ഫയൽ തീർപ്പാക്കൽ, ജീവനക്കാരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി
2022 ജൂൺ 15 മുതൽ സെപ്തംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന ജീവനക്കാരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി. ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ച കോവിഡ് 19 മഹാമാരിയെ തുടർന്ന് ഓഫീസുകൾ അടഞ്ഞു കിടന്നതിനാലും ഹാജർ നിയന്ത്രണങ്ങൾ ഉണ്ടായതിനാലും സർക്കാർ ഓഫീസുകളിൽ ഫയലുകളുടെ എണ്ണം വർദ്ധിച്ചു. അവ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മൂന്നര മാസക്കാലം നീണ്ടുനിൽക്കുന്ന ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്.
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾവരെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലെയും ഫയൽ തീർപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് എല്ലാ വകുപ്പുകളിലും നടപ്പിലാക്കുന്നത്. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് , സർവീസ് സംഘടനകളുമായി ചർച്ച ചെയ്താണ് ഏവരുടെയും സഹകരണം ഉറപ്പാക്കി ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്ത് ഫലപ്രദമാക്കാൻ ഓരോഘട്ടത്തിലും പ്രവർത്തന പുരോഗതി വിലയിരുത്താൻ വിവിധതലങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30ന് ശേഷം ഓരോ വകുപ്പിലെയും പ്രവർത്തന പുരോഗതി വെവ്വേറെ പ്രസിദ്ധീകരിക്കും. തുടർന്ന് എല്ലാ വകുപ്പുകളുടെയും സമാഹൃത റിപ്പോർട്ട് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രസിദ്ധീകരിക്കും.
സിവിൽ സർവീസിനെ സംരക്ഷിച്ചും ശാക്തീകരിച്ചും ജനപക്ഷ ബദൽ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നിരവധി ജനോന്മുഖമായ പരിഷ്കാരങ്ങളാണ് ഇക്കാലയളവിൽ നടപ്പിലാക്കിയത്. വാതിൽപടി സേവനം, സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കൽ, ഫയൽ നീക്കത്തിൽ തട്ടുകളുടെ എണ്ണം കുറയ്ക്കൽ, സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കൽ, അപേക്ഷാഫോറങ്ങളുടെ ലളിതവൽക്കരണം, ഓഫീസുകളിൽ ഹാജർ ഉറപ്പാക്കൽ എന്നിങ്ങനെയുള്ള നടപടികൾ സ്വീകരിച്ചു.
പൊതുസമൂഹത്തിന് സിവിൽ സർവീസിനോടുള്ള വിശ്വാസവും മതിപ്പും വർധിപ്പിക്കാൻ ഇടയാക്കുന്ന പരിഷ്കാരങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി.
സർക്കാർ സംവിധാനങ്ങൾക്ക് പുറമെ, യൂണിയൻ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലും ഇടപെടൽ നടത്തി മുഖ്യമന്ത്രിയുടെ ഓൺലൈനായുള്ള അഭിസംബോധന ജീവനക്കാരിലെത്തിച്ചു. ഇതിന്റെ ഭാഗമായി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് വഴി സംപ്രേഷണം ചെയ്ത അഭിസംബോധന ജില്ലയിലെ പ്രധാന ഓഫീസ് കോംപ്ലക്സുകളിൽ ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ യൂണിയൻ നേതൃത്വത്തിൽ ഒരുക്കി നിരവധി ജീവനക്കാരെ പ്രേക്ഷകരാക്കി.