Kerala NGO Union

സിവില്‍സര്‍വീസിനെയും അപകീര്‍ത്തിപ്പെടുത്തുംവിധം ഐ.എം.എ. കേരള ഘടകം നടത്തിയ പ്രസ്താവന അപലപനീയമെന്ന് എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു. നിക്ഷിപ്ത താല്‍പര്യങ്ങളോടെ അസത്യജഡിലമായ പ്രചാരവേലകളാണ് ഐ.എം.എ. നിരന്തരമായി നടത്തുന്നത്.
ഐക്യകേരള പിറവിക്കുശേഷം അധികാരത്തില്‍ വന്ന ഒന്നാമത്തെ ഇ.എം.എസ്. സര്‍ക്കാര്‍ ഇടപെടലാണ് കേരളം ഈ രംഗത്ത് വികസിതരാജ്യങ്ങള്‍ക്കൊപ്പമെത്തിയ അസൂയാവഹമായ പുരോഗതി നേടാന്‍ നിദാനമായത്. സാമൂഹ്യ വികസനരംഗത്ത് കേരളമാര്‍ജ്ജിച്ച നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക ഘടകമാണ് പൊതുജനാരോഗ്യരംഗത്ത് നടത്തിയിട്ടുള്ള ഇടപെടലുകള്‍. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ മുതല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ വരെയുള്ള ഫീല്‍ഡ്തല സംവിധാനവും, പി.എച്ച്.എസ്.സി. മുതല്‍ മെഡിക്കല്‍കോളേജ് വരെയുള്ള രോഗചികിത്സാസ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ആരോഗ്യസംവിധാനമാണ് കേരളത്തിലുള്ളത്. ഈ മേഖലയില്‍ ജോലിചെയ്യുന്ന 70000 ത്തിലധികം വരുന്ന ജീവനക്കാരുള്‍പ്പെടെ വിദ്യാഭ്യാസ സര്‍വീസ് മേഖലയിലെ വിവിധ വകുപ്പുകളുടെ ഫലപ്രദവും വിപുലവുമായ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഇഛാശക്തിയോടെയുള്ള ഇടപെടലുകളും കേരളത്തിന്‍റെ ആരോഗ്യനേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും ഈ മാതൃകയിലുള്ള പൊതുജനാരോഗ്യസംവിധാനവും ജീവനക്കാരും ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയും താലൂക്ക്-ജില്ലാ-ജനറല്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യവും നൂതന ചികിത്സാസൗകര്യങ്ങളും ഏര്‍പ്പെടുത്തിയും മെഡിക്കല്‍ കോളേജുകളെ സൂപ്പര്‍ സ്പെഷ്യാലിറ്റി സ്ഥാപനങ്ങളാക്കി വികസിപ്പിക്കുകയുമായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യസ്ഥാപനങ്ങളില്‍ ആദ്യത്തെ പത്തും കേരളത്തിലാണ്. ഏഴായിരത്തിലധികം പുതിയ തസ്തിക സൃഷ്ടിച്ചും പതിനായിരക്കണക്കിന് പേര്‍ക്ക് നിയമനം നല്‍കിയും ആരോഗ്യകേന്ദ്രങ്ങളെ ശക്തിപ്പെടുത്തി. കഴിഞ്ഞ നാലരവര്‍ഷക്കാലമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആര്‍ദ്രം മിഷന്‍റെ ഭാഗമായി നടത്തിയിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കേരളത്തിന്‍റെ ആരോഗ്യമേഖലയിലുണ്ടായത്. ഇതിന്‍റെ ഫലമായാണ് കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും ലോകശ്രദ്ധ പിടിച്ചുപറ്റി രാജ്യത്തിന് മാതൃകയായി കേരളം മാറിയത്. ലോകാരോഗ്യ സംഘടനയും ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയമാധ്യമങ്ങളും കേരളത്തിന്‍റെ ആരോഗ്യവകുപ്പിനെ ഇക്കാര്യത്തില്‍ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. കേരളത്തിന്‍റെ ഈ മികവില്‍ പൊതുസമൂഹത്തോടൊപ്പം അണിചേരാന്‍ കഴിഞ്ഞതില്‍ സിവില്‍സര്‍വീസ് അഭിമാനം കൊള്ളുകയാണ്. മഹാമാരിയുടെ വ്യാപനം തടയുന്നതില്‍ ഐസിഎംആറും, വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സമിതിയും ലോകാരോഗ്യസംഘടനയുമെല്ലാം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് കേരളത്തിലെ ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വകുപ്പുതല തീരുമാനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയായി വര്‍ത്തിക്കുന്നത് ഐ.എം.എ. യുടെ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളുമാണ്.
രോഗവ്യാപനത്തിന്‍റെ തോത് ഉയരുന്നത് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് വലിയ പരിഗണന കൊടുത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. 90 വയസ്സ് പിന്നിട്ട വൃദ്ധരെയടക്കം ഈ കരുതലിന്‍റെ ഭാഗമായിരോഗം ഭേദമാക്കി ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്ക് സ്വാകാര്യ ആശുപത്രികളുടെയടക്കം സേവനം ഉപയോഗപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഒരു വിമുഖതയും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ കോവിഡ് വ്യാപനത്തിനിട നല്‍കും വിധം കേരളത്തില്‍ ചില സമരാഭാസങ്ങളും ആള്‍ക്കൂട്ട രൂപീകരണങ്ങളുമൊക്കെ നടന്ന വേളയില്‍ ഐ.എം.എ അതിനെതിരായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.എം.എ എന്ന സംഘടനയ്ക്ക് ഇക്കാര്യങ്ങളൊന്നും അറിയാത്തതല്ല. ഇതരസംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും എങ്ങനെയെന്ന് ഇവര്‍ക്കറിയാം. എന്നിട്ടും കേരളത്തിന്‍റെ ആരോഗ്യരംഗത്തെ ഇടപെടലുകളെ, ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ മുതലകണ്ണീരൊഴുക്കി അപഹസിക്കുന്നത് ദുരുപധിഷ്ടിതവും അപലപനീയവുമാണ്. ഇതുമായി ബന്ധപ്പെട്ട് ഐ.എം.എ. നടത്തുന്ന പരാമര്‍ശങ്ങള്‍ ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹസേവനമനുഷ്ടിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്താനും ആരോഗ്യമേഖലയെ ഇകഴ്ത്തിക്കാട്ടാനും മാത്രമേ സഹായിക്കൂ. ആയതിനാല്‍ ഐ.എം.എ. അനവസരത്തില്‍ നടത്തുന്ന ഇത്തരം നീക്കങ്ങളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി സംശയമുളവാക്കുന്നതാണ്. ജനങ്ങളെയും ആരോഗ്യപ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്പ്രചാരവേലകളില്‍ നിന്ന് ഐ.എം.എ. പിന്തിരിയണമെന്ന് എഫ്എസ്ഇടിഒ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *