കേരള എൻജിഒ യൂണിയൻ സ്ഥാപകനേതാക്കളിൽ പ്രമുഖനായ ഇ പത്മനാഭൻ 29-)0 ചരമവാർഷിക ദിനമാണ് സെപ്റ്റംബർ 18. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചേർന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് 1990 സെപ്റ്റംബർ 18 ന് ഹൃദയാഘാതം മൂലം സഖാവ് മരണമടയുന്നത്. സിവിൽ സർവീസിലെ ജീവനക്കാരെ സാമൂഹ്യ ശക്തിയായി വളർത്തിയെടുത്ത സമര പ്രസ്ഥാനമായ കേരള എൻജിഒ യൂണിയന്റെ രൂപീകരണത്തിനും തുടർന്ന് ദീർഘകാലം ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും സംഘടനയെ നയിച്ചു.
പ്രാദേശിക അടിസ്ഥാനത്തിലും വകുപ്പ് കാറ്റഗറി അടിസ്ഥാനത്തിലും പ്രവർത്തിച്ചിരുന്ന സംഘടനകളെ ഒരുമിപ്പിക്കുന്നതിനും ഏക സംഘടനാ രൂപം കെട്ടിപ്പടുക്കുന്നതിനും നിർണായക ഇടപെടലുകളാണ് ഇ പി നിർവഹിച്ചത്. 1959 ൽ സർവീസ് സംഘടനാ ഫെഡറേഷനായി സംഘടനകളുടെ ഐക്യരൂപം ഉണ്ടാക്കാൻ നടത്തിയ ശ്രമം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് 1962 കേരള എൻജിഒ യൂണിയൻ രൂപംകൊണ്ടത്. സമ്മേളനം തെരഞ്ഞെടുത്ത ആദ്യ സംസ്ഥാന കമ്മിറ്റിയിൽ ഇ പത്മനാഭൻ അംഗമായി. 1965 യൂണിയൻ ജനറൽ സെക്രട്ടറിയായി. രാഷ്ട്രീയ പക്ഷപാതിത്വ ആരോപണമുന്നയിച്ച സംഘടനയെ പിളർത്താൻ ശ്രമിച്ചപ്പോൾ അസാമാന്യ നേതൃപാടവത്തോടെ സഖാവ് പത്മനാഭൻ നടത്തിയ പുതിയ ഇടപെടലുകൾ സംഘടനയെ കരുത്താക്കി സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ അഖിലേന്ത്യാ ഫെഡറേഷന്റെ ആഹ്വാന പ്രകാരം കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്തക്കുവേണ്ടി കേരളത്തിലെ ജീവനക്കാർ നടത്തിയ ആദ്യ അനിശ്ചിതകാല പണിമുടക്കിനും , അഞ്ചുവർഷ തത്വം പാലിച്ചു ള്ള സമയബന്ധിത ശമ്പള പരിഷ്കരണത്തിനും ഇടക്കാലാശ്വാസത്തിനും വേണ്ടി 1973 ൽ നടത്തിയ 54 ദിവസത്തെ ഐതിഹാസികമായ പണിമുടക്കിനും സഖാവ് നേതൃത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം ജയിൽവാസം അനുഭവിച്ചു. 1965 മുതൽ 1982 ൽ സർവീസിൽ നിന്നും വിരമിക്കുന്നതുവരെ സംഘടനയുടെ പ്രസിഡൻറ് ജനറൽ സെക്രട്ടറി എന്നീ പദവികളിലിരുന്ന് ലക്ഷണമൊത്ത ഒരു ട്രേഡ് യൂണിയൻ സംഘടനയായി എൻ ജി ഒ യൂണിയനെ കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ ആയ സംഭാവനയാണ് ഇ പത്മനാഭൻ നൽകിയിട്ടുള്ളത്.
അവകാശ ആനുകൂല്യങ്ങൾക്ക് വേണ്ടി വേണ്ടി ജീവനക്കാരെ അണിനിരത്തുന്നതിനും സമര സജ്ജരാക്കുന്നതിനുമൊപ്പം അവരെ സ്വന്തം ഉത്തരവാദിത്വ നിർവ്വഹണത്തിൽ കർമ്മോന്മുഖ രാക്കുന്നതിലും സഖാവ് നിഷ്കർഷത വെച്ചുപുലർത്തി.
1982 ൽ ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായും ദേശീയ സംസ്ഥാന തലത്തിൽ ഒട്ടനവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായും സഖാവ് പ്രവർത്തിച്ചു. സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷനായ എ ഐ എസ് ജി ഇ എഫ് ന്റെ സോണൽ ഭാരവാഹിയായി നിരവധി കാലം പ്രവർത്തിച്ചു.
നവലിബറൽ നയങ്ങൾ ശക്തമായി നടപ്പിലാക്കി സിവിൽ സർവീസിനെ പരിമിതപ്പെടുത്താനും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനും കേന്ദ്രസർക്കാർ പരിശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് സഖാവിന്റെ 29 ആം ചരമ വാർഷികം ആചരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പരിമിതമായി മാത്രം നിലവിലുണ്ടായിരുന്ന തൊഴിൽ നിയമങ്ങളാകെ തൊഴിലുടമയുടെ താൽപര്യാർത്ഥം ഭേദഗതി ചെയ്യുകയാണ് 44 തൊഴിൽ നിയമങ്ങളെ 4 ലേബർ കോഡുകൾ ആക്കി മാറ്റുന്നു. വ്യവസായശാലകൾ – അടച്ചുപൂട്ടിയതോടെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. സിവിൽ സർവീസിൽ വ്യാപകമായ കരാർവൽക്കരണം നടപ്പിലാക്കുകയാണ്. മത ന്യൂനപക്ഷങ്ങൾക്കെതിരെ ദളിതർക്കും സ്ത്രീകൾക്കും എതിരെയും വലിയ കടന്നാക്രമണങ്ങൾ ആണ് നടക്കുന്നത് . ഈ ദേശീയപശ്ചാത്തലത്തിൽ വർഗീയതക്കെതിരെയും പുതിയ സാമ്പത്തിക നയങ്ങൾക്കെതിരെയും ഉജ്ജ്വലമായ തൊഴിലാളി മുന്നേറ്റങ്ങൾ ഉയർത്തുന്നതിനും ഐക്യ പ്രക്ഷോഭങ്ങളിൽ കണ്ണിയാകുന്നതിനും ഇ പത്മനാഭൻ സ്മരണകൾ സംഘടനയെ കരുത്തുറ്റതാക്കുമെന്നതിൽ തർക്കമില്ല. ദിനാചരണത്തിന്റെ ഭാഗമായി ഏരിയാ കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തി. ഉച്ചയ്ക്കുശേഷം കോട്ടയം സാഹിത്യപ്രവർത്തകസഹകരണസംഘം ഹാളിൽ അനുസ്മരണ യോഗം ചേർന്നു. മോദി സർക്കാരും തൊഴിലാളി വിരുദ്ധ നടപടികളും എന്ന വിഷയത്തിൽ CITU ജില്ലാ ജോ. സെക്രട്ടറി റജി സഖറിയ പ്രഭാഷണം നടത്തി.. യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ കൃഷ്ണപ്രസാദ് ഇ പത്മനാഭന് അനുസ്മരണ പ്രഭാഷണം നടത്തി.