Kerala NGO Union

പ്രക്ഷോഭങ്ങള്‍

ശമ്പള പരിഷ്‌കണം ട്രെയിന്‍ ജാഥ 1965

1964 മെയ് 23-25 തീയതികളില്‍ ആലപ്പുഴയില്‍ ചേര്‍ന്ന ഒന്നാം സംസ്ഥാന സമ്മേളനം സര്‍ക്കാറിന്റെ അവഗണനക്കെതിരേ അവകാശ ദിനം ആചരിക്കാനും ട്രെയിന്‍ ജാഥയ്ക്ക് ശേഷം കൂട്ട നിവേദനം നടത്താനും തീരുമാനിച്ചു.

ജൂലായ് 7 ന് അവകാശദിനാചരണം നടന്നു. കൂട്ടനിവേദന ജാഥ ആഗസ്ത് 15 ന് കാസര്‍ഗോഡുനിന്നും ട്രെയിന്‍ മാര്‍ഗ്ഗം പുറപ്പെട്ടു. 17 ന് കൂട്ടനിവേദനം മുഖ്യമന്ത്രിക്ക് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ടുവെങ്കിലും അനുമതി നിഷേധിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് ചെയ്തു.

പിന്നീട് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ശമ്പള പരിഷ്‌കരണം, ഇടക്കാലാശ്വാസം, രൂക്ഷമായ ഭക്ഷ്യപ്രശ്‌നം എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നവംബര്‍ 27 ന് ബാഡ്ജ് ധരിച്ച് ജോലി ചെയ്യുകയും ഉച്ചഭക്ഷണം കഴിക്കാതെ ബ്രാഞ്ച് തലത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.

1964 ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം, പണിമുടക്ക് ബാലറ്റ് എടുക്കാന്‍ തീരുമാനിച്ചു. യൂണിയനില്‍ അംഗത്വമെടുക്കാന്‍ അര്‍ഹതയുള്ള നാല്‍പ്പതിനായിരത്തോളം ജീവനക്കാരില്‍ 36,483 പേര്‍ പണിമുടക്ക് ബാലറ്റില്‍ പങ്കുചേര്‍ന്നു. 1965 ജനുവരി 25 ന് ഇടക്കാലാശ്വാസം എന്ന നിലയ്ക്ക് 7.50 രൂപ മുതല്‍ 15 രൂപ വരെ ക്ഷാമബത്തയും വര്‍ദ്ധിപ്പിച്ചു. 1965 ഫെബ്രുവരി 27 ന് റിട്ടയേര്‍ഡ് ഐ.സി.എസ് ഉദ്യോഗസ്ഥന്‍ കെ.എം.ഉണ്ണിത്താനെ നിയമിച്ചു. ശമ്പളക്കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനതില്‍ 1965 ഒക്ടോബര്‍ 1 മുതല്‍ ക്ഷാമബത്ത പരിഷ്‌കരിച്ചു. ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നിരാശാജനകമായതില്‍ പ്രതിഷേധിച്ച് 1966 മെയ് 24 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ 24 മുതല്‍ പ്രചാരണവാരവും, മെയ് 1 മുതല്‍ ചട്ടപ്പടി സമരവും പണിമുടക്കിന് മുന്നോടിയായി നടത്താന്‍ തീരുമാനിച്ചു. ഏതാനും ആനുകൂല്യങ്ങള്‍ അനുവദിച്ച സാഹചര്യത്തില്‍ പണിമുടക്ക് താല്‍ക്കാലികമായി മാറ്റിവെച്ചു

കോട്ടയം സമരം 1966 ഫെബ്രുവരി

കോട്ടയം ജില്ലാ കല്ക്ടറായിരുന്ന ശ്രീ. എസ്.ഗോപാലന്‍ , ഐ.എ.എസ് ന്റെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ചോദ്യം ചെയ്തതിന് ഇ.പി.ചെല്ലപ്പന്‍, സുകുമാരന്‍ എന്നിവരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും, പലരുടേയും ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കുകയും, സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതിനെതിരേ 1966 ഫെബ്രുവരിയില്‍ 10 ദിവസം നീണ്ടുനിന്ന പണിമുടക്ക് നടന്നു. ആലപ്പുഴ ജില്ലാ കലക്ടര്‍ രാമുണ്ണിമേനോന്റെ ശിക്ഷാ നടപടിക്കെതിരേ പ്രക്ഷോഭം നടത്തി.

അനിശ്ചിതകാല പണിമുടക്കം 1967

കേരളത്തിലെ ജീവനക്കാരുടെ ആദ്യത്തെ അനിശ്ചിതകാല പണിമുടക്കം നടന്നത് 1967 ജനുവരിയിലാണ്. എന്‍.ജി.ഒ. യൂണിയന്‍ 1966 ഒക്ടോബര്‍ 17 ന് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രികയും ഒപ്പം അഖിലേന്ത്യ ഫെഡറേഷന്റെ തീരുമാനവും ഈ പണിമുടക്കിന് കാരണമായിരുന്നു. ക്ഷാമ ബത്തക്ക് ദേശീയ ഫോര്‍‌മുല അംഗീകരിക്കുക, കേന്ദ്രക്ഷാമബത്ത അനുവദിക്കുക, അവശ്യാധിഷ്ടിത മിനിമം വേതനം അംഗീകരിക്കുക, സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പ്രതികാര നടപടികള്‍ പിന്‍വലിക്കുക പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ അംഗീകരിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 1967 ജനുവരി 5 ന് ആരംഭിച്ച പണിമുടക്ക് 12 ദിവസങ്ങള്‍ക്ക് ശേഷം ചര്ച്ചപയെത്തുടര്‍ന്ന്  4 ഒത്തുതീര്പ്പ്  വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പിന്‍‌വലിച്ചു. ഒത്തുതീര്പ്പുപവ്യവസ്ഥകള്‍ ഇവയായിരുന്നു.

1). ക്ഷാമബത്തയുടെ എല്ലാവശങ്ങളെയും സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജഡ്ജിയെ കമ്മീഷണായി നിയോഗിക്കുക
2). സമരത്തിന്റെ ഭാഗമായുള്ള എല്ലാ ശിക്ഷാനടപടികളും പിന്‍‌വലിക്കുക.
3). ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിക്കുക.
4) കാലാകാലങ്ങളില്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റിയെ നിയമിക്കുക.

എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍ സെക്രട്ടറി സ:ഇ.പത്മനാഭന്‍ കണ്‍വീനറായ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേത്യത്വത്തിലായിരുന്നു പണിമുടക്ക്. അഖിലേന്ത്യാ ഫെഡറേഷന്റെ തീരുമാനപ്രകാരം ജനുവരി 5ന് നടക്കാനിരുന്ന തൊഴില്‍ ബഹിഷ്‌കരണ സമരമാണ് സര്‍കാറിന്റെ പണിമുടക്ക് നിരോധനം ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായി അനിശ്ചിതകാല പണിമുടക്കില്‍ കലാശിച്ചത്. പണിമുടക്കം ഏകദേശം സമ്പൂര്‍ണമായിരുന്നു എന്നാല്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചു. ക്ഷാമബത്ത കമ്മീഷന്റെ അന്വേഷണ വിഷയം വികലമാക്കി. കരിങ്കാലിപ്പണി ചെയ്തവര്‍ക്ക് അഡ്വാന്‍സ് ഇന്‍ക്രിമെന്റ് അനുവദിച്ചു 1967 ഫെബ്രുവരിയില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്സ് സര്‍ക്കാര്‍ എല്ലാ ശിക്ഷാനടപടികളും പിന്‍വലിച്ചു. ക്ഷാമബത്ത കമ്മീഷന്‍ പിരിച്ചു വിടുകയും ഇന്ത്യയിലാദ്യമായി സംസ്ഥാന ജീവനക്കാര്‍ക്ക് കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിക്കുകയും ചെയ്തു.

കൂട്ട കാഷ്വല്‍ ലീവ് സമരം 1970

ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് 1970 ഫെബ്രുവരി 13 ന് കൂട്ട കാഷ്വല്‍ ലീവ് സമരം നടത്തി. സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേ ശം നല്കിതയെങ്കിലും ജീവനക്കാരുടെ ഡിമാ ന്റു കള്‍ മുന്നോട്ടുവെച്ച് നടത്തിയ സമരമാണെന്ന ജുഡീഷ്യല്‍ ഓഫീസര്‍ മാരുടെ നിലപാട്മൂലം അച്ചടക്ക നടപടികള്‍ തുടരാന്‍ കഴിഞ്ഞില്ല

ഇടക്കാലാശ്വാസ സമരം : 1971 ഫെബ്രുവരി 10 – 21

കേന്ദ്ര ഗവ. ജീവനക്കാര്‍ക്ക് അനുവദിച്ച ഇടക്കാലാശ്വാസം സംസ്ഥാന ജീവനക്കാര്‍ക്ക് നേടിയെടുക്കുന്നതിന് 1971 ഫെബ്രുവരി 10 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ സമരസമിതി തീരുമാനിച്ചു. പി.എസ്.ടി.എ, കെ.എ.പി.ടി.യു അടക്കമുള്ള എല്ലാ സംഘടനകളും, സെക്രട്ടറിയേറ്റ് അസോസിയേഷന്‍, ജോയന്റ് കൗണ്‍സില്‍, കാറ്റഗറി സംഘടനകള്‍ എന്നിവ അടക്കമുള്ള എല്ലാ വിഭാഗങ്ങളും അടങ്ങുന്നതായിരുന്നു സമരസമിതി. പണിമുടക്ക് സമ്പൂര്‍ണ്ണമായിരുന്നു. നാമമാത്രമായ ഇടക്കാലാശ്വാസ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് പണിമുടക്ക് പിന്‍വലിക്കാന്‍ ഗവ. ആവശ്യപ്പെട്ടു. അതിനിടെ പണിമുടക്ക് ഏകപക്ഷീയമായി പിന്‍വലിക്കണമെന്ന് ജോയന്റ് കൗണ്‍സിലും അവരോടൊപ്പം നില്‍ക്കുന്നവരും സമര സമിതിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ വാങ്ങി സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു. 11 രൂപ മുതല്‍ 17 രൂപ വരെ ഇടക്കാലാശ്വാസം അനുവദിക്കാനും പണിമുടക്ക് കാലത്തെ തൊഴില്‍ദിന നഷ്ടം അവധി ദിവസങ്ങളില്‍ ജോലിചെയ്ത് നികത്താനും ശിക്ഷാനടപടികളും കേസുകളും പിന്‍വലിക്കാനും സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. അങ്ങനെ 12 ദിവസം നീണ്ടുനിന്ന പണിമുടക്ക് പിന്‍വലിച്ചു.

ചാപിള്ള സമരം : 1971 ജൂലായ് 12

സെക്രട്ടറിയേറ്റില്‍ നിന്ന് അഡ്മിനിസ്റ്റീരിയല്‍ ഓഫീസറെ നിയമിച്ചതിനെതിരേ ഡി.പി.ഐ ഓഫീസിലെ ജീവനക്കാര്‍ 1971 ജൂലായ് 12 ന് പണിമുടക്കി. ഏന്നാല്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ പിന്‍‌വലിച്ച് ഐ.എ.എസ് ഓഫീസറെ പകരം നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല പണിമുടക്ക് ദിവസത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനെതിരേ ഒക്ടോബര്‍ 21 ന് ജീവനക്കാര്‍ പിക്കറ്റിങ്ങ് നടത്തി. 80 ഓളം ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 27 ന് തിരുവനന്തപുരം ജില്ലയിലെ ജീവനക്കാര്‍ പെന്‍ഡൗണ്‍ സ്‌ട്രൈക്ക് നടത്തി. എന്നാല്‍ മുന്‍ചര്‍ച്ചയിലെ ധാരണയ്ക്ക് വിരുദ്ധമായി പണിമുടക്ക് കാലത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരേ 1971 നവംബര്‍ 10 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ എന്‍.ജി.ഒ യൂണിയന്‍ ഉള്‍പ്പെട്ട കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജോയന്റ് കൗണ്‍സിലും സംയുക്തമായി തീരുമാനിച്ചു. നവംബര്‍ 9 ന് സര്‍ക്കാരുമായി ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് സംഘടനകള്‍ പ്രത്യേകം പ്രത്യേകമായി ചര്‍ച്ച ചെയ്തതിനു ശേഷം സംയുക്തമായി കൂടിയാലോചിച്ച് സര്‍ക്കാറിനെ വിവരം അറിയിക്കണമെന്ന് നിശ്ചയിച്ച് താല്‍ക്കാലികമായി പിരിഞ്ഞു. എന്നാല്‍ ഒരു കൂടിയാലോചനയ്ക്ക് കാത്തുനില്‍ക്കാതെ ജോയന്റ് കൗണ്‍സില്‍ പണിമുടക്കില്‍ നിന്ന് പിന്മാറി. പണിമുടക്ക് ആരംഭിക്കേണ്ടതിന് മണിക്കൂറുകള്‍ക്കു മുമ്പ് ജോയന്റ് കൗണ്‍സില്‍ പിന്നില്‍ നിന്ന് കുത്തിയതുകൊണ്ട് സമരവുമായി മുന്നോട്ട് പോകാന്‍ യൂണിയനും കഴിഞ്ഞില്ല. ഈ സമരം ‘ചാപിള്ള സമരം ‘ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു.

സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത്‌ഡൈസ്‌നോണ്‍ പിന്‍വലിക്കാന്‍ ധാരണയായതിന്റെ അടിസ്ഥനത്തിലാണ് സമരം പിന്‍വലിച്ചതെന്നാണ് ജോയന്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഇത് വെറും വ്യാജ പ്രചരണമാണെന്ന് പില്‍ക്കാല അനുഭവങ്ങള്‍ തെളിയിച്ചു.

1973 ലെ ഐതിഹാസിക പണിമുടക്ക്

സമര ചരിത്രത്തില്‍ ഐതിഹാസികം എന്ന് വിശേഷിക്കപ്പെടുന്ന 1973 ജനുവരി 10 മുതല്‍ മാര്‍ച്ച് 14 വരെ 54 ദിവസം നീണ്ടു നിന്ന പണിമുടക്ക് സംസ്ഥാന ജീവനക്കാരുടെ ചിന്തയിലും മനോഭാവത്തിലും വിപ്ലവകരമായ മാറ്റം വരുത്തി. തങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗമല്ലെന്നും ഉപകരണം മാത്രമെന്നും തിരിച്ചറിഞ്ഞു. ജീവനക്കാര്‍ക്ക് തനിച്ച് ഒരു അസ്ഥിത്വമില്ലെന്നും മറിച്ച് തങ്ങളുടെ സഖാക്കളും സംരക്ഷകരും, സാധാരണ ജനങ്ങളാണെന്ന് അവര്‍ കണ്ടെത്തി.

1972 മെയ് 13  15 തീയതികളില്‍ ആലപ്പുഴയില്‍ ചേര്‍ന്ന 9 ആം സമ്മേളനം സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിന് ഒരു ഉന്നതാധികര കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്ന പരിപാടി പ്രമേയമം അംഗീകരിച്ചു. തുടര്‍ന്ന് അതിനായി പ്രചാരണ– പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 14 ന് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് ഇടക്കാലാശ്വാസമായി 100 രൂപ ആവശ്യപ്പെട്ടു. ശമ്പള കമ്മീഷനെ നിയമിക്കുകം 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക, വിലക്കയറ്റം തടയുക, വര്‍ദ്ധിപ്പിച്ച തൊഴില്‍കരം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിത കാലത്തേക്ക് പണിമുടക്കാന്‍ തീരുമാനിച്ചു.
1972 ഡിസംബര്‍ 20 ന് സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കി. പണിമുടക്കാന്‍ തീരുമാനിച്ച സംഘടനകളുടെ യോഗം ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തു. 21 സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ഇ.പത്മനാഭന്‍ കണ്‍വീനറായി സമരസമിതി (ആക്ഷന്‍ കമ്മിറ്റി) രൂപീകരിച്ചു. ജനുവരി 10 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ യോഗം തീരുമാനിച്ചു.

പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും നടത്തി. സമരസഹായ സമിതികളും ഡിഫന്‍സ് കമ്മിററികളും രൂപീകരിച്ചു. അതേസമയം പണിമുടക്ക് പരാചയപ്പെടുത്തുന്നതിന് സര്‍ക്കാരും ജോയിന്റ് കൗണ്‍സിലും എല്ലാവിധ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. പല വകുപ്പുകളിലും പണിമുടക്ക് നിരോധിച്ചു. സമൂഹത്തില്‍ ജീവനക്കാരെ ഒറ്റപ്പെടുത്തുന്ന പ്രചരണങ്ങള്‍ നടത്തി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ പാപ്പരാകുന്നതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നതെന്നും വ്യപകമായ കള്ളപ്രചാരണ വേല ആരംഭിച്ചു.
ജനുവരി 10ന് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് വന്‍ വിജയമായിരുന്നെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. പണിമുടക്കിയ പ്രൊബേഷണര്‍മാരുടെ സര്‍വ്വീസ് അവസാനിപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സമരസമിതി നേതാക്കള്‍ക്കെതിരെ നുണ പ്രചരണങ്ങള്‍ അഴിച്ചു വിട്ടു. പണിമുടക്കിനെ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ആയിരക്കണക്കിന് ജീവനക്കാരെ അറസ്റ്റ് ചെയ്തു, ജയിലിലടച്ചു, സസ്‌പെന്റ് ചെയ്തു. സസ്‌പെന്റ് ചെയ്യപ്പെട്ടവര്‍ക്ക് ഉപജീവനപ്പടി നിഷേധിച്ചു. ഡൈസ്‌നോണും കരിനിയമങ്ങളും ഉപയോഗിച്ചു. സമരക്കാരുമായി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ചു. സമരം നീണ്ടുപൊയിട്ടും ജീവനക്കാര്‍ സമരത്തില്‍ ഉറച്ചുനിന്നു. സമരത്തിനെതിരെ വ്യാപകമായി ദുഷ്പ്രചരണം അഴിച്ചുവിട്ട ഭരണകക്ഷി സംഘടനകള്‍ സമരപ്രവര്‍ത്തകരെ അക്രമിച്ചു. ഈ ഘട്ടത്തില്‍ പ്രതിപക്ഷകക്ഷികളും സി.ഐ.ടി.യു തുടങ്ങിയ ട്രേഡ് യൂണിയന്‍ സംഘടനകളും യുവജന ഫെഡറേഷന്‍ പ്രവര്‍ത്തകരും സമരത്തെ സഹായിക്കാന്‍ രംഗത്ത് വന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ മേഖലയിലേയും കൂടുതല്‍ സംഘടനകളും ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തു. സമര സഹായ സമിതികളുടെ നേതൃത്വത്തില്‍ റിലീഫ് ക്യാമ്പുകളും കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങളും ആരംഭിച്ചു. പൗരാവകാശ സംരക്ഷണ സമിതികളുടെ നേത്യത്വത്തില്‍ ഫിബ്രവരി 12 ന് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും ഫെബ്രവരി 15 ന് പോലീസ് സ്റ്റേഷന്‍ മര്‍ച്ചും നടന്നു. തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് നടന്ന മാര്‍ച്ചിന് സ: എ.കെ.ജി. നേതൃത്വം നല്‍കി. ഫിബ്രവരി 17 ന് പഞ്ചായത്ത് തലത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും 21 ന് കേരള ബന്ദും സംഘടിപ്പിച്ചു. 26 മുതല്‍ പണിമുടക്കിയ ജീവനക്കാരും പൗരാവകാശ സമിതി വളണ്ടിയര്‍മാരും കൂട്ടപ്പിക്കറ്റിങ്ങ് നടത്തി അറസ്റ്റ് വരിച്ച് ജയിലില്‍ പോയി. പിക്കറ്റ് ചെയ്ത ജീവനക്കാര്‍ സ്വയം ജാമ്യം നിരസിച്ചും പൗരാവകാശ സമിതി വളണ്ടിയര്‍മാര്‍ കുറ്റം സമ്മതിച്ച് ശിക്ഷ വരിച്ചുമാണ് ജയിലില്‍ പോയത്. മാര്‍ച്ച് 3 ന് മൂന്ന് സമരസമിതികളുടേയും യോഗം ചേര്‍ന്ന് പണിമുടക്ക് നിരുപാധികം പിന്‍വലിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 5 ന് ജോലിക്ക് ഹാജരാകുവാനും (മാര്‍ച്ച് 4 അവധി ദിവസമായിരുന്നു) എല്ലാ ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചു.

സമരം പിന്‍വലിക്കുമ്പോള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ സര്‍വ്വീസിന് വെളിയിലായിരുന്നു. പതിനായിരത്തോളം ജീവനക്കാരുടെ പേരില്‍ കേസ്സെടുത്തിരുന്നു. പ്രൊബേഷന്‍ ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ച ആയിരങ്ങള്‍ വേറെയും. കുറഞ്ഞത് പതിനായിരം ജീവനക്കാരെങ്കിലും സ്ഥലം മാറ്റത്തിന് വിധേയരായി. നൂറ് കണക്കിന് ജീവനക്കാര്‍ ജയിലിലായിരുന്നു.

പണിമുടക്ക് പിന്‍വലിച്ചുകൊണ്ട് സമരസമിതി കണ്‍വീനര്‍ സ:ഇ.പത്മനാഭന്‍ ജീവനക്കാരോട് തലയുയര്‍ത്തിപ്പിടിച്ച് സ്ഥാപനങ്ങളില്‍ കയറുവാനും ആഹ്വാനം ചെയ്തു. പണിമുടക്ക് മാത്രമെ പിന്‍വലിച്ചിട്ടുള്ളു എന്നും, സമരം തുടരുമെന്നും സമര സമിതി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പ്രതികാര നടപടികളും ജീവനക്കാരുടെ പ്രതിഷേധവും വ്യക്തമാക്കുന്നതായിരുന്നു. സ: ഇ. പത്മനാഭന്‍ നടത്തിയ പ്രസ്താവന ‘ആളിക്കത്തുന്ന തീയും അമര്‍ന്ന് കത്തുന്ന തീയും തീയാണ്.’ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരചരിത്രത്തില്‍ ഇത്രയും ദീര്‍ഘമായ പണിമുടക്ക് മുന്‍പും പിന്‍പും നടന്നിട്ടില്ല. ജനങ്ങളെ ആകെ അണിനിരത്തിക്കൊണ്ട് ഭരണാധികാരികളെ ഇത്രയും ഒറ്റപ്പെടുത്തിയ സമരം വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പ്രത്യക്ഷത്തില്‍ ഒരു നേട്ടവുമില്ലാതെ നിരുപാധികമായാണ് സമരം പിന്‍വലിച്ചത് എന്നാല്‍ അഞ്ച് വര്‍ഷ ശമ്പള പരിഷ്‌ക്കരണ തത്വം നേടിയെടുക്കാന്‍ മഹത്തായ സമരത്തിലൂടെ കഴിഞ്ഞു എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഭരണാധികാരികളുടെ തൊഴിലാളി വിരുദ്ധ നടപടികളെ പരാജയപ്പെടുത്തുന്നതിനും സമാന വിഭാഗങ്ങളുടെ യോജിച്ച ഐക്യ നിര അവശ്യമാണെന്ന ഈ പണിമുടക്കിന്റെ അനുഭവ പാഠത്തില്‍ നിന്നാണ് എഫ്.എസ്.ഇ.ടി.ഒ രൂപം കൊണ്ടത്.

റെയില്‍വേ സമരം

1974 മെയ് 8 മുതല്‍ ആരംഭിക്കാന്‍ നിശ്ചയിക്കുകയും കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാര നടപടികളുടേയും അറസ്റ്റുകളുടേയും ഭാഗമായി പലയിടത്തും ആ തീയതിക്ക് മുമ്പുതന്നെ പണിമുടക്ക് ആരംഭിക്കുകയും ചെയ്ത ഇന്ത്യന്‍ റെയില്‍വെ തൊഴിലാളി പണിമുടക്കിന് യൂണിയന്‍ സര്‍വ്വ വിധ പിന്തുണയും സഹായവും നല്‍കി. സഹായസമിതിയായും സംരക്ഷണസമിതിയായും സംരക്ഷണസമിതിയുടെ ഷെല്‍ട്ടറുകള്‍ സംഘടിപ്പിച്ചും റിലീഫ് ക്യാമ്പുകള്‍ തുറന്നും പണിമുടക്ക് വിജയിപ്പി ക്കാനുള്ള സംരംഭങ്ങള്‍ക്ക് നേത്യത്വം നല്‍കി.

1975 ലെ ക്ഷാമബത്താ പണിമുടക്ക്

1974ല്‍ അനിയന്ത്രിതമായ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി. വിവിധ മേഖലകളില്‍ ചെറുതും വലുതുമായ നിരവധി പണിമുടക്കുകള്‍ ഇക്കാലയളവില്‍ നടന്നു. സം സ്ഥാന ജീവനക്കാര്‍ക്ക് ആറു ഗഡു ക്ഷാമബത്ത കുടിശ്ശികയായി. (അക്കാലത്ത് ജീവിത വില സൂചികയുടെ ഓരോ 8 പോയന്റിനും ഓരോ ഗഡു ക്ഷാമബത്ത എന്നതായിരുന്നു മാനദണ്ഡം ) ക്ഷാമബത്ത നേടിയെടുക്കുന്നതിന് എഫ്.എസ്.ഇ.ടി .ഒ 1974 നവംബര്‍ 29 വൈകിട്ട് മുതല്‍ 30 ന് രാവിലെ വരെ സംസ്ഥാനത്താകെ നിശാധര്‍ണ്ണകള്‍ നടത്തി തുടര്‍ന്ന് 1975 ജനുവരി 15 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. എന്‍.ജി,ഒ അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ തയ്യാറായതോടെ യുണൈറ്റഡ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഫെബ്രുവരി 5 മുതല്‍ പണിമുടക്കാന്‍ തീരുമാനിച്ചു. പണിമുടക്കത്തെ സര്‍ക്കാര്‍ കര്‍ശനമായി നേരിട്ടു. ഡി.ഐ.ആര്‍ ഉപയോഗിച്ച് ജീവനക്കാരെയും സംഘടനാനേതാക്കളെയും അറസ്റ്റ് ചെയ്തു. കള്ളക്കേസുകളില്‍ പ്രതികളാക്കി.  ഫെബ്രുവരി 11 ന് സമര സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ക്ഷാമബത്ത അനുവദിക്കാമെന്ന പരസ്യ പ്രഖ്യാപനം നടത്താന്‍  തയ്യാറായില്ല. പണിമുടക്ക് പിന്‍വലിച്ചതിനു ശേഷം 3 ഗഡു ക്ഷാമബത്ത അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തു.

