Kerala NGO Union

തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തൊഴിൽ നിയമപരിഷ്‌ക്കാരങ്ങൾ

ടി.സി. മാത്തുക്കുട്ടി, ജനറൽ സെക്രട്ടറി, കേരള എൻ.ജി.ഒ. യൂണിയൻ

ഒന്നാം ലോകമഹായുദ്ധാനന്തരം, ലീഗ് ഓഫ് നേഷൻസിന്റെ ഭാഗമായി 1919 ഏപ്രിൽ 11 ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ.) രൂപം കൊണ്ടു. 1946 ൽ ലീഗ് ഓഫ് നേഷൻസിന്റെ തകർച്ചക്കും രണ്ടാം ലോകമഹായുദ്ധത്തിനും ശേഷം ഐ.എൽ.ഒ. ഐക്യരാഷ്ട്രസഭയുടെ ഭാഗമായിത്തീർന്നു. ഐക്യരാഷ്ട്രസഭയുടെ ഘടകമായി മാറിയ ആദ്യ സ്‌പെഷ്യലൈസ്ഡ് ഏജൻസിയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന. നിലവിൽ ഇന്ത്യയടക്കം 187 അംഗരാഷ്ട്രങ്ങൾ ഇതിലുണ്ട്. അന്തർദേശീയ തലത്തിൽ തൊഴിൽ സംബന്ധമായ കാര്യങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിലും ഐ.എൽ.ഒ. സ്വീകരിക്കുന്ന നിലപാടുകൾ നടപ്പാക്കുവാൻ ഇതിലെ അംഗരാജ്യങ്ങൾക്ക് ബാദ്ധ്യതയുണ്ട്. കാലാകാലങ്ങളിൽ ഐ.എൽ.ഒ. അംഗീകരിക്കുന്ന പ്രമാണങ്ങളും നൽകുന്ന ശുപാർശകളും ബന്ധപ്പെട്ട രാഷ്ട്രങ്ങൾ പാലിക്കാറുമുണ്ട്. തൊഴിലാളികൾക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും അവകാശാനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ഉതകുന്ന നിലപാടുകളാണ് ഐ.എൽ.ഒ. പൊതുവിൽ സ്വീകരിക്കാറുള്ളത്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ചേരി ശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തിലെ സാർവ്വദേശീയ രാഷ്ട്രീയസാഹചര്യങ്ങൾ ഐ.എൽ.ഒ. നിലപാടുകളെ നന്നായി സ്വാധീനിച്ചിരുന്നു.
മേൽ സൂചിപ്പിച്ച സാഹചര്യങ്ങളിൽ ഇന്ത്യയടക്കമുള്ള ചേരി-ചേരാ രാഷ്ട്രങ്ങളും ഐ.എൽ.ഒ. പ്രമാണങ്ങൾക്കനുസൃതമായി തൊഴിലാളി താൽപര്യങ്ങൾ സംരക്ഷിക്കാനുതകുന്ന വിധത്തിലുള്ള തൊഴിൽ നിയമങ്ങൾക്ക് രൂപം കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1946 ലെ വ്യവസായ തൊഴിൽ (സ്റ്റാന്റിംഗ് ഓർഡേഴ്‌സ്) നിയമവും 1948 ലെ തൊഴിൽ തർക്ക നിയമവും 1970 ലെ കോൺട്രാക്ട് ലേബർ (റഗുലേഷൻ ആന്റ് അബോളിഷൻ) നിയമവുമെല്ലാം രാജ്യത്ത് നടപ്പിൽ വരുത്തിയത്.
എന്നാൽ സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയ്ക്കുശേഷം സാമ്രാജ്യത്വ സാമ്പത്തിക ആഗോളവൽക്കരണനയങ്ങൾ നടപ്പാക്കാൻ ആരംഭിച്ചതോടെ സാർവ്വദേശീയമായി തന്നെ മൂലധനശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് തൊഴിൽ നിയമങ്ങളിൽ തൊഴിലാളിവിരുദ്ധമായ മാറ്റങ്ങൾ വന്നുതുടങ്ങി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫ്രാൻസിൽ ഇമ്മാനുവേൽ മാക്രോണിന്റെ സർക്കാർ തൊഴിൽ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ. യൂറോപ്പിൽ ഏറ്റവും ശക്തമായ തൊഴിൽ നിയമങ്ങൾ നിലനിന്നിരുന്ന രാജ്യമാണ് ഫ്രാൻസ്. മൂലധനശക്തികൾക്കുവേണ്ടി തൊഴിലാളികളെ യഥേഷ്ടം നിയമിക്കുവാനും പിരിച്ചുവിടാനുമുള്ള സാഹചര്യങ്ങളാണ് ഈ നിയമഭേദഗതികളിലൂടെ ഫ്രാൻസിൽ ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ അവിടെ അതിശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഫ്രാൻസിൽ മാത്രമല്ല യൂറോപ്പിലെ ഒട്ടേറെ രാഷ്ട്രങ്ങളിൽ തൊഴിലാളി വിരുദ്ധമായ നിയമനിർമ്മാണങ്ങൾ നടന്നുവരുന്നുണ്ട്.
ഇന്ത്യയിലും സമാനമായവിധത്തിൽ തൊഴിലുടമകൾക്ക് അനുകൂലമായ വിധത്തിൽ തൊഴിൽനിയമങ്ങളിൽ മാറ്റംവരുത്തുന്ന സാഹചര്യങ്ങൾ സംജാതമായിരിക്കുന്നു. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ടും അപ്രന്റീസ് ആക്ടും അടക്കമുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുന്നു. തൊഴിലവകാശങ്ങൾക്കുനേരെ തന്നെ വെല്ലുവിളി ഉയർത്തുന്ന വേജ് കോഡ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വ്യവസായബന്ധത്തിന്റെ കോഡ് പാർലമെന്റിൽ അവതരണത്തിന് തയ്യാറായിക്കഴിഞ്ഞു. ആഗോളവൽക്കരണ പൂർവ്വകാലഘട്ടത്തിൽ തൊഴിലാളികൾക്കനുകൂലമായി രൂപം കൊടുത്ത നിയമങ്ങളെല്ലാം മൂലധനശക്തികൾക്കനുകൂലമായി ഭേദഗതി ചെയ്യുകയാണ്.
തൊഴിൽ നിയമഭേദഗതികളാകെ വരുത്തുന്നത് ലോകബാങ്ക്, ഐ.എം.എഫ് നിർദ്ദേശങ്ങൾക്കനുസൃതമായാണ്. തൊഴിലാളി താൽപര്യങ്ങൾ സംരക്ഷിക്കുന്ന ശക്തമായ തൊഴിൽ നിയമങ്ങൾ നിലനിൽക്കുന്നതുമൂലം ഏറ്റവും അയവില്ലാത്ത തൊഴിൽ കമ്പോളമാണ് ഇന്ത്യയുടേതെന്നാണ് ലോകബാങ്കിന്റെ അഭിപ്രായം. ഇതിൽ മാറ്റം വരുത്തി ‘സുഗമമായി വ്യവസായം നടത്താൻ പറ്റുന്ന’ (ലമലെ ീേ റീ യൗശെില)ൈ രാജ്യമാക്കി ഇന്ത്യയെ മാറ്റണമെന്നാണ് അവർ നിർദ്ദേശിക്കുന്നത്. ഇന്ത്യയിലെ കോർപ്പറേറ്റ് വ്യവസായികളുടെ സംഘടനയായ ഫിക്കിയും (എകഇഇക) അസോച്ചവും (അടടഛഇഒഅങ) ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ഇതാണ്.
ധനമൂലധന ശക്തികളുടെ താൽപര്യപ്രകാരം ഏറ്റവുമൊടുവിൽ ഇന്ത്യയിൽ നടന്ന തൊഴിൽ നിയമ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നിശ്ചിതകാല തൊഴിൽ (എശഃലറ ഠലൃാ ഋാുഹീ്യാലി)േ ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. 1946 ലെ വ്യവസായ തൊഴിൽ (സ്റ്റാന്റിംഗ് ഓർഡേഴ്‌സ്) നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ചട്ടം രൂപീകരിച്ചത്. രാജ്യത്തെ മുഴുവൻ സ്വകാര്യ-പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ ചട്ടം ബാധകമാണ്. തൊഴിലുടമക്കിഷ്ടമുള്ള കാലത്തേക്ക് മാത്രമായി കരാറടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുവാൻ അനുമതി നൽകുന്നതാണ് പ്രസ്തുത ഭേദഗതി. ഇത്തരത്തിൽ നിയമിക്കപ്പെടുന്ന ജീവനക്കാരെ കേവലം രണ്ടാഴ്ചത്തെ നോട്ടീസ് നൽകി തൊഴിലുടമക്ക് പിരിച്ചയക്കാൻ അധികാരം നൽകുന്നു. കരാർ പുതുക്കാത്തപ്പോൾ അതിന്റെ കാരണം വിശദീകരിക്കുവാനോ, നോട്ടീസ് നൽകുവാനോ തൊഴിലുടമക്ക് ബാധ്യതയില്ല. പുതിയ ഭേദഗതിയിലൂടെ യഥാർത്ഥത്തിൽ ഒശൃല മിറ എശൃല സംവിധാനം നടപ്പാക്കപ്പെടുകയാണുണ്ടായത്. നൂറിലേറെ തൊഴിലാളികൾ ജോലിചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകമായിട്ടുള്ളതുമായ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ കരാർ തൊഴിലാളികളെ നിയമിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. തൊഴിൽ മേഖലയിൽ സ്ഥിരം തൊഴിലെന്ന തൊഴിലാളികളുടെ പരമ പ്രധാനമായ അവകാശമാണ് ഇതിലൂടെ ഹനിക്കപ്പെട്ടത്. 2003 ൽ ഇൻഡസ്ട്രീയൽ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിംഗ് ഓർഡേഴ്‌സ്) ചട്ടം ഭേദഗതി ചെയ്ത് നിശ്ചിതകാല തൊഴിൽ സമ്പ്രദായം ഇന്ത്യയിൽ കൊണ്ടുവന്നതാണ്. എന്നാൽ 2007 ൽ തൊഴിലാളി സംഘടനകളുടെ ശക്തമായ സമരത്തെ തുടർന്നും ഇടതുപക്ഷ കക്ഷികളുടെ തീവ്രമായ സമ്മർദ്ദത്തെ തുടർന്നും ഇത് പിൻവലിക്കുകയാണുണ്ടായത്. പിന്നീട് 2016 ഒക്‌ടോബറിൽ വസ്ത്രനിർമ്മാണ മേഖലയിൽ നടപ്പിലാക്കുകയും ഇപ്പോൾ മുഴുവൻ വ്യവസായമേഖലയിലേക്കും വ്യാപിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ആഗോളവൽക്കരണനയങ്ങളുടെ ഭാഗമായി കേന്ദ്ര സിവിൽസർവ്വീസിലും നവ ഉദാരവൽക്കരണനയങ്ങൾ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളുടെ സിവിൽസർവ്വീസ് മേഖലയിലും സ്ഥിരനിയമനങ്ങൾ ഒഴിവാക്കി കരാർ നിയമനങ്ങളും കാഷ്വൽ നിയമനങ്ങളും വ്യാപകമാകുകയാണ്. മേൽപറഞ്ഞ മേഖലകളിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യവുമുണ്ട്. നവലിബറൽ നയങ്ങളുടെ ഭാഗമായി സേവനമേഖലയും മൂലധനശക്തികൾക്ക് വിട്ടുകൊടുക്കുന്ന സാഹചര്യത്തിൽ സിവിൽസർവ്വീസിലും പുതിയ നിയമനിർമ്മാണങ്ങളിലൂടെ സ്ഥിരനിയമനങ്ങൾ അവസാനിപ്പിച്ച് ‘നിശ്ചിതകാല തൊഴിൽ’ നടപ്പാക്കാൻ കഴിയുന്ന അപകടകരമായ അവസ്ഥയുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഏതാണ്ട് ഇതേ രൂപത്തിലാണ് ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസൂരക്ഷാപദ്ധതിയായ നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ അട്ടിമറിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. അതിനാൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ജാഗ്രതാപൂർവ്വമായ പ്രവർത്തനങ്ങൾ ഉണ്ടാകണം.
എന്നാൽ കേരളം തൊഴിൽരംഗത്ത് വ്യത്യസ്തമായ ഒരു ചിത്രം കാഴ്ചവയ്ക്കുന്നുണ്ട്. ജന്മി-നാടുവാഴിത്ത വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ അദ്ധ്വാനിക്കാൻ മാത്രം വിധിക്കപ്പെട്ട കീഴാള സമൂഹത്തിന്റെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും അയിത്താചരണത്തിനും മറ്റു സാമൂഹ്യ അനാചാരങ്ങൾക്കുമെതിരെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് കാരണമായി. ഇതിന് തുടർച്ചയായി കർഷകരുടെയും തൊഴിലാളികളുടെയും അവകാശാനുകൂല്യങ്ങൾക്കുവേണ്ടി ഇടതുപക്ഷ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയൻ-ബഹുജനസംഘടനകളും നടത്തിയ പ്രക്ഷോഭസമരങ്ങളിലൂടെ അവകാശബോധമുള്ള തൊഴിലാളിസമൂഹം കേരളത്തിലുണ്ടായി. ഐക്യകേരളപ്പിറവിക്കുശേഷം 1957 മുതൽ അധികാരത്തിൽ വന്നിട്ടുള്ള ഇടതുപക്ഷ സർക്കാരുകൾ വർഗ്ഗപരമായ വീക്ഷണത്തോടെ നടത്തിയ ഇടപെടലുകൾ കേരളത്തിലെ തൊഴിൽമേഖലയിൽ തൊഴിലാളി വർഗ്ഗ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് കാരണമായി. ഇതിന്റെ ഭാഗമായി തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വവും ഉയർന്ന കൂലിവ്യവസ്ഥയും കരഗതമായി. സംഘടിതമേഖലയിൽ തൊഴിലാളികളും തൊഴിലുടമകളുമായി വേതനക്കരാറുകൾ ഉണ്ടാക്കുകയും അത് സമയബന്ധിതമായി പുതുക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തിൽ, അസംഘടിതമേഖലയിൽ പണിയെടുക്കുന്നവർക്കും കാലോചിതമായി ഉയർന്ന വേതനം ലഭ്യമാക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഏറ്റവും ഉയർന്ന മിനിമം കൂലി ലഭ്യമാകുന്ന സംസ്ഥാനമാണ് കേരളം.
കേരളത്തിന്റെ സിവിൽസർവ്വീസിലും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലും സംരക്ഷിക്കുന്നതിലും ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ത്യാഗപൂർണ്ണവും സുദീർഘവുമായ പണിമുടക്ക് സമരങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രക്ഷോഭസമരങ്ങൾ പലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനൊപ്പം, മേൽ പ്രസ്താവിച്ചതുപോലെ തൊഴിലാളിവർഗ്ഗ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനപക്ഷനയങ്ങൾ സ്വീകരിക്കുന്ന സർക്കാരുകളുടെ ഇടപെടലുകളും സിവിൽസർവ്വീസിന്റെ വിപുലീകരണത്തിനും ശാക്തീകരണത്തിനും കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്ര സിവിൽസർവ്വീസിൽ നിന്നും മറ്റുള്ള ബഹുഭൂരിപക്ഷം സംസ്ഥാന സിവിൽസർവ്വീസിൽ നിന്നും വ്യത്യസ്തമായി അഞ്ചുവർഷത്തിലൊരിക്കലുള്ള ശമ്പളപരിഷ്‌ക്കരണവും മറ്റു മെച്ചപ്പെട്ട സേവനാനുകൂല്യങ്ങളും കേരളത്തിന്റെ സിവിൽസർവ്വീസിൽ നിലനിൽക്കുന്നത്.
