പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സമഗ്ര ശിക്ഷ കേരള (SSK) യുടെ പ്രോജക്ട് ഡയറക്ടറേറ്റിലും കാസർഗോഡ് കണ്ണൂർ എറണാകുളം ഇടുക്കി ആലപ്പുഴ എന്നീ ജില്ലാ ഓഫീസുകളിലും നിലവിലുള്ള അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് കീഴ് വഴക്കങ്ങളും ഡെപ്യൂട്ടേഷൻ വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് സെക്രട്ടറിയേറ്റിൽ നിന്നും അണ്ടർ സെക്രട്ടറി തസ്തികയിലുള്ള ജീവനക്കാരെ നിയമിച്ചു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ഓഫീസർ കേഡറിൽ പെട്ട ജീവനക്കാരെയാണ് എസ്.എസ്.കെ.യിൽ അക്കൗണ്ട്സ് ഓഫീസറായി നിയമിച്ചു വന്നിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് പതിറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരിക്കുന്ന പ്രമോഷൻ അവസരത്തെ തകിടം മറിക്കുന്ന വിധം സെക്രട്ടറിയേറ്റിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കണം എന്നും ഇത് സംബന്ധിച്ച് നിലവിൽ ഇറക്കിയിരിക്കുന്ന ഉത്തരവ് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയനും കെ.ജി.ഒ.എ.യും സംയുക്തമായി പ്രകടനം നടത്തി. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പ്രക്ഷോഭം നടന്നു വരികയാണ്. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും പ്രകടനം നടത്തിയത്. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജി.ശ്രീരാജ്, ഏരിയ സെക്രട്ടറി ബി.സജീഷ്, പ്രസിഡന്റ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.