Kerala NGO Union

സംസ്ഥാന സർക്കാർ ജീവനക്കാർ അവകാശ സമ്പാദനത്തിനായി നടത്തിയ ആദ്യ അനിശ്ചിതകാല പണിമുടക്കിന് 2017 ജനുവരി 5 ന് അമ്പതുവർഷം തികയുകയാണ്. 1967 ജനുവരി 5 ന് ആരംഭിച്ച പണിമുടക്ക് പന്ത്രണ്ട് ദിവസം നീണ്ടുനിന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണ നിർവ്വഹണത്തിനായി രൂപീകരിക്കപ്പെട്ട രാജ്യത്തെ സിവിൽസർവീസ് സംവിധാനം ജീവനക്കാരുടെമേൽ ബഹുവിധമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സംഘടിക്കുന്നതിനോ, തൊഴിലുമായി ബന്ധപ്പെട്ട അവകാശാനുകൂല്യങ്ങൾ തൊഴിലുടമയായ സർക്കാരിനോടാവശ്യപ്പെടുന്നതിനോ ഉള്ള സ്വാതന്ത്ര്യം പോലും ജീവനക്കാർക്കുണ്ടായിരുന്നില്ല. മറിച്ചുള്ള ഏത് പ്രവർത്തനവും അച്ചടക്കലംഘനമായും ശിക്ഷാർഹമായ കുറ്റമായും പരിഗണിക്കപ്പെട്ടിരുന്നു. അടിമത്തസമാനമായ തൊഴിൽ സാഹചര്യമാണ് രാജ്യത്താകമാനം സിവിൽസർവ്വീസിൽ നിലനിന്നിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഈ സാഹചര്യങ്ങളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ സിവിൽസർവ്വീസ് ജീവനക്കാരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഭാഗമായി കാണാൻ കൂട്ടാക്കിയിരുന്നില്ല. പണിയെടുത്തുപജീവനം കഴിക്കുന്ന തൊഴിലാളികളോട് പൊതുവിൽ മുതലാളിത്തപക്ഷപാതിത്വമുള്ള കോൺഗ്രസ് ഗവൺമെന്റുകൾ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിരുന്നത്.
ഇന്ത്യയിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകൾക്ക് ഐക്യരൂപ്യമോ, ഏകതാനതയോ ഉണ്ടായിരുന്നില്ല. സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ സംഘടനാ രൂപങ്ങളും വ്യത്യസ്ത സ്വഭാവസവിശേഷതകളോടു കൂടിയതായിരുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണം രൂപീകരിച്ചിരുന്ന ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളും മറ്റും മാറ്റമില്ലാതെ കൂടുതൽ കാർക്കശ്യത്തോടെ കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപ്പാക്കുകയും ചെയ്തിരുന്നു. ജീവനക്കാരുടെ വേതനം, ക്ഷാമബത്ത തുടങ്ങിയ സാമ്പത്തികാനുകൂല്യങ്ങൾ, ട്രേഡുയൂണിയൻ അവകാശങ്ങൾ, ജോലിസ്ഥിരത, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളിൽ ഒട്ടുമിക്ക സംസ്ഥാന സർക്കാരുകളും ഒരേ തരത്തിലുള്ള തൊഴിലാളിവിരുദ്ധ സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരുകൾ സ്വീകരിക്കുന്ന ദ്രോഹകരമായ നടപടികൾക്കെതിരെ സംസ്ഥാനങ്ങളിൽ വിവിധ രൂപത്തിലുള്ള ചെറുതും വലുതുമായ പ്രക്ഷോഭസമരങ്ങൾ ജീവനക്കാരുടെ സംഘടനകൾ നടത്തിയിട്ടുണ്ട്. ഇത്തരം അവകാശസമരങ്ങളെ അതാതിടങ്ങളിലെ സർക്കാരുകൾ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് നേരിട്ടിരുന്നത്. നിരവധിയായ കരിനിയമങ്ങളും സസ്‌പെൻഷനുകളും പിരിച്ചുവിടലുമെല്ലാം സമരങ്ങളെ അടിച്ചമർത്താനായി അധികാരവർഗ്ഗം എടുത്തുപയോഗിച്ചിട്ടുണ്ട്. ഇതിനെയാകെ പ്രതിരോധിക്കുന്നതിനും ദേശവ്യാപകപ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും ഒരു ദേശീയ സമര ഐക്യപ്രസ്ഥാനത്തിന്റെ പ്രസക്തിയും അനിവാര്യതയും വലുതായിരുന്നു. ഈ സാഹചര്യത്തിലാണ് 1960 ൽ ഹൈദരാബാദിൽ വച്ച് സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെ അഖിലേന്ത്യാ ഫെഡറേഷൻ ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ രൂപംകൊണ്ടത്.