ശമ്പള പരിഷ്‌കരണം 1978

അഞ്ച് വര്‍ഷശമ്പള പരിഷ്‌കരണതത്വത്തിന്റെ അടിസ്ഥാനത്തില്‍ 1978 ജൂലായ് 1 മുതല്‍ ശമ്പള പരിഷ്‌കരണത്തിന് നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയനും എഫ്.എസ്. ഇ.ടി.ഒ യും 1978 ജൂണ്‍ 3 ന് പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് മറ്റു ചില സംഘടനകളും ഈ ആവശ്യങ്ങളുന്നയിച്ച് മുന്നോട്ട് വന്നു. മുന്‍ ചീഫ് സെക്രട്ടറി എന്‍ .ചന്ദ്രഭാനു വിനെ ഏകാംഗ കമ്മീഷനായി സെപ്തംബര്‍ 9 ന് സര്‍ക്കാര്‍ നിയമിച്ചു. ഏകപക്ഷീയമായി അന്വേഷണ വിഷയങ്ങള്‍ തീരുമാനിച്ചു. ജീവനക്കാര്‍ ഉന്നയിച്ച ഇടക്കാലാശ്വാസം, ബോണസ്, ഡയസ്‌നോണ്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടും സര്‍ക്കാര്‍ നിലപാട് തിരുത്താത്ത സാഹചര്യത്തില്‍ ശമ്പള കമ്മീഷനില്‍ അംഗീകരിച്ച ജീവനക്കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുക, അന്വേഷണ വിഷയത്തില്‍ ഭേദഗതി വരുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ 1 ന് സൂചനാ പണിമുടക്കിന് സംഘടനകള്‍ തീരുമാനിച്ചു. ഈ പണിമുടക്കില്‍ നിന്ന് മാറിനിന്നിരുന്ന ജോയന്റ് കൗണ്‍സില്‍ നവംബര്‍ 29 ന് യോഗം ചേര്‍ന്ന് സൂചനാ പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവരുടെ പ്രവര്‍ത്തകര്‍ പലരും പണിമുടക്കിയില്ല. ഡിസംബര്‍ 1 ന്റെ സൂചനാ പണിമുടക്കം വന്‍വിജയമായിരുന്നു. തുടര്‍ന്ന് ഐക്യസമരസമിതി യോഗം ചേര്‍ന്ന് ജനുവരി 11 മുതല്‍ അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചു. പണിമുടക്കില്‍ ജോയന്റ് കൗണ്‍സില്‍ പങ്കെടുത്തില്ല. മാത്രമല്ല പണിമുടക്കം പരാജയപ്പെടുത്തുന്നതിന് സര്‍ക്കാരിനൊപ്പം നിന്ന് ശക്തമായ ക്യാമ്പയിന്‍ നടത്തി.  പണിമുടക്കത്തെ നേരിടുന്നതിന് സര്‍ക്കാര്‍ ഡി.ഐ.ആറും മറ്റ് കരിനിയമങ്ങളും ഡയ്‌സ്‌നോണും പ്രയോഗിച്ചു. ജനുവരി 11 മുതല്‍ ആരംഭിച്ച പണിമുടക്കില്‍ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കി. ഓര്‍‌ഡിനന്‍സും നിയമാനുസ്യത പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തന്നെ ഓഫീസുകള്‍ക്കു ചുറ്റും നിരോധനാജ്ഞയും കൂട്ട അറസ്റ്റും ആദ്യദിവസം തന്നെ ആരംഭിച്ചു. കേരളാ പോലീസിനു പുറമേ കര്‍ണ്ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസിനെയും ഉപയോഗിച്ചു. സമരസമിതി പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റു ചെയ്ത് ജയിലിലടച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും പ്രാദേശികമായി ഭരണകക്ഷിഗുണ്ടകളും ജീവനക്കാരെ നിരന്തരമായി ഭീഷണിപ്പെടുത്തി. സമരം നീണ്ടു പോയതിനെ തുടര്‍ന്ന് ചില ഘടക സംഘടനകളില്‍ ചാഞ്ചാട്ടങ്ങള്‍ പ്രകടമായി. സമര സമിതിയിലും സമര ഐക്യത്തിലും വിള്ളലുണ്ടാകാതെ ഐക്യം നിലനിര്‍ത്തി പണിമുടക്കം നിരുപാധികം പിന്‍വലിക്കാന്‍ ജനുവരി 27 ന് സമരസമിതി തീരുമാനിച്ചു.

1978 വൈദ്യുതി സമരം

1978 മെയ് മാസത്തില്‍ ആരംഭിച്ച് രണ്ട് മാസത്തോളം നീണ്ടുനിന്ന വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ സമരത്തെ യൂണിയന്‍ സഹായിക്കുക മാത്രമല്ല നേരിട്ട് ഇടപെടുകയും ചെയ്തു. പണിമുടക്കിന് പിന്തുണ പ്രഖാപിച്ച് ജൂണ്‍ 5 ന് നടന്ന പൊതു പണിമുടക്കും ജൂണ്‍ 15 ന് കേരള ബന്ദും നടന്നു. പണിമുടക്കിനെ സഹായിച്ച യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരേ സ്വീകരിച്ച സസ്‌പെന്‍ഷന്‍ അടക്കമുള്ള ശിക്ഷാനടപടികളും ക്രിമിനല്‍കേസുകളും ദീര്‍ഘകാലം തുടര്‍ന്നു

1979 ജൂലൈ 4 പ്രഖ്യാപിത സമരം

ശമ്പളം പരിഷ്‌കരിക്കുന്നതിന് നിയോഗിച്ച എന്‍.ചന്ദ്രഭാനു കമ്മീഷന്‍ ഒരുവിധ പഠനവും നടത്താതെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1978 ഡിസംബറില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി റിപ്പോര്‍ട്ട് അംഗീകരിച്ചു. സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ തയാറായില്ല. 25 രൂപയായിരുന്നു മിനിമം ആനുകൂല്യം. ചില സ്‌കെയിലുകളീല്‍ ഇന്‍ക്രിമെന്റ് നിരക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവായിരുന്നു. ജീവനക്കാരിലാകെ നിരാശയും അമര്‍ഷവും ഉളവായി. 1979 ജനുവരി 24 ന് സര്‍വ്വീസ് സംഘടനകളുടെ യോഗം എറണാകുളത്ത് ചേര്‍ന്ന് അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമര സമിതിക്ക് രൂപം നല്‍കി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോയി. അവശ്യധിഷ്ടിത മിനിമം വേതനം, ക്ഷാമബത്തക്ക് നിലവിലുള്ള ദേശീയതത്വം കേരളത്തിലും ഉറപ്പ് വരുത്തല്‍, പ്രമോഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കല്‍, ബോണസ് തുടങ്ങിയ 13 ആവശ്യങ്ങള്‍ ആയിരുന്നു സമര സമിതി ഉയര്‍ത്തിയത് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 1979 ജൂലൈ 4 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ജൂലൈ 2 ന് സര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പായി

1). എന്‍.ജി.ഒ. മാര്‍ക്ക് എന്‍ട്രി കാഡറില്‍ 13 വര്‍ഷം സര്‍വ്വീസിന് ഹയര്‍ ഗ്രേഡ്.
2) ക്ഷാമബത്തയിലെ കുറവ് നികത്തല്‍
3) 25 വര്‍ഷ സര്‍വ്വീസിന് മൂന്നാമതൊരു വെയിറ്റേജ്,
4) സ്‌കൂള്‍, കോളേജ് അദ്ധ്യാപകരുടെ ഗ്രേഡിന്‍റെ കാലാവധി കുറക്കല്‍
5) ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കല്‍.
6) ഡയസ്‌നോണ്‍, യു.ജി.സി സ്‌കെയില്‍ തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ച് ഒരു മാസത്തിനുള്ളില്‍ വീണ്ടും ചര്‍ച്ച എന്നിവയായിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍.

ഏറ്റവും താഴത്തെ 5 സ്‌കെയിലിലുള്ള ജീവനക്കാര്‍ക്ക് എന്‍ട്രി കേഡറില്‍ 13 വര്‍ഷത്തെ ഹയര്‍ ഗ്രേഡ് അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് അപാകതകള്‍ നിറഞ്ഞതായിരുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുന്നതിന് നടപടിയുണ്ടാ യില്ല. മറ്റ് പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടന്നില്ല.

ഡയസ്‌നോണ്‍ വിരുദ്ധ സമരം – 1981

ഡയസ്‌നോണ്‍ പിന്‍വലിക്കുക എന്നത് മുഖ്യ ആവശ്യമായി ഉന്നയിച്ച് 1981 ഫെബ്രുവരി 17 മുതല്‍ പണിമുടക്കാന്‍ ഐക്യ സമര സമിതി തീരുമാനിച്ചു. ഡയസ്‌നോണ്‍ പണിമുടക്കവകാശത്തിന്റെ അംഗീകാരമാണെന്നും ഈ നിയമം എടുത്തുകളഞ്ഞാല്‍ സര്‍വ്വീസ് ബ്രേക്കായിരിക്കുമെന്നും വാദിച്ചുകൊണ്ട് ജോയന്റ് കൗണ്‍സില്‍ സമരസമിതി വിട്ടു. പൊതുപ്രശ്‌നങ്ങളെ ആസ്പദമാക്കി പൊതുസംഘടനകള്‍ നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തില്ലെന്നും കൂടുതല്‍ ചര്‍ച്ച പിന്നീടാകാമെന്നും ഫെബ്രുവരി 11 ന് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വ്യക്തമാക്കി. ഈ ഉറപ്പ് അംഗീകരിച്ചുകൊണ്ട് പണിമുടക്ക് പിന്‍‌വലിച്ചു. 1987 ല്‍ വീണ്ടും അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ റദ്ദ് ചെയ്തുകൊണ്ട് തീരുമാനമെടുത്തു. പണിമുടക്കുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലാവുന്നവര്‍ക്ക് ഉപജീവനപ്പടി നിഷേധിക്കുന്ന വ്യവസ്ഥയും, 48 വയസ്സ് പൂര്‍ത്തിയായവരെ കാരണം കാണിക്കാതെ പിരിച്ചുവിടുന്നതിനുള്ള വ്യവസ്ഥയും ഇതോടൊപ്പം റദ്ദ് ചെയ്തു.

കേന്ദ്രസര്‍ക്കാറിന്റെ കരിനിയമങ്ങള്‍ക്കെതിരേ ദേശീയ പണിമുടക്ക് : 1981 സെപ്തംബര്‍ 3

1980 ല്‍ അധികാരത്തില്‍ വന്ന കേന്ദ്രസര്‍ക്കാര്‍ പഴയ അടിയന്തിരാവസ്ഥാ നയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 1981 സെപ്തംബര്‍ 3 ന് ദേശവ്യാപകമായി ട്രേഡ് യൂണിയനുകളുടേയും ജീവനക്കാരുടെ ഫെഡറേഷനുകളുടേയും ആഭിമുഖ്യത്തില്‍ പണിമുടക്ക് നടന്നു.

സര്‍ക്കാരാകട്ടെ കൂടുതല്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി. റിസര്‍വ്വ് ബാങ്ക്, വായ്പകള്‍ നിയന്ത്രിക്കുകയും അമിതപലിശ നിശ്ചയിക്കുകയും ചെയ്തു. പൊതുമേഖലാ വ്യവസായങ്ങള്‍ വേതനകരാറുകള്‍ പുതുക്കിയില്ല. ഈ പശ്ചാത്തലത്തില്‍ ഐ.എന്‍.ടി.യു.സി ഒഴികെയുള്ള എട്ട് ട്രേഡ് യൂണിയനുകളും നാല്‍പ്പതോളം കേന്ദ്രസംസ്ഥാന പൊതുമേഖലാ ജീവനക്കാരുടെ ഫെഡറേഷനുകളും 1981 ജൂണ്‍ 4 ന് ബോംബെയില്‍ യോഗം ചേര്‍ന്ന് ‘നാഷണല്‍ ക്യാമ്പയിന്‍ കമ്മിറ്റി’ രൂപീകരിച്ചു. 13 ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 3 ന് പൊതു പണിമുടക്ക് നടത്തി. നവംബര്‍ 23 ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തു.

ദേശീയ പണിമുടക്ക് : 1986 ഫെബ്രുവരി 26

1985 നവംബറില്‍ ബോംബെയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫെഡറേഷന്‍ ആറാം സമ്മേളനം ജീവനക്കാര്‍ക്കെതിരായ ഭരണഘടനാ വകുപ്പുകള്‍ റദ്ദാക്കുന്നതിനായി 1986 ഫെബ്രുവരി 26 ന് ദേശീയതലത്തില്‍ ഒരു സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭരണഘടനയുടെ 310, 310(2), ബി, സി വകുപ്പുകളുടെ പ്രയോഗത്തിന് വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ 1985 ജൂലൈ 7 ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ശക്തി പ്രാപിച്ചിരുന്നു. പണിമുടക്കിന് മുന്നോടിയായി ജനുവരി 8 ന് പ്രതിഷേധദിനമായി ആചരിച്ചു. പാര്‍ലമെന്റിനെ പോലും മറികടന്നുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, അരി, ഗോതമ്പ്, രാസവളം, പാചകവാതകം തുടങ്ങിയവയുടെ വില വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 26 ന് ഭാരതബന്ദ് നടത്താന്‍ പ്രതിപക്ഷകക്ഷികള്‍ ആഹ്വാനം ചെയ്തു. പണിമുടക്കിക്കൊണ്ട് ബന്ദ് വിജയിപ്പിക്കാന്‍ ക്യാമ്പയിന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. സെറ്റോ ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തു.

1983 ഫിബ്രവരി 1, 2 ലീവ് സറണ്ടര്‍ സമരം

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജീവനക്കാരുടെ ചുമലില്‍ വെക്കുക എന്ന നയമായിരുന്നു ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കരുകള്‍ എക്കാലത്തും ചെയ്തത് ജീവനക്കാരുടെ ലീവ് സറണ്ടര്‍ വേതനം മരവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢപദ്ധതി 83 ജനുവരി അവസാന വാരത്തില്‍ പത്രത്തില്‍ വന്ന വാര്‍ത്തയെ മുഖ്യ മന്ത്രിയും സര്‍ക്കാരും നിഷേധിച്ചു. എന്നാല്‍ ജനുവരി 31 ന് രാത്രി ലീവ് സറണ്ടര്‍ വേതനം മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ഇതിനോടകം സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ ജീവനക്കാരില്‍ യൂണിയനും എഫ്.എസ്.ഇ.ടി.ഒ ഉള്‍പ്പെട്ട സമരസമിതിയും കാമ്പയിന്‍ നടത്തിയിരുന്നു. സര്‍ക്കാരിന്റെ ഉത്തരവ് ജീവനക്കാരില്‍ വമ്പിച്ച അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കി. ഫിബ്രവരി 1 ന് ജീവനക്കാര്‍ ഓഫീസ് ബഹിഷ്‌കരിച്ച് സെക്രട്ടറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തി. ഇതിനു്‌സമാന്തരമായി സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്ത്വത്തില്‍ സെക്രട്ടറിയറ്റിനുള്ളില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. പോലീസ് ജീവനക്കാരെ മര്‍ദ്ദിക്കുകയും വനിതകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു ശേഷം മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ സെക്രട്ടറിയറ്റ് നടയില്‍ ധര്‍ണ്ണയിരുന്ന ഐക്യ സമരസമിതി പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍ നായര്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്‍.അനന്തകൃഷണന്‍ തുടങ്ങി നിരവധി സമരസമിതി പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലായി. ഈ സംഭവം ജീവനക്കാരേയും സംഘടനകളേയും കൂടുതല്‍ പ്രകോപിതരാക്കി. അന്ന് വൈകുന്നേരം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രധിഷേധ പ്രകടനങ്ങളും ധര്‍ണ്ണയും നടന്നു. പോലീസ് നടത്തിയ നരനായാട്ടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ലീവ് സറണ്ടര്‍ അവകാശം നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഫിബ്രവരി 2 ന് സംസ്ഥാന വ്യാപകമായി സമരസമിതിയുടെ നേതൃത്ത്വത്തില്‍ നടന്ന പണിമുടക്ക് അക്ഷരാര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണമായിരുന്നു. സര്‍ക്കാരിനോടുള്ള ആഭിമുഖ്യം മൂലം എന്‍.ജി.ഒ. അസോസിയേഷന്‍ ഈ പ്രക്ഷോഭപരിപാടിയില്‍ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും അനുയായികളെല്ലാം പണിമുടക്കില്‍ പങ്കെടുത്തു. ഒരു ശക്തമായ പണിമുടക്കിന്റെ അന്തരീക്ഷം സംജാതമായ സാഹചര്യത്തില്‍ ഫിബ്രവരി 9ന് സര്‍ക്കാര്‍ സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചു. ലീവ് സറണ്ടര്‍ വേതനം ഭാഗികമായി പുനസ്ഥാപിച്ചു.

