സംസ്ഥാന ജീവനക്കാരുടെ കായികാഭിനിവേശം പ്രകടമാക്കി കേരള എൻ.ജി.ഒ. യൂണിയൻ സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന കായികമേള ഡിസംബർ 9 ന് കൊല്ലത്ത് നടന്നു. ഔപചാരികതയുടെ ചുറ്റുവട്ടങ്ങൾക്കപ്പുറം സംസ്ഥാന ജീവനക്കാരുടെ കായിക സ്വപ്നങ്ങൾക്ക് മിഴിവേകിയ കായികമേള കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് നടന്നത്. വർഗ്ഗീയ, മൂലധനശക്തികൾ കലാകായിക – സാംസ്കാരിക രംഗങ്ങളിൽ അധീശത്വത്തിന് ശ്രമിക്കുന്ന വർത്തമാനകാലത്ത്, ഈ രംഗങ്ങളിൽ ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ സംഘടിപ്പിച്ച കായികമേള സർവ്വീസ് രംഗത്തെ കായികതാരങ്ങളുടെ അപൂർവ്വ സംഗമമായി മാറി. പുതിയ ദൂരങ്ങളും ഉയരങ്ങളും കണ്ടെത്തുന്നതോടൊപ്പം പണിയെടുക്കുന്നവന്റെ സംഘബോധത്തിന്റെ പ്രതീകമായി മാറിയ മേള രാവിലെ 10 മണിക്ക് ചേർന്ന ചടങ്ങിൽ അഡ്വ: കെ. സോമപ്രസാദ് എം.പി. ഉൽഘാടനം ചെയ്തു. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നു. അഡ്വ: സോമപ്രസാദ് സല്യൂട്ട് സ്വീകരിച്ചു. യൂണിയന്റെ 15 ജില്ലാകമ്മിറ്റികൾ സംഘടിപ്പിച്ച ജില്ലാതല കായികമേളകളിൽ ഒന്നാം സ്ഥാനക്കാ
രായ താരങ്ങളാണ് കൊല്ലത്ത് സംസ്ഥാന മേളയിൽ പങ്കെടുത്തത്. കായികതാരങ്ങളെയും വിശിഷ്ടാഥിതികളെയും യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി സ്വാഗതം ചെയ്തു. പ്രസിഡന്റ് ഇ. പ്രേംകുമാർ പതാക ഉയർത്തി. കലാകായിക സമിതി കൺവീനർ എം.വി. ശശിധരൻ നന്ദി പറഞ്ഞു.
കായികമേളയിൽ 57 പോയിന്റ് നേടിയ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 56 പോയിന്റ് നേടി കോഴിക്കോട്, കണ്ണൂർ ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. പുരുഷ•ാരുടെ 40 വയസ്സിന് താഴെയുള്ള സീനിയർ വിഭാഗത്തിൽ 16 പോയിന്റ് നേടിയ തിരുവനന്തപുരം സൗത്ത് ജില്ലയുടെ എസ്. ഉണ്ണികൃഷ്ണനും, 40 വയസ്സിന് മുകളിലുള്ള സൂപ്പർ സീനിയർവിഭാഗത്തിൽ 15 പോയിന്റ് നേടിയ ആലപ്പുഴ ജില്ലയിലെ വി.വി. സുനിലും വ്യക്തിഗത ചാമ്പ്യ•ാരായി. വനിതകളുടെ 40 വയസിന് താഴെയുള്ള സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് 15 പോയിന്റ് നേടിയ ആലപ്പുഴ ജില്ലയിലെ റീനാ മാത്യു കരസ്ഥമാക്കി. 15 പോയിന്റ് നേടിയ മലപ്പുറം ജില്ലയുടെ ലുബ്ന കെ.റ്റി. യാണ് വനിതാവിഭാഗത്തിൽ 40 വയസ്സിന് മുകളിലുള്ളവരുടെ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത്.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷനായിരുന്നു. കൊല്ലം മേയർ അഡ്വ: വി. രാജേന്ദ്രബാബു സമ്മാനദാനം നിർവ്വഹിച്ചു. സംഘാടകസമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എ, യൂണിയൻ മുൻ പ്രസിഡന്റ് കെ.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി സ്വാഗതവും സംഘാടകസമിതി കൺവീനർ ബി. അനിൽകുമാർ നന്ദിയും പറഞ്ഞു.