നവ ലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് നടപ്പിലാക്കിയ ജനദ്രോഹ -തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള സമസ്‌തജനവിഭാഗങ്ങളും സമരരംഗത്താണ്. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നയങ്ങള്‍തീവ്രമാക്കിയതിന്റെ ഭാഗമായി ജനജീവിതം അത്യന്തം ദുസ്സഹമായ സാഹചര്യത്തിലാണ് 2022 മാര്‍ച്ച് 28, 29 തീയതികളില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ദ്വിദിന പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ശക്തമായ പ്രചാരണങ്ങളും ക്യാമ്പയിനുകളുമാണ് പണിമുടക്കിന്റെ ഭാഗമായി ഓരോ മേഖലയിലും നടന്നത്. 25 കോടിയിലധികം തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കുകയുണ്ടായി. രാജ്യം കണ്ട ശക്തമായ തൊഴിലാളി മുന്നേറ്റം കൂടിയായിരുന്നു ഈ പണിമുടക്കം. എന്നാല്‍ പണിമുടക്കം ആരംഭിക്കുന്നതിന് തലേദിവസം കൊച്ചിന്‍ റിഫൈനറി,ബെമല്‍ പാലക്കാട്, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലെ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി പണിമുടക്ക് നിരോധിച്ചു. കോടതി വിധി ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായിരുന്നു.സിവില്‍ സര്‍വീസിന്റെ സംരക്ഷണം, പെന്‍ഷന്‍ സുരക്ഷ ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ദ്വിദിന പണിമുടക്കില്‍ പങ്കെടുക്കാന്‍തീരുമാനിച്ചു. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും മുന്‍കൂട്ടി പണിമുടക്കി നോട്ടീസ് നല്‍കി. വിദ്യാഭ്യാസ-സര്‍വിസ് മേഖലയില്‍ ശക്തമായ പ്രചാരണങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുട മേഖലയിലെ പണിമുടക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് 2022 മാര്‍ച്ച് 28 ന് പണിമുടക്കിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് വിധി പുറപ്പെടുവിക്കുകയുണ്ടായി. പണിമുടക്കിന് നേതൃത്വം നല്‍കിയ സംഘടനകള്‍ക്ക് നോട്ടീസ്‌നല്‍കാനോ, അവരെ കേള്‍ക്കാനോ തയ്യാറാകാതെ ഏകപക്ഷീയമായി ഹൈക്കോടതി വിധി പൂറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കുള്ള ജനാധിപത്യാവകാശം ഉയര്‍ത്തിപ്പിടിച്ച്ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ ഉറച്ചുനിന്നു. സംഘടന രൂപീകരിക്കാനും കുട്ടായി വിലപേശാനും, ഭരണഘടന നല്‍കുന്ന ഉറപ്പ് അടിയറവയ്ക്കാന്‍ സന്നദ്ധമല്ലെന്നും,കടന്നാക്രമണങ്ങളെ അതിജീവിച്ചതും അവകാശങ്ങള്‍ നേടിയെടുത്തതും ഏതെങ്കിലും കോടതികളുടെ നിലപാടുകളെ ആശ്രയിച്ചല്ലെന്നുമുള്ള ശക്തമായ താക്കീതുകൂടിയായി പണിമുടക്കം മാറി. കോടതിവിധിയും അതിനെ തുടര്‍ന്നുണ്ടായ സ്വാഭാവിക നടപടികളുടെയും ഭാഗമായി പണിമുടക്ക് ദിവസം ഡയസ്നോണായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡയസ്നോണ്‍ പ്രഖ്യാപിച്ച ശേഷവും പണിമുടക്കില്‍ പങ്കെടുത്ത കോടതി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ച് കേരള ഹൈക്കോടതി ഒദ്യോഗികമെമ്മോറാണ്ടം പുറപ്പെടുവിച്ചിരിക്കുകയാണ്. സിവില്‍ സര്‍വീസ് അടക്കമുള്ള തൊഴില്‍മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ നടപ്പിലാക്കി അധ്വാനിക്കുന്ന ജനവിഭാഗമായ തൊഴിലാളികളുടെയും ജീവനക്കാരുടേയും ജീവിതാവകാശങ്ങളും സ്വാതന്ത്ര്യവും കവര്‍ന്നെടുത്ത് അവരെ കൂലി അടിമകളാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ സമരങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവങ്ങളും അച്ചടക്ക നടപടികളും പൗരന്റെ ഭരണഘടനാദത്തമായ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണ്. ആയതിനാല്‍ പണിമുടക്കാനുള്ള അവകാശം സംരക്ഷിക്കാനും കോടതി ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടികള്‍ പിന്‍വലിക്കാനും അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്. കോര്‍പ്പറേറ്റ് പ്രീണന-ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ തടസ്സമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളിവര്‍ഗ്ഗവും അവരുടെ അവകാശങ്ങളുമാണ്, തൊഴിലവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ലേബര്‍ കോഡുകള്‍ അടക്കമുള്ള തൊഴിലാളി വിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കെതിരെ യോജിച്ച ചെറുത്തുനില്‍പ്പ് അനിവാര്യമാകുന്ന കാലഘട്ടത്തില്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
ഈ സാഹചര്യത്തില്‍ പണിമുടക്കവകാശം സംരക്ഷിക്കുക, കോടതി ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടികള്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആക്ഷന്‍ കൗണ്‍സിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സും അധ്യാപ സർവീസ് സംഘടനാ സമരസമിതിയും സംയുക്തമായി 2022 ഒക്ടോബര്‍ 31 ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും, ബാഡ്‌ജ് ധാരണവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരോടും അധ്യാപകരോടും അഭ്യര്‍ത്ഥിക്കുന്നു.