Kerala NGO Union

പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാർ ജനാധിപത്യ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കുമേൽ വലിയ കടന്നാക്രമണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.  സംസ്ഥാന പോലീസി സേനയും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാപ്പടയും ചേർന്ന് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ നൂറുകണക്കിന് പ്രവർത്തകരെ കൊലപ്പെടുത്തുകയും സംഘടനാ ഓഫീസുകൾ തകർക്കുകയും ചെയ്തു.  ഈ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം പോലും നിഷേധിക്കപ്പെട്ടു.

സർക്കാർ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾക്കുവേണ്ടിയുള്ള ക്യാമ്പെയിൻ പ്രവർത്തനങ്ങൾ പോലും തടയപ്പെടുന്നു.  സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു.  ഇതിനെതിരായി ജീവനക്കാർ പ്രക്ഷോഭരംഗത്ത് വന്നാൽ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ആ‍ക്രമണങ്ങൾ അഴിച്ചുവിടുകയും, സംഘടനാ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ സൃഷ്ടിച്ച് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.

ഇതിനെതിരായി ത്യാഗപൂർണ്ണവും, ധീരോദാത്തവുമായ ചെറുത്തുനിൽ‌പ്പാണ് ബംഗാളിലെ ഇടതുപുരോഗമന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും രാജ്യത്തൊട്ടാകെയുള്ള ജനാധിപത്യ വിശ്വാസികളുടെയും പുരോഗമന വാദികളുടെയും പിന്തുണയോടെ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ജനാധിപത്യ – ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ബംഗാളിലെ ജീവനക്കാരും അധ്യാപകരും ജനസമൂഹമൊന്നാകെയും നടത്തുന്ന ചെറുത്ത്നിൽ‌പ്പു പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ അഖിലേന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എം‌പ്ലോയീസ് ഫെഡറേഷൻ തീരുമാനിച്ചു.  ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ എഫ്.എസ്.ഇ.റ്റി.ഒ.യുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ പ്രകടനം നടത്തി.  എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ.അജിത് കുമാർ ഉത്ഘാടനം ചെയ്തു.  എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി വി.എസ്.മുരളീധരൻ നായർ, എം.ആർ.മനുകുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ഡോ: ബി.എൻ.ഷാജി, പി.അജിത്ത് എന്നിവർ അഭിവാദ്യം ചെയ്തു.  എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ്.ജയശ്രീ, ജില്ലാ സെക്രട്ടറി സി.വി.സുരേഷ്‌കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *