കണ്ണൂർ; വായന പക്ഷാചരണത്തിന്റെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി.
പതിനൊന്നോളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ എം വി ജനാർദ്ദനന്റെ പെരുമലയൻ എന്ന നോവലിനെ അടിസ്ഥാനമാക്കി നോവലും എഴുത്തുകാരനും ആസ്വാദനവും എന്ന പേരിൽനടത്തിയ പരിപാടിയിൽ ഡോ. രാജേഷ് കടന്നപ്പള്ളി, ബാബുരാജ് അയ്യല്ലൂർ എന്നിവർ നോവൽ ആസ്വാദന പ്രസംഗം നടത്തി. നോവലിസ്റ്റ് എം വി ജനാർദ്ദനൻ തൻ്റെ തീക്ഷ്ണമായ നോവൽ രചന അനുഭവവും പങ്കുവെച്ചു. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ലൈബ്രറി കൺവീനർ കെ സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
