തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ സഹകരണ വകുപ്പ് ജീവനക്കാരുടെ വീടുകളിലേക്ക് അക്രമ സമരം നയിക്കുകയും ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അടൂർ സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ കെ അനിലിന്റെ വീടിന് മുന്നിലേക്ക് മാർച്ച് നടത്തുകയും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ഭീഷണിപെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.ഔദ്യോഗിക കൃത്യനിർവഹണം സംബന്ധിച്ച് പരിശോധിക്കാൻ ഔദ്യോഗിക സംവിധാനങ്ങളും നിയമവ്യവസ്ഥയും ഉണ്ടെന്നിരിക്കെ നിയമം കയ്യിലെടുക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. സഹകരണ വകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമങ്ങളിൽ നിന്നും, ജീവനക്കാരുടെ വീടുകളിലേക്കുള്ള അക്രമ സമരങ്ങളിൽ നിന്നും പിന്തിരിയണമെന്നും, ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയനും കെ.ജി.ഒ.എ.യും സഹകരണ ജില്ലാ ജോയിൻ്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ,കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജാൻകി ദാസ്,കെ ജി ഒ എ ജില്ലാ ട്രഷറർ പി ടി സാബു, എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു എന്നിവർ സംസാരിച്ചു