സറണ്ടര്‍ ആനുകൂല്യം ക്‌ളാസ്സ് 4 ജീവനക്കാര്‍ക്ക് പൂര്‍ണ്ണമായും ക്‌ളാസ് 3 ജീവനക്കാര്‍ക്ക് അമ്പത് ശതമാനം ഫിബ്രവരിയിലും അമ്പത് ശതമാനം ഏപ്രില്‍ മാസത്തിലും നല്‍കാമെന്നും മറ്റുള്ളവര്‍ക്ക് അമ്പത് ഏപ്രില്‍ മാസത്തില്‍ നല്‍കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത എന്നിവ സംബന്ധിച്ച് മാര്‍ച്ച് 5 നും ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. ഡിമാന്റുകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചില്ല എങ്കിലും സമരസമിതികള്‍ എന്ന പരിമിതികള്‍ക്കകത്തുനിന്ന് കൊണ്ട് ഐക്യം നിലനിര്‍ത്തി സമരം പിന്‍വലിച്ചു.

1984ലെ ഇടക്കാലാശ്വാസ സമരം.

1982 ല്‍ യു.ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ജീവനക്കാരോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. 5 വര്‍ഷ ശമ്പളപരിഷ്‌കരണതത്വം, ക്ഷാമബത്ത, ലീവ് സറണ്ടര്‍ വേതനം എന്നിവ അട്ടമറിക്കാനുള്ള നീക്കങ്ങളാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ശമ്പളക്കമ്മീഷന്‍ ഘടനയിലും അന്വേഷണ വിഷയത്തിലും മാറ്റം വരുത്തുക, ഇടക്കാലാശ്വാസം നല്‍കുക, ബോണസ് അനുവദിക്കുക, ഡി.എ. റൊക്കം പണമായി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അനിശ്ചിതകാല പണിമുടക്കം നടത്തുന്നതിനും 1983 ജൂലൈ 6 ന് സൂചനാ പണിമുടക്ക് നടത്താനും തീരുമാനിച്ചു.

ജൂലൈ 6 ന്റെ സൂചന പണിമുടക്ക് പരാജയപ്പെടുത്താന്‍ സെറ്റോ ആഹ്വാനം ചെയ്തു. പക്ഷെ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ട അവര്‍ ഒരു സമരസമിതി രൂപീകരിച്ചു ആഗസ്റ്റ് 4 മുതല്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുകൊണ്ടൊന്നും അണികളെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സൂചനാ പണിമുടക്ക് വന്‍ വിജയമായിരുന്നു.

1983 ആഗസ്റ്റ് 4 മുതല്‍ നടക്കുന്ന പണിമുടക്കില്‍ പങ്കുചേരാന്‍ ഐക്യസമരസമിതി തീരുമാനിച്ചു. ഇതിനിടെ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 50 രൂപമുതല്‍ 70 രൂപവരെ ഇടക്കാലാശ്വാസം അനുവദിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തിലും ഇടക്കാലാശ്വാസം അനുവദിക്കണമെന്ന ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിച്ചു. ഐക്യസമരസമിതിയുടെ പ്രവര്‍ത്തന ഫലമായി പണിമുടക്കുണ്ടാകു മെന്ന് ബോദ്ധ്യമായ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. ജൂലൈ 30 ന് ചര്‍ച്ച നടന്നു. ചര്‍ച്ചയിലൂടെ ഒന്നും നേടിയില്ലെങ്കിലും സെറ്റൊ പണിമുടക്കില്‍ നിന്നും പിന്‍മാറി. ഐക്യത്തോടെ പണിമുടക്കാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നത് കൊണ്ട് ഐക്യ സമര സമിതിയും പണിമുടക്ക് പിന്‍വലിച്ചു.

ഇടക്കാലാശ്വാസം നേടിയെടുക്കുന്നു.

ജൂലൈ 30 ന് നടന്ന ചര്‍ച്ചയില്‍ ശമ്പളക്കമ്മീഷന് അനുവദിച്ചിരിക്കുന്ന സമയം 6 മാസമാണെന്നും നിശ്ചിതസമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഇടക്കാലാശ്വാസം അനുവദിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാലാശ്വാസത്തിനും മറ്റും വേണ്ടിയുള്ള സമരം പുനരാരംഭിച്ചു. 1984 ജനുവരി 18 മുതല്‍ പണിമുടക്കാന്‍ ഐക്യ സമരസമിതി തീരുമാനിച്ചു. പണിമുടക്കാരംഭിക്കാന്‍ നിശ്ചയിച്ച തീയ്യതിക്ക് ശേഷം 10 ദിവസം കഴിഞ്ഞുള്ള ദിവസമാണ് (ജനുവരി 28) സര്‍ക്കാര്‍ സംഘടനകളുമായി ചര്‍ച്ചക്ക് നിശ്ചയിച്ചത്. ചര്‍ച്ച ഒഴിവാക്കിയെന്ന ആക്ഷേപത്തിന് ഇടകൊടുക്കാതിരിക്കാന്‍ പണിമുടക്ക് മാറ്റി വെച്ച് ഐക്യ സമരസമിതി ജനുവരി 28 ന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ യാതൊരാവശ്യവും അംഗീകരിച്ചില്ല. അന്ന് തന്നെ സമരസമിതി യോഗം ചേര്‍ന്ന് ഫിബ്രവരി 16 മുതല്‍ പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനിച്ചു. എല്ലാ സംഘടനകളും 16 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഫിബ്രവരി 14 ന് വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. ചര്‍ച്ചയില്‍ ഫിബ്രവരി 22 ന് ഇടക്കാലാശ്വാസം പ്രഖ്യാപിക്കുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. തുടര്‍ച്ചയായ വാഗ്ദാനലംഘനം നടത്തുന്ന സര്‍ക്കാരിനെ വിശ്വസിച്ച് പണിമുടക്ക് മാറ്റി വെക്കാന്‍ കഴിയുമായിരുന്നില്ല. പണിമുടക്കുമായി മുന്നോട്ട് പോകുവാന്‍ ഐക്യ സമരസമിതി തീരുമാനിച്ചു. എന്‍.ജി.ഒ അസോസിയേഷനും കൂട്ടാളികളും പണിമുടക്ക് മാറ്റി വെച്ചു. ഫിബ്രവരി 16ന് ആരംഭിച്ച പണിമുടക്കില്‍ ഭരണനുകൂല സംഘടനകളുടെ ജില്ലാ തല ഭാരവാഹികള്‍ അടക്കം ബഹുഭൂരിപക്ഷം പങ്കെടുത്തു. സര്‍ക്കാര്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പണിമുടക്കിനെ നേരിട്ടു. 3500 ജീവനക്കാരുടെ പേരില്‍ കേസ്സുകള്‍ എടുത്തു. കേസില്‍ പ്രതികളായവരെ സസ്‌പെന്റ് ചെയ്തു. വനിതകള്‍ അടക്കമുള്ള ജീവനക്കാരെ പോലീസ് കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഫെബ്രവരി 22 ന് സര്‍ക്കാര്‍ 35 രൂപ മുതല്‍ 45 രൂപവരെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. ശക്തമായ പണിമുടക്ക് നടന്നത് കൊണ്ടാണ് ഇടക്കാലാശ്വാസം അനുവദിച്ചത് എന്നും എന്‍.ജി.ഒ അസോസിയേഷനും കൂട്ടാളികളും നടത്തിയ വഞ്ചന മൂലമാണ് ആനുകൂല്യം പരിമിതപ്പെട്ടതെന്നും ജീവനക്കാര്‍ക്ക് ബോദ്ധ്യമായി. അവകാശ ബോധത്തിലടിയുറച്ച ജീവനക്കാരെ പിന്തിരിപ്പന്‍മാര്‍ക്ക് യഥേഷ്ടം ആട്ടിത്തെളിക്കാന്‍ കഴിയില്ലെന്നും ഈസമരം തെളിയിച്ചു.

1985 ശമ്പള പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാകുന്നു

1983 ഏപ്രിലില്‍ നിയമിച്ച ശമ്പളക്കമ്മീഷന്റെ കാലാവധി 1984 ജൂണ്‍ 30 വരെ സര്‍ക്കര്‍ നീട്ടിക്കൊടുത്തിരുന്നു. കാലാവധി വീണ്ടും നീട്ടുന്നതിന് അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ അതിന് വഴങ്ങിയില്ല. റിപ്പോര്‍ട്ട് ജൂണ്‍ 30 ന് ഏറ്റുവാങ്ങിയില്ലെങ്കില്‍ തപാലില്‍ അയക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഗത്യന്തരമില്ലതെ ജൂണ്‍ 30 ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്നും ഐക്യ സമരസമിതി ആവശ്യപ്പെട്ടു.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് സംഘടന കളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക, 6 ഗഡു ക്ഷാമബത്ത റൊക്കം പണമായി അനുവദിക്കുക, പ്രതികാര നടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഫെബ്രുവരി 20 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നതിന് മുന്നണികള്‍ തീരുമാനിച്ചു.  ഫിബ്രവരി 15 ന് സംഘടന പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ക്ഷാമബത്താ കുടിശ്ശിക അനുവദിക്കാമെന്നും ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചയാകാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. ഈ ഒത്തുതീര്‍പ്പ് അനുസരിച്ച് പണിമുടക്ക് മാറ്റി വെച്ചു. ശമ്പളപരിഷ്‌കരണത്തിന് 1983 ന് പകരം 1985 മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1985 ജൂലൈ 16 ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. മൂന്ന് സമര മുന്നണികളും ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും അഹ്വാനം ചെയ്ത പണിമുടക്ക് സമ്പൂര്‍ണ്ണമായിരുന്നു. സെറ്റോയുമായും പണിമുടക്ക് തീയ്യതി ധാരണയായതോടെ 1985 ആഗസ്റ്റ് 7 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് സര്‍ക്കാര്‍ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്തംഭിപ്പിച്ചു. ആഗസ്റ്റ് 12 മുതല്‍ പണിമുടക്കാന്‍ കെ.ജി.ഒ.എ തീരുമാനിച്ചു. ഓഫീസ് പരിസരത്ത് ചെല്ലുന്ന ജീവനക്കാരെ പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു. കേസ്സുകളും സസ്‌പെന്‍ഷനുകളും ധാരാളമുണ്ടായി. പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ അഡീഷണല്‍ സെക്രട്ടറി സി.ജെ.ജോസഫിനെ പിരിച്ചു വിട്ടു. സര്‍ക്കാര്‍ പിരിച്ചു വിടുന്നവരെ സംഘടന സംരക്ഷിക്കുമെന്ന് എന്‍.ജി.ഒ യൂണിയന്‍ പ്രഖ്യാപിച്ചു. 1985 ആഗസ്റ്റ് 17 ന് ശമ്പളം പരിഷ്‌കരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശമ്പള പരിഷ്‌കരണത്തിന് 1983 ജൂലൈ 1 മുതല്‍ പ്രാബല്യം നല്‍കിയെങ്കിലും 1985 ഏപ്രില്‍ വരെയുള്ള 100 കോടിരൂപയുടെ കുടിശ്ശിക നിഷേധിച്ചു. റേഷ്യോ പ്രമോഷന്‍, ഗ്രേഡ്, വീട്ടുവാടക അലവന്‍സ് എന്നിവക്ക് മുന്‍കാല പ്രാബല്ല്യം അനുവദിച്ചില്ല. പ്രഖ്യാപനത്തിനെതിരെ സംസ്ഥാനത്താകെ പ്രധിഷേധ പ്രകടനങ്ങള്‍ നടന്നു.

പിരിച്ചു വിടല്‍, കരിനിയമങ്ങള്‍ എന്നിവയെ ചെറുക്കുന്നതിന് ഐക്യം അനിവാര്യമാണ് എന്നത് കൊണ്ട് 1985 ആഗസ്റ്റ് 17 ന് പണിമുടക്കം അവസാനിപ്പിക്കാന്‍ എല്ലാ സംഘടനകളും തീരുമാനിച്ചു.
ഐക്യവിരോധികളായ സംഘടനാ നേതൃത്വങ്ങളെ യോജിപ്പിന്റെ പാതയിലേക്ക് കൊണ്ടുവരുവാനും പണിമുടക്കിന് നിര്‍ബ്ബന്ധിതരാക്കുകയും ചെയ്തതാണ് പണിമുടക്കിന്റെ നേട്ടം. 3 വര്‍ഷത്തെ സമരം കൊണ്ട് 5 വര്‍ഷ തത്വം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു – 21 മാസത്തെ കുടിശ്ശിക നഷ്ടത്തോടെ. 1987 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് സി.ജെ.ജോസഫിനെ തിരിച്ചെടുത്തതും പ്രതികാര നടപടികള്‍ പിന്‍വലിച്ചതും.

പ്രീ ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരം 1986 ജൂണ്‍ 16

കോളേജുകളുടെ ഭാഗമായിരുന്ന പ്രീഡിഗ്രി വിദ്യാഭ്യാസം പ്രത്യേകം ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പ്ലസ് ടു, സ്‌ക്കൂള്‍തല വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായിരുന്നില്ല ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കായി നടത്തിയ ഈ നീക്കം. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ 1986 മെയ് 15 ന് പ്രീഡിഗ്രി ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോളേജ് അദ്ധ്യാപകരും മിനിസ്റ്റീരിയല്‍ ജീവനക്കാരും മെയ് 31 മുതല്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ ഏപ്രില്‍ 19 ന് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും ജൂണ്‍ 12 ന് വിദ്യാഭ്യാസ സംരക്ഷണ ദിനമായും ആചരിച്ചു. പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധസമര സമിതിയുടെ നേത്യത്വത്തിലായിരുന്നു പ്രക്ഷോഭങ്ങള്‍. ജൂണ്‍ 15 ന് നടന്ന പ്രകടനത്തെ പോലീസ് ക്രൂരമായി നേരിട്ടു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 16 ന് സംസ്ഥാന ജീവനക്കാര്‍ പണിമുടക്കി. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും കോളേജുകള്‍ക്ക് മുമ്പിലും നിരാഹാരസമരം ആരംഭിച്ചു. എം.എല്‍.എ മാരുമായി ചര്‍ച്ച ചെയ്ത് രൂപപ്പെട്ട നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 4 സമരം അവസാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണ നടപടികള്‍ തിരുത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് സമരത്തിന്റെ മികച്ച നേട്ടം

വനിതാ ജീവനക്കാരുടെ ട്രെയിന്‍ ജാഥ 1987 സെപ്തംബര്‍ 24, 25

സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സിലെ വിവേചനം അവസാനിപ്പിക്കുക, പ്രസവാവധി പ്രൊബേഷന് കണക്കാക്കുക, വനിതാ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വനിതാ സബ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ 1987 ഫെബ്രുവരി 24, 25 തീയതികളില്‍ ട്രെയിന്‍ ജാഥ നടത്തി. ജാഥയുടെ സമാപനം കുറിച്ച് 25 ന് ആയിരക്കണക്കിന് വനിതാ ജീവനക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രകടനം നടത്തി. മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

വിവേചനരഹിതമായ കമ്പ്യൂട്ടര്‍വല്‍ക്കരണം

വിവേചനരഹിതവും ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തു ന്നതുമായ കമ്പ്യൂട്ടര്‍വല്‍ക്കരണ നീക്കത്തിനെതിരേ വിപുലമായ ക്യാമ്പയിന്‍ ആരംഭിക്കാന്‍ യൂണിയന്റെ 27 ആം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. കമ്പ്യൂട്ടര്‍വല്‍ക്കരണ വിരുദ്ധ സമിതി രൂപീകരിക്കുകയും അശാസ്ത്രീയമായ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനെതിരേ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു

പേ ഈക്വലൈസേഷന്‍

ജീവനക്കാര്‍ക്ക് കേന്ദ്രപാരിറ്റി നല്‍കുമെന്നത് 1991 ല്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. കേരളത്തിലെ നിലവിലുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തി കേന്ദ്രത്തിലെ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് സമര സമിതി അവശ്യപ്പെട്ടു. പാരിറ്റി നടപ്പിലാക്കാന്‍ പ്രത്യേക സംവിധാനം ആവശ്യമില്ലെന്ന് എഫ്.എസ്.ഇ.ടി.ഒ ആവശ്യപ്പെട്ടു. എന്നാല്‍ 1992 ജനുവരി 15 ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഗോപാലക്യഷ്ണപ്പിള്ള ചെയര്‍‌മാനായുള്ള പേ ഈക്വലൈസേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ അന്വേഷണ വിഷയങ്ങള്‍ എകപക്ഷീയമായി തീരുമാനിച്ചത് നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. ഇതിനെതിരായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കേരളത്തിലെ ജീവനക്കാര്‍ അനുഭവിച്ചു പോരുന്ന, കേരളത്തിലെ മെച്ചപ്പെട്ട പ്രൊമോഷന്‍ സാധ്യതയും, കമ്മ്യൂട്ടേഷന്‍ , ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തണമെന്ന് എഫ്.എസ്.ഇ.ടി.ഒ ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള മൂന്ന് സ്‌കെയിലുകള്‍ കേന്ദ്രസ്‌കെയിലുകളേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു. ഈ വ്യത്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

1992 സെപ്തംബര്‍ 1 ന് കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ക്ഷാമബത്ത, അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാതെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതായിരുന്നു ശുപാര്‍ശകള്‍. മാസ്റ്റര്‍ സ്‌കെയില്‍ നഷ്ടമായി. ഇന്‍‌ക്രിമെന്റ് നിരക്കുകള്‍ അട്ടിമറിച്ചു. നിലവിലുണ്ടായിരുന്ന 3 ഗ്രേഡ് 12 വര്‍ഷ സര്‍‌വീസിന് എന്‍ട്രി കേഡറില്‍ ഒരു ഗ്രേഡായി വെട്ടിച്ചുരുക്കി. സ്റ്റാഗ്‌നേഷന്‍ ഇന്‍‌ക്രിമെന്റ് 2 വര്‍ഷത്തില്‍ ഒരിക്കലായി. സറണ്ടര്‍ലീവ് ആനുകൂല്യം 45 ല്‍ നിന്ന് 15 ആയി വെട്ടിക്കുറച്ചു, കേന്ദ്രം നല്‍കുന്ന വീട്ടു വാടക അലവന്‍സോ, വിദ്യാഭ്യാസ അലവന്‍സോ , എല്‍.ടി.സിയോ നല്കിയില്ല. ബഹുഭൂരിപക്ഷം തസ്തികകളിലും കേന്ദ്രസ്‌കെയില്‍ ശുപാര്‍ശ ചെയ്തില്ല. കേന്ദ്ര പരിഷ്‌കരണത്തിനു ശേഷം അടുത്ത പരിഷ്‌കരണം മതിയെന്ന് നിര്‍ദ്ദേശിച്ചു.
നിലവിലുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര പാരിറ്റി നടപ്പിലാക്കുക, ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 1992 ഒക്ടോബര്‍ 28 ന് ഐക്യ സമര സമിതിയുടെ നേത്യത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തി. തുടര്‍ന്ന് 1993 ഫെബ്രുവരി 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് തീരുമാനമെടുത്തു.ജനുവരി 15 ന് സംഘടനാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചു. പേ ഈക്വലൈസേഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കുമെന്നും അതു സംബന്ധിച്ച ആക്ഷേപം മാര്ച്ച് 31 വരെ സംഘടനകള്‍ക്ക് നല്‍കാമെന്നും 2 ഗഡു ക്ഷാമബത്ത നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ ഐക്യ സമരസമിതി പണിമുടക്ക് മാറ്റിവെച്ചു.

നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പേ ഈക്വലൈസേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക 6 ആം ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക എന്നീ ആവശങ്ങളുന്നയിച്ച് സെപ്തംബറില്‍ അനിശ്ചിതകാല പണിമുടക്കിന് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത്‌നടന്ന വമ്പന്‍ റാലിയിലാണ് പണിമുടക്ക് പ്രഖ്യാപനം ഉണ്ടായത്. പേ ഈക്വലൈസേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ക്യാബിനറ്റ് സബ് കമ്മിറ്റിയെ നിയോഗിച്ചു. സബ്കമ്മിറ്റി ശുപാര്‍ശ പ്രകാരം പേ ഈക്വലൈസേഷന്‍ സംബന്ധിച്ച് ഉത്തരവ് 1993 സെപ്തംബര്‍ 25 ന് പുറപ്പെടുവിച്ചു. പേ ഈക്വലൈസേഷന്‍ നിലവില്‍ വന്ന 1992 മാര്‍ച്ചിനു ശേഷം 15 ല്‍ അധികമായി ലീവ് സറണ്ടര്‍ ചെയ്ത തുക തിരിച്ചു പിടിക്കാനും തത്തുല്യ ലീവ് അവധി കണക്കില്‍ ചേര്‍ക്കാനും തീരുമാനമായി. പേ ഈക്വലൈസേഷന്‍ കമ്മിറ്റി ശുപാര്‍ശയില്‍ വെട്ടിക്കുറച്ച മറ്റ് ആനുകൂല്യ ങ്ങള്‍ പുന:സ്ഥാപിച്ചില്ല.

1993 സെപ്തംബര്‍ 29 ന് നിലവിലുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ പണിമുടക്ക് നടത്തി. നാളിതുവരെ ഉള്ള ശമ്പള പരിഷ്‌കരണങ്ങള്‍ ജീവനക്കാരന്റെ സേവന വേതന വ്യവസ്ഥകളെ ഒരു പടി മുന്നോട്ട് കൊണ്ടു പോകുന്നതായിരുന്നു. പേ ഈക്വലൈസേഷന്‍ വേതന ഘടനയുടെ അടിത്തറ തന്നെ തകര്‍ത്തു. യാന്ത്രിക കേന്ദ്ര പാരിറ്റിക്കുവേണ്ടി നിലകൊണ്ട സംഘടനകളും നഷ്ടത്തിന് ഉത്തരവാദികളാണ്. പേ ഇക്വലൈസേഷന്റെ പരിക്കുകള്‍ പരിഹരിക്കപ്പെട്ടത് 1997 ല്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി നടപ്പിലാക്കിയ ശമ്പളരിഷ്‌കരണത്തിലൂടെയാണ്.

1996 ഇടക്കാലാശ്വാസ സമരം

1992 ല്‍ പേ ഈക്വലൈസേഷന്‍ നടപ്പിലാക്കിയതിന്റെ ഫലമായി 1993ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം നഷ്ടപ്പെട്ടു. ഈ കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 200 രൂപ മുതല്‍ 1000 രൂപ വരെ രണ്ട് ഗഡുക്കളായി ഇടക്കാലാശ്വാസം ലഭിച്ചു. ബാങ്കിങ്ങ് മേഖലയില്‍ 15 ശതമാനവും കേന്ദ്ര പൊതുമേഖലയില്‍ 20 ശതമാനവും വേതനവര്‍ദ്ധനവ് ലഭിച്ചു. വിലക്കയറ്റം രൂക്ഷമായി. ഈ സാഹചര്യത്തില്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുക, അടിസ്ഥാന ശമ്പളത്തിന്റെ 20% (മിനിമം 250 രൂപ) ഇടക്കാലാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പറ്റി പിരിയുന്ന ജീവനക്കാര്‍ക്ക് ഉണ്ടാവുന്ന കടുത്ത സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ക്ഷാമബത്ത കൂടി കണക്കാക്കി പെന്‍ഷന്‍ അനുവദിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളടങ്ങിയ അവകാശപത്രിക 1995 ആഗസ്ത് 24 ന് സര്‍ക്കാറിന് നല്‍കി. നവംബര്‍ 15 മുതല്‍ അനിശ്ചിതകാലം പണിമുട ക്കാന്‍ തീരുമാനിച്ചു. ജോയന്റ് കൗണ്‍സില്‍ ഐക്യത്തിന് വിധേയപ്പെടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മറ്റ് സംഘടനകള്‍ ചേര്‍ന്ന് ആക്ഷന്‍ കണ്‍സില്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സിന് രൂപം നല്‍കി. നവംബര്‍ 2 ന് പണിമുടക്ക് നോട്ടിസ് നല്‍കി. നവംബര്‍ 13 ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സാവകാശം വേണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചും ഐക്യം വിപുലപ്പെടുത്തുന്നതിനുമായി നവംബര്‍ 15 ന്റെ പണിമുടക്ക് 23 ലേക്ക് മാറ്റി. നവംബര്‍ 16 ന് കുടിശ്ശിക ക്ഷാമബത്ത അനുവദിക്കാനും 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കാനും തീരുമാനിച്ച സാഹചര്യത്തില്‍ പണിമുടക്ക് നടത്തേണ്ടതില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ഇടക്കാലാശ്വസം അനുവദിക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 28 ന് ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ ധര്‍ണ്ണ, 1996 ജനുവരി 3 മുതല്‍ സംസ്ഥാന നേതാക്കളുടെ നിരാഹാര സത്യാഗ്രഹം, ജനുവരി 4 ന് പന്തം കൊളുത്തി പ്രകടനങ്ങള്‍, 5 ന് കൂട്ടധര്‍ണ്ണ, ജനുവരി `12 ന് സെക്രട്ടറിയേറ്റും കലക്ടറേറ്റുകളും പിക്കറ്റ് ചെയ്യല്‍ എന്നീ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ജനുവരി 19 ന് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചു.  ജനുവരി 18 ന് ചേര്‍ന്ന മന്ത്രിസഭായോഗം പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് 60 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു. ഉയര്‍ന്ന വര്‍ഗ്ഗബോധം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാര്‍ സമരചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിചേര്‍ക്കുകയായിരുന്നു.

ശമ്പളപരിഷ്‌കരണം അംഗീകരിപ്പിക്കുന്നതിനായി 1996 മാര്‍ച്ച് 7 ന് ആക്ഷന്‍ കൗണ്‍സില്‍ സൂചനാ പണിമുടക്ക് നടത്തി. പണിമുടക്കിനെ നേരിടാന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് റദ്ദാക്കിയിരുന്ന ഡയസ്‌നോണ്‍ വീണ്ടും നടപ്പിലാക്കി.

