കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ ഒൻപതാമത് സംസ്ഥാന കായിക മേളയ്ക്ക് ആവേശകരമായ തുടക്കം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന കായിക മേള ദേശീയ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലകളിൽ നിന്നുള്ള കായിക താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയായിരുന്നു മീറ്റിന് തുടക്കം. സംസ്ഥാന പ്രസിഡന്റ് എം. വി ശശിധരൻ കായിക മേളയുടെ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എം. വി ശശിധരൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം. എ അജിത് കുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ. കെ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
113 പോയിന്റുമായി കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യാൻമാരായി. ആവേശകരമായ മത്സരത്തിൽ 103 പോയിന്റ്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 88 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കൊച്ചി മേയർ എം. അനിൽ കുമാർ ഓവറോൾ ചാമ്പ്യാൻമാർക്കുള്ള പി. ആർ രാജൻ സ്മാരക ട്രോഫിടക്കമുള്ള സമ്മാനദാനം നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം. വി ശശിധരൻ അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം. എ അജിത് സ്വാഗതവും കലാകായിക സമിതി കൺവീനർ സീമ എസ് നായർ നന്ദിയും പറഞ്ഞു.