തലസ്ഥാന നഗരിയുടെ കഴിഞ്ഞ 55 വർഷത്തെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യത്തോടെ തല ഉയർത്തി നിന്ന കെട്ടിടമാണ് പി എം ജി ജംഗ്ഷനിലെ കേരള എൻജിഒ യൂണിയൻ ഓഫീസ്.
1962 രൂപീകൃതമായ കേരള എൻജിഒ യൂണിയൻ്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നു. 1965 ലാണ് അത് തിരുവനന്തപുരത്തേക്ക് മാറ്റിയത്. പി എം ജി ജംഗ്ഷനിലെ കെട്ടിടത്തിന് 1968 ജനുവരി 17ന് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണ് ശിലാസ്ഥാപനം നടത്തിയത്.
1971 ജൂലൈ 25ന് ഉദ്ഘാടനം ചെയ്തു. രൂപകല്പനയുടെയും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും പ്രത്യേകതകൊണ്ട് അതുവഴി പോകുന്ന ഏവരുടെയും ഓർമ്മകളിൽ എക്കാലവും തെളിഞ്ഞു നിൽക്കുന്ന ഒന്നായി യൂണിയൻ ഓഫീസ് മാറി.
1973ല് നടന്ന 54 ദിവസം നീണ്ടുനിന്ന ഐതിഹാസിക പണിമുടക്കിൽ ജീവനക്കാരെ അണിനിരത്തുന്നതിലും ഭരണകൂടവും കരിങ്കാലികളും പണിമുടക്കിയവർക്കെതിരെ നടത്തിയ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിലും പ്രധാന പങ്കു വഹിച്ച ഓഫീസ് 1975 അടിയന്തരാവസ്ഥക്കാലത്ത് പോലീസിൻ്റെ റെയ്ഡിന് വിധേയമായി. 2002 ൽ നടന്ന 32 ദിവസക്കാലത്തെ അനിശ്ചിതകാല പണിമുടക്കിൻ്റെയും കേന്ദ്രമായിരുന്നു പി എം ജി യിലെ ഓഫീസ്. പണിമുടക്കിനെതിരായി അന്ന് ചില ജനവിരുദ്ധ സംഘടനകൾ യൂണിയൻ ഓഫീസ് മാർച്ച് സംഘടിപ്പിച്ചത് വാർത്തയായിരുന്നു.
തൊഴിലെടുക്കുന്നവരും സാധാരണക്കാരും വിദ്യാർത്ഥികളും യുവജനങ്ങളും വനിതകളും ഉൾപ്പെടെ സകല ജന വിഭാഗങ്ങൾക്കും എപ്പോഴും സമീപിക്കാവുന്നതായി നിലകൊണ്ട ഓഫീസാണ് വർത്തമാനകാല ആവശ്യങ്ങൾക്ക് അനുസൃതമായി പുതുക്കിപ്പണിഞ്ഞിരിക്കുന്നത്. ജീവനക്കാരുടെ അവകാശ സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ആസ്ഥാനമന്ദിരമായി നിലകൊള്ളുന്നതിനൊപ്പം സമൂഹത്തിൻ്റെയും സിവിൽ സർവീസിന്റെ ചരിത്രത്തെയും പരിണാമത്തെയും സംബന്ധിക്കുന്ന പഠന ഗവേഷണ പ്രവർത്തനങ്ങൾക്കും മാധ്യമ ഇടപെടലുകൾക്കും കഴിയും വിധമാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തിൻ്റെ പഴമയുടെ ഭംഗി നിലനിർത്തികൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
നവീകരിച്ച സ്റ്റേറ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം നാളെ (5/02/2026) വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദവസരത്തിൽ കേരള NGO യൂണിയൻ സ്ഥാപന നേതാവായ ഇ പദ്മനാഭൻ്റെ ഫോട്ടോ അനാശ്ചാദനം സി ഐ റ്റി യു സംസ്ഥാന പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും.