(1965 മെയ് 8,9,10 തീയതികളിൽ കോഴിക്കോട് ചേര്‍ന്ന കേരള എൻ.ജി.ഒ യൂണിയന്‍റെ രണ്ടാം സംസ്ഥാന സമ്മേളനം അംഗീകരിച്ചത്)
I
സര്‍ക്കാർ ജീവനക്കാരുടെ സംഘടിത പ്രസ്ഥാനം അതിന്‍റെ ഉത്ഭവം,വളര്‍ച്ച എന്നിവയെ കുറിച്ച് ആധികാരികമായ രേഖകളുടെ അഭാവത്തിൽ കൃത്യമായി നമ്മുടെ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെ അവലോകനം ചെയ്യുക എന്നത് പ്രായേണ വിഷമകരമായ ഒരു പ്രശ്നമാണ്. എന്നിരുന്നാലും ഒരുഏകദേശജ്ഞാനത്തിന്‍റെ പരിധിയില്‍നിന്നുകൊണ്ട് പരിശോധിക്കുന്നതായാല്‍ ഇന്ത്യയിൽ ആകമാനം ഒരു പ്രത്യേക കാലഘട്ടത്തില്‍ ഇത്തരം സംഘടനാശ്രമങ്ങൾ ഉടലെടുക്കാൻ തുടങ്ങി എന്ന് അനുമാനിക്കാം. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തിന്‍റെ അവസാനമാണ് ഈ കാലഘട്ടം. തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ സംഘടിതമായ ശക്തിയുടെ നേട്ടങ്ങൾ, സാമ്രാജ്യത്വത്തിനെതിരെ ഉയര്‍ന്നുവന്ന അസംതൃപ്തി, ഒന്നാം ലോകമഹായുദ്ധത്തില്‍നിന്നും ഉടലെടുത്ത സാമ്പത്തിക ഞെരുക്കം സര്‍വോപരി സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവത്തിൽ നിന്നുളവായ രാഷ്ട്രീയബോധം തുടങ്ങിയവ ഈ കാലഘട്ടത്തെ സ്വാധീനിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യയിൽ അങ്ങിങ്ങായി രൂപം പൂണ്ടിരുന്ന തൊഴിലാളിസംഘടനകൾ അഖിലേന്ത്യാടിസ്ഥാനത്തിൽ കേന്ദ്രീകൃതട്രേഡ്-യൂണിയനുകൾ സ്ഥാപിച്ചത്. ഇതേ കാലഘട്ടത്തില്‍ കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലെയും എന്‍.ജി.ഒ പ്രസ്ഥാനങ്ങള്‍ ഈ നാടിന്‍റെ സാമൂഹ്യ,സാമ്പത്തിക,രാഷ്ട്രീയ,സ്വഭാവങ്ങള്‍ക്ക് അനുസൃതമായി ഉടലെടുക്കുകയും വളരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളതായി കാണാം.പക്ഷേ ഒരു കൊളോണിയല്‍ ഭരണകൂടത്തിന്‍റെ ഭാഗമായി വര്‍ത്തിച്ചിരുന്ന സര്‍ക്കാർ ജീവനക്കാർ ചൂഷണത്തിന്‍റെയും,മേധാവിത്വത്തിന്‍റെയും മാത്രം തത്വസംഹിതകളിലധിഷ്ഠിതമായ നിയമസംഹിതകളുടെ നടത്തിപ്പുകാരും സൂക്ഷിപ്പുകാരുമെന്ന നിലയില്‍ സ്വയം,ഒരു വലിയ അളവില്‍,സാമൂഹ്യ,സാമ്പത്തിക,രാഷ്ട്രീയരംഗങ്ങളില്‍ പരിപൂര്‍ണ്ണമായ അടിമത്വം അനുഭവിച്ചു വരുകയായിരുന്നു. ഇക്കാരണങ്ങളാല്‍ മറ്റു സംഘടിത തൊഴിലാളി വര്‍ഗത്തോടൊപ്പം സര്‍ക്കാർ ജീവനക്കാരന്‍റെ-അവരും തൊഴിലാളിവര്‍ഗത്തിൽ ഉള്‍പ്പെടുന്നവരാണെങ്കിൽ കൂടി-സംഘടിതശക്തിയായി മുന്നേറുകയുണ്ടായില്ല.
ഒന്നാം ലോകമഹായുദ്ധത്തില്‍ നിന്നുളവായ സാമ്പത്തിക തകര്‍ച്ചയുടെ ഭാരത്താല്‍ ജീവിതക്ലേശങ്ങളുടെ പാരമ്യതയിൽ എത്തിയ സര്‍ക്കാർ കീഴ്ജീവനക്കാർ ഇന്ത്യയില്‍ അങ്ങിങ്ങായി ചില പ്രത്യക്ഷ സമരപരിപാടികൾ സ്വീകരിക്കുവാൻ നിര്‍ബന്ധിതരായതായി കാണാം.
സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷവും സര്‍ക്കാർ കീഴ്ജീവനക്കാരെ സംബന്ധിച്ചിടത്തോളം കൊളോണിയല്‍ ഭരണം നല്‍കിയ അടിമത്വത്തിന്‍റെതായ ചങ്ങലകള്‍ അതേപടി തന്നെ നിലനില്‍ക്കുന്നു എന്നുള്ളതാണ് സത്യം. സ്വതന്ത്രമായ അഭിപ്രായപ്രകടനമോ സംഘടനാ പ്രവര്‍ത്തനമോ നടത്തുവാനുള്ള അവകാശം പണ്ടത്തെപ്പോലെ തന്നെ ഇന്നും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ഭീകരമായ മര്‍ദനം, സംഘടനകളുടെയും,പ്രവര്‍ത്തകന്മാരുടെയും മേൽ അടിച്ചേല്‍പ്പിച്ചതിന്‍റെ ഉദാഹരണങ്ങള്‍ സമീപകാലത്തേതുതന്നെ നിരവധിയുണ്ട്.
സമകാലിക സാമുദായത്തില്‍ വിദ്യാഭ്യാസം കൊണ്ടും സേവനത്തിന്‍റെ പ്രാമുഖ്യസ്വഭാവം കൊണ്ടും പരിഗണനീയമായ ഒരു വിഭാഗമായിരിക്കേണ്ട സര്‍ക്കാർ ജീവനക്കാർ സാമ്പത്തിക സാമൂഹ്യ കാര്യങ്ങളിൽ അധഃപതനത്തിന്‍റെഅവസ്ഥയിലാണ് ചെന്നുപെട്ടിരിക്കുന്നത്.ഈ ശോചനീയാവസ്ഥയില്‍ നിന്നുള്ള മോചനമാണ് ഇന്നത്തെ സര്‍ക്കാർ ജീവനക്കാരുടെ സംഘടിതപ്രസ്ഥാനത്തിന്‍റെ ലക്ഷ്യം.
II
ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികസ്വാതന്ത്ര്യങ്ങള്‍ ഭാരതീയരായ ഇതര സാമൂഹ്യവിഭാഗങ്ങളെ എന്നപോലെ സര്‍ക്കാർ ജീവനക്കാരിലും ഭാവിയെ സംബന്ധിച്ചു പുതിയ ആശകള്‍ ഉളവാക്കി.സ്വതന്ത്ര ഭാരതത്തിന്‍റെ ലക്ഷ്യം ഒരു ക്ഷേമരാഷ്ട്രമായിരിക്കുമെന്ന പ്രഖ്യാപനം കൂടിയായപ്പോള്‍ ചുറ്റുപാടുകൾ പ്രതീക്ഷാനിര്‍ഭരമായി തീര്‍ന്നു.എന്നാല്‍ അനന്തരകാലഘട്ടം നമ്മുടെ പ്രതീക്ഷകളെ തകര്‍ക്കുകയാണ് ഉണ്ടായത്.പഴയ നിയമങ്ങള്‍ പുതിയപുറംചട്ടകൾ അണിഞ്ഞ് പ്രത്യക്ഷപെട്ടു എന്നത് മാത്രമാണ് അനുഭവം.
ആസൂത്രിത സമ്പത്ഘടനയും സോഷ്യലിസ്റ്റ് മാതൃകയിലുള്ള സാമൂഹ്യ സംവിധാനവും പ്രഖ്യാപിക്കപ്പെട്ടതോടെ പ്രായേണ അസ്തമിച്ചിരുന്ന സ്വാതന്ത്ര്യാഭിവാച്ഛയും നീതിക്കുവേണ്ടിയുള്ള പ്രതീക്ഷയും വീണ്ടും ഉദയം ചെയ്തു. രാഷ്ട്രനിര്‍മ്മാണത്തിന്‍റെ പേരിൽ ത്യാഗങ്ങൾ അര്‍പ്പിക്കാനുള്ള ആഹ്വാനങ്ങള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും പുറമേ അധികാരസ്ഥാനങ്ങളില്‍നിന്നും അവഹേളനാപരമായ അഭിപ്രായപ്രകടനങ്ങളാണ് ലഭ്യമായത്.
രാഷ്ട്രപുരോഗതിക്കനുസരിച്ചുള്ള ദേശീയ വരുമാനത്തിന്‍റെയോ ആളോഹരി വരുമാനത്തിന്‍റെയോ ആനുപാതികമായ വര്‍ധനവ് അവകാശപ്പെട്ടുകൊണ്ട് മുന്നേറിയ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടിത സംരംഭങ്ങളെ പഴയ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ വിവിധ പ്രവിശ്യകളിലെയും കേന്ദ്രത്തിലേയും സര്‍ക്കാർ ജീവനക്കാര്‍ക്ക് ഏറെക്കുറെ ഒരേ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. കൂട്ടായ വിലപേശലിനും സംഘടിതശകതിക്കുമെതിരായ ഏറ്റവും വലിയ പ്രത്യാക്രമണമാണ് അവശ്യസംരക്ഷണ ഓര്‍ഡിനന്‍സും ഭരണഘടനയുടെ 311- വകുപ്പിനുള്ള ഭേദഗതിയുംമറ്റും. ലോകപ്രശസ്തിയാര്‍ജിച്ച ഭുവനേശ്വരം കോണ്‍ഗ്രസ് സമ്മേളനം ജനാധിപത്യ സോഷ്യലിസം അംഗീകരിച്ച ശേഷവും ഇന്നും ജനാധിപത്യത്തിന്‍റെയും സോഷ്യലിസത്തിന്‍റെതുമായ ഒരു സമീപനം പ്രയോഗത്തിൽ വന്നിട്ടില്ല. കേരളത്തിലെ എന്‍.ജി.ഒ പ്രസ്ഥാനവും അതിന്‍റെ മുന്നണി പ്രവര്‍ത്തകരും ശിക്ഷാനടപടികള്‍ക്കെതിരായും പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനു വേണ്ടിയും മുറവിളി കൂട്ടികൊണ്ടിരിക്കുകയാണ്. ഇങ്ങനെ അന്തിമ വിശകലനത്തില്‍ ദേശീയ പ്രഖ്യാപിത ലക്ഷ്യങ്ങളും നയപരിപാടികളും അവയുടെ പ്രാവര്‍ത്തിക രൂപവും തമ്മിൽ ഏറ്റവും അധികം വൈരുദ്ധ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. അതുപോലെ തന്നെ,സാമൂഹ്യരംഗത്ത് നമുക്ക് വേണ്ടത്ര ഉയര്‍ച്ച ലഭിക്കാതിരിക്കുന്നതിനുള്ള മൌലിക കാരണങ്ങള്‍ സര്‍ക്കാർ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങൾ അനധികൃതമായ രീതിയില്‍ വരുമാനം ഉണ്ടാക്കുവാനും മറ്റും ഉപയോഗിക്കുന്നു എന്ന് പൊതുജനമധ്യത്തില്‍ തെറ്റായോ ശരിയായോ നിലനില്‍ക്കുന്ന ഒരു ധാരണയും,ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ ഉണ്ടാകേണ്ടുന്ന പെരുമാറ്റരീതികൾ അല്ല സര്‍ക്കാർ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നുള്ള പരാതികളുമാണ്.ഈ ധാരണകള്‍ നീക്കുവാനും സത്യസന്ധമായ കടമകൾ നിറവേറ്റുന്ന ഒരു സിവില്‍ സര്‍വിസ് നിലനിര്‍ത്തുവാനും യൂണിയന്‍ അതിന്‍റെ പരമാവധി പരിശ്രമിക്കുന്നതാണ്.
നമ്മുടെ രാഷ്ട്രത്തിന്‍റെ അംഗീകൃത നയങ്ങൾ അതിന്‍റെ മുഴുവൻ അര്‍ത്ഥത്തിലും വ്യാപ്തിയിലും അംഗീകരിച്ചുകിട്ടാൻ വ്യവസ്ഥാപിതവും,ജനാധിപത്യ വ്യവസ്ഥിതിക്കനുസരണവും ആയ നടപടികള്‍ കൈക്കൊള്ളുവാൻ എൻ.ജി.ഒ യൂണിയന്‍ അതിന്‍റെ കഴിവുകൾ മുഴുവൻ ഉപയോഗിക്കുന്നതാണ്.
III
സാമൂഹ്യനീതിയുടെ സ്ഥിതി മേല്‍പറഞ്ഞതാണെങ്കിൽ സാമ്പത്തികമായ സ്ഥിതി കൂടുതല്‍ ശോചനീയമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സീമാതിതമായ വര്‍ധനവും നാണയപെരുപ്പവും ആണ്ടോടാണ്ട് കൂടിക്കൊണ്ടു വരുന്ന നികുതിഭാരവും കൂടി ക്ലിപ്ത വരുമാനക്കാരായ തൊഴിലാളികളുടെ,വിശേഷിച്ചു സര്‍ക്കാർ ജീവനക്കാരുടെ ജീവിതം ദുസ്സാധ്യമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്ത് ലഭിച്ചിട്ടുള്ള ചില്ലറ സാമ്പത്തിക ആനുകൂല്യങ്ങളെല്ലാം കണക്കിലെടുത്താല്‍(രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ്) 1939-ലെ വരുമാനത്തോട് താരതമ്യപെടുത്തി നോക്കുമ്പോള്‍, യഥാര്‍ത്ഥ വരുമാനത്തിൽ അതിനു മുൻപുഉണ്ടായിരുന്നതിലും കുറവ് സംഭവിച്ചതായി മനസ്സിലാക്കാം. അങ്ങനെ വേതനവും ജീവിതാവശ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നതുമൂലം ഇന്ത്യയിലാകമാനം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമുള്ള സര്‍ക്കാർ ജീവനക്കാർ നിരന്തരം സമരം നടത്തേണ്ടി വന്നിട്ടുണ്ട്. ഏറെക്കുറെ ശാസ്ത്രിയമായ അടിസ്ഥാനത്തിലും നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരവും മറ്റു ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങളും കണക്കിലെടുത്തുകൊണ്ടുമുള്ള ശമ്പള വ്യവസ്ഥകള്‍ കേന്ദ്ര രണ്ടാം ശമ്പളകമ്മീഷന്‍റെ റിപ്പോര്‍ട്ട് മൂലവും മറ്റുചില സംസ്ഥാനങ്ങളില്‍ നടത്തിയിട്ടുള്ള ശമ്പള വ്യവസ്ഥ മൂലവും നിലവിൽ വന്നിട്ടുണ്ട്. ഇവയെല്ലമായാലും ഒരു മിനിമം വേജ് എന്ന തത്വം അംഗികാരിച്ചാൽ ലഭ്യമാകുന്ന ശമ്പളം പല തസ്തികകളിലും ഉള്ള സര്‍ക്കാർ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ലഭ്യമാകുന്നില്ല. കേരളത്തിലെ സര്‍ക്കാർ ഉദ്യോഗസ്ഥന്‍മാരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മറ്റെല്ലാ സര്‍ക്കാർ ജീവനക്കാരേക്കാളും കുറഞ്ഞ വേതനം ലഭിക്കുന്നവരാണ്. അതാതു കാലത്തെ ജീവിതതോതനുസരിച്ച് ഒരു വ്യക്തിക്ക്,അയാള്‍ക്കും തന്‍റെ കുടുംബത്തിനും ജീവിക്കുവാനാവശ്യമായ വേതനം ലഭ്യമാക്കുക എന്നത് കേരള എന്‍.ജി.ഒ യൂണിയന്‍റെ കടമയാണ്. സ്റ്റേറ്റ് ഗവര്‍മെന്റിന്‍റെ കീഴിൽ ഒരു ലക്ഷത്തിഅന്‍പത്തിഏഴായിരത്തി അറുനൂറ് പേരും, അര്‍ദ്ധ ഔദ്യോഗിക സ്ഥാപനങ്ങളില്‍ 24000 പേരും,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 11000 പേരും അടക്കം 192600 ജീവനക്കാരെയും ബാധിക്കുന്ന ഈ ആവശ്യം ഒന്നിച്ചു നേടിയെടുക്കുക എന്നത് പ്രായേണ അതിരു കവിഞ്ഞ സാമ്പത്തിക ബാധ്യത സ്റ്റേറ്റ്ന് മേല്‍ വരുത്തുമെന്നുള്ള യാഥാര്‍ഥ്യം കണക്കിലെടുത്തുകൊണ്ട് ഒരു ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്ര ശമ്പളത്തോടും ജീവിതത്തോതിനോട് ബന്ധപ്പെടുത്തികൊണ്ടുള്ള ക്ഷാമബത്തയും അനുവദിച്ചു കിട്ടാന്‍ എൻ.ജി.ഒ യൂണിയന്‍ പരിശ്രമിക്കുന്നതായിരിക്കും.
IV
സംതൃപ്തമായ ഭരണകൂടത്തിന്‍റെ മുഖ്യഉപാധി വിവിധ തലങ്ങളിലുള്ള സര്‍ക്കാർ ജീവനക്കാരുടെ ക്ഷേമവും ഭാവിക്കുള്ള ഉറപ്പും സംരക്ഷണവും ജീവിതസൗകര്യങ്ങളുടെ മേന്മയുമാണ്. പ്രവര്‍ത്തനരംഗം സംതൃപ്തമാകേണ്ടത്തിനു പകരം ഉദ്യോഗസ്ഥമേധാവിത്വത്തിന്‍റെയും ദുഷ്പ്രഭുത്വത്തിന്‍റെയും പ്രതികാരവാജ്ഞയുടെയും പകപോക്കലിന്‍റെയും കൂത്തരങ്ങായി തുടരുകയാണ്. ഇതിനെല്ലാം മേലുദ്യോഗസ്ഥന്മാര്‍ക്ക് പിന്‍ബലം നല്‍കുമാറാണ് ഇന്നത്തെ ഭരണസംവിധാനത്തിലെ മാനുഷിക വശം കൈകാര്യം ചെയ്യുന്ന നിയമങ്ങള്‍. ഇതിന്‍റെ ഏറ്റവും ദുഷിച്ച വശമാണ് ‘സ്വകാര്യ ഫയല്‍’ സംവിധാനം.ഈ സമ്പ്രദായങ്ങ്ൾ നിര്‍മാര്‍ജനം ചെയ്യാൻ കേരള എൻ.ജി.ഒ യൂണിയന്‍ പരിശ്രമിക്കുന്നതായിരിക്കും. അതുപോലെ തന്നെ ഇന്നത്തെ സ്വഭാവനടപടി ചട്ടങ്ങള്‍ അനാവശ്യവും പ്രതിലോമാപരവും കൂടിയാണ്. സര്‍ക്കാർ ഉദ്യോഗസ്ഥന്‍മാരുടെ സ്വഭാവവും നടപടികളും നിയന്ത്രിക്കാന്‍ സാധാരണ നിയമങ്ങൾ തന്നെ പര്യാപ്തങ്ങളാണ്. അതുകൊണ്ട് സ്വഭാവ നടപടി ചട്ടങ്ങള്‍ പാടെ നീക്കം ചെയ്യാൻ കേരള എൻ.ജി.ഒ യൂണിയന്‍ ശ്രമിക്കുന്നതായിരിക്കും.
V
കേരളാ സര്‍വിസ് റൂൾ വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ ആയതു ജോലി എടുക്കുന്നവര്‍ക്കും, ജോലിയില്‍ നിന്ന് വിരമിച്ചു പോകുന്നവര്‍ക്കും നീതിപൂര്‍വകമായ സംരക്ഷണം നല്‍കാൻ പര്യാപ്തമല്ല എന്ന് കാണാവുന്നതാണ്. ഒരു ഉറച്ച ഭരണം മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള വിദേശീയ ഭരണത്തിന്‍റെ പൈതൃകങ്ങളാണ് ഈ സര്‍വിസ് നിയമങ്ങളിൽ ആദ്യവസാനം കാണുന്നത്. Substantive,Officiative,Temporary ആദിയായ പദപ്രയോഗങ്ങള്‍ അന്നത്തെ ഭരണകൂടത്തിന്‍റെ ഒരാവശ്യമായിരുന്നു. നിയമപരിപാലനത്തിനും,നികുതി പിരിവിനും മാത്രമായി ഉപയോഗിക്കപെട്ടിരുന്ന അന്നത്തെ ഉദ്യോഗസ്ഥ വൃന്ദത്തിനാവശ്യമായിരുന്നു ഈ തരംതിരിവുകൾ. എന്നാല്‍ നിത്യേനയെന്നോണം പുതിയ പുതിയ മേഖലകളിലേക്കായി വർദ്ധിക്കുകയും വികസിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ ഇടപെടുന്ന ജീവനക്കാര്‍ക്ക് ഈ തരം തിരിവുകൾ നീതിയുടെ നിഷേധമായി വര്‍ത്തിക്കുന്നു. ഇത്തരം അനാവശ്യവും യാഥാര്‍ഥ്യബോധമില്ലതതുമായ നിബന്ധനകൾ ദൈനംദിന ജീവിതത്തിന്‍റെ പല രംഗങ്ങളിലായി സര്‍ക്കാർ ജീവനക്കാരനെ അലട്ടുന്നുണ്ട്.
മഹത്തായ ഇന്ത്യൻ ഭരണഘടന നിലവിൽവന്നിട്ട് 17 വര്‍ഷമായെങ്കിലും പ്രസ്തുത ഭരണഘടനയില്‍ വാഗ്ദാനം ചെയ്ത മാതിരി സര്‍ക്കാർ ജീവനക്കാരനെ ബാധിക്കുന്ന അടിസ്ഥാനപരമായ നിയമങ്ങള്‍ നിയമസഭയിൽ ചര്‍ച്ചചെയ്തു അംഗീകരിച്ചിട്ടില്ല. ജനാധിപത്യ സോഷ്യലിസ്റ്റ് ലക്ഷ്യം അംഗീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തിലെ സര്‍ക്കാർ ജീവനക്കാരന് അനുയോജ്യമായ രീതിയിൽ അടിസ്ഥാനപരമായ വ്യവസ്ഥകള്‍ സര്‍വിസ് നിയമങ്ങളിൽ ഉണ്ടാക്കുന്നതിനും അവയ്ക്ക് നിയമപ്രാബല്യം ലഭിക്കുന്നതിനും യൂണിയന്‍ പ്രവര്‍ത്തിക്കുന്നതാണ്.
VI
വിദ്യാഭ്യാസം,ആരോഗ്യസംരക്ഷണം എന്നീ കാര്യങ്ങളില്‍ സൗജന്യങ്ങളെ ആശ്രയിക്കുക എന്നത് പ്രയാസമായ കാര്യമാണ് എന്നാണ് ഇതുവരെയുള്ള അനുഭവം തെളിയിച്ചിട്ടുള്ളത്. ഈ നിയമങ്ങളുടെ ആനുകൂല്യം അനുഭവിക്കുവാന്‍ വളരെ പേര്‍ക്കും കഴിയാതെ വരത്തക്ക വണ്ണം അത്രയും നൂലാമാലകൾ ഉള്ള നിയമങ്ങളാണ് നിലവിലുള്ളത്. അതിനാല്‍ സൗജന്യങ്ങളിൽ നിന്ന് ഒഴിവാക്കുകയും വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണതിനും വേണ്ടി വരുന്ന ചിലവ് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതായാൽ നൂറുശതമാനവും വകവച്ചുകൊടുക്കുകയും ചെയ്യുന്ന പുതിയ പദ്ധതികൾ അനുവദിച്ചു കിട്ടുവാന്‍ പരിശ്രമിക്കുന്നതാണ്.
