*ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ നിയമനം ചാൻസലറുടെ ഏകാധിപത്യ നടപടിക്കെതിരെ
സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു.
സംസ്ഥാനത്തെമ്പാടും യൂണിവേഴ്സിറ്റികൾക്കും മെഡിക്കൽ കോളേജുകൾക്ക് മുൻപിലും ജീവനക്കാരും അദ്ധ്യാപകരും
FSETO യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .
കേന്ദ്രത്തിൽ അധികാരം തുടരുന്ന ബി ജെ പി സർക്കാരിൻ്റെ നവലിബറൽ ഫാസിസ്റ്റ് നയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധികൾ ചെറുതല്ല.
കേന്ദ്രീകരണം, ജനാധിപത്യവിരുദ്ധത, ഫെഡറലിസം ഇല്ലാതാക്കൽ, കച്ചവടവൽക്കരണം പൂർണ്ണമാക്കൽ, കോർപ്പറേറ്റിസം എന്നിവയിലൂടെ നാളിതു വരെ ഉള്ള സകലമാന ഉന്നതവിദ്യാഭ്യാസ സങ്കൽപ്പനങ്ങളേയും ഇല്ലാതാക്കാൻ ആണ് ശ്രമം.
വിദ്യാഭ്യാസരംഗം സ്വകാര്യവൽക്കരിക്കാനും അധ്യാപകരുടെ ജോലി സ്ഥിരത ഇല്ലാതാക്കാനും ഉതകുന്ന തീരുമാനങ്ങൾ അടിക്കടി വന്നുകൊണ്ടിരിക്കുകയാണ്.
സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നയമാണിത്. ജനാധിപത്യപരമായി പുന:സംഘടിപ്പിക്കപ്പെടേണ്ട സകല സമിതികളും ഇല്ലാതാക്കി അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാക്കുന്നു ഈ നയം.
ഇത്തരം അജണ്ടകളിലൂടെ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കാൻ ചാൻസലർമാരെ കൂട്ടുപിടിക്കുകയാണ് കേന്ദ്ര സർക്കാർ.
ഇതിൽ ഏറ്റവും മുൻപന്തിയിലാണ് കേരളത്തിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തിൽ നടന്ന പുരോഗമനാത്മകമായ എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും അടിമുടി തകർക്കാൻ നേതൃത്വം നൽകുകയാണ് ഗവർണർ.
സാമൂഹ്യ പുരോഗതിയോ രാഷ്ട്ര നിർമ്മിതിയോ സാധ്യമാക്കാത്ത , രാജ്യത്തെ നൂറ്റാണ്ടുകളോളം പിറകിലേക്ക് നയിക്കുന്ന വർഗ്ഗീയ വിദ്യാഭ്യാസ നയത്തിന്റെ വക്താക്കളെ ജനാധിപത്യ വിരുദ്ധമായ വഴികളിലൂടെ സർവ്വകലാശാല സമിതികളിലേക്ക് നാമനിർദ്ദേശത്തിലൂടെ തിരുകി കയറ്റുകയാണ് ചാൻസലർ.
വിവിധ സർവ്വകലാശാലകളിലെ അക്കാദമിക് വിചക്ഷണരും പ്രഗൽഭരും ആയ വൈസ് ചാൻസലർമാർക്ക് നിയമവിരുദ്ധമായി പിരിച്ച് വിടൽ നോട്ടീസ് നൽകിയായിരുന്നു ഈ പരമ്പരയുടെ തുടക്കം.
ഉന്നതവിദ്യാഭ്യാസ പരിഷ്കരണമടക്കമുള്ള പൊതുപ്രസക്തിയുള്ള ഒട്ടേറെ ബില്ലുകൾ കേരള സർക്കാർ അനുമതിക്കായി നൽകിയത് ആവശ്യമായ വിയോജനക്കുറിപ്പോടെ തിരിച്ചയയ്ക്കുകയാവാം. പക്ഷേ പോലും ചെയ്യാതെ മാസങ്ങളായി പിടിച്ചു വെച്ചിരിക്കുകയാണ് ചാൻസലർ.
ഹൈക്കോടതിയും സുപ്രിം കോടതിയും അതിനിശിതമായ വിമർശനം രേഖപ്പെടുത്തിയപ്പോൾ ആണ് ചിലത് മാത്രമെങ്കിലും പാസാക്കിയത്.
സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന പുരോഗമനാത്മക സ്വഭാവമുള്ള എന്തിനെയും പുച്ഛത്തോടെ മാത്രം നോക്കി കാണുന്ന മനോഭാവം ആണ് ചാൻസലറുടേത്. കാലിക്കറ്റ് സർവ്വകലാശാല, കേരള സർവ്വകലാശാല, എം ജി സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല സെനറ്റുകളിലേക്കും അക്കാദമിക് കൗൺസിലുകളിലേക്കും നടത്തിയ തെരഞ്ഞെടുപ്പുകളിൽ അത്യുജ്ജ്വല വിജയമാണ് ഇടതുപക്ഷ സഖ്യം നേടിയത്. അതിൽ അസ്വസ്ഥത പൂണ്ട ചാൻസലർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് 14 പേരെ , അക്കാദമിക് യോഗ്യത തെല്ലുമില്ലാത്തവരെ തെരഞ്ഞ് പിടിച്ച് നാമനിർദ്ദേശം ചെയ്തു. ഇത് ഉപയോഗിച്ച് ചരിത്രത്തിലാദ്യമായി കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചാൻസലർ നോമിനേറ്റ് ചെയ്ത രണ്ട് സെനറ്റ് അംഗങ്ങൾ സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കേരളത്തിലെ ഉന്നത വിദ്യഭ്യാസ രംഗത്ത് കേരള സർക്കാർ നടത്തുന്ന പരിഷ്കരണ പ്രവർത്തനങ്ങളെയടക്കം നിഷ്പ്രഭമാക്കാൻ ശ്രമിക്കുന്ന വലിയ ഒരു സംഘത്തിൻ്റെ തലവൻ ആയ ചാൻസലർ ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്താനാണ് ഈ സമരം.