*തലസ്ഥാന നഗരിയിൽ കലയുടെ വിസ്മയം തീർത്ത് സർഗോത്സവ് * അരങ്ങ് 24’ സമാപിച്ചു.*
*കണ്ണൂർ ജില്ല ചാമ്പ്യൻമാർ*
എൻ.ജി.ഒ. യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച സംസ്ഥാന കലോത്സവം ‘സർഗോത്സവ് * അരങ്ങ് 2024’ – ൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. തിരുവനന്തപുരം നോർത്ത് ജില്ല ഫസ്റ്റ് റണ്ണറപ്പും തിരുവനന്തപുരം സൗത്ത് ജില്ലയും കോഴിക്കോട് ജില്ലയും സെക്കന്റ് റണ്ണറപ്പുകളുമായി. കൊല്ലം ജില്ലയിലെ പുഷ്പലത കലാതിലകമായും, കോഴിക്കോട് ജില്ലയിലെ ശ്യാംദാസ് കലാപ്രതിഭയുമായും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് അദ്ദേഹം സമ്മാനദാനം നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ കലാകായിക സമിതി കൺവീനർ സീമ.എസ്.നായർ സ്വാഗതവും കലാകായിക സമിതി ജോയിന്റ് കൺവീനർ കെ.വിജയകുമാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, പ്രശസ്ത നാടക – സിനിമ സംവിധായകൻ പ്രിയനന്ദനൻ, നാടക കലാകാരി സന്ധ്യ രാജേന്ദ്രൻ, നാടക പ്രവർത്തകൻ രത്‌നാകരൻ, ജനറൽ കൺവീനർ കെ.പി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
സർക്കാർ ഓഫീസുകളിലെ തിരക്കുകൾക്കിടയിലും തങ്ങളുടെ സർഗാത്മകതയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിലെ പതിനൊന്ന് വേദികളിലെ പ്രകടനങ്ങൾ. സംഗീതവും, നൃത്തവും, കവിതയും, സാഹിത്യവും, ചിത്രകലയും, അഭിനയവുമെല്ലാം തലസ്ഥാന നഗരിക്ക് നിറച്ചാർത്തായി. സംസ്ഥാനത്തെ പതിനഞ്ച് ജില്ലാ കമ്മറ്റികളിൽ നിന്നുള്ള 772 ജീവനക്കാരാണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്.