സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കാനുള്ള പോരാട്ടത്തിൽ അണിനിരക്കുക
(കേരള എന്‍.ജി.ഒയൂണിയന്‍റെ രജതജൂബിലി സമ്മേളനം അംഗീകരിച്ച പരിപാടി പ്രമേയം)
കേന്ദ്രസര്‍ക്കാർ തുടര്‍ന്നുവരുന്ന സാമ്പത്തിക-വ്യാവസായിക-വിദ്യാഭ്യാസ തൊഴില്‍ നയങ്ങൾ നാനാ മേഖലകളിലും പ്രതിസന്ധിക്കും തകര്‍ച്ചക്കും ഇടയായിരിക്കുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാതെ ഇതിനെതിരെ വളര്‍ന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങളെ ജാതി-മത-വര്‍ഗ്ഗീയ ശക്തികളുമായി സന്ധിചെയ്തും കൂട്ടുകൂടിയും മര്‍ദനോപാധികൾ ഉപയോഗിച്ചും തകര്‍ക്കാനാണ് ഇന്ത്യന്‍ ഭരണാധികാരികൾ ശ്രമിക്കുന്നത്. എന്നാല്‍ ഈ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. വിവിധ ജനവിഭാഗങ്ങളുടെ പ്രക്ഷോഭസമരങ്ങള്‍ ദേശിയ അടിസ്ഥാനത്തില്‍ വളര്‍ന്നുവരുന്നു. ഇടതുപക്ഷ ട്രേഡ്-യൂണിയനുകളുടെയും, ബഹുജനസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഭാരത് ജാഥയും, ഡല്‍ഹി റാലിയും, ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിനു വഴിയൊരുക്കി. ഇടതുപക്ഷ-മതേതര ജനാധിപത്യകക്ഷികളുടെയും, ട്രേഡ്-യൂണിയനുകളുടെയും നേതൃത്വത്തില്‍ മാര്‍ച്ച് 15-നു നടന്ന വിജയകരമായ ഭാരത് ബന്ദ് ഈ മുന്നേറ്റത്തിന്‍റെ തിളക്കമാര്‍ന്ന ഒരധ്യായമാണ്.
ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭരണാധികാരികൾ കൂടുതൽ കൂടുതല്‍ ജനവിരുദ്ധനയങ്ങളിലേക്കും മര്‍ദനസംവിധാനങ്ങളിലേക്കും നീങ്ങികൊണ്ടിരിക്കുന്നു. ട്രേഡ്-യൂണിയനുകളെ, അടിച്ചമര്‍ത്താനുള്ള വ്യവസായബന്ധ ബില്ലും ട്രേഡ്-യൂണിയന്‍ ബില്ലും പാര്‍ലമെന്റിന്റെ ഈ സെക്ഷനിൽ തന്നെ അവതരിപ്പിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഈ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്‍റെ അവകാശങ്ങൾ അംഗീകരിക്കുകയും, ട്രേഡ്-യൂണിയന്‍-ജനാധിപത്യ അവകാശങ്ങള്‍അനുവദിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പ്രസക്തി വര്‍ധിക്കുന്നത്.1982-87 കാലത്ത് കേരളത്തിലെ സംസ്ഥാന ജീവനക്കാരുള്‍പ്പെടെയുള്ള വിവിധ ജനവിഭാഗങ്ങൾ തങ്ങള്‍ക്കെതിരായി ഭരാണിധികാരികള്‍ നടത്തികൊണ്ടിരിക്കുന്ന കടന്നക്രമണങ്ങളെ ചെറുക്കുന്നതിനും, നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ ഗവര്‍മെന്റ്.സംഘടിത ജനവിഭാഗങ്ങളുടെ ഐക്യം തകര്‍ക്കുന്നതിനു അവർ ഉപയോഗപ്പെടുത്തികൊണ്ടിരുന്ന ജാതി-മത വര്‍ഗ്ഗീയതകള്‍ക്കെതിരായും, ആക്രമണവിധേയമായ സാമ്പത്തികവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, രാഷ്ട്രീയഅഴിമതി വിമുക്തമായ ഒരു ഭരണം ഇവിടെ സ്ഥാപിക്കുന്നതിനും ഇതുമൂലം കഴിഞ്ഞിരിക്കുന്നു.
ഈ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള സമരങ്ങൾ കുത്തിപൊക്കുക മാത്രമല്ല,സാമ്പത്തികമായി ഞെക്കികൊല്ലാനും ശ്രമം ആരംഭിച്ചിരിക്കുന്നു. സംസ്ഥാന ജീവനക്കാരടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ വകവച്ചു കൊടുക്കാനും സംസ്ഥാനത്തിന്‍റെ വികസനാവശ്യങ്ങൾ നിറവേറ്റാനും പര്യാപ്തമായ സാമ്പത്തിക സഹായവും കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്നില്ല. പരിമിതമായ സാമ്പത്തിക ചുറ്റുപാടിലും നിരവധി ക്ഷേമപരിപാടികളും വികസനപ്രവര്‍ത്തനങ്ങളും ഈ ഗവര്‍മെന്റ് ആവിഷ്കരിച്ചു നടപ്പാക്കികൊണ്ടിരിക്കുന്നു.
