ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങളുടെ നടത്തിപ്പില്‍ അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസിന് പ്രധാന പങ്കാണ് ഉള്ളതെന്നും എന്നാല്‍ ഈ രംഗത്ത് ഇനിയും മുന്നോട്ടുപോകാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള എന്‍ജിഒ യൂണിയന്‍റെ വജ്ര ജൂബിലി എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള എന്‍.ജി.ഒ. യൂണിയന്‍ അടക്കമുള്ള സംഘടനകളുടെ ഇടപെടലിന്‍റെ ഭാഗമായി സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത വളരെയേറെ മെച്ചപ്പെടുത്താനായി. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഫെഡറല്‍ മൂല്യങ്ങള്‍ പാലിക്കാതെ കേരളത്തോട് പുലര്‍ത്തുന്ന നിഷേധ നിലപാടുകള്‍ തുടര്‍ന്നാലും പ്രതിബദ്ധത മുറുകെപ്പിടിച്ച് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് പിന്മാറില്ല. കോണ്‍ഗ്രസ് തുടങ്ങി വച്ചതും ബി.ജെ.പി തീവ്രമായി തുടരുന്നതുമായ ആഗോളവല്‍ക്കരണ നയങ്ങള്‍ ശതകോടീശ്വരന്മാര്‍ക്കും കുത്തകകള്‍ക്കും മാത്രമാണ് നേട്ടമായത്. രാജ്യം അടുത്തകാലത്താണ് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിച്ചത്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ 75 വര്‍ഷം കൊണ്ട് പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ പ്രയാസകരമായിത്തീര്‍ന്നുവെന്ന് കാണാം. ആഗോള പട്ടിണി സൂചികയിലും ദാരിദ്ര്യ സൂചികയിലും രാജ്യം ഏറെ പിന്നോട്ട് പോയി. വ്യാവസായിക ഉത്പാദനം ഇടിഞ്ഞു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനപക്ഷ നയങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് പരമാവധി ക്ഷേമം ഉറപ്പാക്കുന്നതും വികസനം ലഭ്യമാക്കുന്നതുമായ ബദല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ഒരുവിധത്തിലും അനുവദിക്കില്ല എന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനായി അവര്‍ സംസ്ഥാനത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതങ്ങള്‍ നിഷേധിക്കുന്നു. നടപ്പ് വര്‍ഷം മാത്രം ഏകദേശം 24,000 കോടിയുടെ വരുമാന നഷ്ടമാണ് ഇത് മൂലം കേരളത്തിന് ഉണ്ടാകുന്നത്. കേരളത്തിന്‍െറ ധനസ്ഥിതിയെ സംബന്ധിച്ച് തെറ്റായ പ്രചാരണവും അഴിച്ചു വിടുകയാണ്. എന്നാല്‍ ദേശീയ സാഹചര്യവുമായി തുലനം ചെയ്യുമ്പോള്‍ മോശമല്ലാത്ത അവസ്ഥയാണ് കേരളത്തിന്‍റേത്. നമ്മുടെ സംസ്ഥാനത്തുള്ള ചിലരും കേരളത്തിനെതിരായ പ്രചാരണത്തെ പിന്തുണയ്ക്കുന്നുണ്ട്. വെല്ലുവിളികള്‍ എന്തുതന്നെ ഉണ്ടായാലും ബദല്‍ നയങ്ങള്‍ മുറുകെപ്പിടിച്ച് ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം ലഭ്യമാക്കി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. വജ്ര ജൂബിലി ലോഗോയുടെയും തീം സോങ്ങിന്‍റെയും പ്രകാശനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. പ്രൊഫ. എം കെ സാനു ലോഗോ ഏറ്റുവാങ്ങി. എന്‍.ജി.ഒ. യൂണിയന്‍റെ ആദരം അദ്ദേഹം സ്വീകരിച്ചു.
വജ്ര ജൂബിലിയുടെ ഭാഗമായി നവകേരളം ജനപക്ഷ സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യമേറ്റെടുത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍ സെക്രട്ടറി എം എ അജിത് കുമാര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് പൊതു ജനങ്ങള്‍ ആശ്രയിക്കുന്ന 1000 ഓഫീസുകള്‍ മാതൃകാ സ്ഥാപനങ്ങളാക്കും. വിവിധ സേവനങ്ങള്‍ക്കായി തലസ്ഥാനത്ത് എത്തിച്ചേരുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ജനസഹായ കേന്ദ്രം സ്ഥാപിക്കും. ജീവനക്കാരില്‍ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുവാനും കാര്യക്ഷമത മെച്ചപ്പെടുത്താനും സംസ്ഥാന തലത്തില്‍ പഠന കേന്ദ്രം ആരംഭിക്കും. വികസന പദ്ധതികള്‍ വിജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തും. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ജീവനക്കാരില്‍ ചരിത്ര ബോധവും ശാസ്ത്ര ബോധവും പുരോഗമന സാമൂഹ്യ കാഴ്ചപ്പാടും വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കലാ-കായിക സാംസ്കാരിക മേഖലകളില്‍ ഇടപെടും. സംഘടനാ സംവിധാനങ്ങള്‍ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്‍റ് എന്‍ ടി ശിവരാജന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ലോയീസ് & വര്‍ക്കേഴ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് എം വി ശശിധരന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എന്‍ നിമല്‍രാജ് നന്ദി പറഞ്ഞു.
.