Kerala NGO Union

അരങ്ങ് 2021 – സർക്കാർ ജീവനക്കാരുടെ അഖിലകേരള ഏകാങ്ക നാടക മത്സരം 

 

അടച്ചിടലിന്റെ വീർപ്പുമുട്ടലുകൾക്കിടയിലെ ആസ്വാദനത്തിന്റെ ആശ്വാസകിരണമായി രണ്ടുദിവസത്തെ ദൃശ്യവിരുന്നിന് തിരശ്ശീല വീണു. സാംസ്കാരിക തലസ്ഥാനത്ത് കേരള സംഗീത നാടക അക്കാദമിയിലെ കെ ടി മുഹമ്മദ് സ്മാരക ഹാളിൽ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടന്ന സർക്കാർ ജീവനക്കാരുടെ അഖിലകേരള ഏകാങ്ക നാടക മത്സരം “അരങ്ങ് -2021” അക്ഷരാർത്ഥത്തിൽ എല്ലാവർക്കും എന്തൊരു അരങ്ങായിരുന്നു….. രണ്ടുദിവസ മൽസരത്തിൽ 15 നാടകങ്ങൾ അരങ്ങിലെത്തി. എല്ലാം സമകാലീന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവ. തലങ്ങൾ പലതാണെങ്കിലും ജീവിത പ്രശ്നങ്ങൾ ഒന്നാണെന്ന തിരിച്ചറിവാണ് അരങ്ങ് സന്നിവേശിപ്പിച്ച സന്ദേശം. കോവിഡ് മാനദണ്ഡങ്ങൾ മൂലമുള്ള പരിമിതികൾക്കകത്തു നിന്ന് സാധ്യതകളെ പരതിയെടുത്ത് ചിട്ടപ്പെടുത്തിയപ്പോൾ തീയറ്ററിലെത്തിയ ആർക്കും നിരാശപ്പെടേണ്ടി വന്നില്ല….

പട്ടികജാതി-പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അരങ്ങ് 2019 ലെ വിജയികളെ അനുമോദിക്കുകയുണ്ടായി. നാടക-ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനായിരുന്നു പ്രിയ അതിഥി.കവിയും സാംസ്കാരിക പ്രവർത്തകനുമായ ഡോ. സി രാവുണ്ണി ചെയർമാനും കെ വി പ്രഫുൽ ജനറൽ കൺവീനറുമായ സംഘാടകസമിതി മികച്ച സംഘാടനം നടത്തി. തൃശ്ശൂർ ജില്ലയിലെ എൻ ജി ഒ യൂണിയൻ പ്രവർത്തകരും വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകരും സംഘാടന മികവിന് മാറ്റുകൂട്ടി. നാടക രംഗത്ത് കഴിവു തെളിയിച്ച മൂന്നു പ്രഗത്‌ഭ വ്യക്തികൾ നാടകങ്ങളെ തലനാരിഴ കീറി വിലയിരുത്തി.

മലപ്പുറം ജ്വാല അവതരിപ്പിച്ച “ആറാംദിവസം ” അരങ്ങിലെ മികച്ച നാടകമായി. കണ്ണൂർ സംഘവേദിയുടെ “ആണി” യും കോഴിക്കോട് എൻജിഒ ആർട്സിന്റെ “പെണ്ണകലം” മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അംഗീകാരം പങ്കിട്ടെടുത്തു. തൃശ്ശൂർ സർഗ്ഗവേദിയുടെ “കവചിതം” ത്തിനാണ് മൂന്നാംസ്ഥാനം. “ആണി” നാടകത്തിലെ സുരേഷ് പരിയാരം, “ആറാം ദിവസം” നാടകത്തിലെ വിജീഷ് കാവിൽ എന്നിവർ അരങ്ങ് തകർത്ത നല്ല നടന്മാരായും ” മുത്ത ” യിലെ ജെറിൻ “പെണ്ണകലം ” ത്തിലെ ശോഭ എന്നിവർ മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

സഹൃദയരും നാടക പ്രവർത്തകരും സംഘടനാ പ്രവർത്തകരും…… എല്ലാവരും ചേർന്ന് അരങ്ങുതകർത്തു….

 

Leave a Reply

Your email address will not be published. Required fields are marked *