Kerala NGO Union

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്ജ്വല മാർച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയ്സ് & ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങളിലേക്കും അധ്യാപകരുടെ ജീവനക്കാരുടെയും മാർച്ച് സംഘടിപ്പിച്ചു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക. ഫെഡറലിസം സംരക്ഷിക്കുക. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക. സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക. വിലക്കയറ്റം തടയുക. വർഗ്ഗീയതയെ ചെറുക്കുക. കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. കൽപ്പറ്റ മുൻസിപ്പൽ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ഏൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡണ്ട് വിൽസൺ തോമസ് അധ്യക്ഷനായി.ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ടി.കെ.അബ്ദുൾ ഗഫൂർ സ്വാഗതവും കെ എൻ ടി ഇ ഒ ജില്ലാ സെക്രട്ടറി ജോർജ് ബേബി നന്ദിയും പറഞ്ഞു.