Kerala NGO Union

          

 

സമൂഹവും സിവിൽ സർവീസും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാർച്ച് അക്ഷരാർത്ഥത്തിൽ കണ്ണൂര്‍ നഗരത്തെ ചെങ്കടലാക്കി.
പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളുമായി രണ്ട് വരിയായി നീങ്ങിയ പ്രകടനം കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ ധർണ്ണാ കേന്ദ്രത്തിലെത്തിയിട്ടും പിൻനിര ചലിച്ചു തുടങ്ങിയിരുന്നില്ല. വനിത ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തമായിരുന്നു മറ്റൊരു സവിശേഷത. ടൗണ്‍ സ്ക്വയറിലെ ധർണ്ണ NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സുശീല ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻെറ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക, PFRDA നിയമം പിൻവലിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ സാധാരണക്കാരെയും തൊഴിലെടുത്ത് ജീവിക്കുന്ന വരെയും കടപുഴക്കുമ്പോൾ നിലനിൽപ്പിനായുള്ള പരിശ്രമത്തിൽ പിടിവള്ളിയാകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻെറ ബദൽ നയങ്ങളാണ്.കേന്ദ്രവും ഇതര സംസ്ഥാന സർക്കാരുകളും നവലിബറൽ നയങ്ങളുടെ പേരിൽ തസ്തിക വെട്ടിക്കുറച്ചും ഒഴിവുകൾ നികത്താതെയും കരാർ – കാഷ്വൽ നിയമനങ്ങൾ വ്യാപകമാക്കിയും സിവിൽ സർവീസിനെ തകർക്കുമ്പോൾ കേരളം സിവിൽ സർവീസിനെ ശാക്തീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നു.സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണം ഫലപ്രദമാക്കാൻ കഴിയും വിധം സിവിൽ സർവീസിനെ ജനോന്മുഖം ആക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട് …. തൊഴിൽപരമായ ഉത്തരവാദിത്വങ്ങൾ കാര്യക്ഷമതയോടെഏറ്റെടുക്കുന്നതും ജനപക്ഷബദലിന് പിന്തുണ നൽകുന്നതും നവലിബറൽ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമാണ് എന്ന തിരിച്ചറിവോടെയാണ് ജീവനക്കാർ മാർച്ചിലും ധർണയിലും അണിനിരന്നത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത ഏവരേയും എൻജിഒ യൂണിയൻ അഭിവാദ്യം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *