വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
സംസ്ഥാനമാർജ്ജിച്ച നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. ഏറ്റവും കൂടുതൽ മാധ്യമ സ്വാധീനം നിലനിൽക്കുന്ന ഒരു സ്ഥലമാണ് കേരളം. മാധ്യമ സ്വാധീനം പൊതുജനാഭിപ്രായ രൂപീകരണത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് 1959ൽ ആദ്യ EMS സർക്കാരിനെ അട്ടിമറിക്കാനായി നടന്ന വിമോചന സമരം. സർക്കാരിനെതിരെ നടന്ന രാഷ്ട്രീയ സമരങ്ങളെല്ലാം ജന പിന്തുണയില്ലാതെ കെട്ടടങ്ങിയ സമയത്താണ് മാധ്യമങ്ങൾ സർക്കാരിനെതിരായ കള്ള പ്രചാരണങ്ങളുമായി കളം നിറഞ്ഞത്. തുടർന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളിൽ നല്ലൊരു ഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരാക്കാൻ കഴിഞ്ഞു. ഗ്വാട്ടിമാലയിലും ബ്രിട്ടീഷ് ഗയാനയിലുമെല്ലാം സാമ്രാജ്യത്വം അട്ടിമറികൾ നടത്തിയതും ഇതേ രീതി അവലംബിച്ചാണ്. വർത്തമാനകാലത്ത് മാധ്യമങ്ങൾ അവലംബിക്കുന്നതും ഇതേരീതി തന്നെയാണ്. കുത്തകകൾ കൈയ്യടക്കിയതോടെ മാധ്യമങ്ങളെ സമ്മത നിർമ്മിതിക്കായി ഉപയോഗിക്കുന്ന സ്ഥിതിയായി. ഇതിനെ മുറിച്ചുകടക്കാൻ സാമൂഹ്യ മാധ്യമങ്ങളെ പ്രയോജനപ്പെടുത്താൻ ആകണം എന്നും അദ്ദേഹം പറഞ്ഞു .കേരള എൻജിഒയൂണിയൻ്റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം ക്രാഫ്റ്റ് വില്ലേജിൽ ആരംഭിച്ച ദ്വിദിന സംസ്ഥാന മീഡിയ ക്യാമ്പിൽ വച്ചാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. കേരള എൻ ജി ഒ യൂണിയൻ പ്രസിഡൻറ് എം വി ശശിധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എ അജിത് കുമാർ സ്വാഗതം പറഞ്ഞു. മീഡിയ കൺവീനർ എസ് ഗോപകുമാർ നന്ദി രേഖപ്പെടുത്തി. റ്റി.ഗോപകുമാർ പങ്കെടുത്തു.