Government of Kerala
Abstract
Associations – “Kerala Non-Gazetted Officers’ Union”-
Recognition- granted.
Public (Service D) Department
G.O.No. (Ms) 140/PD Dated, Trivandrum 2-5-67
Read: Representation dated 13.3.1967 from the General Secretary, Kerala Non-Gazetted Officers’ Union, Trivandrum -1
ORDER
Recognition is granted to “Kerala Non – Gazetted Officers Union” under the Kerala Government Servants Conduct Rules, 1960.
2. The Union shall forward to Government copies of the amendments, if any, made to its by-laws from time to time and annual statement of accounts, for information.
3. Change of address, consequent on the shifting of the Headquarters, if any, of the Union shall also be intimated to Government.
(By order of the Governer)
V.R.Narayanan Nair.
Assistant Secreatary.
To
The General Secretary, Kerala N.G.O’s Union , Trivandrum (with CL.)
Copy to all office Sections (including office sections of Law, Legislature and Finance Departments) of the Secreatariat for inclusion of the name of the Union in the Register maintained by them.
Copy to stock file.
കേരള നോൺ ഗസറ്റഡ് ഓഫീസേസ്ഴ്സ് യൂണിയൻ
തിരുവനന്തപുരം
നിയമാവലി
1. പേര്: ഈ യൂണിയന്റെ പേര് “കേരള നോൺ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ” എന്നായിരിക്കും.
2. ആസ്ഥാനം: യൂണിയന്റെ ആസ്ഥാനം സംസ്ഥാനത്തിന്റെ തലസ്ഥാനത്തായിരിക്കും.
3. ഉദ്ദേശ്യലക്ഷ്യങ്ങൾ
(എ) സംസ്ഥാന ജീവനക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട വേതനവും സേവനവ്യവസ്ഥകളും നേടിയെടുക്കുന്നതിനും അവരുടെ ധാർമ്മികവും സാംസ്കാരികവും സാമ്പത്തികവും സാമൂഹികവും മറ്റു ഭൗതികവുമായ സാഹചര്യങ്ങളുടെ ഉന്നതിക്കുവേണ്ടിയും;
(ബി) സംസ്ഥാന ജീവനക്കാരിൽ വർഗ്ഗബോധം വളർത്തുന്നതിനും;
(സി) പ്രത്യക്ഷമോ, പരോക്ഷമോ, ഈ രണ്ടുവിധത്തിലുമുള്ളതോ ആയ പ്രതികാര നടപടികൾക്കു വിധേയരാകുന്ന യൂണിയനംഗങ്ങൾക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങൾ നൽകുന്നതിനും;
(ഡി) സംസ്ഥാന ഭരണയന്ത്രം കാര്യക്ഷമവും, അഴിമതി, സ്വജനപക്ഷപാതം എന്നിവയിൽ നിന്ന് വിമുക്തവുമായി നിലനിർത്തുന്നതിനും;
(ഇ) തൊഴിലാളി വർഗ്ഗത്തിനിടയിൽ ഐക്യദാർഢ്യം ഉണ്ടാക്കുന്നതിനും, പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും, ട്രേഡ് യൂണിയൻ അവകാശങ്ങൾ അടിച്ചമർത്തുന്ന നടപടികളെ എതിർത്തു തോൽപ്പിക്കുവാനും മറ്റു തൊഴിലാളി വർഗ്ഗ സംഘടനകളുമായി യോജിച്ച പ്രവർത്തനം കെട്ടിപ്പടുക്കുന്നതിനും;
(എഫ്) ഈ യൂണിയന്റെ തനതായ പ്രവർത്തനവും വ്യക്തിത്വവും (identity) ധനപരമായ നിയന്ത്രണവും യൂണിയന്റെ സ്വന്തം നിയമാവലികളാൽ നിയന്ത്രിക്കപ്പെടുമെന്ന വ്യവസ്ഥയോടെ, ഈ യൂണിയനിൽ അംഗത്വത്തിനർഹതയില്ലാത്തവരെ പ്രതിനിധീകരിക്കുന്നതും എന്നാൽ ഉദ്ദേശ്യലക്ഷ്യങ്ങളിൽ യോജിപ്പുള്ള അംഗസംഘടനകൾ ഉൾക്കൊള്ളുന്ന ഫെഡറേഷനുകളിൽ അഫിലിയേറ്റ് ചെയ്യുന്നതിനും;
(ജി) മേൽപ്പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങൾ മുഴുവനുമോ അവയിൽ ഏതെങ്കിലുമോ നേടിയെടുക്കുവാനുള്ള മറ്റു പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ഈ യൂണിയൻ ആത്മാർത്ഥമായി ശ്രമിക്കുന്നതായിരിക്കും.
4. ഘടന
(എ) ഈ യൂണിയന്റെ പ്രവർത്തനമേഖല കേരള സംസ്ഥാന മൊട്ടുക്കും വ്യാപകമായിരിക്കുന്നതാണ്.
(ബി) ഓരോ റവന്യൂ ജില്ലയിലും ഒന്നോ, സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഒന്നിൽ കൂടുതലോ, ജില്ലാ കേന്ദ്രം ഉണ്ടായിരിക്കും.
(സി) ജില്ലാ കേന്ദ്രത്തിനു കീഴിൽ ഓരോ താലൂക്കിലും ഓരോ ഏരിയ ഉണ്ടായിരിക്കും. സാധാരണഗതിയിൽ ഏരിയയുടെ പ്രവർത്തനപരിധി താലൂക്ക് മുഴുവനുമായിരിക്കും; എന്നാൽ ആവശ്യമെന്നു കണ്ടാൽ ജില്ലയിലെ ഓരോ ഏരിയയുടേയും പ്രവർത്തനപരിധി ജില്ലാ കമ്മിറ്റിക്ക് പുനർനിർണ്ണയം ചെയ്യാവുന്നതാകുന്നു.
(ഡി) താലൂക്ക് ആസ്ഥാനങ്ങളല്ലാത്ത സ്ഥലങ്ങളിലും ഏരിയകൾ രൂപീകരിക്കുന്നതിന് അനുവാദം നൽകാൻ സംസ്ഥാനകമ്മിറ്റിക്ക് അധികാരമുണ്ട്. എന്നാൽ ഇത്തരത്തിൽ രൂപീകരിക്കുന്ന ഏരിയകളുടെ പ്രവർത്തനപരിധിയിൽ 100ൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കണം. അത്തരം ഏരിയകളുടെ പ്രവർത്തനപരിധി നിർണ്ണയിക്കുന്നത് ബന്ധപ്പെട്ട ജില്ലാ കമ്മിറ്റി ആയിരിക്കും. ഏതെങ്കിലും വർഷം മെമ്പർഷിപ്പ് 100 ൽ കുറയുകയാണെങ്കിൽ അത്തരം ഏരിയ പിരിച്ചുവിടാൻ ജില്ലാ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
(ഇ) ജില്ലാ കേന്ദ്രത്തിന്റെ ആസ്ഥാനം റവന്യൂ ജില്ലാതലസ്ഥാനത്തായിരിക്കും.
(എഫ്) ഏരിയയുടെ ആസ്ഥാനം ജില്ലാക്കമ്മിറ്റി നിശ്ചയിക്കുന്നതാണ്.
(ജി) അതാത് ഏരിയ കമ്മിറ്റികൾക്ക് കീഴിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന് സംസ്ഥാന കമ്മിറ്റിയ്ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
(എച്ച്) യൂണിറ്റ് കമ്മിറ്റികളുടെ ആസ്ഥാനം ഏരിയ കമ്മിറ്റികൾക്ക് നിശ്ചയിക്കാവുന്നതാണ്.
(ഐ) യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുന്നത് 25 ൽ കുറയാത്ത മെമ്പർഷിപ്പിനെ ഉൾക്കൊള്ളുന്നതായിരിക്കണം.
5. അംഗത്വം
(എ) പോലീസ് സേനയിലെ അംഗങ്ങളും ജയിൽവകുപ്പിലെ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാരും വിദ്യാഭ്യാസ സബോർഡിനേറ്റ് സർവ്വീസിൽപ്പെട്ട അദ്ധ്യാപകരും ഒഴികെ, കേരള സർക്കാർ സർവ്വീസിലെയും പ്രാദേശിക ഗവൺമെന്റുകളിലെയും എല്ലാ നോൺ ഗസറ്റഡ് ജീവനക്കാരും പാർട്ട് ടൈം കണ്ടിജൻസി ജീവനക്കാരും കാഷ്വൽ സ്വീപ്പർമാരും അംഗത്വത്തിനർഹരാണ്.
(ബി) അംഗത്വത്തിനുള്ള അപേക്ഷ, ഈ നിയമാവലിക്കനുബന്ധമായി ചേർത്തിട്ടുള്ള ഫോറത്തിൽ, അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥലം ഉൾപ്പെട്ട ഏരിയ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
(സി) അപേക്ഷയോടൊപ്പം മെമ്പർഷിപ്പ് ഫീസും നൽകിയിരിക്കണം.
(ഡി) കാരണം രേഖപ്പെടുത്തി അപേക്ഷകനെ അറിയിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി, തക്കതായ കാരണങ്ങൾക്കു ഏതൊരപേക്ഷകന്റെയും അംഗത്വ അപേക്ഷ തിരസ്ക്കരിക്കാനുള്ള അധികാരം ഏരിയ കമ്മിറ്റിയിൽ നിക്ഷിപ്തമാണ്.
(ഇ) മുകളിൽ പറഞ്ഞ അധികാരമനുസരിച്ചുള്ള ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിൽ പരാതിയുള്ള അപേക്ഷകർക്ക് ജില്ലാ കമ്മിറ്റിക്ക് അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനകമ്മിറ്റിക്ക് രണ്ടാം അപ്പീൽ ബോധിപ്പിക്കാം. തീരുമാനം കൈപ്പറ്റിയ തീയതി തൊട്ട് 15 ദിവസത്തിനകം ഇത്തരം അപ്പീലുകൾ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് സമർപ്പിച്ചിരിക്കണം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
(എഫ്) സംസ്ഥാനത്തെ ഏതെങ്കിലുമൊരു ഏരിയയിൽ അംഗത്വമെടുത്തശേഷം മറ്റൊരു ഏരിയയിലേക്ക് സ്ഥലംമാറ്റപ്പെടുകയോ ഡെപ്യൂട്ട് ചെയ്യപ്പെടുകയോ ചെയ്യുന്ന പക്ഷം ആ ഏരിയയിലും അയാൾക്ക് ഒരംഗത്തിന്റെ എല്ലാ അധികാരാവകശങ്ങളോടെയും തുടരാവുന്നതാണ്.
(ജി) അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോ മറ്റ് വിധത്തിൽ അംഗത്വം അവസാനിക്കുകയോ അംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെടുകയോ ചെയ്യുന്നവരൊഴികെ ഏതൊരംഗത്തിനും അദ്ദേഹം അംഗമായ വർഷത്തിന്റെ തൊട്ടടുത്തവർഷം ആഗസ്റ്റ് 31 വരെ അംഗത്തിന്റെ അധികാരാവകാശങ്ങൾ അനുഭവിക്കാവുന്നതാണ്.
(എച്ച്) നിയമാവലിയിലെ 7ാം വകുപ്പിലെ (5) ഉപവകുപ്പ് പ്രകാരം അംഗത്വം നഷ്ടപ്പെട്ടവർക്ക് വീണ്ടും അംഗത്വം നൽകുന്നത് സംസ്ഥാന കമ്മിറ്റിയുടെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ പാടുള്ളു.
6. വരിസംഖ്യ
പ്രവേശനാവസരത്തിലും അതിനുശേഷവും ഓരോ അംഗവും 10 രൂപ (പത്ത്) നിരക്കിൽ വാർഷിക വരിസംഖ്യ നൽകേണ്ടതാണ്.
7. അംഗത്വം നഷ്ടപ്പെടൽ
താഴെപ്പറയുന്ന ഏതെങ്കിലും കാരണത്താൽ അംഗത്വം സ്വമേധയാ നഷ്ടപ്പെടുന്നതായിരിക്കും.
1. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ സർക്കാർ സ്വീകരിക്കുന്ന ശിക്ഷണ നടപടികൾ (1) സർവ്വീസിൽ നിന്നും നീക്കം ചെയ്യൽ (2) നിർബ്ബന്ധിത പെൻഷൻ (3) പിരിച്ചു വിടൽ എന്നിവയൊഴികെ 5 (എ) വകുപ്പ് അനുസരിച്ചുള്ള അർഹത അവസാനിക്കുക.
2. 6ാം വകുപ്പ് അനുശാസിക്കുന്ന വാർഷികവരിസംഖ്യ അടയ്ക്കാതിരിക്കുക.
3. രേഖാമൂലം രാജിവയ്ക്കുക.
4. സർവീസിൽ നിന്നും പിരിയുക.
5. യൂണിയന്റെ അംഗത്വത്തിൽ നിന്നു നീക്കം ചെയ്യപ്പെടുക.
8. അച്ചടക്കം
(എ) യാതൊരംഗവും യൂണിയന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കോ നയപരിപാടികൾക്കോ, തീരുമാനങ്ങൾക്കോ വിരുദ്ധമായ യാതൊരുവിധ പ്രവർത്തനത്തിലും, പ്രത്യക്ഷമായോ, പരോക്ഷമായോ ഏർപ്പെട്ടുകൂടാത്തതാകുന്നു.
(ബി) യൂണിയന്റെ അച്ചടക്കം ലംഘിക്കുന്ന ഒരംഗത്തിന് താഴെപ്പറയുന്ന ഏതെങ്കിലും ശിക്ഷ നൽകാവുന്നതാണ്.
1. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യൽ.
2. ഒരു വർഷത്തിൽ കവിയാത്ത ഒരു നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യൽ.
3. യൂണിയന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് നീക്കം ചെയ്യൽ.
(സി) ജില്ലാ കമ്മിറ്റിക്ക് അതിന്റെ സ്വന്തം നിഗമനങ്ങളുടെ അടിസ്ഥാനത്തിലോ, ജില്ലയിലെ ഏതെങ്കിലും ഏരിയ കമ്മിറ്റിയോ ഏതെങ്കിലും അംഗമോ ഉന്നയിക്കുന്ന വ്യക്തമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലോ യൂണിയന്റെ ഏതെങ്കിലും അംഗത്തിന്റെയോ/ഏരിയാ കമ്മിറ്റി അംഗത്തിന്റെയോ/ജില്ലാ കൗൺസിൽ അംഗത്തിന്റെയോ/ജില്ലാ കമ്മിറ്റി അംഗത്തിന്റെയോ/ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെയോ/ജില്ലാ ഭാരവാഹിയുടെയോ/ഏരിയാ ഭാരവാഹിയുടേയോ പേരിൽ, ആരോപണവിധേയനാകുന്ന ആൾക്കു തന്റെ നിലപാട് വിശദീകരിക്കാനുള്ള അവസരം കൊടുത്തുകൊണ്ട്, 8 ബി വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന ശിക്ഷ ചുമത്താവുന്നതാണ്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും ജില്ലാ ഭാരവാഹികൾക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് സംസ്ഥാന കമ്മിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദത്തോടെയായിരിക്കണം. ഇങ്ങനെ സ്വീകരിക്കുന്ന നടപടികൾക്കെതിരെയുള്ള അപ്പീൽ സംസ്ഥാന കമ്മിറ്റിക്കുതന്നെ പരിശോധിക്കാവുന്നതാണ്.
(ഡി) ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിൻമേലുള്ള അപ്പീൽ അത്തരം തീരുമാനം കൈപ്പറ്റി 15 (പതിനഞ്ച്) ദിവസത്തിനകം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതും അതിനുമേൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാകുന്നു.
(ഇ) ആരോപണ വിധേയനായ അംഗത്തിന്/ എല്ലാ തലത്തിലുമുള്ള തെരഞ്ഞെടുക്കപ്പെട്ട സമിതിയിലുൾപ്പെട്ടവർക്ക് തന്റെ നിലപാട് വിശദീകരിക്കുന്നതിന് ന്യായമായ അവസരം നൽകിയശേഷം സംസ്ഥാന കമ്മിറ്റിക്കു 8 (ബി) വകുപ്പിൽ നിർദ്ദേശിച്ച ശിക്ഷ ചുമത്താവുന്നതാണ്.
(എഫ്) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീൽ, തീരുമാനം കൈപ്പറ്റി 15 (പതിനഞ്ച്) ദിവസത്തിനകം സംസ്ഥാന കൗൺസിലിന് സമർപ്പിക്കേണ്ടതും കൗൺസിലിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(ജി) സംസ്ഥാന കമ്മിറ്റിക്ക് അതിന്റെ അംഗസംഖ്യയുടെ മൂന്നിൽ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഏതെങ്കിലും സംസ്ഥാനകമ്മിറ്റിയംഗത്തിന്റെ മേൽ 8 (ബി) വകുപ്പിൽ അനുശാസിക്കുന്ന ശിക്ഷ ചുമത്താവുന്നതാണ്. ഇത്തരം നടപടിക്കു സംസ്ഥാന കൗൺസിലിന്റെ അംഗീകാരം നേടേണ്ടതാകുന്നു.
(എച്ച്) ജനറൽ ബോഡിക്കോ കൗൺസിലിനോ ബന്ധപ്പെട്ട കമ്മിറ്റിയുടെ അംഗങ്ങളിലോ ഔദ്യോഗിക ഭാരവാഹികളിലോപെട്ട ഏതൊരാളെയും ഹാജരായ അംഗങ്ങളിൽ മൂന്നിൽ രണ്ടു വോട്ടു ഭൂരിപക്ഷത്തോടെ, തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്.
(ഐ) സംസ്ഥാന കമ്മിറ്റിയിലെ ഏതെങ്കിലും അംഗത്തിന്റെയോ ഔദ്യോഗിക ഭാരവാഹിയുടെയോ മേൽ ശിക്ഷ ചുമത്താൻ ഏതെങ്കിലും ജില്ലാ കമ്മിറ്റിക്കോ, ജില്ലാ കമ്മിറ്റിയിലെ ഏതെങ്കിലും അംഗത്തിന്റെയോ ഔദ്യോഗിക ഭാരവാഹിയുടെയോ മേൽ ശിക്ഷ ചുമത്താൻ ഏതെങ്കിലും ഏരിയാ കമ്മിറ്റിക്കോ, അധികാരമുണ്ടായിരിക്കുന്നതല്ല.
9. അതിലംഘനം (സൂപ്പർസെഷൻ)
(എ) 8 (എ) വകുപ്പിൽ പരാമർശിച്ച അച്ചടക്കലംഘനത്തിനോ മറ്റ് മതിയായ കാരണങ്ങൾക്കോ, ഏതെങ്കിലും ജില്ലാക്കമ്മിറ്റിയുടെയോ ഏരിയാ കമ്മിറ്റിയുടെയോ, പ്രവർത്തനം ഏറ്റെടുത്ത് നടത്താൻ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. യൂണിയന്റെ താൽപ്പര്യസംരക്ഷണാർത്ഥം സംസ്ഥാന കമ്മിറ്റി ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
(ബി) ഇത്തരത്തിലുള്ള ജില്ലാ കമ്മിറ്റിയുടെയോ ഏരിയാ കമ്മിറ്റിയുടെയോ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാന കമ്മിറ്റിക്ക് ഇടക്കാല സംവിധാനങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(സി) അതിലംഘനത്തിന്റെ (ഏറ്റെടുക്കുന്ന) തീയതിതൊട്ട് നാല് മാസത്തിനകം പുതിയ കമ്മിറ്റികളുണ്ടാക്കാൻ നടപടിയെടുക്കേണ്ടതു സംസ്ഥാനകമ്മിറ്റിയുടെ ചുമതലയാണ്.
10. നിർവ്വാഹകഭരണ സമിതികൾ
(എ) യൂണിറ്റ്: കാര്യനിർവ്വഹണ ചുമതല യൂണിറ്റിൽ നിക്ഷിപ്തമായിരിക്കും.
(1) യൂണിറ്റിന്റെ അധികാര പരിധിയിൽ ജോലിചെയ്യുന്ന യൂണിയൻ മെമ്പർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റ്, ഒരു വൈസ് പ്രസിഡന്റ്, ഒരു സെക്രട്ടറി, ഒരു ജോയിന്റ് സെക്രട്ടറി എന്നീ ഭാരവാഹികൾ ഉൾപ്പെടെ 9 പേരിൽ കവിയാത്ത അംഗങ്ങളും അടങ്ങുന്നതായിരിക്കും യൂണിറ്റ് കമ്മിറ്റി.
(ബി) ഏരിയ: കാര്യനിർവ്വഹണം ഏരിയാ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
1. ഏരിയയുടെ അധികാരപരിധിയിൽ ജോലിചെയ്യുന്ന യൂണിയൻ മെമ്പർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റ്, രണ്ടു വൈസ് പ്രസിഡന്റുമാർ, ഒരു സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ഒരു ഖജാൻജി എന്നിവരും ഔദ്യോഗിക ഭാരവാഹികൾക്കു പുറമെ പതിനാലിൽ കവിയാത്ത അംഗങ്ങളും അടങ്ങുന്നതായിരിക്കും ഏരിയാ കമ്മിറ്റി.
2. ഏരിയായിലെ അംഗങ്ങൾ, വാർഷിക തിരഞ്ഞെടുപ്പ് വേളയിൽ, ഓരോ അൻപത് അംഗങ്ങൾക്കും ഇരുപത്തിയഞ്ച് പേരിലധികരിക്കുന്ന ശേഷഭാഗത്തിനും, ഒരു പ്രതിനിധിയെന്ന തോതിൽ ജില്ലാ കൗൺസിലർമാരെ തെരഞ്ഞെടുക്കണം.
(സി) ജില്ല: ജില്ലാ കേന്ദ്രത്തിന്റെ കാര്യനിർവ്വഹണം ജില്ലാക്കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
1. ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കൗൺസിലർമാർ ഉൾപ്പെട്ടതാണ് ജില്ലാ കൗൺസിൽ.
2. ജില്ലാ കൗൺസിലിന്റെ ആദ്യയോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ഒരു സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ഒരു ഖജാൻജി എന്നിവരും, ഔദ്യോഗിക ഭാരവാഹികൾക്കു പുറമെ ജില്ലാ കൗൺസിൽ അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന താഴെപ്പറയും പ്രകാരമുള്ള എണ്ണത്തിൽ കവിയാതെയുള്ള അംഗങ്ങളും അടങ്ങുന്നതായിരിക്കും ജില്ലാ കമ്മിറ്റി.
1) 6000 മെമ്പർഷിപ്പ് വരെയുള്ള ജില്ലകളിൽ 24.
2) 10000 മെമ്പർഷിപ്പ് വരെയുള്ള ജില്ലകളിൽ 30.
3) 10000 ൽ അധികം മെമ്പർഷിപ്പുള്ള ജില്ലകളിൽ 36.
ഔദ്യോഗിക ഭാരവാഹികളും ജില്ലാ കമ്മിറ്റിയംഗങ്ങളിൽ നിന്നും ജില്ലാ കൗൺസിൽ തെരഞ്ഞെടുക്കുന്ന താഴെപറയും പ്രകാരമുള്ള എണ്ണത്തിൽ കവിയാതെയുള്ള അംഗങ്ങളും അടങ്ങുന്ന ഒരു ജില്ലാ സെക്രട്ടേറിയറ്റ് ഉണ്ടായിരിക്കുന്നതാണ്.
1) 6000 മെമ്പർഷിപ്പ് വരെയുള്ള ജില്ലകളിൽ 6.
2) 10000 മെമ്പർഷിപ്പ് വരെയുള്ള ജില്ലകളിൽ 8.
3) 10000 ൽ അധികം മെമ്പർഷിപ്പുള്ള ജില്ലകളിൽ10.
3. ജില്ലാ കൗൺസിലിൽ നിന്ന് ജില്ലയിലെ ഓരോ 200 അംഗങ്ങൾക്കും 100 പേരിൽ അധികം വരുന്ന ശേഷം ഭാഗത്തിനും ഒന്ന് എന്ന തോതിൽ, സംസ്ഥാന കൗൺസിലർമാരെ ജില്ലാകൗൺസിൽ തെരഞ്ഞെടുക്കുന്നതാകുന്നു.
(ഡി) സംസ്ഥാനം: യൂണിയന്റെ കാര്യനിർവ്വഹണം സംസ്ഥാന കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
1. ജില്ലാ കൗൺസിലുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനകൗൺസിലർമാരടങ്ങിയതാണ് സംസ്ഥാന കൗൺസിൽ. സംസ്ഥാന കൗൺസിലാണ് യൂണിയന്റെ പരമാധികാരസഭ.
2. സംസ്ഥാന കൗൺസിലിന്റെ ആദ്യയോഗത്തിൽ വച്ച് സംസ്ഥാന കൗൺസിൽ മെമ്പർമാരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാർ, ഒരു ജനറൽ സെക്രട്ടറി, നാല് സെക്രട്ടറിമാർ, ഒരു ഖജാൻജി എന്നിവരും, ഔദ്യോഗിക ഭാരവാഹികൾക്കു പുറമെ അറുപത് അംഗങ്ങളും അടങ്ങുന്ന എഴുപത്തി ഒന്നിൽ അധികരിക്കാത്ത ഒരു സംസ്ഥാന കമ്മിറ്റി ഉണ്ടായിരിക്കുന്നതാണ്.
3. ഔദ്യോഗിക ഭാരവാഹികളും സംസ്ഥാന കമ്മിറ്റി മെമ്പർമാരിൽ നിന്നും സംസ്ഥാന കൗൺസിൽ തെരഞ്ഞെടുക്കുന്ന പന്ത്രണ്ടിൽ കവിയാത്ത അംഗങ്ങളും ഉൾക്കൊള്ളുന്ന ഇരുപത്തിമൂന്നിൽ അധികരിക്കാത്ത ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് ഉണ്ടായിരിക്കന്നതാണ്.
11. കമ്മിറ്റികളിലെയും കൗൺസിലുകളിലെയും അംഗത്വം നഷ്ടപ്പെടൽ
ഏതെങ്കിലും ഒരു കമ്മിറ്റിയിലെയോ കൗൺസിലിലെയോ അംഗമോ ഔദ്യോഗിക ഭാരവാഹിയോ;
(എ) സ്ഥലംമാറ്റമായി ആ കമ്മിറ്റിയുടെയോ കൗൺസിലിന്റെയോ പരിധിക്കു പുറത്തുള്ള ഒരു പ്രദേശത്ത് ജോലിയിൽ ചേർന്നാൽ ബന്ധപ്പെട്ട കമ്മിറ്റിയിലെ, കൗൺസിലിലെ, അംഗത്വവും ഭാരവാഹിത്വവും നഷ്ടപ്പെടുന്നതാണ്.
എന്നാൽ യൂണിയന്റെ ഉത്തമ താൽപര്യം പരിഗണിച്ച് സംസ്ഥാന കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമായി സംസ്ഥാനക്കമ്മിറ്റിക്ക് ഈ വ്യവസ്ഥ നടപ്പാക്കുന്നത് രണ്ടു യൂണിയൻ വർഷം അധികരിക്കാത്ത കാലത്തേയ്ക്ക് നീട്ടിവയ്ക്കാവുന്നതാണ്.
(ബി) താൻ പ്രതിനിധാനം ചെയ്യുന്ന കമ്മിറ്റിയുടെയോ കൗൺസിലിന്റെയോ തുടർച്ചയായ മൂന്നു യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ ഭാരവാഹിത്വമോ അംഗത്വമോ നഷ്ടപ്പെടുന്നതാണ്.
(ബി) ഉപവകുപ്പ് അനുസരിച്ച് സ്ഥാനം നഷ്ടപ്പെടുന്ന ആൾ ന്യായമായ കാരണങ്ങളുന്നയിച്ച് അപേക്ഷിക്കുകയാണെങ്കിൽ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചുനൽകാൻ, അതത് കമ്മിറ്റികൾക്കും കൗൺസിലുകൾക്കും അധികാരമുണ്ടായിരിക്കും.
12. ഒഴിവുകൾ നികത്തൽ
(എ) ഔദ്യോഗിക ഭാരവാഹികളുടെയും ജില്ലാ കൗൺസിലർമാരുടെയും സംസ്ഥാന കൗൺസിലർമാരുടെയും ഒഴിവുകൾ തെരഞ്ഞെടുപ്പ് വഴി നികത്തുന്നതായിരിക്കും.
(ബി) സംസ്ഥാന/ജില്ലാ/ഏരിയാ കമ്മിറ്റി അംഗങ്ങളുടെ ഒഴിവുകൾ അതത് കമ്മിറ്റികൾ കോഓപ്ഷൻ വഴി നികത്തും. ഇങ്ങനെ കോഓപ്റ്റ് ചെയ്യുന്ന അംഗങ്ങളുടെ എണ്ണം ഒരു യൂണിയൻ വർഷത്തിൽ സംസ്ഥാന/ജില്ലാ കമ്മിറ്റികളിലാണെങ്കിൽ മൂന്നിലും ഏരിയ/യൂണിറ്റ് കമ്മിറ്റികളിലാണെങ്കിൽ അഞ്ചിലും കവിയരുത്.
13. കാലാവധി
(എ) യൂണിറ്റ്, ഏരിയ, ജില്ല, സംസ്ഥാന കമ്മിറ്റികളിലെ ഔദ്യോഗിക ഭാരവാഹികളും അംഗങ്ങളും അടുത്ത തെരഞ്ഞെടുപ്പ് വരെ തൽസ്ഥാനങ്ങൾ വഹിക്കുന്നതായിരിക്കും.
(ബി) സംസ്ഥാന – ജില്ലാ കൗൺസിലുകൾ അതിന്റെ വാർഷികയോഗങ്ങൾ കഴിയുന്നതോടെ നിലവിലില്ലാതാകും. എന്നാൽ ഔദ്യോഗിക ഭാരവാഹികൾ തങ്ങളുടെ പിന്തുടർച്ചക്കാർ തിരഞ്ഞെടുക്കപ്പെടുന്നതുവരെ സ്ഥാനങ്ങളിൽ തുടരുന്നതായിരിക്കും.
14. ചുമതലകളും പ്രവർത്തനങ്ങളും.
എ) സംസ്ഥാന കൗൺസിൽ
1. യൂണിയന്റെ പരമാധികാരസഭ സംസ്ഥാന കൗൺസിൽ ആയിരിക്കുന്നതും സംസ്ഥാന കൗൺസിലിന്റെ തീരുമാനങ്ങൾ എല്ലാ കാര്യങ്ങളിലും അന്തിമമായിരിക്കുന്നതുമാകുന്നു.
2. യൂണിയന്റെ നയപരിപാടികൾ ആവിഷ്ക്കരിക്കുന്നത് സംസ്ഥാന കൗൺസിൽ ആയിരിക്കും.
3. സംസ്ഥാന കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമുള്ള പ്രത്യേക കമ്മിറ്റികൾ, ട്രസ്റ്റുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വാർഷിക റിപ്പോർട്ടുകളും ഓഡിറ്റു ചെയ്ത കണക്കുകളും സംസ്ഥാന കൗൺസിൽ പരിഗണിക്കുന്നതും അംഗീകരിക്കുന്നതുമാകുന്നു.
4. സംസ്ഥാന കൗൺസിൽ അതിന്റെ ആദ്യയോഗത്തിൽ 10 (സി) (2) വകുപ്പിൽ നിർദ്ദേശിച്ചവിധം സംസ്ഥാനക്കമ്മിറ്റിയിലേക്കുള്ള ഔദ്യോഗിക ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതും യൂണിയൻ അംഗങ്ങളിൽ നിന്ന് രണ്ട് പേരിൽ കുറയാത്ത ഓഡിറ്റർമാരെയും തിരഞ്ഞെടുക്കുന്നതുമാകുന്നു.
5. യൂണിയന്റെ താൽപര്യങ്ങൾക്ക് ആവശ്യമെന്നുതോന്നുമ്പോഴോ ഭരണപരമോ ഭരണഘടനാപരമോ ആയ കാരണങ്ങളാലോ യൂണിയന്റെ ഏതെങ്കിലും കൗൺസിലുകളിലോ കമ്മിറ്റികളിലോ നിക്ഷിപ്തമായിട്ടുള്ളതോ അധികാരപ്പെടുത്തിയിട്ടുള്ളതോ ആയ അധികാരങ്ങൾ സംസ്ഥാന കൗൺസിലിന് ഏറ്റെടുത്ത് നടത്താവുന്നതാണ്.
ബി) സംസ്ഥാന കമ്മിറ്റി
1. യൂണിയന്റെ കാര്യനിർവ്വഹണച്ചുമതല സംസ്ഥാന കമ്മിറ്റിക്കായിരിക്കും.
2. സംസ്ഥാന കൗൺസിലിന്റെ രണ്ട് യോഗങ്ങൾക്കിടയിൽ നിയമാവലി 14 (എ), (3), (4), (5) വകുപ്പുകളിൽപ്പെട്ടവയൊഴിച്ചുള്ള സംസ്ഥാന കൗൺസിലിന്റെ അധികാരങ്ങൾ സംസ്ഥാനകമ്മിറ്റിക്ക് കൈകാര്യം ചെയ്യാവുന്നതാകുന്നു. അങ്ങനെയുള്ള പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് സംസ്ഥാന കൗൺസിലിന്റെ അടുത്ത യോഗത്തിൽ സമർപ്പിക്കേണ്ടതാണ്.
3. സംസ്ഥാന കമ്മിറ്റിക്ക് സംസ്ഥാന കൗൺസിലിനോട് കൂട്ടായ ഉത്തരവാദിത്വം ഉണ്ടായിരിക്കും.
4. സംസ്ഥാന കൗൺസിൽ വ്യക്തമായി അധികാരപ്പെടുത്തിയതും സാഹചര്യങ്ങൾക്കനുസൃതമായ പ്രവർത്തനങ്ങൾ സംസ്ഥാനക്കമ്മിറ്റി ഏറ്റെടുത്ത് നടത്തേണ്ടതാണ്.
5. യൂണിയന്റെ പ്രവർത്തനത്തിനാവശ്യമായ ഫണ്ടുകൾ കമ്മിറ്റിക്ക് സ്വരൂപിക്കാവുന്നതാണ്.
6. കമ്മിറ്റിക്ക് പത്രമാസികകൾ പ്രസിദ്ധീകരിക്കാവുന്നതും ഏതെങ്കിലും ജില്ലാ കമ്മിറ്റികൾക്കോ ഏരിയാ കമ്മിറ്റിക ൾക്കോ പ്രസിദ്ധീകരണം നടത്തുന്നതിന് അനുവാദം കൊടുക്കാവുന്നതാണ്.
7. സബ് കമ്മിറ്റികൾ, പ്രത്യേക കമ്മിറ്റികൾ, ട്രസ്റ്റുകൾ എന്നിവ രൂപീകരിക്കുവാനും അവയുടെ ശരിയായ നടത്തിപ്പിനും ഭരണത്തിനും ആവശ്യമായ ചട്ടങ്ങൾ ഉണ്ടാക്കുന്നതിനും അതിനധികാരമുണ്ടായിരിക്കും.
8. യൂണിയന്റെ ഉദ്ദേശശ്യലക്ഷ്യങ്ങൾക്കനുസൃതവും അതിന്റെ സുഗമമായ പ്രവർത്തനത്തിനും ആവശ്യമായ മറ്റ് പ്രവർത്തനങ്ങളും കമ്മിറ്റി നടത്തുന്നതായിരിക്കും.
