Kerala NGO Union

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്ക ണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്തിനുള്ള നികുതിവിഹിതവും റവന്യൂ കമ്മി ഗ്രാന്‍റും വെട്ടിക്കുറച്ചതിനൊപ്പം ജി.എസ്.ടി. നഷ്ടപരിഹാരവും നിര്‍ത്തലാക്കി. കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി എന്നിവയുടെ ബാദ്ധ്യത സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി വായ്പയെടുക്കാനുള്ള സര്‍ക്കാരിന്‍റെ അവകാശത്തെ തടയുയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള നിലപാടുകള്‍ മൂലം അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന്‍റെ വരുമാനത്തില്‍ നാല്‍പ്പതിനായിരം കോടി രൂപയുടെ കുറവുണ്ടാകും. കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. കേരളത്തിന്‍റെ താല്‍പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര ബി.ജെ.പി. സര്‍ക്കാരിന്‍റെ നയങ്ങളെ പരസ്യമായും രഹസ്യമായും പിന്തുണയ്ക്കുന്ന നിലപാടുകളാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്നത്. ഇതിനെതിരെ യോജിച്ച പോരാട്ടം ഉയര്‍ത്തിക്കൊ ണ്ടുവരണമെന്ന് സമ്മേളനം എല്ലാ ജീവനക്കാരോടും ആഹ്വാനം ചെയ്തു. കോന്നി ശബരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് എസ്.ബിനു പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ബി.ഹര്‍ഷകുമാര്‍ ഉദ്‌ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്‍റ് ബിനു ജേക്കബ് നൈനാന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ലോയീസ് ആന്‍റ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി കെ.കെ.ജഗദമ്മ എന്നിവര്‍ പ്രസംഗിച്ചു. ജോയിന്‍റ് സെക്രട്ടറിമാരായ ജി.അനീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ആദര്‍ശ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡി സുഗതൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി ബിനുകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ആര്‍.രാജി (അടൂര്‍), എം.ജെ.അനിത (സിവിൽ സ്റ്റേഷൻ), ആര്‍.പ്രഭിതകുമാരി (തിരുവല്ല), പി.ഡി.ബൈജു (ടൌൺ), വി.പി.മായ (റാന്നി), എസ്.സുഗന്ധി (കോന്നി), റുബീന കരീം (മല്ലപ്പള്ളി) എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ചര്‍ച്ചകള്‍ക്ക് മറുടി നല്‍കി.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി.പ്രഫുല്‍ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.നാളെ രാവിലെ 9 മണിക്ക് സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നടക്കും. ചര്‍ച്ചകള്‍ക്ക് യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ മറുപടി നല്‍കും. തുടര്‍ന്ന് നടക്കുന്ന സുഹൃദ് സമ്മേളനം കോന്നി എം.എല്‍.എ. കെ.യു.ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്‍റ് എസ്.ഹരിദാസ്, വിവിധ സര്‍വീസ് സംഘടനാ നേതാക്കന്മാര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *