Kerala NGO Union

പണിമുടക്ക്‌ അവകാശം സംരക്ഷിക്കുക

പ്രതിഷേധ കൂട്ടായ്മയും ബാഡ്ജ്ധാരണവും

 

നവ ലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച്‌ നടപ്പിലാക്കിയ ജനദ്രോഹ -തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള സമസ്‌തജനവിഭാഗങ്ങളും സമരരംഗത്താണ്‌. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നയങ്ങള്‍ തീവ്രമാക്കിയതിന്റെ ഭാഗമായി ജനജീവിതം അത്യന്തം ദുസ്സഹമായ സാഹചര്യത്തിലാണ്‌ 2022 മാര്‍ച്ച്‌ 28, 29 തീയതികളില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ദ്വിദിന പണിമുടക്കിന്‌ ആഹ്വാനം നല്‍കിയത്‌. ശക്തമായ പ്രചാരണങ്ങളും ക്യാമ്പയിനുകളുമാണ്‌ പണിമുടക്കിന്റെ ഭാഗമായി ഓരോ മേഖലയിലും നടന്നത്‌. 25 കോടിയിലധികം തൊഴിലാളികള്‍ പണിമുടക്കില്‍അണിനിരക്കുകയുണ്ടായി. രാജ്യം കണ്ട ശക്തമായ തൊഴിലാളി മുന്നേറ്റം കൂടിയായിരുന്നു ഈ പണിമുടക്കം. എന്നാല്‍ പണിമുടക്കം ആരംഭിക്കുന്നതിന്‌ തലേദിവസം കൊച്ചിന്‍ റിഫൈനറി,ബെമല്‍ പാലക്കാട്‌, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലെ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച്‌ ഹൈക്കോടതി പണിമുടക്ക്‌ നിരോധിച്ചു. കോടതി വിധി ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായിരുന്നു.

അടിമകളാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ സമരങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ പണിമുടക്ക്‌ ഉള്‍പ്പെടെയുള്ള ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവങ്ങളും അച്ചടക്ക നടപടികളും പൗരന്റെ ഭരണഘടനാദത്തമായ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണ്‌. ആയതിനാല്‍ പണിമുടക്കാനുള്ള അവകാശം സംരക്ഷിക്കാനും കോടതി ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടികള്‍ പിന്‍വലിക്കാനും അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്.

 

ഈ സാഹചര്യത്തില്‍ പണിമുടക്കവകാശം സംരക്ഷിക്കുക, കോടതി ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടികള്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആക്ഷന്‍ കൗണ്‍സിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സും അധ്യാപ സർവീസ് സംഘടനാ സമരസമിതിയും സംയുക്തമായി 2022 ഒക്ടോബര്‍ 31 ന് ജില്ലാ താലൂക്ക്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും, ബാഡ്‌ജ് ധാരണവും നടത്തി.വിവിധ കേന്ദ്രങ്ങളിൽ ആക്ഷൻ കൗൺസിൽ നേതാക്കളായ എൽ.മാഗി,കെ.കെ.സുനിൽകുമാർ,ഡയന്യൂസ് തോമസ്, ജോഷി പോൾ, കെ.എ.അൻവർ, ഏലിയാസ് മാത്യു, കെ.എസ്.ഷാനിൽ തുടങ്ങിയവരും സമരസമിതി നേതാക്കളായ സി.എ.അനീഷ്, ബിന്ദു രാജൻ, ഹുസൈൻ പുതുവന എന്നിവരും സംസാരിച്ചു.

ഫോട്ടോ:എറണാകുളം സിവിൽ സ്റ്റേഷനു മുന്നിൽ കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സംസാരിക്കുന്നു.