ജീവനക്കാരുടെ സംഘശക്തി വിളിച്ചോതി എൻജിഒ യൂണിയൻ മേഖല മാർച്ചും ധർണ്ണയും

കോട്ടയം: കേരളത്തെ സാമ്പത്തികമായി തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുക്കുക, കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യോജിച്ച് അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുക, വർഗീയതയെ പ്രതിരോധിക്കുക, വിലക്കയറ്റം തടയുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലാ മാർച്ചും ധർണ്ണയും നടത്തി. കോട്ടയം, പാലാ, കടുത്തുരുത്തി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് മേഖലാ മാർച്ചും ധർണ്ണയും നടന്നത്. മാർച്ചിലും തുടർന്ന് നടന്ന ധർണ്ണയിലും ആയിരകണക്കിന് ജീവനക്കാർ അണിനിരന്നു.

കോട്ടയത്ത് കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച മാർച്ച് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം എൻ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ ഷീന ബി നായർ കൃതജ്ഞതയും രേഖപെടുത്തി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി യോഗത്തിൽ സന്നിഹിതനായിരുന്നു.

പാലായിൽ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ളാലം പാലത്തിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സന്തോഷ്‌ കെ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് അനൂപ് സ്വാഗതവും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സന്തോഷ്‌ കുമാർ കൃതജ്ഞതയും രേഖപെടുത്തി.

കടുത്തുരുത്തിയിൽ ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി സി അജിത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയൽ റ്റി തെക്കേടം സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ വിപിനൻ നന്ദിയും രേഖപെടുത്തി.