നിലവിൽ കേരളത്തിലെ സർക്കാർ, സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളെയും അവിടെ ജോലിചെയ്യുന്ന തൊഴിലാളികളുടെ അവകാശാനുകൂല്യങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കിമാറ്റുന്നതിനായി ഇച്ഛാശക്തിയോടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വലിയ പ്രതിസന്ധിയിലായിരുന്ന കെ.എസ്.ആർ.ടി.സി. യിൽ പോലും പ്രത്യേക പാക്കേജ് അനുവദിച്ച് സ്ഥാപനത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടും തൊഴിലാളിവിരുദ്ധമായി വന്നിട്ടുള്ള തൊഴിൽ നിയമപരിഷ്‌ക്കാരങ്ങളൊന്നും സംസ്ഥാനത്ത് നടപ്പാക്കുവാൻ സർക്കാർ സന്നദ്ധമായിട്ടില്ല. സ്വകാര്യ നഴ്‌സിംഗ് മേഖലയിൽ മിനിമം വേതനം അടക്കം നിശ്ചയിച്ച് വേതനപരിഷ്‌ക്കരണത്തിന് ഉത്തരവിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം.
സിവിൽസർവ്വീസ് മേഖലയിൽ കേന്ദ്രത്തിലും നവലിബറൽ നയങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങളിലും തസ്തിക വെട്ടിക്കുറയ്ക്കൽ വ്യാപകമാണ്. ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താതിരിക്കുകയും കരാർ-കാഷ്വൽ നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. ഇതിൽനിന്ന് വ്യത്യസ്തമായി കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ കേരളത്തിൽ പതിമൂവായിരത്തിലേറെ പുതിയ തസ്തികകൾ സിവിൽസർവ്വീസിൽ സൃഷ്ടിക്കപ്പെട്ടു. നിയമനിരോധനം പൂർണ്ണമായും ഇല്ലാതാക്കി എഴുപത്തിയൊന്നായിരത്തിലേറെ നിയമനങ്ങൾ പി.എസ്.സി. വഴി നടത്തുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ വകുപ്പും വിവിധ വകുപ്പുകളിലായി ഒട്ടേറെ പുതിയ ഓഫീസുകൾ ആരംഭിക്കുകയും ചെയ്തു. അതുപോലെ രാജ്യത്താദ്യമായി പങ്കാളിത്തപെൻഷൻ പദ്ധതി പുനഃപരിശോധിക്കുവാൻ പ്രത്യേക സമിതിയെ നിയോഗിക്കുവാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നു.
ഇത്തരത്തിൽ തൊഴിലിടവും തൊഴിലവകാശങ്ങളും, തൊഴിലാളികളുടെ അവകാശാനുകൂല്യങ്ങളും സംരക്ഷിക്കുന്ന ജനപക്ഷ ബദൽ നയങ്ങളാണ് കേരളത്തിലെ സർക്കാർ നടപ്പാക്കുന്നത്. നവഉദാരവൽക്കരണ നയങ്ങളുടെ കാലഘട്ടത്തിൽ മൂലധന താൽപര്യങ്ങൾക്കനുസൃതമായി നടപ്പിലാക്കുന്ന തൊഴിൽനിയമപരിഷ്‌ക്കാരങ്ങൾ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും അവകാശാനുകൂല്യങ്ങളും ഇല്ലാതാക്കുന്നു. ഇതിനെതിരായ പ്രതിരോധങ്ങൾ കെട്ടിപ്പടുക്കുമ്പോൾ മാതൃകയായി ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന് കേരളസർക്കാരിന്റെ ബദൽ നയങ്ങളെ ഉയർത്തിക്കാട്ടാനാകും.

Leave a Reply

Your email address will not be published. Required fields are marked *