1957 ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ മാത്രമായിരുന്നു ഇതര സംസ്ഥാനസർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളിവർഗ്ഗ പക്ഷപാതിത്വമുള്ള നയങ്ങളും നടപടികളും കൈക്കൊണ്ടത്. തൊഴിലാളികൾക്കും ജീവനക്കാർക്കും അവരുടെ അവകാശാനുകൂല്യങ്ങൾക്കുവേണ്ടി സംഘടിക്കുവാനും വിലപേശാനുമുള്ള അവകാശം ഇ.എം.എസ് സർക്കാർ അനുവദിച്ചുകൊടുത്തു. തൊഴിൽ സമരങ്ങളിലെ പോലീസ് ഇടപെടൽ അനസാനിപ്പിച്ചത് ഈ സർക്കാരായിരുന്നു. 1957 മെയ് 9 ന് പാലക്കാട്ടുവച്ച് നടന്ന ഉത്തര കേരള എൻ.ജി.ഒ. അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഇ.എം.എസ് പറഞ്ഞതിപ്രകാരമാണ്: ‘എൻ.ജി.ഒ.മാർക്ക് ശമ്പളവർദ്ധനവും അലവൻസും പ്രധാനമാണ്. എന്നാൽ അതിലേറെ പ്രധാനമായി എനിക്ക് തോന്നുന്നത് അത് ചോദിക്കാനുള്ള അവകാശമാണ്.’ ഇതിൽനിന്നും തൊഴിലാളികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷസർക്കാരുകളുടെ സമീപനമെന്തെന്ന് ആർക്കും ബോധ്യമാവും. കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന് കാരണമായ മെച്ചപ്പെട്ട കൂലിവ്യവസ്ഥ സൃഷ്ടിക്കപ്പെട്ടത് കേരളത്തിൽ നടന്ന ഒട്ടേറെ തൊഴിലാളിവർഗ്ഗ സമരങ്ങളും, ഇടതുപക്ഷ ഗവൺമെന്റുകൾ കൈക്കൊണ്ട പുരോഗമനപരമായ നയസമീപനങ്ങൾകൊണ്ടുമാണ്. എന്നാൽ കേരളത്തിലും പിന്നീട് അധികാരത്തിൽവന്നിട്ടുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളും ഇടക്കാലങ്ങളിലുണ്ടായ ഗവർണർ ഭരണസംവിധാനങ്ങളും തൊഴിലാളിവിരുദ്ധവും ജീവനക്കാർക്ക് വിരുദ്ധവുമായ നയങ്ങളും നടപടികളുമാണ് കൈക്കൊണ്ടത്.
1960 കളിൽ രാജ്യത്തുണ്ടായ അതിരൂക്ഷമായ വിലവർദ്ധനവും നാണയപ്പെരുപ്പവും ഭക്ഷ്യക്ഷാമവുമെല്ലാം സാധാരണ ജനങ്ങളിലും തൊഴിലാളികളിലും വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. പരിമിത വരുമാനക്കാരായ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജീവിതം ഈ കാലയളവിൽ കൂടുതൽ ദുരിതപൂർണ്ണമായിരുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ജീവനക്കാർക്ക് ലഭിച്ചിരുന്ന ക്ഷാമബത്തക്കുപോലും ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. സംസ്ഥാനത്തെ ജീവനക്കാർക്ക് സമയബന്ധിതമായി ക്ഷാമബത്ത അനുവദിച്ചിരുന്നുമില്ല. അവശ്യാധിഷ്ഠിത മിനിമം വേതനത്തെ സംബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ചില പരാമർശങ്ങൾ നടത്തിയിരുന്നുവെന്നതൊഴിച്ചാൽ പ്രായോഗികമാക്കുന്നതിനുള്ള യാതൊരു നടപടികളും കൈക്കൊണ്ടിരുന്നില്ല. അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ നടത്തിയ സമരങ്ങളെയാകെ അടിച്ചമർത്തുവാനാണ് അധികാരിവർഗ്ഗം തുനിഞ്ഞത്. സമര പ്രവർത്തനങ്ങളിലേർപ്പെട്ട ജീവനക്കാരെയും സംഘടനാനേതാക്കളെയും സസ്‌പെന്റ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തിരുന്നു.

രാജ്യത്തൊട്ടാകെയുള്ള സംസ്ഥാന ജീവനക്കാർ അവകാശനിഷേധത്തിന്റെ ഇരകളായി മാറുകയും ഇതിനെതിരായി ജീവനക്കാർ നിരന്തര പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്ന സന്ദർഭത്തിലാണ് അഖിലേന്ത്യാ ഫെഡറേഷന്റെ പ്രഥമ ദേശീയ സമ്മേളനം 1966 നവംബർ 2 മുതൽ 5 വരെ തിരുവനന്തപുരത്ത് നടന്നത്. അഖിലേന്ത്യാ ഫെഡറേഷനിലെ ഘടകമായിരുന്ന കേരളത്തിലെ ജീവനക്കാരുടെ സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റിയായിരുന്നു സമ്മേളനത്തിന് ആതിഥേയത്വം അരുളിയത്. എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന ഇ. പത്മനാഭനായിരുന്നു കോഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ. ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്തക്ക് ദേശീയ ഫോർമുല അംഗീകരിക്കുക; അതുവരെ കേന്ദ്രനിരക്കിൽ ക്ഷാമബത്ത അനുവദിക്കുക, അവശ്യാധിഷ്ഠിത മിനിമം വേതനം അംഗീകരിക്കുക, സംഘടനാപ്രവർത്തകർക്കും ഭാരവാഹികൾക്കുമെതിരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, പിരിച്ചുവിട്ടവരെയും സസ്‌പെന്റു ചെയ്തവരെയും തിരിച്ചെടുക്കുക, സംസ്ഥാന ജീവനക്കാർക്ക് ട്രേഡുയൂണിയൻ അവകാശങ്ങൾ അനുവദിക്കുക, കോത്താരി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവച്ചു. ഈ ആവശ്യങ്ങളുയർത്തി നടത്താൻ നിശ്ചയിച്ച ദേശീയപ്രക്ഷോഭങ്ങളുടെ ഭാഗമായി 1966 ഡിസംബർ 6 ദേശീയ പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനമായി. തുടർന്ന് 1967 ജനുവരി 5 ന് ‘ക്വിറ്റ് വർക്ക്’ നടത്താനും സമ്മേളനം ആഹ്വാനം ചെയ്തു.

1966 സെപ്റ്റംബറിൽ ചേർന്ന എൻ.ജി.ഒ. യൂണിയൻ മൂന്നാം സംസ്ഥാന സമ്മേളനം, സംസ്ഥാന ജീവനക്കാരുടെ അടിയന്തിരാവശ്യങ്ങൾ ഉൾക്കൊള്ളുന്ന മുപ്പതിന അവകാശപത്രിക അംഗീകരിച്ചിരുന്നു. അഖിലേന്ത്യാ ഫെഡറേഷൻ ഒന്നാം ദേശീയ സമ്മേളനം ഉയർത്തിയ ആവശ്യങ്ങളോട് സമാനമായ ഡിമാന്റുകളാണ് അവകാശപത്രികയിലുണ്ടായിരുന്നത്. 15ാമത് ഇന്ത്യൻ ത്രികക്ഷി ലേബർ കോൺഫറൻസ് അംഗീകരിച്ച കുറഞ്ഞകൂലിയുടെ തത്വം അടിസ്ഥാനമാക്കി ശമ്പളസ്‌കെയിലുകൾ പരിഷ്‌ക്കരിക്കുക, കേന്ദ്രസർക്കാർ നിരക്കിലുള്ള ക്ഷാമബത്ത അനുവദിക്കുക, ട്രേഡു യൂണിയൻ അവകാശങ്ങൾ അനുവദിക്കുക, എല്ലാ ജീവനക്കാർക്കും വീട്ടുവാടക അലവൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ അവകാശപത്രികയിലൂടെ ഉന്നയിച്ചത്. 1966 ഒക്‌ടോബർ 7 ന് ഈ അവകാശപത്രിക സർക്കാരിന് സമർപ്പിച്ചു. പട്ടംശങ്കർ മന്ത്രിസഭകളുടെ തകർച്ചയ്ക്കുശേഷം കേരളത്തിൽ നിലവിലിരുന്ന ഗവർണർ ഭരണം അവകാശപത്രികയോട് നിഷേധസമീപനമാണ് കൈക്കൊണ്ടത്. ഇതിനെ തുടർന്ന് 1966 ഡിസംബർ ഒന്നിന് ശമ്പളബഹിഷ്‌ക്കരണദിനമായി ആചരിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭപരിപാടികൾക്ക് തുടക്കമിട്ടു. സമാനമായ ആവശ്യങ്ങൾ ഉയർത്തി അഖിലേന്ത്യാ ഫെഡറേഷനും, കേരളത്തിൽ കോഓർഡിനേഷൻ കമ്മിറ്റിയും ആഹ്വാനം ചെയ്ത പ്രക്ഷോഭപരിപാടികൾ ഒരേ കാലയളവിൽ പരസ്പരപൂരകമായി നടപ്പാക്കപ്പെടുകയായിരുന്നു.

ഇതേയവസരത്തിൽ, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംയുക്ത സമരസമിതി രൂപീകരിച്ച് സെക്രട്ടറിയേറ്റ് അസോസിയേഷനും പ്രക്ഷോഭരംഗത്തെത്തി. 1966 ഒക്‌ടോബർ 31 ന് പ്രകടനവും നവംബർ ഒന്നിന് ശമ്പളബഹിഷ്‌ക്കരണവും നടത്തി അവർ സമരം തുടങ്ങി. ഇതിന് തുടർച്ചയായി ഡിസംബർ 5 മുതൽ അവകാശവാരം ആചരിക്കുവാനും പ്രകടനങ്ങൾ നടത്തുവാനും അവസാനദിനം നിരാഹാരമനുഷ്ഠിച്ച് ജോലിചെയ്യുവാനും തീരുമാനിച്ചു.

സെക്രട്ടറിയേറ്റ് മുതൽ താഴെത്തലംവരെ പ്രക്ഷോഭം വ്യാപിക്കുന്നുവെന്ന് ബോധ്യമായ അധികാരികൾ അടിച്ചമർത്തൽ നടപടികളും ആരംഭിച്ചു. സെക്രട്ടറിയേറ്റിന് നൂറുവാര ചുറ്റളവിനുള്ളിൽ പ്രകടനങ്ങൾ നിരോധിച്ചു. ജീവനക്കാരാകട്ടെ പ്രകടനം സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലേക്ക് മാറ്റി. ഇതും പോലീസ് തടഞ്ഞ സാഹചര്യത്തിൽ ജീവനക്കാർ നഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു. എൻ.ജി.ഒ. യൂണിയനും കോഓർഡിനേഷൻ കമ്മിറ്റിയിലെ ഘടക സംഘടനകളും അഭിവാദ്യപ്രകടനങ്ങൾ നടത്തുകയും ചെയ്തു. അവകാശവാരാചരണം അവസാനിക്കുന്നതുവരെ ഈ രൂപത്തിൽ പ്രകടനങ്ങൾ നടന്നു. അധികാരിവർഗ്ഗത്തിന്റെ കടന്നാക്രമണങ്ങൾക്കെതിരായി വർഗ്ഗവീക്ഷണത്തോടെയുള്ള ഐക്യം ഈ പ്രക്ഷോഭത്തിൽ രൂപപ്പെട്ടു. തുടർന്ന് ഡിസംബർ 13 മുതൽ സെക്രട്ടറിയേറ്റ് ജീവനക്കാർ ചട്ടപ്പടി സമരം ആരംഭിക്കുകയും 22ാം തീയതി സെക്രട്ടറിയേറ്റിന് മുന്നിൽ 101 പേരുടെ നിരാഹാര സത്യഗ്രഹം നടത്തുകയും ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി ഇ. പത്മനാഭനാണ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്. സമരം ആരംഭിച്ച് അൽപ്പസമയത്തിനുള്ളിൽ പോലീസ് സത്യഗ്രഹികളെ അറസ്റ്റുചെയ്തു. ഇതോടെ സെക്രട്ടറിയേറ്റ് ജീവനക്കാർ കൂട്ടമായി എത്തി അറസ്റ്റുവരിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നഗരത്തിലെ ഓഫീസുകളിൽ നിന്നും ജീവനക്കാർ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ പ്രകടനമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തി. നൂറ്റിയമ്പതിലധികം വനിതകളടക്കം ആയിരത്തിലേറെ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സമരത്തിന് പുതിയ രൂപവും ഭാവവും കൈവന്നു.

അഖിലേന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം ജനുവരി 5 ന് നടക്കുന്ന ജോലിബഹിഷ്‌ക്കരണ സമരത്തെ തകർക്കുന്നതിന് സർക്കാർ ജനാധിപത്യവിരുദ്ധമായ മാർഗ്ഗങ്ങൾ അവലംബിച്ചു. 1960 ഡിസംബർ 22 ന് തന്നെ പണിമുടക്ക് നിരോധിച്ചുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. പണിമുടക്കിന് പ്രേരിപ്പിക്കുന്നവർക്കും സഹായിക്കുന്നവർക്കുമൊക്കെ ഓർഡിനൻസിൽ ശിക്ഷാനടപടികൾ നിർണ്ണയിച്ചുപ്രഖ്യാപിച്ചിരുന്നു. ജോലിയിൽ നിന്ന് വിട്ടുനിന്നാൽ സർവ്വീസ് ബ്രേക്കായിരിക്കുമെന്ന് സർവ്വീസ് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടാക്കി. ഡിസംബർ 22 ന്റെ സത്യഗ്രഹത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് ആ ദിവസം സർവ്വീസ് ബ്രേക്കായി പരിഗണിച്ച് മുൻകാല സർവ്വീസ് റദ്ദു ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഡിസംബർ 29 ന് ജീവനക്കാർ ഉച്ചവരെ പെൻ ഡൗൺ സ്‌ട്രൈക്ക് നടത്തി. ഇതിന്റെ പേരിൽ ജീവനക്കാരെ സസ്‌പെന്റുചെയ്യുകയും ഇ. പത്മനാഭനെ അറസ്റ്റുചെയ്യുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ യൂണിയൻ പ്രസിഡന്റായിരുന്ന ഇ.ജെ. ഫ്രാൻസിസിനെയും എ. രാധാകൃഷ്ണൻ, സി.ജി. വിജയഗോവിന്ദൻ തുടങ്ങിയ നേതാക്കളെയും അറസ്റ്റു ചെയ്ത് കസ്റ്റഡിയിൽ വച്ചു. ഈ നിലയിൽ സർക്കാർ മർദ്ദനമുറകൾ ആരംഭിച്ചതോടെ അതിശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഈ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ ജീവനക്കാരും തീരുമാനിച്ചു. സംഘടനകൾ ഉന്നയിച്ച അടിയന്തിര ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 5 ന് ജോലിബഹിഷ്‌ക്കരണവും അടുത്ത ദിവസം മുതൽ (ജനുവരി 6) അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുവാനും കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കുകയും സർക്കാരിന് നോട്ടീസ് നൽകുകയും ചെയ്തു.
പണിമുടക്ക് വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചിട്ടയായി നടത്തുന്നതിനൊപ്പം, പണിമുടക്കിന്റെ അനിവാര്യത എല്ലാ രാഷ്ട്രീയ പാർട്ടികളെയും ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ പണിമുടക്കിനെ ജനങ്ങൾ എതിർക്കണമെന്ന് കാണിച്ച് ജനുവരി 3 ന് പ്രസ്താവന നടത്തുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സി. എബ്രഹാം ചെയ്തത്. ജീവനക്കാരുടെ സമരങ്ങളോട് എക്കാലവും കോൺഗ്രസ് നേതൃത്വം സ്വീകരിച്ച സമീപനം ഇതുതന്നെയായിരുന്നു. ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരങ്ങളോട് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ സ്വീകരിച്ചിട്ടുള്ള സമീപനം 1967 ലെ പണിമുടക്കത്തോട് ഗവർണർഭരണം സ്വീകരിച്ച സമീപനത്തിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. എന്നാൽ പിടിവാശിയും ദുരഭിമാനവും ഉപേക്ഷിച്ച് ജീവനക്കാരുടെ സംഘടനകളുമായി സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്നും ആവശ്യങ്ങൾ അംഗീകരിച്ച് പണിമുടക്ക് ഒത്തുതീർപ്പിലെത്തിക്കണമെന്നും ജനുവരി 4 ന് ഇ.എം.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജനുവരി 5 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആദ്യ ദിനം തന്നെ 85% ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തതായി ചീഫ് സെക്രട്ടറി തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പണിമുടക്കിലൂടെ ജീവനക്കാർ പ്രകടിപ്പിച്ച വികാരം കണക്കിലെടുക്കാൻ അഡൈ്വസർ ഭരണം തയ്യാറായില്ല. പണിമുടക്ക് പിൻവലിച്ചാൽ ഇടക്കാലാശ്വാസമായി എന്തെങ്കിലും നൽകാൻ കഴിയുമോയെന്ന് പരിശോധിക്കാൻ ഒരു കമ്മീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന അവഹേളനാപരമായ നിലപാടാണ് ഗവർണർ സ്വീകരിച്ചത്. പണിമുടക്ക് പരാജയപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിലപാടാണ് ഗവർണർ ഭരണത്തിൽ പ്രതിഫലിച്ചത്. പണിമുടക്ക് വേളയിൽ, സംസ്ഥാനത്ത് പാർലമെന്ററി കൺസൾട്ടേറ്റീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി വൈ.ബി. ചവാനും തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ദ ിരാഗാന്ധിയും പണിമുടക്കുമായി ബന്ധപ്പെട്ട് ഗവർണർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്തത്.
എന്നാൽ ജീവനക്കാർ വർദ്ധിത വീര്യത്തോടെ പണിമുടക്കിൽ ഉറച്ചുനിൽക്കുകയും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പൂർണ്ണമായി സ്തംഭിക്കുകയും ചെയ്തു. ജനുവരി 17 നകം ഒത്തുതീർപ്പുണ്ടാക്കിയില്ലെങ്കിൽ അനുഭാവ പണിമുടക്ക് നടത്തുമെന്ന് കേന്ദ്രസർക്കാർ ജീവനക്കാരുടെയും പൊതുമേഖലാ ജീവനക്കാരുടെയും സംഘടനകൾ പ്രഖ്യാപിച്ചു. ഇതര വർഗ്ഗബഹുജന സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാരുടെ ആദ്യ അനിശ്ചിതകാല പണിമുടക്ക് എല്ലാ അർത്ഥത്തിലും വർഗ്ഗപരമായ സ്വഭാവ സവിശേഷതകൾ കൈവരിക്കുകയായിരുന്നു. ഇ.എം.എസ് ഉൾപ്പെടെയുള്ള ബഹുജന നേതാക്കളും, ടി.സി.എൻ മേനോനെപ്പോലുള്ള പത്രാധിപന്മാരും ഗവർണറെക്കണ്ട് സ്ഥിതിഗതികളുടെ ഗൗരവം ബോധ്യപ്പെടുത്തി. തുടർന്ന് സർക്കാർ ചർച്ചക്ക് തയ്യാറായി.
ക്ഷാമബത്താപ്രശ്‌നത്തിന്റെ എല്ലാവശങ്ങളും പരിഗണിച്ച് 1967 ജനുവരി 1 മുതൽ അനുവദിക്കേണ്ട ക്ഷാമബത്തയെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ജഡ്ജിയെ നിയോഗിക്കുമെന്നതടക്കം നാല് വ്യവസ്ഥകളിന്മേൽ ജനുവരി 17 ന് പണിമുടക്ക് ഒത്തുതീർപ്പിലെത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഇ.എം.എസ്. സർക്കാർ സംസ്ഥാന ജീവനക്കാർക്ക് കേന്ദ്രനിരക്കിൽ ക്ഷാമബത്ത അനുവദിച്ചു. കേന്ദ്രപ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഇന്നും ജീവനക്കാർക്ക് ക്ഷാമബത്ത ലഭിക്കുന്നതിന്റെ തുടക്കമായിരുന്നു ഇതെന്ന് കാണാൻ കഴിയും.

ആർക്കും അവഗണിക്കാനാവാത്ത അവകാശബോധമുള്ള സാമൂഹ്യ ശക്തിയായി ജീവനക്കാരെ മാറ്റിത്തീർത്തതിൽ നിർണ്ണായക പങ്കുവഹിച്ച പ്രക്ഷോഭമായിരുന്നു 1967 ലെ ജനുവരി 5 മുതൽ നടന്ന ആദ്യ അനിശ്ചിതകാല പണിമുടക്ക്. നവലിബറൽ നയങ്ങളിലൂടെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശാനുകൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ യോജിച്ച ചെറുത്തുനിൽപ്പ് പോരാട്ടങ്ങൾക്ക് ഊർജ്ജദായകമാകുന്ന ഈ പ്രക്ഷോഭത്തിന് കാലാതീതമായ പ്രസക്തിയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *