*സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവം – തലസ്ഥാന നഗരിയെ വർണാഭമാക്കി എൻ.ജി.ഒ യൂണിയൻ വിളംബര ജാഥകൾ*
കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവം ‘സർഗോത്സവ് 24’, ‘അരങ്ങ്’ സംസ്ഥാന നാടക മത്സരവും 27 ന് നടക്കുകയാണ്. കലോത്സവത്തിന്റെ സന്ദേശം വിളിച്ചറിയിച്ച് നഗരത്തെ വർണാഭമാക്കി വിളംബര ഘോഷയാത്രകൾ നടന്നു. എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത്, സൗത്ത് ജില്ലകളുടെ നേതൃത്വത്തിൽ നടന്ന ജാഥകളിൽ നൂറു കണക്കിന് ജീവനക്കാരാണ് പങ്കെടുത്തത്. തെയ്യങ്ങൾ, ചെണ്ടമേളം, ബാൻഡ് മേളങ്ങൾ, മുത്തുക്കുടകൾ, നാസിക്ക് ഡോലുകൾ, കളരിപ്പയറ്റ്, വിവിധ കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. തിരുവനന്തപുരം നോർത്ത് ജില്ലയുടെ ജാഥ മസ്‌ക്കറ്റ് ഹോട്ടലിന് മുന്നിൽ നിന്നും, സൗത്ത് ജില്ലയുടെ ജാഥ വിമൻസ് കോളേജിന് മുന്നിൽ നിന്നും ആരംഭിച്ചു. രണ്ട് ജാഥകളും മാനവീയം വീഥിയിൽ സംഗമിച്ചു. തുടർന്ന് നടന്ന സാംസ്‌ക്കാരിക സായാഹ്നം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ്, സംസ്ഥാന ട്രഷറർ വി.കെ ഷീജ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് സ്വാഗതം പറഞ്ഞു. പരിപാടിയോടാനുബന്ധിച്ച് ഒറ്റയാൽ പാട്ടുകൂട്ടത്തിന്റെ നാടൻ പാട്ടും അരങ്ങേറി.
കലോത്സവം 27 ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി പ്രൊഫ. വി.മധുസൂദനൻ നായർ പങ്കെടുക്കും. സമാപന യോഗവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ നിർവഹിക്കും. ഇരുപത്തി ആറ് ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ആയിരത്തോളം ജീവനക്കാർ മാറ്റുരക്കും. അയ്യൻകാളി ഹാൾ, സെനറ്റ് ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ് തുടങ്ങി പതിനൊന്ന് വേദികളിലാണ് കലോത്സവം നടക്കുന്നത്.