VII
ജനസംഖ്യയിലുള്ള വര്‍ധനവും പട്ടണങ്ങളിൽ പ്രത്യേകമായി കാണുന്ന ജനത്തിരക്കും കാരണം രാജ്യത്താകമാനം പട്ടണപ്രദേശങ്ങളില്‍ പ്രത്യേകിച്ചും പാര്‍പ്പിട സൗകര്യങ്ങൾ വളരെ വിരളവും, ഉള്ളവതന്നെ അമിതമായ വാടക കൊടുക്കേണ്ടി വരുന്നവയും അനാരോഗ്യകരമായ അവസ്ഥയിലുള്ളതുമാണ്. ജീവനക്കാര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങൾ വരധിപ്പിക്കുകയെന്നത് ഒരു ബാധ്യതയായി എറ്റെടുക്കെണ്ടതാണ്. ഇന്നുള്ള പാര്‍പ്പിട സൗകര്യങ്ങൾ ഒരു കച്ചവട മനസ്ഥിതിയോടെയാണ് സര്‍ക്കാർ കൈകാര്യം ചെയ്യുന്നതെന്നത് പരിതാപകരമായ ഒരു പരമാര്‍ത്ഥം മാത്രമാണ്. വീട്ടുവാടക അലവന്‍സ് ശമ്പളത്തിന്‍റെ പത്തു ശതമാനമാക്കി ഉയര്‍ത്തുക, ഇന്നുള്ള ഗവര്‍മെന്റ് വീടുകള്‍ക്ക് ശമ്പളത്തിന്‍റെ പത്തുശതമാനം വാടകയാക്കി കുറയ്ക്കുക തുടങ്ങിയവ നേടിയെടുക്കുവാന്‍ യൂണിയന്‍ പ്രവര്‍ത്തിക്കുന്നതാണ്.
VIII
സര്‍ക്കാർ ജീവനക്കാരെ അവഗണിക്കാനാവാത്ത ഒരു സാമൂഹ്യശക്തിയാക്കി വളര്‍ത്തി അതിനര്‍ഹമായ സ്ഥാനം നേടുക എന്നുള്ളതു കേരള എൻ.ജി.ഒ യൂണിയന്‍റെ പ്രധാന ചുമതലആയിരിക്കും. ആസൂത്രണത്തിന്‍റെയും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്‍റെയും രംഗങ്ങളിൽ ആദ്യമായി പ്രവര്‍ത്തനരംഗത്തേക്ക് നയിക്കാവുന്ന തൊഴിലാളിവര്‍ഗ്ഗം സര്‍ക്കാർ ജീവനക്കാരാണ്. എന്നാല്‍ സര്‍ക്കാർ ജീവനക്കാരുടെ ക്ഷേമത്തെകുറിച്ച് ആസൂത്രണകമ്മീഷന്‍റെ നയങ്ങളിലും ലക്ഷ്യങ്ങളിലും യാതൊരു സ്ഥാനവും കാണുന്നില്ല എന്നുള്ളത് ഖേദകരമാണ്. ഈ സ്ഥിതിക്ക് അടിയന്തിരമായ പരിഹാരം കാണുകയും നാലാം പഞ്ചവത്സരപദ്ധതിയിലെങ്കിലും സര്‍ക്കാർ ജീവനക്കാര്‍ക്കാരുടെ സാമൂഹ്യക്ഷേമത്തിനും ആസൂത്രിത വികസനത്തിന്‍റെ ഫലമായുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനും വിലക്കയറ്റം മൂലം ജീവിതനിലവാരത്തിൽ വരുന്ന വര്‍ദ്ധനവിനെ സമീകരിക്കാനുള്ള ആശ്വാസങ്ങള്‍ അനുവദിക്കാനുമുള്ള നയലക്ഷ്യങ്ങൾ ഉള്‍കൊള്ളിക്കുവാൻ കേരള എൻ.ജി.ഒ യൂണിയന്‍ അടിയന്തിരനടപടികള്‍ എടുക്കുന്നതായിരിക്കും.
IX
അഴിമതിയില്ലാത്ത ഒരു നല്ല സിവിൽ സര്‍വിസ് കെട്ടിപ്പടുക്കുന്നതിനു ആവശ്യമായ എല്ലാ നടപടികളും യൂണിയന്‍ കൈക്കൊള്ളുന്നതായിരിക്കും.
X
ദേശിയ പുനരുദ്ധാരണത്തില്‍ നേരിട്ടു പങ്കെടുക്കുന്ന വിഭാഗത്തിന്‍റെ സംഘടന എന്ന നിലയില്‍ പദ്ധതിപ്രവര്‍ത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ഉപയുക്തമായ യൂണിയന്‍റെ നിര്‍ദ്ദേശങ്ങൾ ബഹുജനസമക്ഷം സമര്‍പ്പിക്കുന്നതാണ്.