സമാനതകളില്ലാത്ത പണിമുടക്ക്

സമാനതകളില്ലാത്ത സമ്പൂര്‍ണ പണിമുടക്കായിരുന്നു 2002 ഫിബ്രവരി 6 മുതല്‍ മാര്‍ച്ച് 9 വരെ നടന്ന 32 ദിവസത്തെ പണിമുടക്ക്. 1971ന് ശേഷം എല്ലാ സംഘടനകളും പങ്കെടുത്ത പണിമുടക്ക് കൂടിയായിരുന്നു അത്. ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത 2002 ജനുവരി 16 ലെ സര്‍ക്കാര്‍ ഉത്തരവായിരുന്നു പണിമുടക്കിന് നിദാനം. നവലിബറല്‍ അജണ്ട സിവില്‍ സര്‍വ്വീസില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഉത്തരവ്. 2002 ജനുവരി 8 ന് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും തസ്തികകള്‍ വെട്ടിച്ചുരുക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിന്ന് നിര്‍ദ്ദേശം നല്‍കി. യു.ഡി.ഏഫ് തീരുമാനത്തിനെതിരെ ജനുവരി 9 ന് രാവിലെ 10 മുതല്‍ 12 വരെ 2 മണിക്കൂര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. യു.ഡി.എഫ്. തീരുമാനങ്ങള്‍ അംഗീകരിച്ചു കൊണ്ട് മന്ത്രിസഭ തീരുമാനം പുറത്ത് വന്ന ഉടനെ ജനുവരി 10 മുതല്‍ പണിമുടക്കാന്‍ ആക്ഷന്‍ കൗണ്‍സിലും അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയും സംയുക്തമായി തീരുമാനിച്ചു. സംസഥാനത്തെ മറ്റെല്ലാ സര്‍വ്വീസ് സംഘടനകളും ഈ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. ഉത്തരവ് പിന്‍‌വലിക്കാത്ത സാഹചര്യത്തില്‍ 2002 ഫിബ്രവരി 6 മുതല്‍ പണിമുടക്കാന്‍ എല്ലാ സംഘടനകളും പരസ്പരധാരണയോടെ തീരുമാനിച്ചു. ജനുവരി 25 ന് സംഘടനാ സമിതികള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ല. ഡയസ്‌നോണ്‍, എസ്മ തുടങ്ങിയ കരിനിയമങ്ങള്‍ ബാധകമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാരെ സമൂഹത്തില്‍ ഒറ്റപ്പെടുന്നതിന് സര്‍ക്കാരും ഭരണകക്ഷി നേതാക്കളും വ്യാപകമായ ദുഷ്‌പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ ലഭിക്കുന്ന 500 കോടിരൂപയില്‍ 100 കോടി രൂപ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ഒരു പാക്കേജിനായി നീക്കിവെക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇന്‍ഫാം തുടങ്ങിയ സംഘടനകളെ ജീവനക്കാര്‍ക്കെതിരെ തിരിച്ചു വിട്ടു. അവശ്യസര്‍വ്വീസ് നിയമ പ്രകാരം 15 വകുപ്പുകളില്‍ പണീമുടക്ക് നിരോധിച്ചു കൊണ്ട് ഫിബ്രവരി 1 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിരോധനങ്ങളും ഭീഷണികളും സമരാവേശം ആളിക്കത്തിക്കാനാണ് ഉതകിയത്, ഗത്യന്തരമില്ലാതെ ഫിബ്രവരി 5 ന് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. 2002 ജനുവരി 16 ലെ വിവാദ ഉത്തരവ് താല്‍ക്കാലികമായി മരവിച്ചു കൊണ്ട് വിശദമായ ചര്‍ച്ചക്ക് അവസരം ഒരുക്കിയാല്‍ പണിമുടക്ക് മാറ്റി വെക്കാമെന്ന് സംഘടനാ പ്രതിനിധികളുടെ നിര്‍ദ്ദേശംപോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചര്‍ച്ച പരാജയപ്പെട്ടു.

പണിമുടക്കാരംഭിക്കുന്നു

2002 ഫിബ്രവരി 6ന് ആരംഭിച്ച പണിമുടക്ക് സര്‍വ്വീസ് മേഖലയില്‍ പൂര്‍ണ്ണമായിരുന്നു. ആള്‍ ഇന്ത്യാ സര്‍വ്വീസില്‍ പെട്ടവരും പണിമുടക്കില്‍ നിന്നും ഒഴിവാക്കപ്പെട്ടവരും മാത്രമാണ് ജോലിക്ക് ഹാജരായത്. കോടതികള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.പതിവ് പിക്കറ്റിങ്ങും പ്രകടനവും മാത്രമല്ല പുതിയ സമരമുറകളും അരങ്ങേറി. കുടുംബാംഗങ്ങളുടേയും കുട്ടികളുടെയും അനുഭാവ സത്യാഗ്രഹങ്ങള്‍, സഹോദര സംഘടനകളുടെ പ്രകടനങ്ങള്‍, ഡി.ജി.പി ഓഫീസ് മാര്‍ച്ച്, ജയിലുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ, മുഖ്യമന്ത്രി യുടെ ഓഫീസിലേക്ക് മാര്‍ച്ച്, കളക്ടറേറ്റ് മാര്‍ച്ച്, മനുഷ്യച്ചങ്ങല, തെരുവുനാടകം, വിശദീകരണ യോഗങ്ങള്‍, വനിതകളുടെ പ്രത്യേക ധര്‍ണ്ണ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന പ്രക്ഷോഭപരിപാടികള്‍ സംസ്ഥാനത്ത് നടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ മാസങ്ങളോളം അടഞ്ഞു കിടന്നാലും ഒരു ചുക്കും സംഭവിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വലിയ പ്രതിഷേധത്തിനിടയാക്കി. എസ്മ പ്രകാരം 533 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 36 പേര്‍ വനിതകളും 6 പേര്‍ പാര്‍ട്ട്‌ടൈം ജീവനക്കാരുമായിരുന്നു. ഈ പണിമുടക്കില്‍ വനിതാ ജീവനക്കാരുടെ പങ്ക് എല്ലാ അര്‍ത്ഥത്തിലും പൂണ്ണമായിരുന്നു. എസ്മ അറസ്റ്റുകള്‍ ജീവനക്കാരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. അറസ്റ്റ് ചെയ്ത ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും ഉപജീവനപ്പടി നിഷേധിക്കുകയും ചെയ്തു. പ്രൊബേഷന്‍ കാരെയും ഉന്നത ഉദ്യോഗസ്ഥന്‍മാരെയും നിശ്ചിത തീയ്യതിക്കകം ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചു വിടുമെന്ന്ഭീഷണി മുഴക്കി. ആരും വഴങ്ങിയില്ല.

ഗത്യന്തരമില്ലാതെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. മാര്‍ച്ച് 9 ന് സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ചു. ചര്‍ച്ചയില്‍ കമ്യുട്ടേഷന്‍ ആനുകൂല്യങ്ങള്‍ 50 ശതമാനം പുന:സ്ഥാപിക്കാമെന്നും പ്രൊട്ടക്റ്റഡ് അദ്ധ്യാപകര്‍ക്ക് ജൂണ്‍ മാസം വരെ പൂര്‍ണ്ണ ശമ്പളം നല്‍കുമെന്നും അതിനിടയില്‍ കഴിയവുന്നത്ര പേരെ പുനര്‍വിന്യസിക്കാമെന്നും സറണ്ടര്‍ ആനുകൂല്യം സ്‌കൂള്‍ അടച്ചു പൂട്ടല്‍, തസ്തിക വെട്ടിക്കുറക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കമെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. പുതിയതായി സര്‍വ്വീസില്‍ വന്ന ജീവനക്കാര്‍ക്ക് ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടി പുന:പരിശോധിക്കുമെന്നും ഉറപ്പ് നല്‍കി. ക്രിമിനല്‍ കേസ്സുകള്‍ ഒഴികെയുള്ളവ പിന്‍വലിക്കാമെന്നും ഉറപ്പ് നല്‍കി. ചര്‍ച്ചക്ക്  ശേഷം സമരസമിതികള്‍ കൂടിയാലോചിച്ച് പണിമുടക്കം പിന്‍വലിച്ചു. അഖിലേന്ത്യ ഫെഡറേഷനും ഇതര സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് തമിഴ് നാട്ടിലെ ജീവനക്കാരും പണിമുടക്ക് സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കി. കേരളത്തിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗം സമരത്തിന് ചാലകശക്തിയായി. കേരളത്തിലെ ബഹുജനങ്ങളുടെ പിന്തുണ ഈ സമരത്തിന്റെ വിജയത്തിന് മുഖ്യ പങ്ക് വഹിച്ചു. 32 ദിവസവും ജീവനക്കാര്‍ പ്രകടിപ്പിച്ച ഐക്യവും സമരാവേശവും ജനപിന്തുണയുമാണ് പണിമുടക്കിനെ വിജയത്തിലെത്തിച്ചത്. ആഗോള വല്‍ക്കരണ നയത്തിനെതിരേ പോരാടാനും അതില്‍ വിജയം വരിക്കാമെന്നും ഈ പണിമുടക്കം തെളിയിച്ചു.

പണിമുടക്കവകാശം സംരക്ഷിക്കുന്നതിന്

ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കപ്പെടുന്നതിന്റെ ഭാഗമായി 2003ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്സ്, സറണ്ടര്‍ ആനുകൂല്യം, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ എന്നിവയെല്ലാം വെട്ടിക്കുറച്ചു. ഇതിനെതിരേ 2003 ഏപ്രില്‍ 10 ന് ജീവനക്കാര്‍ ഏകദിന പണിമുടക്ക് നടത്തി. തുടര്‍ന്ന് ജൂലായ് 2 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ എല്ലാ സംഘടനകളും തീരുമാനിച്ചു. ജൂലായ് 4 ന് അവശ്യ സര്‍വ്വീസ് നിയമം ഭേദഗതി ചെയ്ത് ജീവനക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അംഗീകാരം സര്‍ക്കാര്‍ സ്വായത്തമാക്കിയിരുന്നു. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ 1,70,241 ജീവനക്കാരെ തമിഴ്‌നാട് സര്‍ക്കാര്‍ പിരിച്ചുവിട്ടു. 2003 ജൂലൈ 24 ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം 6072 ജീവനക്കാരെ ഒഴികെ മറ്റെല്ലാവരേയും തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചു. 6072 ജീവനക്കാരില്‍ 3323 പേരെ പിരിച്ചുവിട്ടതായും 2749 പേരെ സസ്‌പെന്‍ഡ് ചെയ്തതായും കണക്കാക്കാന്‍ ഉത്തരവായി. ആഗസ്ത് 6 ന് സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നിയമപരമായോ ധാര്‍മ്മികമായോ, ഭരണഘടനാപരമായോ പണിമുടക്കാന്‍ അവകാശമില്ല എന്നായിരുന്നു വിധി.

ഭരണഘടന ഉറപ്പു ചെയ്യുന്ന ജനാധിപത്യാവകാശം നിഷേധിക്കുന്ന ഈ വിധിക്കെതിരേ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നുവന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന കോടതിവിധിക്കെതിരേ പണിമുടക്കി പ്രതിഷേധിക്കാന്‍ കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകള്‍ സംയുക്തമായി തീരുമാനിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ തൊഴിലാളികളെ ആഹ്വാനം ചെയ്തു. 2004 ഫെബ്രുവരി 24 ന് നടന്ന അഖിലേന്ത്യാ പണിമുടക്ക് പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ പണിമുടക്കായി മാറി.

സുപ്രീംകോടതി വിധിക്കെതിരേ കേരളത്തില്‍ വര്‍ദ്ധിച്ച പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. പണിമുടക്കാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ. ഭാഗമായി ഒക്ടോബര്‍ 7, 8 തീയതികളിലായി സംസ്ഥാന വ്യാപകമായി ജീവനക്കാരില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചു. ഒക്ടോബര്‍ 23 ന് തിരുവനന്തപുരത്ത് ആയിരക്കണക്കിന് ജീവനക്കാര്‍ പങ്കെടുത്ത രാജ്ഭവന്‍ മാര്‍ച്ചിന് ശേഷം ഈ ഭീമഹരജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനായി ഗവര്‍ണര്‍ക്ക് കൈമാറി.

സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട തമിഴ്‌നാട്ടിലെ ജീവനക്കാരെ സഹായിക്കുന്നതിന് അഖിലേന്ത്യാ ഫെഡറേഷന്റെ് ആഹ്വാന പ്രകാരം കേരളത്തില്‍ നിന്ന് 12,75,000 രൂപ സമാഹരിച്ച് നല്‍കാനുള്ള എഫ്.എസ്.ഇ.ടി.ഒയ്ക്ക് കഴിഞ്ഞു. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങിയ ജയലളിത സര്‍ക്കാര്‍ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനും വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കാനും നിര്‍ബന്ധിതമായി

5 വര്‍ഷ ശമ്പള പരിഷ്‌ക്കരണ തത്വം അട്ടിമറിക്കപ്പെടുന്നു

2002 ജൂണില്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന സമ്മേളനം ജീവനക്കാരുടെ ശമ്പളം പരിഷക്കരിക്കുക എന്ന ആവശ്യം മുന്നോട്ട് വെച്ചു. കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരികെ ലഭ്യമാക്കുന്നതിനുള്ള പ്രക്ഷോഭത്തിന്റെ മധ്യേയാണ് ഈ മുദ്രാവാക്യം മുന്നോട്ട് വെച്ചത്. ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2003 ഫിബ്രവരി 27ന് സൂചനാപണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. സമ്പൂര്‍ണ്ണമായ ഒരു പണിമുടക്ക് ഉറപ്പായ സാഹചര്യത്തില്‍ വിവിധ സംഘടനകള്‍ ഐക്യത്തിന് തയ്യാറായി. സംഘടനകളുമായി ചര്‍ച്ച നടത്താമെന്നും പണിമുടക്ക് മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടന്ന് പണിമുടക്ക് മാറ്റി വെച്ചു. ഏപ്രില്‍ 12 ന് സര്‍ക്കാരുമായി ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയ പ്രകാരം ലീവ് സറണ്ടര്‍ ആനുകൂല്യം ഭാഗികമായി പുന:സ്ഥാപിച്ചു. 2002 ജനുവരി 16ന് ശേഷം നിയമിച്ച ജീവനക്കാര്‍ക്ക് 2003 ജൂണ്‍ 1 മുതല്‍ ഡി.എ യും മറ്റ് അലവന്‍സുകളും നല്‍കാനും തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണം നേടിയെടുക്കുന്നതിന് യൂണിയന്‍ സംഘടിപ്പിച്ച വിവിധ പ്രക്ഷോഭ പരിപാടികള്‍ക്ക് ശേഷം ഒക്ടോബര്‍ 28 ന് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 25000 പേരുടെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. 2005 ജനുവരി 18 സൂചനാപണിമുടക്ക് പ്രഖ്യാപിച്ചു. സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും ഐക്യത്തിന് വേണ്ടി പണിമുടക്ക് മാറ്റി വെക്കണമെന്ന ചില സംഘടനാ നേതാക്കളുടെ അഭ്യര്‍ത്ഥനയും മാനിച്ച് സൂചനാപണി മുടക്ക് മാറ്റിവെച്ചു.

ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി പുന:സ്ഥാപിക്കുക, സര്‍വ്വീസ് വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫിബ്രവരി 23 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുവാന്‍ ആക്ഷന്‍ കൗണ്‍സില്‍, അദ്ധ്യാപക സര്‍വീസ് സംഘടനാ ഐക്യവേദി, സര്‍വ്വീസ് സംഘടനാ സമരസമിതി എന്നീ മുന്നണികളും, എന്‍.ജി.ഒ അസോസിയേഷന്റെ ഒരു വിഭാഗവും തീരുമാനിച്ചു. ഫിബ്രവരി 21ന് നടന്ന ചര്‍ച്ചയില്‍ ശമ്പളക്കമ്മീഷനെ നിയമിക്കുമെന്നും 3 മാസത്തിനകം കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് വാങ്ങി ഇടക്കാലാശ്വാസം അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മറ്റ് കാര്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കുമെന്നും ഉറപ്പു നല്‍കി. ഇതെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിച്ചു.

മാര്‍ച്ച് 2 ന് ചേര്‍ന്ന മന്ത്രിസഭായോഗം മുന്‍ ധനകാര്യ സെക്രട്ടറി ആര്‍.നാരായണന്‍ അദ്ധ്യക്ഷനായി ശമ്പളക്കമ്മീഷനെ നിയമിക്കുവാന്‍ തീരുമാനിച്ചു. ടേംസ് ഓഫ് റഫറന്‍സില്‍ പെന്‍ഷന്‍ പരിഷ്‌ക്കരണം, കാഷ്വല്‍ ജീവനക്കാരുടെ വേതന പരിഷ്‌ക്കരണം എന്നീ കാര്യങ്ങള്‍ ഇല്ലായിരുന്നു.

വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ പരിഷ്‌ക്കരണം അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെടുത്തി. കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സും കമ്മറ്റി തയ്യാറാക്കിയ ചോദ്യാവലിയും സംസ്ഥാനത്ത് വേതന വ്യവസ്ഥ അട്ടിമറിക്കാനുള്ള സാധ്യത സംജാതമാക്കി. വീണ്ടും സമരം ശക്തിപ്പെട്ടപ്പോള്‍ മാത്രമാണ് കമ്മീഷന്‍ ഇടക്കാലാശ്വാസത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ തയ്യാറായത്. 01/03/2002 മുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 25% ഇടക്കാലാശ്വാസമായി ലഭിക്കണമെന്ന് എഫ്.എസ്സ്.ഇ.ടി. യുടെ ആവശ്യം നിരാകരിക്കപ്പെട്ടു. 5 വര്‍ഷ ശമ്പള പരിഷ്‌കരണ തത്വം അട്ടിമറിക്കപ്പെടുന്നതിന്റെ ഭാഗമായി എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ട പ്രകാരം 2005 ഏപ്രില്‍ 1 മുതല്‍ ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവായി. ജീവനക്കാര്‍ക്ക് 300 രൂപയും പെന്‍ഷന്‍ കാര്‍ക്ക് 175 രൂപയുമാണ് ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ചത്. 2005 ഡിസംബര്‍ 31 ന് മുമ്പ് ശമ്പളപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാര്‍ കമ്മീഷന്‍ ആവശ്യപ്പെടാതെ തന്നെ കാലാവധി നീട്ടിക്കൊടുത്തു. കമ്മീഷന്റെ പ്രവര്‍ത്തനം നീട്ടിക്കൊണ്ട്‌പോകുക എന്ന സര്‍ക്കാരിന്റെ ഗൂഢതന്ത്രം മനസ്സിലാക്കിയ ആക്ഷന്‍ കൗണ്‍സില്‍ സമരസമിതി ഐക്യവേദി മുന്നണികള്‍ 2006 ജനുവരി 24 ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് വന്‍ വിജയമായിരുന്നു. തുടര്‍ന്ന് ഫിബ്രവരി 22 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഫിബ്രവരി 21 ന് ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. ഫിബ്രവരി 28നകം ശമ്പളപരിഷ്‌കരണം സംബന്ധിച്ച അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നിയമ സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഉത്തരവിറക്കുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാര്‍ച്ച് 2 ന്റെ മന്ത്രിസഭായോഗത്തിലാണ് ശമ്പളപരിഷ്‌കരണ തീരുമാനം എടുത്തത്. ഈ തീരുമാനത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

കമ്മീഷന്റെ പ്രതിലോമകരമായ ശുപാര്‍ശകള്‍ തിരുത്തണമെന്ന് യൂണിയന്‍ ആവശ്യപെട്ടു. 5 വര്‍ഷ ശമ്പളപരിഷ്‌കരണ തത്വം അട്ടിമറിക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് പ്രാബല്യ തീയ്യതി തീരുമാനിക്കുമെന്ന പ്രഖ്യാപനത്തിലെ ചതി പ്രതിപക്ഷം തിരിച്ചറിഞ്ഞു. അതിനാല്‍ പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുവാന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷത്തിന്റെ സഹായത്തോടെ നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ഈ അഭ്യര്‍ത്ഥന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. തുടര്‍ന്ന് 2006 മാര്‍ച്ച് 25 ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറക്കി. അതിലും പെന്‍ഷന്‍ പരിഷ്‌കരണം ഉള്‍പ്പെടുത്തിയില്ല. തഴെത്തട്ടിലുള്ള 6 സ്‌കെയിലുകള്‍ക്ക് നഷ്ടം വരുത്തുന്നതായിരുന്നു ഉത്തരവ്. 5 വര്‍ഷ തത്വം അട്ടിമറിക്കപ്പെട്ടു. ശമ്പള പരിഷ്‌കരണത്തിന്റെ പ്രാബല്യം 2004 ജൂലൈ 1 മുതല്‍ ആയിരുന്നു. എന്നാല്‍ സാമ്പത്തിക ആനുകൂല്യം 2005 ഏപ്രില്‍ 1 മുതല്‍ ആയിരുന്നു. 5വര്‍ഷ തത്വം അട്ടിമറിക്കുന്നതിന് സര്‍വ്വീസ് മേഘലയിലെ സംഘടനകളുടെ (എന്‍.ജി.ഒ അസോസിയേഷന്‍) സഹായം സര്‍ക്കാരിന്ന് ലഭിച്ചു. കെ.എസ്സ്.ആര്‍ റൂള്‍ 28 A പരിമിതപ്പെടുത്തി. കമ്മീഷന്റെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അതേ പടി നടപ്പിലാക്കി. വെയിറ്റേജ്, വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ എന്നീ കാര്യങ്ങളില്‍ യൂണിയന്റെ ആവശ്യങ്ങള്‍ കമ്മീഷന്‍ അംഗീകരിച്ചതിനാല്‍ സര്‍ക്കാരിന് നടപ്പിലാക്കേണ്ടി വന്നു. 2007 ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് ശമ്പളപരിഷ്‌ക രണത്തിലെ അടിസ്ഥാനപരമായ അപാകതകള്‍ പരിഹരിച്ചു. മിനിമം വേതനം 4300 രൂപായില്‍ നിന്ന് 4510 രൂപയായി ഉയര്‍ത്തി. താഴെത്തട്ടിലുള്ള 6 ശമ്പള സ്‌കെയിലുകള്‍ അവയുടെ ഇന്‍ക്രിമെന്റ് നിരക്കുകള്‍ ഗ്രേഡ് സ്‌കെയിലുകള്‍ ഉയര്‍ത്തി. പാര്‍ട്ട്‌ടൈം ജീവനക്കാരുടെ വേതനവും ഉയര്‍ത്തി. കാഷ്വല്‍ സ്വീപ്പര്‍ മാരുടെ വേതനം 600 രൂപയില്‍ നിന്ന് 750 രൂപയാക്കി. പിന്നീട് 1000 രൂപയായി ഉയര്‍ത്തി. സമയ ബന്ധിത ഗ്രേഡിലെ നിയന്ത്രണങ്ങളും പരിധികളും ഒഴിവാക്കി. 5 വര്‍ഷ തത്വം പുന:സ്ഥാപിച്ചുകൊണ്ട് 2009 ജൂലൈ 1 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കി

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍

ഇന്ത്യയില്‍ നടപ്പാക്കി വരുന്ന നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയായ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി കേരളത്തിലും നടപ്പിലാക്കാന്‍ 2002 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു. ശക്തമായ പ്രതിഷേധവും 32 ദിവസക്കാലത്തെ ജീവനക്കാരുടെ പണിമുടക്കും മൂലം ഉത്തരവ് നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിന്ന് പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ ഐ.എം.എഫ്. നിര്‍ദ്ദേശാനുസരണം ബി.ജെ.പി സര്‍ക്കാര്‍ 2004 ജനുവരി 1 മുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കി. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഒന്നാം യു.പി.എ സര്‍ക്കാര്‍ പി.എഫ്.ആര്‍.ഡി.എ ബില്‍ നിയമമാക്കാന്‍ ശ്രമിച്ചെങ്കിലും ഇടത്പക്ഷ എതിര്‍പ്പ് മൂലം കഴിഞ്ഞില്ല. എന്നാല്‍ തികച്ചും ജനാധിപത്യ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലായിരുന്നു. സാമ്പത്തിക പ്രധിസന്ധിയില്‍ നട്ടം തിരിയുന്ന കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവട് പിടിച്ചു കേരളത്തില്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 2004-05 ലെ ബജറ്റിലൂടെ പ്രഖ്യാപിച്ചു. 2006 ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചു. 2011 ല്‍ വീണ്ടും അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ നീക്കം തുടങ്ങി. ഇതില്‍ പ്രധിഷേധിച്ച് 2011 ജൂലൈ 7ന് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ യൂണിയന്‍ പ്രധിഷേധ പ്രകടനങ്ങള്‍ നടത്തി.

തുടര്‍ന്ന് വിപുലമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് എഫ്.എസ്.ഇ.ടി.ഒ തീരുമാനിച്ചു. തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന സംസ്ഥാനകണ്‍വെന്‍ഷന്‍ ‘സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ അണിചേരുക’ എന്ന പ്രമേയം അംഗീകരിച്ചു. 2012 ആഗസ്റ്റ് 8 ലെ ജി.ഒ (പി) 441/2012 ഉത്തരവിലൂടെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍, സമരസമിതി, എഫ്.ഇ.ടി.ഒ എന്നിവയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 10 ന് സ്ഥാപനങ്ങള്‍ വിട്ടിറങ്ങി പ്രധിഷേധ പ്രകടനം നടത്തി. ഉത്തരവിന്റെ കോപ്പി കത്തിച്ചു. ഈ മൂന്ന് സമര മുന്നണികളും ആഗസ്റ്റ് 10ന് യോഗം ചേര്‍ന്ന് ആഗസ്റ്റ് 17 ന് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഐക്യ വേദിയും ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചു. സെറ്റൊ ആഗസ്റ്റ് 21 ന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐക്യത്തിനായി പണിമുടക്ക് ഈ തീയ്യതിയിലേക്ക് മാറ്റാന്‍ സമരമുന്നണികള്‍ തീരുമാനിച്ചു.

