിയേറ്റിലെ പൊതുഭരണ, ധനവിഭാഗങ്ങളെയും ഇരുപത്തിയേഴ്‌ സര്‍ക്കാര്‍ വകുപ്പുകളെയും മുഴുവന്‍ വകുപ്പുകളിലെയും കോമണ്‍ കാറ്റഗറികളെയും ഉള്‍ക്കൊള്ളിച്ചാണ്‌ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസിന്‌ രൂപം നല്‍കിയത്‌. അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസിന്റെ ഭാഗമാക്കിയ മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ രണ്ടാം ഗസറ്റഡ്‌ തസ്‌തികയുടെ 10 ശതമാനം മാത്രമാണ്‌ കെ.എ.എസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. ഇതിന്റെ മൂന്നിലൊരു ഭാഗം പൂര്‍ണ്ണമായും പി.എസ്‌.സി. നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒന്നാം ഗസറ്റഡ്‌ തസ്‌തികയില്‍ നിന്നുമുള്ള ബൈട്രാന്‍സ്‌ഫര്‍ പ്രമോഷനിലൂടെ നികത്തപ്പെടും. അവശേഷിക്കുന്ന മൂന്നില്‍ രണ്ടുഭാഗത്തിന്റെ 50 ശതമാനം (ആകെയുള്ളതിന്റെ മൂന്നിലൊന്ന്‌) പി.എസ്‌.സി. വഴി നിയമനം നടത്തുന്ന സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ഉള്‍പ്പെടെയുള്ള സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പി.എസ്‌.സി നടത്തുന്ന പൊതുപരീക്ഷയിലൂടെ സംവരണം ചെയ്യപ്പെടും. ഇതില്‍ ബാക്കിയുള്ള അമ്പതുശതമാനം (ആകെയുള്ളതിന്റെ മൂന്നിലൊന്ന്‌) നേരിട്ടുള്ള നിയമനം വഴി നികത്തപ്പെടും. മിനിമം യോഗ്യത ബിരുദമായി നിശ്ചയിച്ചിരിക്കുന്നു.
നിലവിലെ സംവിധാനത്തില്‍ രണ്ടാം നിരയായി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രൊഫഷണലുകളുടെ അഭാവം പരിഹരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഭരണനിര്‍വ്വഹണ സംവിധാനം ശാക്തീകരിക്കുന്നതിനും ഒരു നവതലമുറയുടെ സേവനം ഉറപ്പാക്കുന്നതിന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ രൂപീകരണം സഹായകരമാവും. ഐ.എ.എസ്‌ തസ്‌തികകളിലേക്ക്‌ പ്രമോഷന്‍ വഴി നികത്തപ്പെടാവുന്ന ഒഴിവുകളില്‍ മൂന്നില്‍ രണ്ട്‌ ഭാഗവും കെ.എ.എസില്‍ നിന്നായിരിക്കും. ഇതുവഴി ഐ.എ.എസിലേക്ക്‌ കൂടുതല്‍ പ്രമോഷന്‍ സാധ്യതകള്‍ തുറന്നുകിട്ടുകയും ചെയ്യും.
അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഓരോ വകുപ്പുകളില്‍ നിന്നും മാറ്റുന്ന തസ്‌തികകള്‍ നിശ്ചയിക്കുന്നതിനും കെ.എ.എസിനായി ചട്ടങ്ങളും വ്യവസ്ഥകളും രൂപീകരിക്കുന്നതിനും ഒരു സെക്രട്ടറിതല കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ സര്‍വ്വീസ്‌ സംഘടനകളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ ജീവനക്കാരെയും സംഘടനകളെയും വിശ്വാസത്തിലെടുത്ത്‌ നടപടികള്‍ സ്വീകരിക്കുന്നത്‌ സ്വാഗതാര്‍ഹമാണ്‌.
അധികാരവികേന്ദ്രീകരണത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തുന്നതിനും സിവില്‍സര്‍വ്വീസിന്റെ കാര്യക്ഷമതയും ഗുണമേന്മയും പ്രൊഫഷണലിസവും വര്‍ദ്ധിപ്പിക്കുന്നതിനും സിവില്‍ സര്‍വ്വീസിനെ കൂടുതല്‍ ജനോന്മുഖമാക്കി മാറ്റുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന പുരോഗമനപരമായ നടപടികള്‍ക്ക്‌ കരുത്തുപകരണമെന്ന്‌ മുഴുവന്‍ ജീവനക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ടി.സി. മാത്തുക്കുട്ടി
ജനറല്‍ സെക്രട്ടറി