
പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗം എന്ന നിലയിൽ ഭിന്നശേഷി ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു. മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന ലക്ഷ്യത്തിനായി എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേരളത്തിലെ സർക്കാർ സർവീസിലെത്തിയ ഭിന്നശേഷി ജീവനക്കാരുടെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാരിന് കഴിഞ്ഞെങ്കിലും ഇനിയും പരിഗണിക്കപ്പെടേണ്ടതായ വിഷയങ്ങൾ ബാക്കി നിൽക്കുന്നു. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് സൂപ്പർന്യൂമററിയായി നിയമിച്ച ഭിന്നശേഷി ജീവനക്കാരെ റഗുലറൈസ് ചെയ്യുന്നതിനുള്ള നടപടി ഉണ്ടായിട്ടില്ല. സൂപ്പർ ന്യൂററിയായി ജോലി ചെയ്യുന്ന ഭിന്ന ശേഷി ജീവനക്കാരുടെ തസ്തിക ക്രമീകരണം പൂർത്തിയാക്കുക, സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹദമാക്കുക, ഭിന്ന ശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് അഡ്വാൻസ് അനുവദിക്കുക, സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പുതുക്കിനിശ്ചയിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജീവനക്കാർ ധർണ്ണ നടത്തിയത്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.ഗാഥ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. പ്രവീൺ സ്വാഗതവും ജോ:സെക്രട്ടറി ആദർശ് കുമാർ നന്ദിയും പറഞ്ഞു.