ഫയൽ തീർപ്പാക്കൽ – അവധി ദിനം ഉപേക്ഷിച്ച് ആവേശപൂർവ്വം ജീവനക്കാർ ….
സിവിൽ സർവീസിന്റെ സാമൂഹ്യപ്രതിബദ്ധതയും ആത്മാർപ്പണവും ഒരിക്കൽ കൂടി വെളിവാക്കിക്കൊണ്ട് സംസ്ഥാനത്തെമ്പാടും പതിനായിരക്കണക്കിന് ജീവനക്കാരാണ് അവധി ദിനം ഉപേക്ഷിച്ച് ഓഫീസിൽ ഹാജരായത്.
2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോവുകയാണ് .ജൂൺ 15ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച വേളയിൽ മാസത്തിൽ ഒരു അവധി ദിനം ജീവനക്കാർ ഫയൽ കുടിശിക തീർപ്പാക്കാൻ വേണ്ടി മാറ്റിവച്ചാൽ വളരെ വേഗം ഫയൽ കുടിശ്ശികയില്ലാത്ത സിവിൽ സർവീസ് ആയി നമുക്ക് മാറാൻ കഴിയുമെന്ന നിർദ്ദേശം ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുന്നോട്ടുവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശം മാനിച്ച് ജൂലൈ 3 ഞായറാഴ്ച ഓഫീസർ ഹാജരായി കുടിശ്ശിക ജോലികൾ തീർപ്പാക്കാൻ ജീവനക്കാർ സന്നദ്ധരായി മുന്നോട്ടുവന്നു.വകുപ്പുതലത്തിലും ഓഫീസ് സ്ഥലത്തിലും യോഗം ചേർന്നു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
ഏവരെയും അതിശയിപ്പിക്കുന്ന പങ്കാളിത്തമാണ് ഓഫീസുകളിൽ ഉണ്ടായത്. യാത്രാസൗകര്യം പൊതുവേ കുറവായ ഞായറാഴ്ചയായിരുന്നിട്ട് പോലും ഫയൽ തീർപ്പാക്കാൻ നിയോഗിക്കപ്പെട്ട വിഭാഗങ്ങളിലെ 70 ശതമാനത്തോളം ജീവനക്കാർ ഓഫീസിൽ ഹാജരായി. ക്രഷുകൾ അവധിയായതിനാലും സഹായികൾ ഞായറാഴ്ച വരാത്തതിനാലും ചിലരെങ്കിലും കുട്ടികളെയും കൂട്ടിയാണ് ഓഫീസിലെത്തിയത്. സെക്രട്ടറിയേറ്റിൽ 2571 പേരു് ഹാജരായി.തലസ്ഥാന നഗരിയിൽ ഡയറക്ടറേറ്റുകൾ കൂടുതലായി സ്ഥിതിചെയ്യുന്ന വികാസ് ഭവൻ പബ്ലിക് ഓഫീസ് സ്വരാജ് ഭവൻ കോംപ്ലക്സുകളിലും മറ്റ് ഡയറക്ടറേറ്റുകളിലുമായി ഭൂരിപക്ഷം ജീവനക്കാരും ഹാജരായി കുടിശ്ശിക ജോലികൾ തീർത്തു. ആയിരക്കണക്കിന് ഓഫീസുകളിൽ ഒരു ലക്ഷത്തിലേറെ ജീവനക്കാർ ഹാജരായി രണ്ടു ലക്ഷത്തിലേറെ ഫയലുകൾ തീർപ്പാക്കി.
ഈ മാതൃകാസംരംഭത്തിൽ പങ്കാളികളായ ഏവരെയും അഭിവാദ്യം ചെയ്യുന്നു