സംസ്ഥാന സര്‍ക്കാർ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളും, ജനോപകാര നടപടികളും ദ്രുതഗതിയില്‍ ജനങ്ങളിൽ എത്തേണ്ടതിനു ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം സമൂലമായ മാറ്റത്തിനു വിധേയമാകേണ്ടതുണ്ട്. ഇതിനു വിലങ്ങുതടിയായി നില്‍ക്കുന്ന അഴിമതി, സ്വജനപക്ഷപാതം, കാലതാമസം തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകൾ തുടച്ചുമാറ്റേണ്ടത് അനിവാര്യമാണ്. പുതിയ ഭരണ മാറ്റത്തോടെ രാഷ്ട്രീയഅഴിമതിക്കും, ജാതി-മത സ്വാധീനങ്ങള്‍ക്കും അറുതിവന്നിരിക്കുന്നു എന്ന് കുത്തക പത്രങ്ങൾ പോലും സമ്മതിച്ചിരിക്കുന്നു.
സിവില്‍ സര്‍വീസ് ജനോപകാരപ്രദമാക്കുന്നതിന് അധികാരവികേന്ദ്രീകരണത്തിന്‍റെ പ്രക്രിയകൾ പൂര്‍ത്തിയാക്കാനും ചട്ടങ്ങളും നിയമങ്ങളും ജനാധിപത്യവല്‍കരിക്കാനും അടിയന്തിരനടപടികൾ ആരംഭിക്കേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സംസ്ഥാന ജീവനക്കാരുടെ സംഘടിതപ്രസ്ഥാനവും സിവില്‍ സര്‍വിസ് കാര്യക്ഷമവും പരമാവധി അഴിമതി വിമുക്തവുമാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കേണ്ടതുണ്ട്. സ്വന്തം മേഖലയിലെ തൊഴില്‍ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവകാശസമരങ്ങൾ എത്ര ശക്തമായി നടത്തുന്നുവോ, അത്രയും വീറും വാശിയും സ്വന്തം തൊഴില്‍പരമായ കടമകൾ നിര്‍വഹിക്കുന്നതിലും ജീവനക്കാർ കാണിക്കേണ്ടതുണ്ട്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ സര്‍ക്കാർ സ്ഥാപനങ്ങളിൽ ഇന്ന് കാണുന്ന ചെറിയ അലംഭാവങ്ങള്‍ പോലും നമ്മുടെ പ്രസ്ഥാനത്തെ ജനങ്ങളിൽ നിന്നും അകറ്റി നിര്‍ത്താന്‍ ഇടയാക്കുന്നു. വര്‍ഗബോധമുള്ള ട്രേഡ് –യൂണിയനുകള്‍ സ്വന്തം തൊഴില്‍പരമായ ബാധ്യതകളും കടമകളും, അങ്ങേയറ്റം കാര്യക്ഷമതയും, മേന്മയും ഉയര്‍ത്തിപ്പിടിക്കാൻ കടപ്പെട്ടവരാണ്. ഭരണാധികാരവര്‍ഗം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാൻ ബഹുജനങ്ങളുടെ പൂര്‍ണ്ണ സഹായമുണ്ടെങ്കിലെ കഴിയൂ. ജനങ്ങളും ജീവനക്കാരുമായുള്ള ബന്ധം കൂടുതല്‍ ക്രിയാത്മകമാക്കി ഓരോ സര്‍ക്കാർ സ്ഥാപനത്തിലും,സ്വന്തം തൊഴില്‍പരമായ കടമകള്‍ കൃത്യമായും, കാര്യക്ഷമമായും സത്യസന്ധമായും നിര്‍വഹിച്ച് സിവിൽ സർവീസിലെ അഴിമതി,കൈക്കൂലി,സ്വജനപക്ഷപാതം തുടങ്ങിയ സമൂഹവിരുദ്ധ പ്രവണതകളെ ചെറുത്തുനില്‍ക്കുമെന്നു ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. അതിനുവേണ്ടി രംഗത്തിറങ്ങണമെന്ന് കേരളത്തിലെ എല്ലാ ജീവനക്കാരോടും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. ഭരണാധികാരിവര്‍ഗം ഉയര്‍ത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് യോജിപ്പിന്‍റെ മേഖല വിപുലപ്പെടുത്തണമെന്ന്‍ എല്ലാ സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു.