Kerala NGO Union


നെടുങ്കണ്ടം:ഇടുക്കി ജില്ലാ പഞ്ചായത്ത് എംപ്ലോയിസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൻ.ജി.ഒ. യൂണിയൻ കെ.ജി. ഒ എ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംഘം രൂപീകരിക്കപ്പെട്ട കാലം മുതൽ നാളിതു വരെ കോൺഗ്രസ് അനുകൂല സംഘടനയായ പഞ്ചായത്ത് എംപ്ലോയിസ് ഓർഗനൈസേഷൻ നേതൃത്വത്തിലുളള പാനലാണ് ഭരണത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും 11 ൽ 6 സീറ്റുകൾ വിജയിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ ഭരണം നിലനിർത്തിയിരുന്നു. ഭരണ സമിതികളുടെ പിടുപ്പു കേടും കെടുകാര്യസ്ഥതയും അഴിമതിയും മികച്ച നിലയിൽ പ്രവർത്തിക്കേണ്ട സംഘത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഭരണ സമതിയിലെ എൻ ജി ഒ യൂനിയൻ കെ ജി ഒ എ പ്രതിനിധികൾ സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി കൊടുക്കുകയും ഭരണ സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു. നെടുങ്കണ്ടം അസി രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ പരാതികൾ ശരിയാണന്ന് കണ്ടെത്തുകയും ക്രമക്കേട് നടത്തിയ ഭരണസമിതിയെ പിരിച്ചു വിടുകയും ചെയ്തതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് ബ്രൈറ്റ് മോൻ .പി ( പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് നെടുംങ്കണ്ടം), ഗോപാലകൃഷ്ണപിള്ള( ശാന്തമ്പാറ ഗ്രാമ പഞ്ചായത്ത്), കെ .സെൻകുമാർ(കുമളി ഗ്രാമപഞ്ചായത്ത്) വി എ അഗസ്റ്റിൻ ( കോടിക്കുളം ഗ്രാമ പഞ്ചായത്ത്) സുനിൽ സെബാസ്റ്റ്യൻ (വാത്തിക്കുടി ഗ്രാമപഞ്ചായത്ത്) പി കെ ജയകുമാർ (കോടിക്കുളം ഗ്രാമപഞ്ചായത്ത്) മഞ്ജു തോമസ് (നെടുംങ്കണ്ടം ഗ്രാമ പഞ്ചായത്ത്) ജിൻസി ജോസ് (ഡി ഡി പി ഓഫീസ് ഇടുക്കി) മിനി ടോമി (കുമളി ഗ്രാമ പഞ്ചായത്ത്) മിഥുൻ സോമൻ(പള്ളിവാസൽ ഗ്രാമ പഞ്ചായത്ത്) ജാഫർ ഖാൻ കെ എസ് (ഡി ഡി പി ഓഫീസ് ,ഇടുക്കി)എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ജില്ലയിലെ സിവിൽ സർവ്വീസ് മേഖലയിൽ കേരള എൻ.ജി ഒ അസോസിയേഷനും അവർ നേതൃത്വം കൊടുക്കുന്ന സെറ്റോ സംഘടനകളും അപ്രസക്തമായതിന്റെ തെളിവാണ് പഞ്ചായത്ത് എംപ്ലോയിസ് സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നതെന്ന് എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയും , കെ.ജി ഒ എ ജില്ലാ സെക്രട്ടറിയും അഭിപ്രായപ്പെട്ടു. തദ്ദേശ പൊതു ഭരണ വകുപ്പ് രൂപീകരിക്കാനും സിവിൽ സർവീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുവാനും സർക്കാർ നടത്തിയ ഇടപെടലുകളെ അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ട് കെ.പി ഇ ഒ യും എൻ.ജി. ഒ അസോസിയേഷനും ചേർന്ന് നടത്തിയ അപവാദ പ്രചരണങ്ങളെ തള്ളി കളഞ്ഞ ജീവനക്കാർ അസോസിയേഷനേയും ഓർഗനൈസേഷനേയും അകറ്റി നിർത്താൻ തീരുമാനിച്ചതു കൊണ്ടാണ് അവർക്ക് മത്സരിക്കാൻ പോലും ആളെ കിട്ടാതെ വന്നതെന്നും ഇരുവരും വ്യക്തമാക്കി.

ജില്ലയിലെ മുഴുവൻ പഞ്ചായത്ത് ജീവനക്കാർക്കും പ്രയോജനകരമാകും വിധം സംഘത്തിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും മുൻ ഭരണ സമിതി നടത്തിയ അഴിമതികൾ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽ കുമാറും കെ ജി ഒ എ ജില്ലാ സെക്രട്ടറി റോബിൻസൺ പി. ജോസും അറിയിച്ചു.

വിജയികൾക്ക് നെടുങ്കണ്ടം ടൗണിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു.എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, കെ ജി ഒ എ സംസ്ഥാന കമ്മറ്റിയംഗം ജയൻ പി വിജയൻ , എൻ. ജി. ഒ യൂണിയൻ ജില്ലാ ട്രഷറർ കെ.സി സജീവൻ എന്നിവർ പ്രസംഗിച്ചു.