9. യൂണിയൻ സംസ്ഥാന കമ്മിറ്റി ചെലവാക്കിയതോ സംസ്ഥാനകമ്മിറ്റിക്കുവേണ്ടി ചെലവാക്കപ്പെട്ടതോ ആയ സംഖ്യകൾക്കുള്ള എല്ലാ വൗച്ചറുകളും സൂക്ഷ്മപരിശോധന നടത്തുവാനും പാസ്സാക്കുവാനുമുള്ള അധികാരം സംസ്ഥാന കമ്മിറ്റിക്കായിരിക്കും.
10. ജനറൽ സെക്രട്ടറിയെ യൂണിയൻ പ്രവർത്തനങ്ങളിൽ സഹായിക്കുവാൻ വേതനത്തോടുകൂടിയതോ മറ്റുവിധത്തിലോ ആവശ്യമായ എസ്റ്റാബ്ലിഷ്മെന്റിന് അനുമതി നൽകാൻ സംസ്ഥാന കമ്മിറ്റിക്കധികാരമുണ്ട്.
11. ജനറൽ സെക്രട്ടറിയുടെ വാർഷിക റിപ്പോർട്ടും ഓഡിറ്ററുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കുമുള്ള മറുപടികളോടുകൂടി ഖജാൻജി സമർപ്പിക്കുന്ന ഓഡിറ്റ് ചെയ്ത വരവ് – ചെലവ് കണക്കുകളും ആവശ്യമായ മാറ്റങ്ങളോടെ കമ്മിറ്റി അംഗീകരിക്കേണ്ടതാണ്.
12. പൊതുഫണ്ട് ഒഴികെയുള്ള ഫണ്ടുകൾ കൈകാര്യം ചെയ്യുവാൻ പ്രത്യേക കമ്മിറ്റികൾ, സബ് കമ്മിറ്റികൾ, ട്രസ്റ്റുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയെ അധികാരപ്പെടുത്താൻ സംസ്ഥാനകമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. അങ്ങനെ കൊടുക്കപ്പെടുന്ന അധികാരങ്ങൾ വേണ്ടെന്നു വയ്ക്കാനും സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
സി) പ്രസിഡന്റ്
1. പ്രസിഡന്റിന് യൂണിയൻ കാര്യങ്ങളിൽ പൊതുവായ നിയന്ത്രണമുണ്ടായിരിക്കും.
2. സംസ്ഥാന കൗൺസിലിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും യോഗങ്ങളിൽ അദ്ദേഹം അദ്ധ്യക്ഷത വഹിക്കും.
3. സംസ്ഥാന കൗൺസിലും സംസ്ഥാന കമ്മിറ്റിയും അധികാരപ്പെടുത്തുന്ന മറ്റു കാര്യങ്ങൾ അദ്ദേഹം നിർവ്വഹിക്കും.
ഡി) വൈസ് പ്രസിഡന്റുമാർ
1. പ്രസിഡന്റിന്റെ അഭാവത്തിൽ, കമ്മിറ്റി തീരുമാനിക്കുന്നതനുസരിച്ച്, വൈസ് പ്രസിഡന്റുമാരിലൊരാൾ പ്രസിഡന്റിന്റെ അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുന്നതാണ്.
ഇ) ജനറൽ സെക്രട്ടറി
1. ജനറൽ സെക്രട്ടറി യൂണിയന്റെ കാര്യനിർവ്വഹണ മേധാവിയായിരിക്കുന്നതും കാര്യനിർവ്വഹണത്തിന് ഉത്തരവാദിയായിരിക്കുന്നതുമാകുന്നു.
2. അടിയന്തിര ഘട്ടങ്ങളിൽ അദ്ദേഹത്തിന് പ്രസിഡന്റിനോടും, ബന്ധപ്പെടുവാൻ കഴിയുന്ന സംസ്ഥാന കമ്മിറ്റിയംഗങ്ങളോടും, ആലോചിച്ച് യുക്തമായ നടപടികൾ സ്വീകരിക്കാവുന്നതാണ്. അത്തരം പ്രവർത്തനത്തിന്റെ റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിലോ, സംസ്ഥാന കമ്മിറ്റിയുടെ അടുത്ത യോഗത്തിലോ, ഏതാണ് ആദ്യമെങ്കിൽ അപ്പോൾ, സംസ്ഥാന കമ്മിറ്റിക്കു സമർപ്പിക്കേണ്ടതാണ്.
3. ആവശ്യമെന്ന് തോന്നുന്ന സന്ദർഭങ്ങളിൽ അദ്ദേഹത്തിന് യൂണിയൻ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
4. യൂണിയന്റെ ദൈനംദിന ചെലവുകൾ നിർവ്വഹിക്കുന്നതിനായി അദ്ദേഹത്തിന് അയ്യായിരം രൂപ സ്ഥിരം മുൻകൂറായി (അഡ്വാൻസ്) കൈവശം വയ്ക്കാവുന്നതാകുന്നു.
5. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി എസ്റ്റാബ്ലിഷ്മെന്റിലേയ്ക്ക് നിയമനം നടത്തുവാനും അവരുടെ സേവനം വ്യവസ്ഥപ്പെടുത്തുവാനും അവരുടെ സേവനം അവസാനിപ്പിക്കുവാനും അദ്ദേഹത്തിന് അധികാരം ഉണ്ടായിരിക്കും.
6. യൂണിയനാഫീസിന്റെ ചിട്ടയായ പ്രവർത്തനത്തിനും യൂണിയൻ റിക്കാർഡുകളുടെ സൂക്ഷിപ്പിനും അദ്ദേഹം ഉത്തരവാദിയായിരിക്കും.
എഫ്) സെക്രട്ടറിമാർ
1. സംഘടനാ ചുമതലകളും ജോലികളും നിർവ്വഹിക്കുന്നതിൽ ജനറൽ സെക്രട്ടറിയെ സെക്രട്ടറിമാർ സഹായിക്കുന്നതാണ്.
2. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിന് സെക്രട്ടറിമാരിൽ ഒരാളെ സംസ്ഥാന കമ്മിറ്റിക്ക് അധികാരപ്പെടുത്താവുന്നതാണ്.
3. സംസ്ഥാന കൗൺസിലോ സംസ്ഥാന കമ്മിറ്റിയോ അധികാരപ്പെടുത്തുന്ന കാര്യങ്ങൾ സെക്രട്ടറിമാർ നിർവ്വഹിക്കുന്നതാണ്.
ജി) ട്രഷറർ
1. യൂണിയന്റെ എല്ലാവിധ പണമിടപാടുകൾക്കും ട്രഷറർ ഉത്തരവാദിയായിരിക്കും.
2. യൂണിയന്റെ സാമ്പത്തിക നിലയെക്കുറിച്ച് കാലാകാലങ്ങളിൽ അദ്ദേഹം സംസ്ഥാനക്കമ്മിറ്റിയെ ധരിപ്പിക്കുന്നതാണ്.
3. അദ്ദേഹം യൂണിയന്റെ വാർഷിക വരവ് – ചെലവ് കണക്കുകൾ ഉണ്ടാക്കുന്നതും ഓഡിറ്റ് ചെയ്ത കണക്ക് സമർപ്പിക്കുന്നുതമാണ്.
4. സംസ്ഥാന കമ്മിറ്റി നിർദ്ദേശിക്കുന്ന മറ്റ് കണക്കുകളും അദ്ദേഹം സൂക്ഷിക്കേണ്ടതാകുന്നു.
15. എ) ജില്ലാ കൗൺസിൽ
ജില്ലാ കേന്ദ്രങ്ങൾ സംസ്ഥാന കൗൺസിലിന്റെയും സംസ്ഥാന കമ്മിറ്റിയുടേയും കീഴ്ഘടകങ്ങളാകുന്നു.
1. ജില്ലാ കൗൺസിൽ, ഈ നിയമാവലിയിൽ അതിന് പ്രത്യേകമായി നിർദ്ദേശിച്ചിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതും, ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.
2. അത് യൂണിയന്റെ നയപരിപാടികളും സംസ്ഥാന കൗൺസിലിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുന്നതാകുന്നു.
3. ജില്ലാ കൗൺസിൽ സംസ്ഥാന കൗൺസിലിലേയ്ക്ക് തെരഞ്ഞെടുത്തതും ജില്ലാ കൗൺസിലിൽ തുടരുന്നയാളുമായ ഒരു സംസ്ഥാന കൗൺസിൽ അംഗത്തെ ഭൂരിപക്ഷ വോട്ടുകളുടെയടിസ്ഥാനത്തിലും ആ കൗൺസിലർക്കാവശ്യമായ മുന്നറിയിപ്പ് കൊടുത്തുകൊണ്ടും സംസ്ഥാന കൗൺസിലിൽ നിന്നു പിൻവലിക്കാൻ ജില്ലാ കൗൺസിലിന് അധികാരമുണ്ടായിരിക്കും.
ബി) ജില്ലാ കമ്മിറ്റി/ജില്ലാ സെക്രട്ടറിയേറ്റ്
രണ്ട് ജില്ലാ കമ്മിറ്റി യോഗങ്ങൾക്കിടയിൽ ജില്ലാ കമ്മിറ്റി ഏൽപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ ചുമതലകളും സെക്രട്ടേറിയറ്റ് നിർവ്വഹിക്കുന്നതും ജില്ലാ സെക്രട്ടറിയേറ്റിന്റെ എല്ലാ തീരുമാനങ്ങളും അടുത്ത ജില്ലാക്കമ്മറ്റിയിൽ അംഗീകാരത്തിനുവേണ്ടി റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
1. ജില്ലയിലെ യൂണിയൻ കാര്യനിർവ്വഹണചുമതല ജില്ലാ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
2. ജില്ലാ കമ്മിറ്റിക്കു മുമ്പാകെ വരുന്ന പരാതികളും മറ്റ് കാര്യങ്ങളും ഈ നിയമാവലിക്കും തദനുസൃതമായി രൂപീകരിക്കുന്ന ചട്ടങ്ങൾക്കും അനുസൃതമായി കമ്മിറ്റി തീർപ്പുകൽപ്പിക്കുന്നതായിരിക്കും.
3. ജില്ലാ കൗൺസിലിന്റെ രണ്ടു യോഗങ്ങൾക്കിടയിൽ അത് ജില്ലാ കൗൺസിലിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതും അത്തരം നടപടികളുടെ ഒരു റിപ്പോർട്ട് അടുത്ത ജില്ലാ കൗൺസിൽ യോഗത്തിൽ സമർപ്പിക്കുന്നതുമാകുന്നു.
4. ജില്ലാ കേന്ദ്രത്തിന്റെ പരിധിയിൽ നടപ്പിലാക്കേണ്ടുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളുടെ നടത്തിപ്പിനായി അതിന് സബ് കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്.
5. പ്രാദേശിക പ്രശ്നങ്ങളെ സംബന്ധിച്ച് യൂണിയന്റെ അംഗീകൃത നയപരിപാടിക്കു വിധേയമായി തനതായോ മറ്റു സംഘടനകളുമായി ചേർന്നോ പ്രക്ഷോഭപരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് ജില്ലാ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. പക്ഷേ പണിമുടക്കം നടത്തുന്നത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയായിരിക്കണം.
6. ഏരിയകളുടെ കാര്യങ്ങളിൽ ജില്ലാ കമ്മിറ്റി മേൽനോട്ടം വഹിക്കുന്നതും അവയുടെ ശരിയായ നടത്തിപ്പിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതുമാണ്.
7. അംഗങ്ങളും ഏരിയകളും ഉന്നയിക്കുന്ന എല്ലാ പരാതികളും ജില്ലാ കമ്മിറ്റി ശ്രദ്ധാപൂർവ്വം അന്വേഷിക്കുന്നതും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി, ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതുമാണ്.
8. സംസ്ഥാന കൗൺസിലിന്റെയോ സംസ്ഥാന കമ്മിറ്റിയുടെയോ തീരുമാനങ്ങൾക്ക് അനുയോജ്യമായും സാഹചര്യങ്ങൾക്കനുസൃതമായതും യൂണിയന്റെ ഉത്തമതാൽപ്പര്യസംരക്ഷണത്തിനുപര്യാപ്തമായതും ആയ മറ്റ് നടപടികളും ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നതായിരിക്കും.
9. ജില്ലാ സെക്രട്ടറിയെ യൂണിയൻ പ്രവർത്തനത്തിൽ സഹായിക്കുവാൻ, വേതനത്തോടുകൂടിയോ അല്ലാതെയോയുള്ള എസ്റ്റാബ്ലിഷ്മെന്റുകൾക്ക് അനുമതി നൽകുന്നതിന് ജില്ലാ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
10. ജില്ലാ സെക്രട്ടറിയുടെ വാർഷിക റിപ്പോർട്ടും ഓഡിറ്ററുടെ അഭിപ്രായനിർദ്ദേശങ്ങൾക്കുള്ള മറുപടിയോടെ ഖജാൻജി സമർപ്പിക്കുന്ന ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും ആവശ്യമായ ഭേദഗതികളോടെ ജില്ലാക്കമ്മിറ്റി അംഗീകരിക്കേണ്ടതാണ്.
11. ഓരോ ഏരിയയിലുമുള്ള യൂണിയനംഗത്വ പരിശോധന ജില്ലാ കമ്മിറ്റി നടത്തുന്നതാണ്.
12. ജില്ലാ കേന്ദ്രം നേരിട്ടോ ജില്ലാ കേന്ദ്രത്തിന്റെ പേരിലോ നടത്തിയ ചെലവുകളുടെ എല്ലാ വൗച്ചറുകളും ജില്ലാ കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കേണ്ടതാണ്.
സി) ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, ജില്ലാ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാർ, ഖജാൻജി എന്നിവർക്ക് അതാത് ജില്ലയുടെ പരിധിയിൽ സ്ഥിരം മുൻകൂർ സംഖ്യയുടെ കാര്യത്തിലൊഴികെയുള്ള കാര്യങ്ങളിൽ യഥാക്രമം സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, സെക്രട്ടറിമാർ, ഖജാൻജി എന്നിവരുടേതിനു സമാനമായ അധികാരങ്ങൾ ഉണ്ടായിരിക്കും. ജില്ലാ സെക്രട്ടറിക്കു സ്ഥിരം മുൻകൂറായി 2000 (രണ്ടായിരം) രൂപ കൈവശം വയ്ക്കാവുന്നതാണ്.
16. പ്രത്യേക കമ്മിറ്റികൾ
1. എതെങ്കിലും വകുപ്പിലെയോ വിഭാഗത്തിലെയോ അല്ലെങ്കിൽ ഒരു കൂട്ടം വകുപ്പുകളിലേയോ വിഭാഗങ്ങളിലേയോ ജീവനക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ സ്പെഷ്യൽ കമ്മിറ്റികൾ രൂപീകരിക്കുവാൻ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
2. അത്തരം ഓരോ കമ്മിറ്റിയിലും ഉണ്ടായിരിക്കേണ്ടുന്ന അംഗങ്ങളുടെ എണ്ണം സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.
3. സ്പെഷ്യൽ കമ്മിറ്റികളിലേയ്ക്കുള്ള അംഗങ്ങളെ ജില്ലാ കമ്മിറ്റികൾ സമർപ്പിക്കുന്ന പാനലുകളിൽ നിന്ന് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കുന്നതാണ്.
4. സംസ്ഥാന കമ്മിറ്റിയിലെ ഔദ്യോഗിക ഭാരവാഹികളിലോ അംഗങ്ങളിലോ ഒരാളായിരിക്കും സ്പെഷ്യൽ കമ്മിറ്റിയുടെ കൺവീനർ. യൂണിയന്റെ ട്രഷറർ എല്ലാ സ്പെഷ്യൽ കമ്മിറ്റികളിലെയും എക്സ് ഒഫിഷ്യോ അംഗവും അവയുടെയെല്ലാം ഖജാൻജിയുമായിരിക്കും..
5. സ്പെഷ്യൽ കമ്മിറ്റികൾ ആവശ്യമായ വസ്തുതകൾ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പിന്റെയോ വിഭാഗത്തിന്റെയോ പ്രശ്നങ്ങൾ പഠിച്ച് പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ രൂപവൽക്കരിക്കുന്നതാകുന്നു.
6. സ്പെഷ്യൽ കമ്മിറ്റി പ്രശ്നപരിഹാരത്തിനുള്ള പ്രക്ഷോഭപരിപാടികൾ ആവിഷ്ക്കരിക്കുന്നതും സംസ്ഥാനകമ്മിറ്റിയുടെ മുൻകൂട്ടിയുള്ള അംഗീകാരത്തോടെ അത്തരം പ്രക്ഷോഭപരിപാടികൾ ആരംഭിക്കാൻ ഏർപ്പാട് ചെയ്യുന്നതുമാണ്
7. സംസ്ഥാനകമ്മിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ സ്പെഷ്യൽ കമ്മിറ്റി പണം സംഭരിക്കുവാനോ പണിപ്പിരിവ് നടത്തുവാനോ പാടുള്ളതല്ല.
8. സ്പെഷ്യൽ കമ്മിറ്റി അതിന്റെ തീരുമാനങ്ങളും ശുപാർശകളും അംഗീകാരത്തിനും നടപ്പാക്കലിനുമായി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
17. ഏരിയ
യൂണിയന്റെ പ്രാഥമിക ഘടകം ഏരിയ ആയിരിക്കും. അത് സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി, ജില്ലാ കൗൺസിൽ, ജില്ലാ കമ്മിറ്റി എന്നിവയ്ക്ക് കീഴിലായിരിക്കും.
എ) ഏരിയാ ജനറൽ ബോഡി
1. ഈ നിയമാവലിക്കും യൂണിയന്റെ നയപരിപാടികൾക്കും, സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി, ജില്ലാ കൗൺസിൽ, ജില്ലാ കമ്മിറ്റി എന്നിവയുടെ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി ആവശ്യമായ പ്രവർത്തനങ്ങൾ അത് നടത്തും.
2. ഏരിയായിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളും ആ ഏരിയയിൽത്തന്നെ അംഗത്വം തുടരുന്നയാളുമായ ഏതെങ്കിലും ജില്ലാ കൗൺസിലറെ അംഗങ്ങൾക്ക് മതിയായ മുന്നറിയിപ്പ് കൊടുത്തശേഷം ഭൂരിപക്ഷ വോട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാ കൗൺസിലിൽ നിന്ന് പിൻവലിയ്ക്കുവാൻ ഏരിയാ ജനറൽ ബോഡിക്ക് അധികാരമുണ്ടായിരിക്കും.
ബി) ഏരിയാ കമ്മിറ്റി
1. ഏരിയായുടെ കാര്യനിർവ്വഹണ ചുമതല ഏരിയാ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
2. ഏരിയാ ജനറൽ ബോഡിയുടെ രണ്ടുയോഗങ്ങൾക്കിടയിലുള്ള കാലയളവിൽ ഏരിയാ ജനറൽ ബോഡിയുടെ അധികാരങ്ങൾ ഏരിയ കമ്മിറ്റി വിനിയോഗിക്കുന്നതാണ്. എന്നാൽ അത്തരം കാര്യങ്ങൾക്ക് അടുത്തു ചേരുന്ന ജനറൽ ബോഡിയുടെ അംഗീകാരം നേടേണ്ടതുണ്ട്.
3. അത് പ്രവർത്തനപരിപാടികൾ ആസൂത്രണം ചെയ്യുന്നതും സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി, ജില്ലാ കൗൺസിൽ, ജില്ലാ കമ്മിറ്റി, ഏരിയാ ജനറൽ ബോഡി എന്നിവയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതുമാകുന്നു.
4. യൂണിയന്റെ നയങ്ങളിലൊതുങ്ങി നിന്നുകൊണ്ട് പ്രാദേശിക പ്രശ്നങ്ങൾ സംബന്ധിച്ച് പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്നതായിരിക്കും.
5. സാഹചര്യങ്ങൾക്കനുസരിച്ച് യൂണിയന്റെ ഉദ്ദേശ്യങ്ങൾ നേടാനുതകുന്ന മറ്റ് പ്രവർത്തനങ്ങളും, ഈ നിയമാവലിക്കു നിരക്കുന്ന വിധം അതു നടത്തുന്നതാണ്.
6. ഏരിയയും, ഏരിയയുടെ പേരിലും നടത്തിയ ചെലവുകളുടെ എല്ലാ വൗച്ചറുകളും ഏരിയാ കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കേണ്ടതാണ്.
7. സെക്രട്ടറിയുടെ വാർഷിക റിപ്പോർട്ടും ഓഡിറ്ററുടെ അഭിപ്രായങ്ങൾക്കുള്ള മറുപടിയോടെ ഖജാൻജി സമർപ്പിക്കുന്ന ഓഡിറ്റു ചെയ്ത വരവുചെലവു കണക്കും ആവശ്യമായ ഭേദഗതികളോടെ ഏരിയാ കമ്മിറ്റി അംഗീകരിക്കേണ്ടതാണ്.
സി) ഏരിയാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാൻജി എന്നിവർക്ക് സ്ഥിരം മുൻകൂറിന്റെ കാര്യത്തിലൊഴിച്ച് ആ ഏരിയയുടെ
പരിധിയിൽ യഥാക്രമം സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി, ഖജാൻജി എന്നിവർക്കുള്ള അധികാരങ്ങൾ ഉണ്ടായിരിക്കും. ഏരിയാ സെക്രട്ടറിക്ക് 1000 (ആയിരം) രൂപ സ്ഥിരം മുൻകൂറായി കൈവശം വയ്ക്കാവുന്നതാണ്.
18. യൂണിറ്റ്
യൂണിയന്റെ പ്രാഥമിക ഘടകം യൂണിറ്റ് ആയിരിക്കും. അത് സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി, ജില്ലാ കൗൺസിൽ, ജില്ലാ കമ്മിറ്റി, ഏരിയ ജനറൽ ബോഡി, ഏരിയ കമ്മിറ്റി എന്നിവയ്ക്ക് കീഴിലായിരിക്കും.
(എ) യൂണിറ്റ് ജനറൽബോഡി: ഈ നിയമാവലിക്കും യൂണിയന്റെ നയപരിപാടികൾക്കും സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി, ജില്ലാ കൗൺസിൽ, ജില്ലാ കമ്മിറ്റി, ഏരിയ ജനറൽബോഡി, ഏരിയ കമ്മിറ്റി എന്നിവയുടെ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി ആവശ്യമായ പ്രവർത്തനങ്ങൾ അത് നടത്തും.
(ബി) യൂണിറ്റ് കമ്മിറ്റി
(1) യൂണിറ്റ് കമ്മിറ്റിയുടെ കാര്യനിർവ്വഹണ ചുമതല യൂണിറ്റ് കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
(2) യൂണിയന്റെ നയങ്ങളിലൊതുങ്ങി നിന്നുകൊണ്ട് പ്രാദേശിക പ്രശ്നങ്ങൾ സംബന്ധിച്ച പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും ഏരിയ കമ്മിറ്റിയുടെ തീരുമാന പ്രകാരം മാത്രം യൂണിറ്റ് കമ്മിറ്റികൾ സംഘടിപ്പിക്കുന്നതായിരിക്കും.
(3) യൂണിറ്റിന്റെ പേരിൽ നടത്തിയ ചെലവുകൾ ഏരിയ കമ്മിറ്റി വഹിക്കേണ്ടതാണ്.
(4) യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ട് യൂണിറ്റ് കമ്മിറ്റി അംഗീകരിക്കേണ്ടതാണ്.
19. തർക്കങ്ങൾ
(എ) യൂണിയൻ കാര്യങ്ങൾ സംബന്ധിച്ച് ഒരു ജില്ലാ കേന്ദ്രത്തിനു കീഴിലുള്ള രണ്ടോ കൂടുതലോ ഏരിയകൾ തമ്മിൽ ഉണ്ടാകുന്ന തർക്കങ്ങൾ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനു വിടേണ്ടതാകുന്നു. ജില്ലാ കമ്മിറ്റി തീരുമാനത്തിനു മേൽ ജില്ലാ കൗൺസിലിന് അപ്പീൽ സമർപ്പിക്കാവുന്നതും ജില്ലാ കൗൺസിലിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(ബി) യൂണിയൻ കാര്യങ്ങൾ സംബന്ധിച്ച രണ്ടോ അതിൽ കൂടുതലോ ജില്ലാ കേന്ദ്രങ്ങൾ തമ്മിലോ ഒരു ജില്ലയിലെ ഒന്നോ കൂടുതലോ ഏരിയകളും മറ്റു ജില്ലാ കേന്ദ്രങ്ങൾക്ക് കീഴിലുള്ള ഒന്നോ കൂടുതലോ ഏരിയകളും തമ്മിലോ ഉണ്ടാകുന്ന തർക്കങ്ങൾ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് സമർപ്പിക്കണം. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിനെതിരായ അപ്പീൽ സംസ്ഥാന കൗൺസിലിന് സമർപ്പിക്കേണ്ടതും സംസ്ഥാന കൗൺസിലിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(സി) ഏതെങ്കിലും ഏരിയായോ ജില്ലാ കേന്ദ്രമോ മറ്റൊരു ഏരിയയ്ക്കോ ജില്ലാ കേന്ദ്രത്തിനോ എതിരായി നിയമ നടപടികൾ സ്വീകരിച്ചുകൂടാത്തതാകുന്നു.
20. ഫണ്ട്
(എ) യൂണിയന്റെ ഫണ്ടുകൾ താഴെപ്പറയുന്നവ ഉൾപ്പെട്ടതായിരിക്കും.
1. അംഗത്വഫീസും അംഗങ്ങളിൽ നിന്നുള്ള വരിസംഖ്യയും.
2. സ്പെഷ്യൽ ഫണ്ടുകൾ പിരിക്കുന്നതുവഴിയുള്ള വരുമാനം.
3. നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ.
4. ഈ നിയമാവലിക്കനുസൃതവും നിയമാനുസൃതവുമായ മറ്റ് മാർഗ്ഗങ്ങളിൽ നിന്നുള്ള വരുമാനം
(ബി) യൂണിയന് കിട്ടുന്ന എല്ലാ പണവും ബന്ധപ്പെട്ട കമ്മിറ്റി തീരുമാനിക്കുന്ന ബാങ്കിൽ പ്രസിഡന്റും ഖജാൻജിയും കൂട്ടായി കൈകാര്യം ചെയ്യുന്നവിധം യൂണിയന്റെ പേരിൽ നിക്ഷേപിക്കേണ്ടതാണ്. പണം കിട്ടി ഏഴുദിവസത്തിനകം ബാങ്കിൽ നിക്ഷേപിച്ചിരിക്കണം.
(സി) കിട്ടിയ എല്ലാ പണത്തിനും ഖജാൻജി രസീതു കൊടുക്കേണ്ടതാണ്.
(ഡി)1. യൂണിയൻ ഫണ്ടിൽ നിന്നുള്ള എല്ലാ ചെലവുകൾക്കും വൗച്ചറുകൾ ഉണ്ടായിരിക്കേണ്ടതാണ്.
2. സംസ്ഥാനകമ്മറ്റിയെ സംബന്ധിച്ചിടത്തോളം 5000 രൂപയിലും ജില്ലാ കമ്മറ്റിയെ സംബന്ധിച്ചിടത്തോളം 2000 രൂപയിലും ഏരിയാ കമ്മറ്റിയെ സംബന്ധിച്ചിടത്തോളം 1000 രൂപയിലും കൂടുതൽ വരുന്ന ചെലവിനങ്ങൾക്ക് ബന്ധപ്പെട്ട കമ്മിറ്റിയുടെ മുൻകൂട്ടിയുള്ള അനുമതി ഉണ്ടായിരിക്കേണ്ടതാണ്.
3. ഒഴിവക്കാവാനാവാത്തതും ബാധ്യതപ്പെട്ടതുമായ ചെലവിനങ്ങൾക്ക് മേൽപ്പറഞ്ഞ നിബന്ധന ബാധകമല്ല. അത്തരം ചെലവുകൾക്ക് ബന്ധപ്പെട്ട കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അംഗീകാരം വാങ്ങണം.
(ഇ) അവിചാരിത ഘട്ടങ്ങളിലൊഴിച്ച് അഡ്വാൻസ് എടുക്കാൻ പാടില്ലാത്തതാണ്.
(എഫ്)1. സംസ്ഥാന കൗൺസിൽ, സംസ്ഥാനക്കമ്മിറ്റി, ഈ നിയമാവലിയനുസരിച്ച് രൂപീകൃതമായ കമ്മിറ്റികൾ, പ്രത്യേക കമ്മിറ്റികൾ, ട്രസ്റ്റുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും ഈ നിയമാവലിയിലും ഇതിനു കീഴിലുള്ള ചട്ടങ്ങളിലും വ്യവസ്ഥചെയ്തിട്ടുള്ള മറ്റെല്ലാ ചെലവുകളും യൂണിയന്റെ ഫണ്ടിൽ നിന്നു വഹിക്കുന്നതാണ്.
2. ജില്ലാ കൗൺസിൽ, ജില്ലാ കമ്മിറ്റി എന്നിവയുടെ യോഗങ്ങൾ അവയുടെ തീരുമാനങ്ങളും സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി എന്നിവയുടെ തീരുമാനങ്ങളും നടപ്പിലാക്കൽ എന്നീ സംഘടനാപരമായ ആവശ്യങ്ങൾക്കും പ്രവർത്തനത്തിനും ഈ നിയമാവലിയിലും ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ള മറ്റു ചെലവുകളും ജില്ലാ ഫണ്ടിൽ നിന്ന് വഹിക്കുന്നതാണ്.
3. ഏരിയാകമ്മിറ്റി, ഏരിയാ ജനറൽ ബോഡി എന്നിവയുടെ യോഗങ്ങൾ, അവയുടെ തീരുമാനങ്ങളും സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി, ജില്ലാ കൗൺസിൽ, ജില്ലാ കമ്മിറ്റി എന്നിവയുടെ തീരുമാനങ്ങളും നടപ്പാക്കൽ, എന്നീ സംഘടനാപരമായ ആവശ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഈ നിയമാവലിയിലും ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ള മറ്റ് ചെലവുകൾ ഏരിയാ ഫണ്ടിൽ നിന്ന് വഹിക്കുന്നതായിരിക്കും.
(ജി) 19 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിലുള്ള നിബന്ധനകൾ എന്തു തന്നെ ആയാലും സംസ്ഥാന കൗൺസിലിലെയോ സംസ്ഥാനകമ്മറ്റിയിലെയോ അംഗങ്ങളോ ഔദ്യോഗിക ഭാരവാഹികളോ യൂണിയന്റെ മറ്റേതെങ്കിലും പ്രവർത്തക വിഭാഗങ്ങളിലോ ചെയ്തതോ ചെയ്യാവുന്നതോ ആയ ഏതെങ്കിലും ചെലവുകൾ പൂർണ്ണമായോ ഭാഗീകമായോ ജില്ലാ കേന്ദ്രങ്ങളോ ഏരിയകളോ വഹിക്കേണ്ടതാണെന്ന് ആവശ്യമെന്ന് തോന്നുന്നപക്ഷം അങ്ങനെ നിർദ്ദേശിക്കാൻ സംസ്ഥാന കമ്മിറ്റിക്കധികാരമുണ്ടായിരിക്കും.
(എച്ച്) കൗൺസിലർമാർ, കമ്മിറ്റിയംഗങ്ങൾ, യൂണിയന്റെ മറ്റു ചുമതലക്കാർ എന്നിവരുടെ യാത്രാച്ചെലവുകൾ ക്രമീകരിക്കുന്നതിനായി സംസ്ഥാന കമ്മിറ്റിക്ക് ചട്ടങ്ങൾ ഉണ്ടാക്കാവുന്നതും തുക ക്ലിപ്തപ്പെടുത്താവുന്നതും നിരക്ക് നിശ്ചയിക്കാവുന്നതുമാകുന്നു. അത്തരം ചട്ടങ്ങൾക്കും തുകയ്ക്കും നിരക്കുകൾക്കും വിധേയമായി ജില്ലാ കേന്ദ്രങ്ങളിലെയും ഏരിയകളിലെയും കൗൺസിലർമാരുടെയും കമ്മിറ്റിയംഗങ്ങളുടെയും മറ്റു പ്രവർത്തകരുടെയും യാത്രാച്ചെലവുകൾ ബന്ധപ്പെട്ട ജില്ലാഏരിയാ കമ്മിറ്റികൾക്ക് നിശ്ചയിക്കാവുന്നതാണ്.
21. അനുശാസിത വിഹിതം
(എ) അംഗത്വ വിഹിതവും വരിസംഖ്യയുമായി ലഭിക്കുന്ന സംഖ്യയിൽ നാല് രൂപ ഏരിയാ കമ്മിറ്റിക്കും രണ്ടു രൂപ ജില്ലാ കമ്മിറ്റിക്കും നാലു രൂപ സംസ്ഥാന കമ്മിറ്റിക്കും ആയിരിക്കുന്നതാണ്.
(ബി) മേൽ വകുപ്പുപ്രകാരം ഉപരികമ്മിറ്റിയ്ക്ക് നൽകേണ്ടുന്ന സംഖ്യകൾ നിർബന്ധിത അടവാണ്. ജില്ലാ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ഖജാൻജിമാർ യഥാസമയം ഈ വിഹിതം ഉപരികമ്മിറ്റിക്ക് എത്തിക്കേണ്ടതാണ്.
22. ഓഡിറ്റർമാർ
യൂണിയന്റെ വരവു ചെലവു കണക്കുകൾ സംസ്ഥാന കൗൺസിലോ ജില്ലാ കൗൺസിലോ ഏരിയാ ജനറൽ ബോഡിയോ തെരഞ്ഞെടുത്ത ഓഡിറ്റർമാരിൽ ഒരാൾ അതതുതലത്തിൽ ഓഡിറ്റ് ചെയ്യുന്നതാണ്.
23. ജില്ലാകമ്മിറ്റിയുടെയോ ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കൗൺസിലിന്റെയോ, ഏരിയ ജനറൽ ബോഡിയുടെയോ, ചുമതലയിൽ ഹോസ്റ്റലുകൾ, റിക്രിയേഷൻ ക്ലബ്ബുകൾ, വായനശാലകൾ, പ്രത്യേക ക്ലാസുകൾ, അർഹരായ ജീവനക്കാർക്കും ജീവനക്കാരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള സഹായനിധികൾ എന്നിവ സംഘടിപ്പിക്കാവുന്നതും വരിസംഖ്യയിലൂടെയും സംഭാവനകളിലൂടെയും അതിനുവേണ്ടുന്ന ധനം സ്വരൂപിക്കാവുന്നതും ആകുന്നു. ഇത്തരം കാര്യങ്ങൾക്കു വേണ്ടി സ്വരൂപിക്കുന്ന ഫണ്ട് ബന്ധപ്പെട്ട ജില്ലാ, ഏരിയാ ഫണ്ടിന്റെ ഭാഗമായിരിക്കുന്നതും അതിന്റെ വിനിയോഗം ഈ നിയമാവലിയിലെ വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കുന്നതുമാണ്.
24. യോഗങ്ങൾ
(എ) യോഗങ്ങൾ രണ്ടു തരത്തിലായിരിക്കും; സാധാരണവും അസാധാരണവും. വാർഷികയോഗങ്ങൾ സാധാരണയോഗങ്ങളായി ഗണിക്കപ്പെടും.
(ബി) സാധാരണ യോഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് 10 (പത്ത്) ദിവസത്തിൽ കുറയാതെയുള്ള നോട്ടീസ് കൊടുത്തിരിക്കണം.
(സി) സാധാരണ യോഗങ്ങൾക്ക്, സാധാരണ ഗതിയിൽ, യോഗത്തീയതിയുടെ മൂന്നു ദിവസം മുമ്പ് അറിയിപ്പു കൊടുക്കേണ്ടതാണ്. പെട്ടെന്ന് പ്രവർത്തനം ആവശ്യമായ അടിയന്തിരഘട്ടങ്ങളിൽ പത്രദ്വാരയുള്ള അറിയിപ്പായാലും മതിയാകുന്നതാണ്. ജില്ലാ കൗൺസിൽ, ജില്ലാക്കമ്മിറ്റി എന്നിവയുടെ യോഗങ്ങളെ സംബന്ധിച്ച് ഏരിയകൾക്കും സംസ്ഥാന കൗൺസിൽ, സംസ്ഥാന കമ്മിറ്റി എന്നിവയുടെ യോഗങ്ങളെ സംബന്ധിച്ച് ജില്ലാ കേന്ദ്രങ്ങൾക്കും അറിയിപ്പ് നൽകേണ്ടതാണ്
(ഡി) ഈ നിയമാവലിയിലെ മറ്റു വ്യവസ്ഥകൾക്കും ബന്ധപ്പെട്ട ചട്ടങ്ങൾക്കും വിധേയമായി കൗൺസിലിന്റെ ആദ്യയോഗത്തിന്റെ അറിയിപ്പ് സാധാരണ യോഗങ്ങൾക്കെന്നപോലെയോ അല്ലാത്തപക്ഷം ഏരിയകളിൽ നിന്നോ ജില്ലാ കേന്ദ്രങ്ങളിൽ നിന്നോ പുതിയ കൗൺസിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക കൈപ്പറ്റിയ ദിവസമോ കൊടുക്കേണ്ടതാണ്.
(ഇ) കൗൺസിലിലെയോ കമ്മിറ്റിയിലെയോ, ജനറൽ ബോഡിയിലെയോ ഏതെങ്കിലും അംഗത്തിന്, ഏതെങ്കിലും യോഗത്തിന്റെ അറിയിപ്പു കിട്ടിയില്ലായെന്ന കാരണം കൊണ്ട് ആ യോഗത്തിന്റെ നടപടികൾ അസാധുവാകുന്നതല്ല. 23 (ബി) ചട്ടത്തിന്റെ ലംഘനം കാണിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്ത കൗൺസിലിലെയോ കമ്മിറ്റിയിലെയോ ജനറൽ ബോഡിയിലെയോ അംഗം പ്രസ്തുത യോഗത്തിനുശേഷം പത്ത് ദിവസത്തിനകം പ്രസ്തുത യോഗ നടപടികൾ റദ്ദാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടാൽ ആയത് ഏരിയ ജനറൽ ബോഡിയെ സംബന്ധിച്ച് ഏരിയ കമ്മിറ്റിയും ജില്ലാ കൗൺസിലിന്റെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയും സംസ്ഥാന കൗൺസിലിന്റെ കാര്യത്തിൽ സംസ്ഥാനകമ്മിറ്റിയും പരിഗണിക്കുന്നതാണ്. കമ്മിറ്റിയുടെ തീർപ്പിൻമേൽ നിയമാവലിയിലെ 8ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള അപ്പീൽ സമർപ്പിക്കാൻ പരാതിക്കാരനവകാശമുണ്ട്.
25. (എ) സാധാരണയായി ഏരിയാ വാർഷിക ജനറൽ ബോഡി യോഗം ഓരോ വർഷവും ജനുവരിയിൽ നടത്തുന്നതാകുന്നു. ജില്ലാ കൗൺസിലിന്റെ വാർഷികയോഗം ്രെബഫുവരിയിലും സംസ്ഥാന കൗൺസിലിന്റെ വാർഷികയോഗം ഏപ്രിലിലും സാധാരണഗതിയിൽ നടത്തുന്നതാകുന്നു. അതത് കൗൺസിലുകളുടെ വാർഷികയോഗ നടപടികൾ അവസാനിച്ചാൽ ഉടൻ ജില്ലാ കൗൺസിലിന്റെയും സംസ്ഥാന കൗൺസിലിന്റെയും ആദ്യയോഗം ചേരുന്നതാണ്.
(ബി) വാർഷിക യോഗം നടത്തുന്നതിനുള്ള സമയം നീട്ടാൻ സംസ്ഥാനക്കമ്മിറ്റിക്ക് അനുവാദം നൽകാവുന്നതാണ്.
(സി)1. ജില്ലാ കൗൺസിലിന്റെയും സംസ്ഥാന കൗൺസിലിന്റെയും ആദ്യയോഗങ്ങൾ ബന്ധപ്പെട്ട കൗൺസിലിന്റെ വാർഷിക യോഗനടപടികൾ പൂർത്തിയായ ഉടനെ കൂടുന്നതും അതാത് കമ്മിറ്റിയിലെ ഔദ്യോഗിക ഭാരവാഹികളെയും അംഗങ്ങളെയും ഓഡിറ്റർമാരെയും തെരഞ്ഞെടുക്കുന്നതുമാകുന്നു. ജില്ലാ കൗൺസിലിന്റെ ആദ്യയോഗം സംസ്ഥാന കൗൺസിലർമാരെ തെരഞ്ഞെടുക്കും. അതത് കൗൺസിലുകളുടെ ആദ്യയോഗങ്ങൾ ജനറൽ സെക്രട്ടറിയോ ജില്ലാ സെക്രട്ടറിയോ സമർപ്പിച്ച കാര്യപരിപാടി പ്രകാരമുള്ള ഇനങ്ങളും കൗൺസിലിന് ആവശ്യമെന്ന് തോന്നുന്ന മറ്റുവിഷയങ്ങളും കൈകാര്യം ചെയ്യുന്നതുമാകുന്നു.
2. ജനറൽ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും യഥാക്രമം സംസ്ഥാന കൗൺസിലിന്റെയും ജില്ലാ കൗൺസിലിന്റെയും യോഗങ്ങൾക്കുള്ള അറിയിപ്പുകൾ ഓരോ കൗൺസിലർമാർക്കും നൽകേണ്ടതാണ്.
(ഡി)1. സംസ്ഥാന കൗൺസിൽ വർഷത്തിൽ ചുരുങ്ങിയത് മൂന്നു പ്രാവശ്യമോ ഇല്ലെങ്കിൽ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമ്പോഴോ യോഗം ചേരേണ്ടതാണ്
2. സംസ്ഥാന കമ്മിറ്റി സാധാരണഗതിയിൽ മാസത്തിൽ ഒരു തവണ യോഗം ചേരുന്നതാണ്.
3. ജില്ലാ കൗൺസിൽ കൊല്ലത്തിൽ ചുരുങ്ങിയത് മൂന്നു പ്രാവശ്യം അല്ലെങ്കിൽ എപ്പോഴെല്ലാം ചേരണമെന്ന് സംസ്ഥാന കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ തീരുമാനിക്കുന്നുവോ അപ്പോഴെല്ലാം യോഗം ചേരണം.
4. ജില്ലാ കമ്മിറ്റി സാധാരണ ഗതിയിൽ മാസത്തിൽ ഒരു തവണ യോഗം ചേരേണ്ടതാണ്.
5. ഏരിയാ ജനറൽ ബോഡി വർഷത്തിൽ ഏറ്റവും ചുരുങ്ങിയത് മൂന്നു പ്രാവശ്യമോ അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയോ, ജില്ലാ കമ്മിറ്റിയോ ഏരിയകമ്മിറ്റിയോ തീരുമാനിക്കുമ്പോഴെല്ലാമോ യോഗം ചേരേണ്ടതാകുന്നു.
6. ഏരിയാക്കമ്മിറ്റി സാധാരണ നിലയിൽ മാസത്തിൽ ഒരിക്കൽ യോഗം ചേരേണ്ടതാണ്.
7. യൂണിറ്റ് ജനറൽ ബോഡി വർഷത്തിൽ ഏറ്റവും ചുരുങ്ങിയത് മൂന്ന് പ്രാവശ്യമോ അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയോ, ജില്ലാ കമ്മിറ്റിയോ, ഏരിയാ കമ്മിറ്റിയോ തീരുമാനിക്കുമ്പോഴെല്ലാമോ യോഗം ചേരേണ്ടതാകുന്നു.
8. യൂണിറ്റ് കമ്മറ്റി സാധാരണ നിലയിൽ മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരണം.
(ഇ) 1. ജനറൽ സെക്രട്ടറിയോ, ജില്ല സെക്രട്ടറിയോ ഏരിയാ സെക്രട്ടറിയോ യൂണിറ്റ് സെക്രട്ടറിയോ സ്വന്തം തീരുമാനപ്രകാരം ബന്ധപ്പെട്ട കമ്മിറ്റിയുടെയോ കൗൺസിലിന്റെയോ ജനറൽ ബോഡിയുടെയോ അസാധാരണ യോഗം വിളിച്ചുകൂട്ടാവുന്നതാണ്. സംസ്ഥാന കമ്മിറ്റി സംസ്ഥാന കൗൺസിൽ, ജില്ല കമ്മിറ്റി, ജില്ലാ കൗൺസിൽ, ഏരിയ കമ്മിറ്റി, ഏരിയ ജനറൽ ബോഡി, യൂണിറ്റ് കമ്മിറ്റി, യൂണിറ്റ് ജനറൽ ബോഡി എന്നിവയുടെ അംഗസംഖ്യയിൽ മൂന്നിലൊന്നിന്റെയും രേഖാമൂലമായ ആവശ്യത്തിനുമേൽ പത്ത് ദിവസത്തിനകം നിർബന്ധമായും ഇത്തരം അസാധാരണയോഗം വിളിച്ചു കൂട്ടേണ്ടതാകുന്നു.
(2) ജനറൽ സെക്രട്ടറിയോ, ജില്ല സെക്രട്ടറിയോ, ഏരിയാ സെക്രട്ടറിയോ, യൂണിറ്റ് സെക്രട്ടറിയോ, മേൽപ്പറഞ്ഞ ഇ(1) വകുപ്പനുസരിച്ച് യോഗം വിളിച്ചുകൂട്ടുന്നതിൽ വീഴ്ച വരുന്ന പക്ഷം സെക്രട്ടറി, ജോ. സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഖജാൻജി എന്നിവരിൽ ആരെങ്കിലും മുൻഗണനാ ക്രമത്തിൽ ഏഴ് ദിവസത്തികം അസാധാരണ യോഗം വിളിച്ചു കൂട്ടേണ്ടതാണ്.
(എഫ്) പ്രസിഡണ്ടോ അദ്ദേഹത്തിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ടോ ഇവരുടെ അഭാവത്തിൽ യോഗം തിരഞ്ഞെടുക്കുന്ന അംഗമോ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നതാണ്.
(ജി)1. ഈ നിയമാവലിയിൽ മറ്റുതരത്തിൽ നിർണ്ണയിച്ചിട്ടുള്ള സാഹചര്യങ്ങളിലൊഴിച്ച് കൗൺസിലുകളുടെ അവശ്യ ഹാജർ (കോറം) അവയുടെ മൊത്തം അംഗസംഖ്യയുടെ 30 (മുപ്പത്) ശതമാനമായിരിക്കും.
2. ജില്ലാ തലസ്ഥാനങ്ങളിലെ ഏരിയാ ജനറൽ ബോഡികളുടെ അവശ്യഹാജർ 50 അംഗങ്ങളും മറ്റു ഏരിയാ ജനറൽ ബോഡികളുടേത് 25 അംഗങ്ങളും ആയിരിക്കും.
3. യൂണിറ്റ് ജനറൽ ബോഡിയുടെ അവശ്യഹാജർ മെമ്പർഷിപ്പിന്റെ 25% അംഗങ്ങൾ ആയിരിക്കും.
4. വാർഷിക യോഗങ്ങൾക്ക് അവശ്യ ഹാജർ കണക്കിലെടുക്കേണ്ടതില്ല.
26. തെരഞ്ഞെടുപ്പ്
(എ) ഔദ്യോഗിക ഭാരവാഹികളുടെയും മറ്റെല്ലാ പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് രഹസ്യബാലറ്റ് വഴി ആയിരിക്കും.
(ബി) ജനറൽ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവർ സമ്മതിദായകരുടെ പട്ടികകൾ ഉണ്ടാക്കുന്നതും അവ യഥാക്രമം സംസ്ഥാന കൗൺസിൽ, ജില്ലാ കൗൺസിൽ, ഏരിയ എന്നിവയിലെ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതുമാകുന്നു.
(സി) പിരിഞ്ഞുപോകുന്ന ഔദ്യോഗിക ഭാരവാഹികൾ, പിരിഞ്ഞുപോകുന്ന കമ്മിറ്റിയിലെ അംഗങ്ങളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് യഥാവിധി നടത്താനുള്ള ഏർപ്പാട് ചെയ്യേണ്ടതാണ്
(ഡി) ഏരിയകളോ ജില്ലാ കേന്ദ്രങ്ങളോ ആവശ്യപ്പെടുമ്പോഴോ സാഹചര്യങ്ങൾ നിർബന്ധിതമാക്കുമ്പോഴോ ജില്ലാ കമ്മിറ്റിക്ക് ജില്ലാ കേന്ദ്രത്തിന് കീഴിലുള്ള ശാഖകളുടെയും സംസ്ഥാന കമ്മിറ്റിക്ക് ഏതൊരു ജില്ലാ കേന്ദ്രത്തിന്റെയും ഏരിയയുടേയും തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുകയോ തെരഞ്ഞെടുപ്പു നടത്താവുന്നതോ ആകുന്നു.
(ഇ) ബന്ധപ്പെട്ട വർഷത്തിൽ യൂണിയന്റെ അംഗങ്ങളായവരെല്ലാം ഏരിയകളിലെ വാർഷിക ജനറൽ ബോഡിയിൽ സമ്മതിദായകരായിരിക്കും.
(എഫ്) ഒരു ഏരിയയിൽ അംഗത്വം നേടുകയോ അംഗത്വം പുതുക്കുകയോ ചെയ്ത യൂണിയന്റെ ഒരംഗം മറ്റൊരു ഏരിയയിൽ സ്ഥലംമാറ്റമായി വരികയാണെങ്കിൽ അംഗത്വവിഹിതമോ വരിസംഖ്യയോ അടച്ച രസീതോ അല്ലെങ്കിൽ അംഗമാണെന്ന് തെളിയിക്കുന്ന ഏരിയാ സെക്രട്ടറിയുടെ ഒരു സാക്ഷ്യപത്രമോ ഹാജരാക്കുകയാണെങ്കിൽ മാറ്റമായി എത്തിയിട്ടുള്ള ഏരിയയിൽ അദ്ദേഹത്തെ ഒരംഗമായി അംഗീകരിക്കും.
(ജി) ഒരു ഏരിയയുടെ പ്രവർത്തനപരിധിയ്ക്കകത്തുള്ള യൂണിയന്റെ അംഗങ്ങളായവർക്ക് ആ ഏരിയയുടെ സമ്മതിദാനം രേഖപ്പെടുത്താനും തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനും അവകാശമുണ്ടായിരിക്കും.
(എച്ച്) സംസ്ഥാന കൗൺസിൽ, ജില്ലാ കൗൺസിൽ, ഏരിയ ജനറൽ ബോഡി എന്നിവയുടെ കാര്യത്തിൽ യഥാക്രമം സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിക്കും മൂന്നു ദിവസത്തിൽ കവിയാത്ത സമയത്തിനുള്ളിൽ വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്ന് നാമനിർദ്ദേശപത്രികകൾ ആവശ്യപ്പെടാവുന്നതാണ്.
(ഐ) ഓഡിറ്റ് ചെയ്ത വരവുചെലവു കണക്ക് പ്രകാരം അംഗത്വവരിസംഖ്യയുടെയും മറ്റും അംഗീകൃത വിഹിതം പൂർണ്ണമായി ജില്ലാ കേന്ദ്രത്തിലടയ്ക്കാത്ത ഏരിയയിൽ നിന്ന് ജില്ലാ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്കും അത്തരം വിഹിതം പൂർണ്ണമായി യൂണിയനടച്ചിട്ടില്ലാത്ത ജില്ലാ കേന്ദ്രത്തിൽ നിന്ന് സംസ്ഥാന കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്കും ബന്ധപ്പെട്ട കൗൺസിലുകളുടെ യോഗങ്ങളിൽ പങ്കെടുക്കുവാനോ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുവാനോ അർഹതയുണ്ടായിരിക്കുന്നതല്ല.
(ജെ) ഏതെങ്കിലും ഏരിയകളിലോ കേന്ദ്രങ്ങളിലോ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല എന്ന കാരണത്താലോ ഏരിയകളോ ജില്ലാ കേന്ദ്രങ്ങളോ വിഹിതമടച്ചില്ലയെന്ന കാരണത്താലോ അത്തരം ഏരിയകളിൽ നിന്നോ ജില്ലാ കേന്ദ്രങ്ങളിൽ നിന്നോ ഉള്ള കൗൺസിലർമാരുടെ അഭാവം ബന്ധപ്പെട്ട കൗൺസിലുകളുടെ യോഗ നടപടികൾ അസാധുവാക്കുന്നതല്ല.
(കെ) ഏരിയകളിലെ ഏതെങ്കിലും തെരഞ്ഞെടുപ്പിനെതിരായ തെരഞ്ഞെടുപ്പു ഹർജികൾ തെരഞ്ഞെടുപ്പു നടന്ന ദിവസം മുതൽ പതിനഞ്ചു ദിവസത്തിനകം ജില്ലാകമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാകുന്നു. ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനുമേൽ അപ്പീലുണ്ടെങ്കിൽ ആയത് പ്രസ്തുത തീരുമാനം കൈപ്പറ്റി പത്തുദിവസത്തിനകം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കണം.
(എൽ) ജില്ലാ കേന്ദ്രത്തിലെ തെരഞ്ഞെടുപ്പിനെതിരായുള്ള തെരഞ്ഞെടുപ്പു ഹർജികൾ ആ തെരഞ്ഞെടുപ്പു കഴിഞ്ഞ ദിവസം മുതൽ പതിനഞ്ചു ദിവസത്തിനകം സംസ്ഥാന കമ്മിറ്റിക്കു സമർപ്പിക്കേണ്ടതും തെരഞ്ഞെടുപ്പു ഹർജികളിൻമേലും അപ്പീലുകളിൻമേലും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
27. സംരക്ഷണം
(എ) ഓരോ കാര്യത്തിലും സംസ്ഥാന കമ്മിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദം കിട്ടിയിട്ടുണ്ടെങ്കിൽ സംസ്ഥാന – ജില്ലാ ഏരിയ കമ്മിറ്റികളിലെ ഔദ്യോഗിക ഭാരവാഹികൾക്കും അംഗങ്ങൾക്കും ജീവനക്കാർക്കും കഷ്ടനഷ്ടങ്ങൾക്കെതിരെ യൂണിയൻ സുരക്ഷിതത്വം ഉറപ്പു നൽകുന്നതും തങ്ങൾ അതത് കമ്മിറ്റികളിൽ വഹിക്കുന്ന ഔദ്യോഗിക ഭാരവാഹി/അംഗം/പ്രവർത്തകൻ എന്നീ നിലകളിൽ ഉത്തമവിശ്വാസത്തോടെ ഏർപ്പെടുകയോ ഏർപ്പെടാൻ കാരണക്കാരാവുകയോ ചെയ്ത ഏതെങ്കിലും കരാറുകളുടെയോ ന്യായയുക്തമായ പ്രവർത്തികളുടെയോ ഫലമായി അവരിൽ ആർക്കെങ്കിലും സംഭവിക്കാവുന്ന കഷ്ടനഷ്ടങ്ങളും ചെലവുകളും യൂണിയന്റെയോ ജില്ലാ കേന്ദ്രത്തിന്റെയോ ഏരിയയുടേയോ നിധിയിൽ നിന്ന് വഹിക്കുന്നതുമാകുന്നു.
(ബി) യൂണിയൻ ആരുടെയെങ്കിലും പേരിൽ അന്യായം കൊടുക്കുമ്പോഴോ യൂണിയനെതിരെ വല്ലവരും അന്യായപ്പെടുമ്പോഴോ അത് യൂണിയൻ ആസ്ഥാനത്ത്, ജനറൽ സെക്രട്ടറിയുടെ പേരിലായിരിക്കണം. യൂണിയൻ സംസ്ഥാന, ജില്ലാ, ഏരിയകൾക്കുവേണ്ടി മുതൽകൂട്ടുന്ന എല്ലാ സ്ഥാവര സ്വത്തുക്കളും ജനറൽ സെക്രട്ടറിയുടെ പേരിലായിരിക്കണം.
28. പതാക
യൂണിയന് ചുവപ്പുനിറത്തിലുള്ളതും വലതുമുഷ്ടിയിൽ പിടിച്ച മഞ്ഞനാളത്തോടുകൂടിയ ഒരു വെളുത്ത പന്തം മധ്യത്തിൽ അങ്കിതവുമായ പതാകയുണ്ടായിരിക്കുന്നതാണ്. പതാകയുടെ വലിപ്പം 3:2 എന്ന തോതിലായിരിക്കും.
29. നിയമാവലിക്കു ഭേദഗതികൾ
സംസ്ഥാന കൗൺസിലിലെ അംഗങ്ങളിൽ ഹാജരായവരിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വോട്ടുകളോടെയല്ലാതെ ഈ നിയമാവലിയിൽ കൂട്ടിച്ചേർക്കലോ വെട്ടിക്കുറയ്ക്കലോ ഭേദഗതിയോ വരുത്താൻ പാടുളള്ളതല്ല.
30. വ്യാഖ്യാനങ്ങൾ
ഈ നിയമാവലിയെ വ്യാഖ്യാനിക്കാനുള്ള അധികാരം സംസ്ഥാനകമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
31. യൂണിയൻ വർഷം
യൂണിയൻ വർഷം ജനുവരി ഒന്നാം തീയതി മുതൽ ഡിസംബർ മുപ്പത്തൊന്നാം തീയതി വരെയായിരിക്കും.
32. പരിവർത്തന ഉപാധി
നിലവിലുള്ള നിയമാവലിക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളും ആരംഭിച്ച നടപടികളും ഈ നിയമാവലിക്കു കീഴിൽ നടത്തിയവയും ആരംഭിച്ചവയുമായി കണക്കാക്കപ്പെടുന്നതാകുന്നു.
(2023 മെയ് 10 വരെയുള്ള ഭേദഗതികൾ ഉൾപ്പെടുത്തിയത്)
കേരള നോൺ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ
അംഗത്വത്തിനുവേണ്ടിയുള്ള ഹർജി
1. പേര് :
2. ഔദ്യോഗിക മേൽവിലാസം :
3. സ്ഥിരം മേൽവിലാസം :
4. ശമ്പളവും ശമ്പള നിരക്കും :
ഞാൻ യൂണിയന്റെ നിയമാവലി അനുസരിച്ചു കൊള്ളാമെന്നും യൂണിയന്റെ തീരുമാനമനുസരിച്ച് പ്രവർത്തിക്കാമെന്നും ഇതിനാൽ സമ്മതിച്ചിരിക്കുന്നു.
സ്ഥലം:
തീയതി: ഒപ്പ്
(ഓദ്യോഗികാവശ്യാർത്ഥം)
(ഏരിയാ കമ്മിറ്റിയുടെ ശുപാർശ)
പ്രവേശന നമ്പർ:
ഏരിയയുടെ പേര്:
ശുപാർശകൾ:
തീയതി: പ്രസിഡന്റ്