പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി പിന്‍വലിക്കുക – ആക്ഷന്‍ കൗണ്‍സില്‍ പ്രകടനം നടത്തി
രാജ്യത്ത് 28 കോടിയിലധികം തൊഴിലാളികള്‍ അണിനിരന്ന പണിമുടക്കമാണ് 2022 മാര്‍ച്ച് 28, 29 തീയ്യതികളിലായി നടന്നത്. അദ്ധ്വാനിക്കുന്ന ജനവിഭാഗമായ തൊഴിലാളികളുടെ ജീവിത അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും അപ്പാടെ ഇല്ലാതാക്കുന്നതും, സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നതും കൂലി അടിമകളാക്കുന്നതുമായ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായാണ് ദ്വിദിന പണിമുടക്കം നടത്തിയത്. എന്നാല്‍ പണിമുടക്ക് ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പുതന്നെ കൊച്ചിന് റിഫൈനറി, ബെമല്‍ – പാലക്കാട്, കൊച്ചി എസ്.ഇ.സെഡ്, മേഖലകളില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. മാനേജ്മെന്റിന്റെ ഹര്‍ജി കിട്ടിയ ഉടന്‍ ഏകപക്ഷീയമായാണ് ഇത്തരം വിധി പുറപ്പെടുവിച്ചത്.
സിവില്‍ സര്‍വ്വീസ് സംരക്ഷിക്കണമെന്നും പെന്ഷന് സുരക്ഷ ഉറപ്പാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദ്വിദിന പണിമുടക്കില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കുവാന്‍ തീരുമാനിക്കുകയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കൂട്ടി നോട്ടീസും നല്‍കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും സര്‍വ്വീസ് സംഘടനകള്‍ക്ക് നോട്ടീസയക്കാനോ, കേള്‍ക്കാനോ തയ്യാറാകാതെ 2022 മാര്‍ച്ച് 28 ന് പണിമുടക്ക് അവകാശങ്ങളെ നിഷേധിക്കുന്ന ഏകപക്ഷീയമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. പണിമുടക്കാനുള്ള ജനാധിപത്യഅവകാശം ഉയര്‍ത്തിപ്പിടിച്ച് ജീവനക്കാരും അധ്യാപകരും രണ്ടാം ദിവസവും പണിമുടക്കില്‍ ഉറച്ചുനിന്നു. ജീവനക്കാരുള്‍പ്പെടെയുള്ള തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, കടന്നാക്രമണങ്ങളെ ചെറുക്കാനുമായി പ്രക്ഷോഭങ്ങള്‍ നടത്തുന്നതും അവകാശങ്ങള്‍ നേടിയെടുത്തതും ഏതെങ്കിലും കോടതികളുടെ നിലപാടുകളെമാത്രം ആശ്രയിച്ചില്ലെന്നും മറിച്ച് തൊഴിലാളികളുടെ സംഘടിത ശക്തിയെ ഉപയോഗിച്ചാണ്; കൂട്ടായി വിലപേശാനും, സംഘടന രൂപീകരിക്കാനുമുള്ള ഭരണഘടന നല്കുന്ന ഉറപ്പ് അടിയറവ് വെയ്ക്കാന്‍ സന്നദ്ധമല്ലെന്ന താക്കീതുകൂടിയായിരുന്നു 2022 മാര്‍ച്ച് 28, 29 ദ്വിദിന പണിമുടക്ക്. എന്നാല്‍ കോടതി വിധിയെ തുടര്‍ന്നുണ്ടായ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി പണിമുടക്കിയ ദിവസം ഡൈസ്നോണായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഡൈസ് നോണ്‍ പ്രഖ്യാപിച്ച ശേഷവും പണിമുടക്കില്‍ പങ്കെടുത്ത കോടതി ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് കേരള ഹൈക്കോടതി 14.10.2022 ന് ഔദ്യോഗിക മെമ്മോറാണ്ടം പുറപ്പെടുവിച്ചിരിക്കുകയാണ്.
നവഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി തൊഴിലും കൂലിയും ഇല്ലാതാക്കാനുള്ള തൊഴിലാളിദ്രോഹ നടപടികള്‍ പിന്തുടരുന്ന ഭരണാധികാരികളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയുള്ള വിധി പ്രസ്താവങ്ങള്‍ നേരിന്റെ നേരയുള്ള കണ്ണടയ്ക്കലും പൗരന്റെ സ്വതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റവുമാണ്. ഏകപക്ഷീയമായ ഇത്തരം വിധികളും തുടര്‍നടപടികളും ഉണ്ടാകുന്നത് ഭരണഘടനാപരമായ ജനാധിപത്യവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാനും സ്വന്തം ജനതയ്ക്കും നാടിനും നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനും നടത്തുന്ന സമരങ്ങളിലും പണിമുടക്കങ്ങളിലും പങ്കെടുത്തതിന്റെ പേരില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കാനുള്ള നീക്കങ്ങളും സംശയാസ്പദമാണ്. ഉത്തരവ് പുന:പരിശോധിക്കണമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യപരമായി പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള അവകാശം സംരക്ഷിക്കണമെന്നും പുരോഗമനസമൂഹത്തിന് നിരക്കാത്ത ഇത്തരം നിലപാടുകളില്‍നിന്നും കോടതികള്‍ പിന്തിരിയണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എം.എ.അജിത്കുമാറും സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും അഭ്യര്‍ത്ഥിച്ചു.