എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
കേരളീയ സമൂഹം ഇന്നു നേരിടുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനായി വളരെ ബൃഹത്തായ ഒരു യജ്ഞത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ സംഘടിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ കുടുംബങ്ങളിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിന് ജാഗ്രത സദസ്സുകൾ, പ്രാദേശിക കുടുംബസംഗമങ്ങൾ, ലഹരി വിരുദ്ധ പ്രതിജ്ഞ, മനുഷ്യ ശൃംഖല, ലഹരിവിരുദ്ധ ദീപംതെളിയിക്കൽ, കലാപരിപാടികൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്.
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം വികാസ്‌ഭവനിൽ എക്‌സൈസ് കമ്മീഷണർ ശ്രീ.എസ്.അനന്തകൃഷ്ണൻ ഐപിഎസ് ദീപം തെളിയിച്ചു കൊണ്ട് നിർവഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ശ്രീ ജി എസ് പ്രദീപ് ലഹരി വിരുദ്ധ സന്ദേശം നൽകി. എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് സൈക്യാട്രിസ്റ്റ് ഡോ. സാജോജ് ജേക്കബ് പ്രഭാഷണം നടത്തി. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സുജൂമേരി അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ്.എസ്.ഇ. ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ സ്വഗതം പറഞ്ഞു. കെ.ജി.ഒ.എ സൗത്ത് ജില്ലാ സെക്രട്ടറി എ. മൻസൂർ നന്ദി പറഞ്ഞു