ഇന്ത്യൻ തപാൽ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്നു.മുൻ ക്യാബിനറ്റ് സെക്രട്ടറി ടി എൻ ആർ സുബ്രഹ്മണ്യം ചെയർമാനായ ടാസ്ക് ഫോഴ്സ് കമ്മിറ്റി തപാൽ വകുപ്പിനെ 6 പ്രത്യേക യൂണിറ്റുകൾ ആക്കി മാറ്റാനും ആദ്യത്തെ അഞ്ച് യൂണിറ്റുകളെ പ്രത്യേക കമ്പനികൾ ആക്കി മാറ്റാനും ശുപാർശ ചെയ്തിരുന്നു. തപാൽ ബാങ്കിങ്, ഇൻഷുറൻസ്, പാർസൽ ആൻഡ് പാക്കറ്റ്,സർക്കാർ സേവന വിതരണം, സ്വകാര്യ സംരംഭകരുടെ സേവന വിതരണം എന്നിവയാണ് കമ്പനിയാക്കാൻ നിർദ്ദേശിക്കപ്പെട്ടത്. തപാൽ വകുപ്പിന്റെ പ്രധാന വരുമാന സ്രോതസ്സാണ് പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക്.10 ലക്ഷം കോടി രൂപ മിച്ച നിക്ഷേപമുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് കമ്പനിയാക്കപ്പെടുകയും അതുവഴി സ്വകാര്യവൽക്കരിക്കപ്പെടുകയും ചെയ്താൽ തപാൽ മേഖലയുടെ നട്ടെല്ല് ഒടിയുകയും സാധാരണക്കാരൻ്റെ നിക്ഷേപ പദ്ധതി തകർക്കപ്പെടുകയും ചെയ്യും. 4 കോടി രൂപ മിച്ച നിക്ഷേപമുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന പാഴ്സൽ സർവീസ് എന്നിവകൂടി കമ്പനികളാക്കി കൈമാറ്റം ചെയ്യപ്പെടുന്നതോടെ തപാൽ മേഖല തന്നെ ഇല്ലാതാകും.
തപാൽ മേഖല സ്വകാര്യവൽക്കരണത്തിൻ്റെ ഭാഗമായി “ഡാക്മിത്ര “പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ തപാൽ സർവീസിന്റെ ഭാഗമായ എല്ലാ സേവനങ്ങളും ഡാക് മിത്രയ്ക്ക് നൽകും .ഇതിനകം തന്നെ പാഴ്സൽ സ്പീഡ് പോസ്റ്റ് ബുക്കിംഗിനുള്ള ലൈസൻസ് കോമൺ സർവീസ് സെന്ററുകൾക്ക് നൽകിയിട്ടുണ്ട് .റെയിൽവേ മെയിൽ സർവീസ് സെക്ഷനുകൾ പലതും നിർത്തലാക്കി .നിലവിൽ തപാൽ ഉരുപ്പടികളുടെ സംഭരണവും വിതരണവും തപാൽ വകുപ്പിൽ മാത്രം നിക്ഷിപ്തമായിരിക്കെ ഇത്തരമൊരു നടപടി സ്വീകരിച്ചത് നിയമവിരുദ്ധമാണ് സ്വകാര്യവൽക്കരണത്തെ ജീവനക്കാരുടെ സംഘടനകൾ നഖശിഖാന്തം എതിർത്തു വരുകയാണ്. ആഗസ്ത് 10ന് ജീവനക്കാർ ദേശ വ്യാപകമായി പണിമുടക്കു കയാണ്. സേവ് പോസ്റ്റൽ സർവീസ് എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആഗസ്റ്റ് എട്ടിന് തപാൽ ഓഫീസുകളിലേക്ക് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ റ്റി ഒ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തും.