അച്ചടിവകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാർക്കും പെർഫോമൻസ് അലവൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ ഫോം സ്റ്റോറിന് മുന്നിൽ പ്രകടനം നടത്തി.1974 മുതൽ വകുപ്പിലെ ജീവനക്കാർക്ക് പെർഫോമൻസ് അലവൻസും 1994 മുതൽഎക്സ് ഗ്രേഷ്യ അലവൻസും നൽകിയിരുന്നു.1989 ലെ ഉത്തരവുപ്രകാരം പെർഫോമൻസ് അലവൻസ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ പുതുക്കി നിശ്ചയിക്കുകയും അതിൻറെ ഭാഗമായി എല്ലാ ജീവനക്കാർക്കും പെർഫോമൻസ് അലവൻസ് ലഭിക്കുകയും ചെയ്തു.എന്നാൽ 2023-24 വർഷം മുതൽ സാങ്കേതിക വിഭാഗം ജീവനക്കാർക്ക് മാത്രം പെർഫോമൻസ് അലവൻസ് നൽകിയാൽ മതി എന്ന സർക്കാർ ഉത്തരവ് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് പെർഫോമൻസ് അലവൻസ് ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ആണ് ജീവനക്കാർ പ്രകടനം നടത്തിയത്. പത്തനംതിട്ട ജില്ലാ ഫോം സ്റ്റോറിന് മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എസ്. ബിനു എസ് ശ്രീകുമാർ എന്നിവർ അഭിവാദ്യം ചെയ്തു.