രാജ്യവിൽപ്പനയ്ക്കെതിരെ ദേശാഭിമാനികൾ ഒന്നിക്കുക..
രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ മറ്റൊരു മെഗാ വില്പനയ്ക്ക് കൂടി കേന്ദ്രസർക്കാർ തീരുമാനം എടുത്തിരിക്കുന്നു. നാലു വർഷം കൊണ്ട് രാഷ്ട്രത്തിന്റെ പൊതു ആസ്തികൾ വിറ്റഴിച്ച് ആറു ലക്ഷം കോടി രൂപ സമാഹരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 – 22 വർഷത്തെ കേന്ദ്ര ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ തീരുമാനം. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയിലൂടെ രാജ്യത്തിന്റെ പൊതു ആസ്തികളായയ ദേശീയപാതകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, വൈദ്യുതി ഉൽപാദന-വിതരണ മേഖലകൾ തുടങ്ങി പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള 13 സുപ്രധാന രംഗങ്ങളിലെ ഇരുപതിലധികം ആസ്തികളാണ് സ്വദേശ- വിദേശ കുത്തകകൾക്ക് കൈമാറുന്നത്. കേരളത്തിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും ഇതിൽപ്പെടും.
പൊതുമേഖലാ ഓഹരി വില്പന പോലെ പൊതു ആസ്തികളുടെ കൈമാറ്റം നടക്കുന്നില്ലെന്നും ഒരു നിശ്ചിത കാലയളവിലേക്ക് അവയുടെ മേൽനോട്ടവും നടത്തിപ്പും അധിക നിക്ഷേപത്തിനുള്ള അവകാശവും നൽകുക മാത്രമേ ചെയ്യുന്നുള്ളൂവെന്നു മാണ് കേന്ദ്ര സർക്കാരിന്റെ വാദം. ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഓരോ ആസ്തിയും ടെൻഡർ ചെയ്ത് ഏറ്റവും ഉയർന്ന വില നൽകാൻ തയ്യാറുള്ള സംരംഭകർക്ക് കൈമാറുന്നു.സംരംഭകർ നിശ്ചിത കാലയളവ് കഴിയുമ്പോൾ ആസ്തികൾ വീണ്ടും സർക്കാരിലേക്ക് തന്നെ മടക്കി നൽകുകയും ചെയ്യുന്നു. അതിനാൽ സ്വകാര്യവൽക്കരണം നടക്കുന്നില്ല എന്നാണ് സർക്കാരിന്റെ അവകാശവാദം.എന്നാൽ നവലിബറൽ നയങ്ങളുടെ വക്താക്കളായ ഭരണാധികാരികൾ കഴിഞ്ഞകാലങ്ങളിൽ മുന്നോട്ടുവച്ച ഇത്തരം അവകാശ വാദങ്ങൾ ഒന്നുപോലും യാഥാർത്ഥ്യമാക്കപ്പെട്ടിട്ടില്ല എന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. പാട്ടത്തിന് കൈമാറുന്ന ആസ്തികളിൽ നിന്ന് നിശ്ചിത കാലപരിധിക്കുള്ളിൽ തങ്ങളുടെ നിക്ഷേപത്തുകയും ലാഭവും തിരിച്ചെടുക്കുന്നതിന് എന്തുമാർഗ്ഗവും നിക്ഷേപകരായ സ്വദേശ-വിദേശ കുത്തകകൾ സ്വീകരിച്ചേക്കാം. ജനങ്ങൾ ആശ്രയിക്കുന്ന പൊതുഇടങ്ങൾക്ക് വൻതോതിൽ യൂസർഫീ ഏർപ്പെടുത്തുക, കൈവശം ലഭിച്ച ആസ്തികളിൽ അധിക്ഷേപം നടത്തി കൊള്ളലാഭം ഉണ്ടാക്കുക എന്നിവയായിരിക്കും ഫലം. 700 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ – നാഗ്പൂർ എക്സ്പ്രസ് ഹൈവേയിൽ കാറിൽ യാത്ര ചെയ്യാൻ 1200 രൂപ നൽകേണ്ട സ്ഥിതി ഇപ്പോൾ നിലവിലുണ്ട്.ഈ ദുസ്ഥിതി രാജ്യത്താകമാനം വ്യാപിക്കുന്ന നിലയായിരിക്കും ഉണ്ടാകാൻ പോകുന്നത്. കൂടാതെ കമ്പോളത്തിൽ മാന്ദ്യം നിലനിൽക്കുമ്പോൾ പൊതു ആസ്തികൾ വില്പനയ്ക്ക് വച്ചാൽ യഥാർത്ഥ മൂല്യത്തിന് അടുത്തു പോലും എത്താത്ത വിലയായിരിക്കും ലഭിക്കുക. കുത്തക മുതലാളിമാർ സ്വന്തം പണം വിനിയോഗിച്ച് ഇത്തരം ആസ്തികൾ സ്വന്തമാക്കാനും ഇടയില്ല .പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പയെടുത്താവും അവർ ഇത്തരം ആസ്തികൾ സ്വന്തമാക്കുക.ഫലത്തിൽ ജനങ്ങളുടെ പണം ഉപയോഗിച്ച് ക്രോണി കോർപ്പറേറ്റുകൾക്ക് പൊതു ആസ്തികൾ കൈവശപ്പെടുത്താനുള്ള അവസരമാണ് ഉണ്ടാകാൻ പോകുന്നത്.
വൈദേശികാധിപത്യത്തിനെതിരെ നൂറ്റാണ്ട് നീണ്ട ഐതിഹാസിക പോരാട്ടത്തിലൂടെ കരസ്ഥമാക്കിയ സ്വാതന്ത്ര്യവും ജനത വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത രാഷ്ട്ര സമ്പത്തും വീണ്ടും സ്വദേശ-വിദേശ കുത്തകകൾക്ക് തീറെഴുതുന്ന രാജ്യ ദ്രോഹ നടപടിക്കെതിരെ ചെറുത്തുനിൽപ്പുകൾ ശക്തിപ്പെടുത്തുകയാണ് ഓരോ രാജ്യ സ്നേഹിയുടെയും ഉത്തരവാദിത്വം. സർക്കാരിന്റെ ആസ്തി വിൽപ്പനയ്ക്ക് എതിരെ സ്ഥാപനങ്ങൾക്ക് മുന്നിൽ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ  പ്രകടനം നടത്തി