ആഗസ്റ്റ് 16ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന ധിക്കാരപരമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുകയെന്ന മുന്‍ ആവശ്യത്തില്‍ നിന്നും ചര്‍ച്ച വഴിതിരിച്ചു വിടുന്നതിനുള്ള ശ്രമമാണ് സെറ്റൊ നടത്തിയത്. ഈ സാഹചര്യത്തില്‍ അഗസ്റ്റ് 21 ന്റെ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ സമരസമിതികള്‍ തീരുമാനിച്ചു. പണിമുടക്കിനെ നേരിടാന്‍ എല്ലാ ജനാധിപത്യ വിരുദ്ധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. ഡയിസ്‌നോണ്‍ പ്രഖ്യാപിച്ചു. ഓഫീസ് സമയങ്ങളിലെ സമര പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പത്ര ദൃശ്യ മാധ്യമങ്ങളില്‍ പണിമുടക്കിനെതിരായി വ്യാപകമായ പ്രചാരണം നടത്തി. പണിമുടക്ക് വിജയിപ്പിക്കാന്‍ ശക്തമായ തയ്യാറെടുപ്പുകള്‍ നടത്തി. സര്‍ക്കാറിന്റെ എല്ലാ ഭീഷണികളെയും തള്ളി ശക്തമായ പണിമുടക്കാണ് ആഗസ്റ്റ് 21 ന് നടന്നത്. സംഘടനാ ഭേദമന്യെ  ജീവനക്കാര്‍ പങ്കെടുത്ത പണിമുടക്ക് പെന്‍ഷന്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായ ഉജ്ജ്വല താക്കീതായി.
ആഗസ്റ്റ് 21 ന്റെ സൂചനാ പണിമുടക്കിന്റെ വിവരം കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 2012 സപ്‌തെംബര്‍ 19ന് ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍, സമര സമിതി, ഫെറ്റൊ മുന്നണികളുടെ യോഗം തുടര്‍ പ്രക്ഷോഭ ങ്ങള്‍ക്ക് രൂപം നല്‍കി സെപ്തംബര്‍ 8 തീയ്യതി ചേര്‍ന്ന യോഗം 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്കാന്‍ തീരുമാനിച്ചു. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഉപേക്ഷിക്കുക,നിയമന നിരോധനവും തസ്തികവെട്ടിക്കുറക്കലും പിന്‍‌വലിക്കുക, ഒമ്പതാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, അപാകതകള്‍ പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2012 ഒക്ടോബര്‍ 16,17,18 തീയ്യതികളില്‍ ജില്ലകളില്‍ വാഹന പ്രചരണ ജാഥകള്‍ നടത്തി. തുടര്‍ന്ന് നവംമ്പര്‍ 14 വരെ ഒപ്പു ശേഖരണം നടത്തി. 5000 വനിതകളടക്കം 27000 പേര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് മാര്‍ച്ചിനുശേഷം ഒപ്പുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഡിസംബര്‍ 11 ന് പണിമുടക്ക് നോട്ടീസ് നല്‍കി. ഡിസംബര്‍ 18 മുതല്‍ 20 വരെ സ്ഥാപനാടിസ്ഥാനത്തില്‍ കാല്‍നടജാഥകള്‍ നടത്തി. സംസ്ഥാനത്താകെ പെന്‍ഷന്‍ സംരക്ഷണ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. പണിമുടക്കിനെതിരെ സെറ്റോ സംഘടനകള്‍ രംഗത്തുവന്നു. പങ്കാളിത്ത പെന്‍ഷന്റെറ അനിവാര്യതയും സാമ്പത്തിക നേട്ടവും ഉയര്ത്തി ക്കാണിച്ച് സര്‍ക്കാരിനെ ന്യായീകരിച്ച് സെറ്റോ പ്രചരണം നടത്തി.
2013 ജനുവരി 1 ന് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. 2012 ആഗസ്റ്റ് 16 ന്റെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. 10 വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം മതിയെന്നുള്ള എക്‌സ്‌പെന്റിച്ചര്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ചൂണ്ടിക്കാണിച്ചപ്പോള്‍ 5 വര്‍ഷ ശമ്പളപരിഷ്‌കരണം സംരക്ഷിക്കുമെന്നും എല്‍.ടി.സി അനുവദിക്കുമെന്നും പറയാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതുടര്‍ന്ന് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ സമരസമിതികള്‍ തീരുമാനിച്ചു. 2013 ജനുവരി 8 ന് പണിമുടക്ക് ആരംഭിച്ചു.അതിശക്തമായ പണിമുടക്കാണ് 8 മുതല്‍ നടന്നത്. കെ.എസ്.ഇ.ബി, കെ.എസ്.അര്‍.ടി.സി, വാട്ടര്‍ അതോറിറ്റി, ഖാദിബോര്‍ഡ് എന്നീ മേഖലകളില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ജനുവരി 8 ന് പണിമുടക്കി. പണിമുടക്ക് ശക്തമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാത്രിയില്‍ വീട് വളഞ്ഞ് ജീവനക്കാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഒട്ടേറെ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സംസ്ഥാനത്താകെ യൂത്ത് കോണ്ഗ്ര സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ജീവനക്കാരെ ആക്രമിച്ചു. സംസ്ഥാനത്ത് 372 ജീവനക്കാര്‍ക്കെതിരെയും 122 സമരസഹായസമിതി പ്രവര്‍ത്തക രെയും കള്ളക്കേസില്‍ കുടുക്കി. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

പണിമുടക്ക് ശക്തമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ ജനുവരി 13 ന് സര്‍ക്കാര്‍ സംഘടകളുമായി ചര്‍ച്ച നടത്തി.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകാന്‍ തയ്യാറായില്ലെങ്കിലും സംഘടനകള്‍ ഉയര്‍ത്തിയ മിനിമം പെന്‍ഷന്‍, പെന്‍ഷന്‍ ഫണ്ട് സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കല്‍, പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം, 2013 മാര്‍ച്ച് 31 വരെയുള്ള ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കല്‍, സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെയുള്ള ശിക്ഷാനടപടികള്‍ പിന്‍ലിക്കല്‍, തസ്തിക വെട്ടിക്കുറക്കാന്‍ നിയമിച്ച എംപവേര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സംഘടനകളുമായി ചര്‍ച്ചചെയ്യല്‍ എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം തുടരാനും പണിമുടക്ക് നിര്‍ത്തിവെക്കാനും സമരസമിതികള്‍ തീരുമാനിച്ചു.
2002 ല്‍ ഐക്യത്തോടെ പ്രക്ഷോഭം നടത്തിയത് കൊണ്ടാണ് സര്‍ക്കാരിന്റെ പ്രതിലോമ നടപടികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ പെന്‍ഷന്‍ കവര്‍ന്നെടുക്കാനുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തിന് കൂട്ട് നിന്ന എന്‍.ജി.ഒ അസോസിയേഷനും സെറ്റൊ സംഘടനകളും ജീവനക്കാരുടെ ഐക്യത്തെ ദുര്‍ബ്ബല പ്പെടുത്തുന്ന വജഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. ഇതാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കനുള്ള സാഹചര്യം സൃഷടിച്ചത്.

പണിമുടക്കിന്റെ ഭാഗമായി ശിക്ഷാനടപടികള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. സസ്‌പെന്‍ഷനും സ്ഥലം മാറ്റവും തുടര്‍ന്നു. ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമെതിരെ കള്ളക്കേസുകല്‍ ചാര്‍ജ്ജ് ചെയ്തു. വനിതകള്‍ അടക്കമുള്ള സമരസമിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. കരകുളത്ത് ജയിലടക്കപ്പെട്ടവര്‍ ഇരുപത്തി ഒന്ന് ദിവസത്തിനു ശേഷവും നെയ്യാറ്റിന്‍കരയില്‍ നിന്നുള്ളവര്‍ 29 ദിവസത്തിനു ശേഷവും പീരുമേടില്‍ നിന്നുള്ളവര്‍ 26 ദിവസങ്ങള്‍ക്ക് ശേഷവുമാണ് ജാമ്യം നേടിയത്

ഈ സാഹചര്യത്തില്‍ പ്രതികാര നടപടികള്‍ അവസാനിപ്പി ക്കണമെന്ന് ആവശ്യപ്പെട്ട് 2013 ജനുവരി 31 ന് സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും കൂട്ട ധര്‍ണ്ണ നടത്തി. തുടര്‍ന്ന് പണീമുടക്കിന്റെ പേരില്‍ സ്വീകരിച്ച പ്രതികാരനടപടികള്‍ പിന്‍ വലിക്കുക, കള്ളക്കേസുകളും പ്രതികാര നടപടികളും റദ്ദാക്കുക വൈര്യനിര്യാതന ബുദ്ധിയോടെയുള്ള സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുക, സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്തിരിയുക, നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക, അകാരണമായി ശമ്പളം നിഷേധിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും ചേര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ 100 മണിക്കൂര്‍ സത്യാഗ്രാം നടത്തി.

ആഗോളവല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍

1980 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഐ.എം.എഫില്‍ നിന്ന് കടം വാങ്ങിയതിനെതുടര്‍ന്ന് അവരുടെ നിര്‍ദ്ദേശം അനുസരിച്ച് സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തി. ഇതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നു. 1981 ജൂണ്‍ മാസത്തില്‍ ട്രേഡ് യൂണിയനുകളുടേയും ഫെഡറേഷനുകളുടേയും നാഷണല്‍ ക്യാംപയില്‍ കമ്മിറ്റി രൂപീകരിച്ചു. പുതിയ ജനദ്രോഹ സാമ്പത്തിക നയത്തിനെതിരേ 1981 സെപ്തംബര്‍ 3 ന് അഖിലേന്ത്യാ പണിമുടക്ക് നടത്തിയപ്പോള്‍ സംസ്ഥാന ജീവനക്കാരും ഈ പണിമുടക്കില്‍ അണിചേര്‍ന്നു.

പിന്നീട് 1982 ജനുവരി 19 ന് പൊതുപണിമുടക്കില്‍ ജീവനക്കാര്‍ അണിചേര്‍ന്നിരുന്നു. പൊതുമേഖലയ്ക്ക് എതിരേയുള്ള നീക്കങ്ങള്‍ ചെറുക്കുന്നതിന് 1986 ഫെബ്രുവരി 26 ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസര്‍മാരും തൊഴിലാളികളും നടത്തിയ പണിമുടക്ക് വന്‍വിജയമായിരുന്നു.

ഉദാരവല്‍ക്കരണ നയം തൊഴിലാളികള്‍ക്കെതിരാണെന്ന് കൂടുതല്‍ ജനങ്ങള്‍ക്ക് ബോധ്യമായി. 1988 മാര്‍ച്ച് 19 ന് ഭാരത ബന്ദ് നടന്നു. 1989 ആഗസ്ത് 30 ന് ദേശവ്യാപകമായി നടന്ന പണിമുടക്കില്‍ കേരളത്തില്‍ ബഹുഭൂരിപക്ഷം ജീവനക്കാരും അണിനിരന്നു. ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകള്‍ ഒഴികെ മറ്റെല്ലാ സംഘടനകളും ഫെഡറേഷനും ഉള്‍ക്കൊള്ളുന്ന സ്‌പോണ്‍സറിങ്ങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തികനയത്തിനെതിരേ 1991 നവംബര്‍ 29 ന് ദേശവ്യാപകമായ പണിമുടക്ക് നടത്തി.

ഗാട്ട്കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഡങ്കല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സാഹചര്യത്തില്‍ 1992 ജൂണ്‍ 16 ന് വീണ്ടും ദേശീയ പണിമുടക്ക് നടത്തി ബാങ്ക്, എല്‍.ഐ.സി മേഖലകളിലും വ്യവസായ മേഖലയിലും സര്‍ക്കാര്‍ ജീവനക്കാരുടെ രംഗത്തും പണിമുടക്ക് വന്‍വിജയമായിരുന്നു. 1992 ല്‍ രാസവള സബ്‌സിഡി വെട്ടിക്കുറക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തപ്പോള്‍ വ്യാപക പ്രതിഷേധം ഉയരുകയും 1992 സെപ്തംബര്‍ 25 ന് പൊതുപണിമുടക്ക് നടത്തുകയും ചെയ്തു.

ഗാട്ട് ഉടമ്പടിക്ക് ശേഷം 1994 സെപ്തംബര്‍ 29 ന് നടന്ന പണിമുടക്ക് 5 സംസ്ഥാനങ്ങളില്‍ ബന്ദായി മാറി. ( കേരളം, തമിഴ്‌നാട്, ബംഗാള്‍, ബീഹാര്‍, ത്രിപുര) 1996 ല്‍ ദേവഗൗഡയുടെ നേത്യത്വത്തിലുള്ള ഐക്യമുന്നണി ഗവണ്‍മെന്റ് സാമ്പത്തിക നയത്തില്‍ മൗലികമായ മാറ്റമൊന്നും വരുത്തിയില്ല.

1998 ഡിസംബര്‍ 11 ന് ദേശീയ പണിമുടക്ക്
2003 ദേശീയ പണിമുടക്ക് (പെന്‍ഷന്‍ സംരക്ഷണം)
2003 ഫെബ്രുവരി 24  പണിമുടക്കവകാശം സംരക്ഷണം
2005 സെപ്തംബര്‍ 29 പണിമുടക്ക് (പെന്‍ഷന്‍ സംരക്ഷണം)
2006 ഡിസംബര്‍ 14 – ദേശീയ പണിമുടക്ക്.

2006
നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് പകരം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക – എ.ഐ.എസ്.ജി.എഫ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ എംപ്ലോയീസ് ആന്റ് വര്‍ക്കേര്‍സ്, എസ്.ടി.എഫ്. ഐ ആഗസ്ത് 18 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി.

പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക, കേന്ദ്രസംസ്ഥാന പൊതുമേഖലയിലും സിവില്‍ സര്‍വ്വീസിലും സ്വകാര്യവല്‍ക്കരണവും തസ്തിക വെട്ടിക്കുറക്കലും നിര്‍ത്തലാക്കുക. അഖിലേന്ത്യാ അവകാശദിനം ജൂലൈ 19

2007

ഒക്ടോബര്‍ 30 ദേശിയ പണിമുടക്ക് ::: പി.എഫ്.ആര്‍.ഡി.എ ബില്‍ ഉപേക്ഷിക്കുക, പണിമുടക്കം അടക്കമുള്ള ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ അംഗീകരിക്കുക,
പരിധി ഒഴിവാക്കുക

ഒന്നേ കാല്‍ കോടിയോളം വരുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കം ചരിത്രത്തിലെ ഉജ്വല അദ്ധ്യായമായി മാറി.

2008 : യു.പി.എ ഗവണ്‍മെന്റ് രൂപം നല്‍കിയ പൊതുമിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിച്ച് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചും പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നീക്കം, സ്വകാര്യവല്‍ക്കരണവും വിദേശ പങ്കാളിത്തവും. –ആഗസ്ത് 20 ന്റെ പൊതുപണിമുടക്ക്

2010 നിയമന നിരോധനം :: ഔട്ട്‌സോഴ്‌സിങ്ങ്, വിലക്കയറ്റം തടയുക, ഭരണവര്‍ഗ്ഗ നയങ്ങള്‍ക്കെതിരേ ഐ.എന്‍.ടി.യു.സി അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഒന്നിച്ചണിനിരന്ന് രാജ്യഭരണം സ്തംഭിപ്പിച്ചുകൊണ്ടുള്ള പണിമുടക്ക്.

നവലിബറല്‍ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സമ്പത്തിക ആനുകൂല്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ഡിമാന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ തൊഴിലാളി സംഘടനകള്‍ നിര്‍ബ്ബന്ധിത മാകുകയാണ്. ഈ സമരങ്ങളെ വിലയിരുത്തുമ്പോള്‍ അതുണ്ടാക്കുന്ന താല്‍ക്കാലിക നേട്ടങ്ങള്‍ക്കൊപ്പം പോരാട്ടങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന രാഷ്ട്രീയ ബോധം തുടര്‍പോരാട്ടങ്ങള്‍ക്ക് സഹായകരമാകും.


Warning: Undefined array key "src" in /home/keralang/public_html/wp-content/plugins/elementor/core/page-assets/loader.php on line 95

Warning: Undefined array key "dependencies" in /home/keralang/public_html/wp-content/plugins/elementor/core/page-assets/loader.php on line 95

Warning: Undefined array key "version" in /home/keralang/public_html/wp-content/plugins/elementor/core/page-assets/loader.php on line 95