തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് സ്പെഷ്യൽ റൂൾസിന് മന്ത്രിസഭയുടെ അംഗീകാരം – എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി
പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ്, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് നിലവിൽ വന്ന ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിലെ സ്റ്റേറ്റ് സർവ്വീസ്, സബോർഡിനേറ്റ് സർവ്വീസ് സ്പെഷ്യൽ റൂളുകൾക്ക് അംഗീകാരം നൽകിയും, പുതിയ തസ്തികകൾ സൃഷ്ടിച്ചും, സംയോജിപ്പിക്കപ്പെട്ട വിവിധ വകുപ്പുകളിലെ വിവിധ തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് ഏകീകരിക്കുന്നതിനുമുള്ള മന്ത്രിസഭായോഗ തീരുമാനങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്തി.
വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഗതിവേഗം പകരുന്നതിനും സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് രൂപീകരിച്ച പുതിയ വകുപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചിരുന്നു. സ്പെഷ്യൽ റൂളുകൾ നിലവിൽ വന്നതോടെ ഏകീകൃത പൊതുസർവ്വീസ് പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കുകയാണ്. ഏകീകൃത വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിനായി നിരവധി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും സംയോജിപ്പിക്കപ്പെട്ട വിവിധ വകുപ്പുകളിലെ വിവിധ തസ്തികകൾ അപ്ഗ്രേഡ് ചെയ്യുന്നതിനും ഏകീകരിക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് ഡയറക്ടർ തസ്തികയ്ക്ക് തുല്യമാക്കി ഏകീകൃത വകുപ്പിൽ ഉൾപ്പെടുത്തി. സംസ്ഥാന ഡയറക്ടറേറ്റിൽ നഗരകാര്യ വിഭാഗത്തിൽ ഒരു അഡീഷണൽ ഡയറക്ടർ, ജില്ലാ തലത്തിൽ 7 ജോയിന്റ് ഡയറക്ടർ എന്നീ തസ്തികകൾ സൃഷ്ടിച്ച് ശമ്പളസ്കെയിലുകൾ അപ്ഗ്രേഡ് ചെയ്ത് ഏകീകരിച്ചു. കോർപ്പറേഷൻ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നീ തസ്തികകൾ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് അപ്ഗ്രേഡ് ചെയ്തു. മുൻസിപ്പൽ സെക്രട്ടറി ഗ്രേഡ് 1 , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നീ തസ്തതികകൾ ഡെപ്യൂട്ടി ഡവലപ്മെൻ്റ് കമ്മീഷണർ തസ്തികക്ക് തുല്യമാക്കി ഏകീകൃത വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയാക്കി.
മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് 2, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, എല്ലാ വകുപ്പിലെയും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്സ് ഓഫീസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവ്വൈസർ എന്നീ തസ്തികകൾ അസിസ്റ്റന്റ് ഡെവലപ്മന്റ് കമ്മീഷണർ തസ്തികയ്ക്ക് തുല്യമാക്കി ഏകീകൃത വകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികയാക്കി. പഞ്ചായത്ത് വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് 1 തസ്തികയ്ക്ക് തുല്യമായി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 എന്ന പേരിൽ ഉയർത്തും. പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലൻസ് സംവിധാനമാക്കി മാറ്റി. ഇവരെ ഇന്റേണൽ വിജിലൻസ് ഓഫീസർ ആയി വിന്യസിക്കും.
സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊല്ലം സിവിൽ സ്റ്റേഷൻ ചുറ്റി നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ, കെ.ജി.ഒ.എ. സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി ഫിലിപ്പ്, കെ.എം.സി.എസ്.യു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.എം. രാജ, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ്, എഫ്.എസ്.ഇ.റ്റി.ഒ. കൊല്ലം താലൂക്ക് സെക്രട്ടറി എസ്. ഷാഹിർ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, നീണ്ടകരയിൽ കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് എൽ. മിനിമോൾ, പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, കുന്നത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, കൊല്ലം ഠൗണിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. ഷാഹിർ, കടയ്ക്കലിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.ആർ. സോണി, കൊട്ടാരക്കരയിൽ റ്റി. സതീഷ് കുമാർ, ചാത്തന്നൂരിൽ എസ്. സുജിത്, കുണ്ടറയിൽ കെ.എ. രാജേഷ്, പത്തനാപുരത്ത് എഫ്.എസ്.ഇ.റ്റി.ഒ. താലൂക്ക് പ്രസിഡന്റ് മധുസൂദനൻ എന്നിവർ യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.