കർഷക സമരത്തിന് ഐക്യദാർഢ്യം

 

അന്ന ദാദാക്കളായ കർഷകർ ,മോദി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ മുഷ്ടിചുരുട്ടി ഡൽഹിയുടെ അതിർത്തികളിലേക്ക് ഇരച്ചെത്തിയിട്ട് 7മാസമായിരിക്കുന്നു.അതിശൈത്യത്തിനും കൊടും വേനലിനും മഴയ്ക്കും മഞ്ഞിനും കർഷക രോഷത്തെ തടഞ്ഞു നിർത്താനായില്ല. കേന്ദ്ര സർക്കാരിന്റെ ഭീഷണിയും അടിച്ചമർത്തലും തൃണവൽഗണിച്ച്, അധികാരഗർവ്വിന്റെ ബാരിക്കേഡുകൾ തകർത്തെറിഞ്ഞ് കർഷകസമരം കത്തിപ്പടർന്നു. ഒരു ജനതയാകെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന അപൂർവ്വമായ കാഴ്ചയും രാജ്യം കണ്ടു .രാജ്യവ്യാപക പണിമുടക്ക് നടത്തിയും കരിദിനമാചരിച്ചും ഐക്യദാർഢ്യ മുദ്രാവാക്യങ്ങളുയർത്തിയും ജനങ്ങൾ തെരുവിലിറങ്ങി. അന്താരാഷ്ട്ര വേദികളിൽ സമരം ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ ആരംഭിച്ച പ്രക്ഷോഭം ഏഴ് മാസം പിന്നിടുമ്പോൾ 502 സമരഭടന്മാരുടെ ജീവനാണ് പൊലിഞ്ഞു പോയത്. പക്ഷെ കർഷക സമരം ഉയർത്തുന്ന വിഷയങ്ങളെ അവഗണിക്കുകയാണ് കേന്ദ്ര ഭരണകൂടം . കോർപ്പറേറ്റ് കൊള്ളക്ക് ഇന്ത്യയുടെ കാർഷികമേഖല എറിഞ്ഞു കൊടുക്കാൻ അച്ചാരം വാങ്ങിയവർ ക്കെതിരെ പ്രക്ഷോഭം തുടരേണ്ടതുണ്ട്. വിളവെടുപ്പുകാലവും കോവിഡ് കാലവും സമരത്തെ തളർത്തുമെന്ന് ദിവാ സ്വപ്നം കണ്ടവർ, പ്രക്ഷോഭങ്ങൾക്ക് അവധി നൽകാത്ത കർഷകരുടെ സംഘ ശേഷിക്കും ഇച്ഛാശക്തിക്കും മുന്നിൽ തലകുനിക്കേണ്ടിവരും.കർഷക സമരം കൂടുതൽ ശക്തമായ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രക്ഷോഭത്തെ തകർക്കാൻ ഡൽഹിയുടെ അതിർത്തികളിൽ വൻ സേനാവിന്യാസം ഒരുക്കിക്കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്. കർഷകരുടെ ഇച്ഛാശക്തിക്കുമുമ്പിൽ സേനയുടെ ആയുധബലം തകർന്നു വീഴുക തന്നെ ചെയ്യും. കാരണം ഈ സമരം രാജ്യത്തിന് വേണ്ടി ഉള്ളതാണ്. ഇത് ജനങ്ങളേറ്റെടുത്ത് കഴിഞ്ഞു… കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും കർഷക പ്രക്ഷോഭത്തോട് ഐക്യപ്പെടുകയാണ്. FSETO യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനങ്ങള്‍ നടന്നു