അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളാക്കി ശക്തിപ്പെടുത്തുക എന്ന ബൃഹത്തായ ലക്ഷ്യത്തിൻ്റെ ഭാഗമായി അഞ്ച് വകുപ്പുകളെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഏകോപിപ്പിക്കുകയും തദ്ദേശ സ്വയംഭരണ പൊതു സർവീസ് രൂപീകരിക്കുകയും ആ അവസരത്തിൽ ഉയർന്നുവന്ന ഒട്ടുമിക്ക പ്രശ്നങ്ങളും അതാത് ഘട്ടത്തിൽ പരിഹരിക്കാൻ സാധിച്ചെങ്കിലും ജീവനക്കാരുടെ പെൻഷൻ, ശമ്പള വിതരണം, പ്രോവിഡന്റ് ഫണ്ട്, ഇൻറർട്രാൻസബിലിറ്റി, ഭൗതിക സാഹചര്യങ്ങൾ, ജോലി സ്വഭാവം, പരിശീലനം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്.
ഇത്തരം പ്രശ്നങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ ജോയിൻ്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം
യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത് പി ആർ സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ടി വി പ്രജീഷ് നന്ദിയും പറഞ്ഞു.